വീണ്ടും കോടികളുടെ റോള്‍സ് റോയിസുകള്‍ 'മൊത്തത്തില്‍' വാങ്ങി സായിപ്പിന് പണികൊടുത്ത സര്‍ദാര്‍!

By Web Team  |  First Published Nov 13, 2021, 11:34 AM IST

ദീപാവലി ആഘോഷിക്കാന്‍ പുതിയ റോള്‍സ് റോയിസ് കള്ളിനനുകള്‍ (Rolls Royce Cullinans) ഒരുമിച്ച് ഓര്‍ഡര്‍ ചെയ്‍തിരിക്കുകയാണ് സര്‍ദാര്‍ എന്ന് കാര്‍ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ന്‍റെ തലപ്പാവിന ബാൻഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്‍തമായ രീതിയില്‍ വെല്ലുവിളിച്ച് തോല്‍പ്പിച്ച  റൂബൻ സിങ്ങെന്ന സിഖുകാരനെ (Reuben Singh) ഓര്‍മ്മയില്ലേ? ആഴ്‍ചയിൽ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ അതേനിറത്തിലുള്ള കോടികള്‍ വിലയുള്ള റോള്‍സ് റോയ്‍സ് (Rolls Royce) കാറുകളിലെത്തി ബ്രിട്ടീഷുകാരെ (British) മുഴുവന്‍ വെല്ലുവിളിച്ച റൂബന്‍ സിംഗ്. 2017ലെ ആ സംഭവത്തിന് ശേഷവും കോടികള്‍ വിലയുള്ള റോള്‍സ് റോയിസുകള്‍ ഒരുമിച്ച് വാങ്ങി പലതവണ വാര്‍ത്തകളില്‍ നിറഞ്ഞ  റൂബന്‍ സിംഗ് ഇപ്പോഴിതാ  വീണ്ടും താരമായിരിക്കുകയാണ്. ദീപാവലി ആഘോഷിക്കാന്‍ പുതിയ റോള്‍സ് റോയിസ് കള്ളിനനുകള്‍ (Rolls Royce Cullinans) ഒരുമിച്ച് ഓര്‍ഡര്‍ ചെയ്‍തിരിക്കുകയാണ് സര്‍ദാര്‍ എന്ന് കാര്‍ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ ഇദ്ദേഹത്തിന്‍റെ ഗാരേജിലെ കള്ളിനനുകളുടെ മാത്രം എണ്ണം അഞ്ചായി ഉയര്‍ന്നു. ഈ അഞ്ച് കള്ളിനൻമാരുടെ ശേഖരത്തിന് ‘ഫെസ്റ്റിവൽ ഓഫ് ലൈറ്റ് കളക്ഷൻ’ എന്നാണ് യുകെ ആസ്ഥാനമായുള്ള ബിസിനസ് ശ്യംഖലയുടെ തലവനായ റൂബൻ സിംഗ് നല്‍കിയിരിക്കുന്ന പേര്.  സിംഗിന്റെ ഗാരേജിലെ റോൾസ് റോയ്‌സ് കള്ളിനന്റെ അഞ്ച് യൂണിറ്റുകളും കുങ്കുമം, ചുവപ്പ്, നീലക്കല്ല്, റൂബി, മരതകം എന്നീ അഞ്ച് വ്യത്യസ്‍തവും വിശിഷ്ടവുമായ പെയിന്റ് ഷേഡുകളിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഈ അഞ്ച് കള്ളിനൻമാരിൽ നിന്ന്, കേസരി എന്ന് വിളിക്കപ്പെടുന്ന കാവി നിറത്തിലുള്ള എസ്‌യുവി അദ്ദേഹം  തന്റെ പാരമ്പര്യത്തോടുള്ള ആദരവും വ്യക്തിത്വവുമായി ഉയര്‍ത്തിക്കാണിക്കുന്നു.  മറ്റുള്ളവരെ സഹായിക്കുകയോ ഒരു ലക്ഷ്യത്തിനായി പോരാടുകയോ ചെയ്‍ത സിഖുകാർ ചരിത്രത്തിൽ നടത്തിയ ധീര ത്യാഗത്തിന് സമർപ്പിച്ചിരിക്കുന്നതിനാൽ ഈ നിറത്തിന്, സിഖ് മതത്തിൽ വലിയ പ്രാധാന്യമുണ്ട്. സഫ്രോണ്‍ റോൾസ് റോയ്‌സ് കള്ളിനൻ "കേസരി സ്പെഷ്യൽ കമ്മീഷൻ" എന്ന് എഴുതിയിരിക്കുന്ന ഒരു ട്രെഡ്‌പ്ലേറ്റും നല്‍കിയിരിക്കുന്നു.

Latest Videos

ഏകദേശം 250,000 ബ്രിട്ടീഷ് പൗണ്ടാണ് അദ്ദേഹത്തിന്റെ ഗാരേജിൽ ചേർത്ത ഓരോ കള്ളിനൻ എസ്‍യുവികളുടെയും അടിസ്ഥാന വില . കസ്റ്റമൈസേഷന്‍ ചിലവുകള്‍ക്ക് പുറമേയാണിത്. ഏകദേശം 6.95 കോടി രൂപയാണ് റോൾസ് റോയ്‌സ് കള്ളിനന്‍റെ  ഇന്ത്യയിലെ അടിസ്ഥാന വില. 

ഫാന്റം, ഫാന്റം ഡ്രോപ്പ്ഹെഡ് കൂപ്പെ, ഗോസ്റ്റ് എന്നിവയുൾപ്പെടെ തന്റെ ഏഴ് റോൾസ് റോയ്‌സ് കാറുകൾ കാണിക്കുന്ന ചിത്രങ്ങളുടെ ആദ്യ സെറ്റ് 2017-ൽ റൂബെൻ സിംഗ് പുറത്തിറക്കിയിരുന്നു. ഇവയെല്ലാം അദ്ദേഹത്തിന്‍റെ തലപ്പാവുകളുമായി പൊരുത്തപ്പെടുന്ന വ്യത്യസ്‍ത നിറങ്ങളിൽ ഉള്ളവയായിരുന്നു. പിന്നാലെ 2019ല്‍  പുതിയ ആറ് റോള്‍സ് റോയ്‍സ് കാറുകള്‍ കൂടി ഒരുമിച്ച് വാങ്ങി റൂബന്‍ സിങ്ങ്. പുതുപുത്തൻ റോൾസ്​ എസ്​.യു.വിയായ കള്ളിനൻ, ഏറ്റവും വിലകൂടിയ വകഭേദമായ ഫാൻറം എന്നിങ്ങനെ ആറ്​ റോൾസ്​ റോയ്​സുകളെക്കൂടിയാണ് പിന്നീട്​ റൂബൻ സ്വന്തമാക്കി. ഫാന്റം VIII, കള്ളിനൻ എന്നിവയുടെ മൂന്ന് കോമ്പിനേഷനുകൾ ഉൾപ്പെടുന്ന ആറ് പുതിയ റോൾസ് റോയ്‌സ് കാറുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ഗാരേജിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.   ഈ മൂന്ന് കോമ്പിനേഷനുകളും  മരതകം, പവിഴം, ഇന്ദ്രനീലം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഷേഡുകൾ വിലയേറിയ രത്നക്കല്ലുകളിൽ ആണ് പൂർത്തിയാക്കിയിരിക്കുന്നത്.  

യുകെ ആസ്ഥാനമായുള്ള ഇന്ത്യൻ റൂബൻ സിംഗ് തന്റെ തലപ്പാവിന്റെ നിറവുമായി പൊരുത്തപ്പെടുന്ന റോൾസ് റോയ്‌സ് കാറുകൾ ശേഖരിക്കുന്നതിലുള്ള അഭിനിവേശത്താൽ പ്രശസ്തനായ ഒരു ശതകോടീശ്വരനാണ്. ഒരു ഇംഗ്ലീഷുകാരൻ തന്റെ മേൽ എറിഞ്ഞ വംശീയ അധിക്ഷേപത്തിന് മറുപടിയായി, ഒരാഴ്ചത്തേക്ക് തന്റെ തലപ്പാവിന്റെ നിറവുമായി പൊരുത്തപ്പെടുന്ന റോൾസ് റോയ്‌സ് കാറുകൾ നൽകുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിജ്ഞ. 

റൂബ​ന്‍റെ പ്രതികാരം
റൂബ​ന്‍റെ മധുര പ്രതികാര കഥ ഇങ്ങനെ. ബ്രിട്ടനിലെ ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ ഉള്‍പ്പെടുന്ന വ്യവസായ സംരഭങ്ങളുടെ തലവനാണ് ബ്രിട്ടനിലെ ഏറ്റവും വലിയ സിങ് കോടീശ്വരന്മാരിൽ ഒരാള്‍ കൂടിയായ റൂബൻ സിങ്. 2017ല്‍ ഒരിക്കല്‍ ഒരു ബ്രിട്ടീഷ്​ വർണവെറിയൻ സിങ്ങിന്‍റെ തലപ്പാവി​നെ കളിയാക്കി. ബാന്‍ഡേജ് എന്നു വിളിച്ചായിരുന്നു ആ പരിഹാസം. അഭിമാനത്തിൽ മുറിവേറ്റ റൂബൻ, തന്‍റെ ട്വിറ്റർ അക്കൌണ്ടിലൂടെ​ തലപ്പാവി​​ന്‍റെ നിറത്തിലുള്ള റോൾസ്​ റോയ്​സുകൾ വാങ്ങാനുള്ള തീരുമാനം അറിയിച്ചു. 

റോൾസ് റോയിസ് ഫാന്റം  ഡോൺ, റെയ്‍ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും തന്‍റെ തലപ്പാവുകളുടെ നിറത്തില്‍ അണിനിരത്തിയായിരുന്നു  റൂബൻറെ മധുരപ്രതികാരം. ഏഴു ദിവസും തലപ്പാവിന്റെ നിറത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള റോൾസ് റോയ്‍സ് കാറിൽ എത്തുക എന്നതായിരുന്നു ചലഞ്ച്.  ഈ ചലഞ്ച് ഹിറ്റായതോടെ സോഷ്യല്‍ മീഡിയയിൽ സൂപ്പർതാരമായിരുന്നു അന്ന് റൂബൻ. ബ്രിട്ടീഷുകാരുടെ അഭിമാന സ്​ഥാപനമായ റോൾസിലൂടെ ത​​ന്‍റെ പ്രതികാരം നിറവേറ്റുകയായിരുന്നു അദ്ദേഹത്തി​ന്‍റെ ലക്ഷ്യം. ഇതോടൊപ്പം ദശലക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളും റൂബൻ പ്രഖ്യാപിച്ചു. ​തലപ്പാവി​ന്‍റെ നിറമുള്ള റോൾസിനരികിൽ റൂബൻ നിൽക്കുന്ന ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു.

രത്നങ്ങളുടെ ശേഖരം
രത്‌നങ്ങളുടെ ശേഖരം എന്നാണ് റൂബന്‍ തന്‍റെ റോല്‍സ് റോയിസ് ശേഖരത്തെ വിളിക്കുന്നത്. കാറുകള്‍ ഓരോന്നിനും രത്‌നങ്ങളുടെ നിറമായത് കാരണമാണ് ഇങ്ങനെ പേരിട്ടു വിളിക്കുന്നത്. ഫാന്റത്തിന്റെയും കള്ളിനന്റെയും ഓരോ കാറിനും മരതകം, പവിഴം, ഇന്ദ്രനീലം എന്നീ രത്‌നങ്ങളുടെ നിറമാണ് നല്‍കിയിരിക്കുന്നത്. മരതകം, പവിഴം എന്നിവയുടെ നിറത്തിലുള്ള കാറുകള്‍ വളരെ വേഗം തന്നെ കിട്ടിയപ്പോള്‍ ഇന്ദ്രനീലത്തിന്റെ നിറത്തിലുള്ളവ കിട്ടിയത് അടുത്തിടെയാണ്. റോള്‍സ് റോയ്‍സ് സെഡാന്‍ ശ്രേണിയില്‍ ഏറ്റവും വിലയേറിയ അത്യാഢംബര കാറാണ് റോള്‍സ് റോയ്‍സ് ഫാന്റമെങ്കില്‍ കമ്പനിയുടെ ഏക എസ്‍യുവിയാണ് കള്ളിനന്‍.  ഏകദേശം 2.5 ലക്ഷം യൂറോയാണ് റോൾസ് റോയിസ് കള്ളിനാന്റെ യൂറോപ്യൻ വില. ഫാന്റത്തിന്റെ യുകെ വില ഏകദേശം 3.6 ലക്ഷം യൂറോയാണ്.

റൂബ​ന്‍റെ കാറുകൾ
യുകെയിൽ സ്ഥിരതാമസമാക്കിയ റൂബൻ 20-ാം വയസിൽ ബിസിനസ്​ ആരംഭിച്ചു. 1995 -ൽ മിസ്സ്​ ആറ്റിറ്റ്യൂഡ് എന്ന പേരിൽ ഒരു വസ്ത്ര റീട്ടെയിൽ ശൃംഖല സ്ഥാപിച്ചു. പിന്നീടാണ്​ ഓൾ ഡേ പി.എ സ്​ഥാപിച്ചത്​. ബ്രിട്ടീഷ് ബില്‍ഗേറ്റ്‌സ് എന്നാണ് റൂബന്‍ സിങ് അറിയപ്പെടുന്നത്.

അതേസമം റോൾസ് റോയിസിൽ മാത്രം ഒതുങ്ങുന്നതല്ല റൂബ​ന്‍റെ കാർ കലക്ഷൻ.  ഏകദേശം 15 വ്യത്യസ്ത റോൾസ് റോയ്‌സുകൾ സ്വന്തമാക്കിയത് കൂടാതെ ബുഗാട്ടി വെയ്‌റോണ്‍, പോര്‍ഷ 918 സ്‌പൈഡര്‍, പഗാനി ഹുയാറ, ലംബോര്‍ഗിനി ഹുറാക്കാന്‍, ഫെറാറി എ12 ബെര്‍ലിനെറ്റ തുടങ്ങി നിരവധി സൂപ്പർകാറുകൾ റൂബന്‍ സിങ്ങിന്‍റെ ഗാരേജിലുണ്ട്. കാറുകൾക്ക് പുറമേ സ്വകാര്യ ജെറ്റ് വിമാനങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.  ടോണി ബ്ലെയര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാരില്‍ ഇദ്ദേഹം പല പദവികളും  വഹിച്ചിട്ടുമുണ്ട്.  

click me!