ദിവസച്ചെലവ് നാല് ലക്ഷം, വരവ് മുപ്പതിനായിരം; ഈ ട്രെയിനുകളും ഓട്ടം നിര്‍ത്തുന്നു!

By Web Team  |  First Published Jun 1, 2021, 12:52 PM IST

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്‍ദി എക്സ്പ്രസ് ഇന്നുമുതല്‍ ഓട്ടം നിർത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഒപ്പം വരും ദിവസങ്ങളില്‍ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്പ്രസിന്റെ ഓട്ടവും നിലയ്ക്കും


വമ്പൻ വരുമാന നഷ്‍ടത്തെത്തുടർന്ന് കേരളത്തിലെ സുപ്രധാന ട്രെയിനുകളുടെ സര്‍വ്വീസ് താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്‍ദി എക്സ്പ്രസ് ഇന്നുമുതല്‍ ഓട്ടം നിർത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഒപ്പം വരും ദിവസങ്ങളില്‍ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്പ്രസിന്റെ ഓട്ടവും നിലയ്ക്കുമെന്നും തുടര്‍ന്ന് 15 ദിവസത്തിനു ശേഷം ഓടണോ വേണ്ടയോ എന്ന കാര്യം പുനരാലോചിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ലോക്‌ഡൗണിന്റെ തുടക്കത്തിൽ ഭൂരിഭാഗം ട്രെയിനുകളും സര്‍വ്വീസ് നിർത്തിയപ്പോഴും ഈ ട്രെയിനുകൾ ഓടിച്ചിരുന്നു. എന്നാൽ, സംസ്ഥാനമൊട്ടാകെ നിശ്ചലമായപ്പോൾ യാത്രക്കാരും കുറഞ്ഞുയ യാത്രകിരുടെ എണ്ണം മൂന്നുശതമാനത്തിലേക്കാണ് ചുരുങ്ങിയത്. 1080 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ ട്രെയിനുകളിൽ കഴിഞ്ഞയാഴ്‍ച മിക്ക ദിവസങ്ങളിലും 30-നും 50-നും ഇടയ്ക്ക് യാത്രക്കാർ മാത്രമാണുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos

ജനശതാബ്‍ദി ഒരുദിവസം സർവീസ് നടത്താൻ ശരാശരി നാലുലക്ഷം രൂപയാണ് ചെലവ്. കഴിഞ്ഞയാഴ്‍ച മുഴുവൻ 30,000 രൂപയിൽ താഴെയായിരുന്നു ദിവസവരുമാനമെന്നും ഇനിയും ഓടിച്ച് നഷ്‍ടം കൂട്ടേണ്ട എന്ന് വിലയിരുത്തിയാണ് തല്‍ക്കാലത്തേക്ക് സര്‍വ്വീസ് നിര്‍ത്താന്‍ തീരുമാനിച്ചതെന്നുമാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.  

കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി ലോക്ഡൗണിന്റെ തുടക്കത്തിൽത്തന്നെ നിർത്തിയിരുന്നു. എറണാകുളം-കണ്ണൂർ ഇൻറർസിറ്റി ലോക്ഡൗൺ തുടങ്ങിയപ്പോൾ നിർത്തിയതാണ്. എന്നാൽ, വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നതോടെ രണ്ടാഴ്ചമുമ്പ് വീണ്ടും ഓടിക്കുകയായിരുന്നു. നഷ്ടക്കണക്ക് കൂടിയതോടെയാണ് ഓട്ടം അവസാനിപ്പിക്കുന്നത്.

ലോക്ഡൗൺ കാലത്ത് ഒരു സെക്ടറിൽ ഒരു വണ്ടി എന്നതാണ് റെയിൽവേയുടെ നയം. അതുകൊണ്ടു തന്നെ മംഗളൂരു റൂട്ടിൽ പകൽ പരശുറാം എക്സ്പ്രസും രാത്രി മാവേലി എക്സ്പ്രസും തുടര്‍ന്നും സര്‍വ്വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചെന്നൈയിലേക്ക് മെയിൽ, ദില്ലിക്ക് കേരളയും മംഗളയും മുംബൈയിലേക്ക് നേത്രാവതി, ഹൈദരാബാദിലേക്ക് ശബരി എക്സ്പ്രസ്, ബംഗളൂരുവിലേക്ക് ഐലൻഡ് എക്സ്പ്ര്സ് എന്നിങ്ങനെയാണ് സെക്ടർ തിരിച്ചുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!