ഇന്നോവ ഹൈക്രോസിൻ്റെ ടോപ്പ്-സ്പെക്ക് ZX, ZX (O) ഹൈബ്രിഡ് വേരിയൻ്റുകളുടെ ബുക്കിംഗ് ടൊയോട്ട വീണ്ടും താൽക്കാലികമായി നിർത്തി
നീണ്ട കാത്തിരിപ്പ് സമയം കാരണം ഇന്നോവ ഹൈക്രോസിൻ്റെ ടോപ്പ്-സ്പെക്ക് ZX, ZX (O) ഹൈബ്രിഡ് വേരിയൻ്റുകളുടെ ബുക്കിംഗ് ടൊയോട്ട വീണ്ടും താൽക്കാലികമായി നിർത്തി. ഈ ഹൈബ്രിഡ് MPV വേരിയൻ്റുകളുടെ കാത്തിരിപ്പ് കാലയളവ് ഇപ്പോൾ 14 മാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്നു. കാത്തിരിപ്പ് സമയം കൂടുതൽ കൈകാര്യം ചെയ്യാവുന്ന തലത്തിലേക്ക് കുറയുമ്പോൾ ബുക്കിംഗുകൾ വീണ്ടും തുറക്കാൻ സാധ്യതയുണ്ട്.
ടൊയോട്ട മുമ്പ് 2023 ഏപ്രിലിൽ ഈ മികച്ച വേരിയൻ്റുകളുടെ ഓർഡറുകൾ എടുക്കുന്നത് നിർത്തിയിരുന്നു. തുടർന്ന് ഒരു വർഷത്തിന് ശേഷം 2024 ഏപ്രിലിൽ ബുക്കിംഗ് പുനരാരംഭിച്ചു. എന്നിരുന്നാലും, വീണ്ടും തുറന്ന് ആഴ്ചകൾക്ക് ശേഷം, കാത്തിരിപ്പ് കാലയളവ് വീണ്ടും ഉയർന്നു. ടൊയോട്ട ഇതുവരെ ഔദ്യോഗിക പ്രസ്താവന നൽകിയിട്ടില്ലെങ്കിലും, വിതരണ പ്രശ്‌നങ്ങളാണ് ഈ തീരുമാനത്തിൻ്റെ പ്രധാന കാരണം എന്നാണ് റിപ്പോര്‍ട്ടുകൾ.
2024 മെയ് വരെ, ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് VX, VX (O) വേരിയൻ്റുകളിൽ ലഭ്യമാണ്. ഇതിന് 14 മാസം വരെ നീണ്ട കാത്തിരിപ്പ് കാലാവധി ലഭിക്കുന്നു. ഇതിനു വിപരീതമായി, നോൺ-ഹൈബ്രിഡ് പെട്രോൾ വേരിയൻ്റുകൾക്ക് ഏകദേശം ആറ് മാസത്തെ കാത്തിരിപ്പ് കാലയളവുണ്ട്. ഹൈക്രോസിൻ്റെ കാത്തിരിപ്പ് കാലയളവ് ടൊയോട്ടയുടെ മുൻനിര വെൽഫയർ എംപിവിയെ മറികടക്കുന്നു. 12 മാസമാണ് അതിനുളള കാത്തിരിപ്പ് കാലാവധി. ഇന്നോവ ഹൈക്രോസിൻ്റെ VX, VX (O) ഹൈബ്രിഡ് വേരിയൻ്റുകൾക്ക് 25.97 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില.
10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ സവിശേഷതകൾ നിറഞ്ഞതാണ് ഇന്നോവ ഹൈക്രോസിൻ്റെ ടോപ്പ്-സ്പെക്ക് ഹൈബ്രിഡ് വേരിയൻ്റുകൾ. സുരക്ഷാ ഫീച്ചറുകളിൽ ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ലെയ്ൻ-കീപ്പ് ആൻഡ് ഡിപ്പാർച്ചർ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എമർജൻസി ബ്രേക്ക് എന്നിവയുള്ള നൂതന ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഫുൾ സ്യൂട്ട് ഉൾപ്പെടുന്നു.
ഇതുകൂടാതെ, 2024 ഏപ്രിലിൽ ടൊയോട്ട പുതിയ അടിസ്ഥാന വേരിയൻ്റായ GX (O) അവതരിപ്പിച്ചിരുന്നു. 20.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ വാഹനത്തെഏഴ്, എട്ട് സീറ്റുകളുള്ള കോൺഫിഗറേഷനുകളിൽ ഈ വേരിയൻറ് ലഭ്യമാണ്, ഹൈബ്രിഡ് സാങ്കേതികവിദ്യ ഒഴികെയുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇത് നൽകുന്നത്.