ബജാജ്-ട്രയംഫ് കൂട്ടുകെട്ട്; പ്രോട്ടോ ടൈപ്പ് ബൈക്ക് തയ്യാര്‍

By Web Team  |  First Published Jul 31, 2021, 4:58 PM IST

ഇരുകമ്പനികളും ആദ്യ മോഡലിന്റെ പ്രോട്ടോ ടൈപ്പിന്റെ പ്രവര്‍ത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 


ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജും ബ്രിട്ടീഷ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ട്രയംഫും സംയുക്തമായി നിര്‍മ്മിക്കുന്ന ബൈക്ക് അടുത്ത വര്‍ഷം വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബൈക്കിന്‍റെ പ്രോട്ടോ ടൈപ്പ് മോഡല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുകമ്പനികളും ആദ്യ മോഡലിന്റെ പ്രോട്ടോ ടൈപ്പിന്റെ പ്രവര്‍ത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 

അതേസമയം കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഈ ബൈക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പിന്റെ അവതരണം ഉടൻ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022-ല്‍ ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ബജാജും ട്രയംഫും പദ്ധതിയിട്ടിരിന്നു. എന്നാല്‍, 2023 മാര്‍ച്ചില്‍ മാത്രമേ ഈ വാഹനം ഇന്ത്യയില്‍ എത്തുകയുള്ളൂ എന്നാണ് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Latest Videos

118 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ്​ ട്രയംഫ്​ മറ്റൊരു നിർമാതാവുമായി സഹകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍​. ആഗോള വിപണിയില്‍ ട്രയംഫ് ബ്രാന്റിന്റെ കീഴില്‍ മിഡ്-കപ്പാസിറ്റി മോട്ടോര്‍ ബൈക്കുകള്‍ നിര്‍മിക്കുന്നതിനാണ് ഇരു കമ്പനികളും സഹകരണം പ്രഖ്യാപിച്ചത്.  ഒരു മിഡ്​സൈസ്​ ബൈക്കാണ്​ ഇരുകമ്പനികളും ചേർന്ന്​ വികസിപ്പിക്കുന്നത്​. ഈ കൂട്ടുക്കെട്ടില്‍ 250 സി.സി. മുതല്‍ 700 സി.സി. വരെ ശേഷിയുള്ള ബൈക്കുകളുടെ നിര്‍മാണമാണ് നടക്കുന്നത്. എന്‍ട്രി ലെവല്‍ ബൈക്ക് രണ്ട് ലക്ഷം രൂപയ്ക്ക് നിരത്തുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്നതാണ് ട്രയംഫിന്റെ പ്രധാന നേട്ടം.  നിലവിൽ ഏറ്റവും വിലകുറഞ്ഞ ട്രയംഫ് മോട്ടോർസൈക്കിൾ ട്രൈഡൻറാണ്. 6.95 ലക്ഷമാണ്​ വില. '

ബജാജിന്‍റെ ഛക്കൻ പ്ലാൻറിലാവും പുതിയ മോട്ടോർസൈക്കിൾ നിർമ്മിക്കുക. കെടിഎം, ഹസ്‌ഖ് ​വർന തുടങ്ങിയ ബ്രാൻഡുകളും ബജാജുമായി നിർമാണ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ബജാജി​ന്‍റെയും ട്രയംഫിന്‍റെയും സഹകരണ ചർച്ചകൾ 2017 ലാണ്​ ആരംഭിച്ചത്​. പ്രാദേശികവൽക്കരണത്തി​ന്‍റെ തോത് വർധിപ്പിക്കുക എന്നതാണ് സഹകരണത്തിന്‍റെ മുഖ്യ ലക്ഷ്യം. ബജാജ്, കെടിഎം വാഹനങ്ങൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതിന്​ സമാനമാണിത്​. നിലവിൽ ലോകത്തിലെ മിക്ക വിപണികളിലും ആധിപത്യം പുലർത്തുന്ന റോയൽ എൻഫീൽഡിനെതിരെ രണ്ട് നിർമ്മാതാക്കളും മത്സരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!