ഇടം കാലില്‍ വെട്ടുകൊണ്ടു നുറുങ്ങിയിട്ടും അവശനായ രാജാവിനെ കിലോമീറ്ററുകള്‍ താണ്ടി സുരക്ഷിതനാക്കി മരണത്തിലേക്ക് മറഞ്ഞുപോയ ചേതക്ക്.
ഒരുകാലത്ത് മധ്യവര്‍ഗ ഇന്ത്യക്കാരന്‍റെ വാഹനസ്വപ്‍നങ്ങളിലെ രാജകുമാരനായിരുന്നു ചേതക്ക് എന്ന സ്‍കൂട്ടര്‍. ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനത്തിന്‍റെ ഉല്‍പ്പാദനം കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി നിര്‍ത്തിയിട്ട്. ഇപ്പോഴിതാ ഇലക്ട്രിക്ക് കരുത്തില്‍ സ്‍കൂട്ടറിനെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നു ബജാജ്. ഈ സാഹചര്യത്തില്‍ ഓര്‍മ്മകളിലെ രാജകുമാരന്‍ ചേതക്കിന്‍റെ പിറവിയുടെ കഥയും വളര്‍ച്ചയുടെ ചരിത്രവുമൊക്കെ വാഹനപ്രേമികള്‍ ആകാംക്ഷയോടെയാവും കാത്തിരിക്കുന്നത്. ഇതാ ആ കഥകള്‍.
പുരാതന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു മേവാര്‍. അവിടുത്തെ ചക്രവർത്തിയായിരുന്നു മഹാരാജാ റാണാ പ്രതാപ് സിംഗ്. മുഗളർക്ക് മുമ്പിൽ തോൽവിയറിയാത്ത ചരിത്ര പ്രസിദ്ധന്‍. റാണാ പ്രതാപ് സിംഗിന് കരുത്തനായ ഒരു കുതിരയുണ്ടായിരുന്നു. പേര് ചേതക്. മുഗള്‍ ചക്രവര്‍ത്തിയുടെ ആനയുടെ മസ്‍തിഷ്‍കത്തില്‍ ചാടിച്ചവിട്ടി യജമാന്റെ ലക്ഷ്യത്തിനു വഴിയൊരുക്കിയവന്‍. ഒടുവില്‍ മുറിവേറ്റ് വീണ റാണാപ്രതാപനെയും കൊണ്ട് ആയുധങ്ങളുമായി പാഞ്ഞടുത്ത സൈനികര്‍ക്കിടയിലൂടെ യുദ്ധമുഖത്ത് നിന്നും കുതിച്ചുപാഞ്ഞവന്‍. ഇടം കാലില്‍ വെട്ടുകൊണ്ടു നുറുങ്ങിയിട്ടും അവശനായ രാജാവിനെ കിലോമീറ്ററുകള്‍ താണ്ടി സുരക്ഷിതനാക്കി മരണത്തിലേക്ക് മറഞ്ഞുപോയ ചേതക്ക്.
ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്‍പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി 1972 ൽ ചേതക്കിനെ അവതരിപ്പിക്കുമ്പോള്‍ റാണാ പ്രതാപ് സിംഗിന്‍റെ ഈ കുതിരയായിരുന്നു രാഹുല്‍ ബജാജിന്‍റെ മനസില്‍. എന്തായാലും പുണെയിലെ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്ലാന്‍റില്‍ നിന്നും പടക്കുതിരയുടെ കരുത്തുമായിട്ടാണ് ചേതക്ക് സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങളിലേക്ക് പറന്നിറങ്ങിയത്.
145 സി സി ടു സ്ട്രോക്ക് എഞ്ചിന്‍. ഇടംകൈയ്യില്‍ ഷിഫ്റ്റ് ചെയ്യാവുന്ന ഫോര്‍ സ്‍പീഡ് ട്രാന്‍സ്‍മിഷന്‍. 80 കിലോമീറ്റര്‍ വേഗതയില്‍ കുതിപ്പ്. ഇരുചക്രവാഹനമെന്നാല്‍ ചേതക്കാണെന്നായിരുന്നു സാധാരണക്കാരന്റെ വിശ്വാസം. ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ ജനം സ്‍കൂട്ടറിനെ നെഞ്ചേറ്റി. ചേതക്കില്‍ ചെരിഞ്ഞിരുന്നുള്ള യാത്രകള്‍ ഇന്ത്യന്‍ നഗരങ്ങളിലെ പതിവുകാഴ്‍ചയായിരുനന്നു അക്കാലത്ത്. അച്ഛനും അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍റെ ആഡംബര കാറായിരുന്നു ചേതക്ക്. ഒരു കാറില്‍ കൊള്ളാവുന്നതിലുമധികം യാത്രികരെയും വഹിച്ച് ചേതക്കുകള്‍ തലങ്ങും വിലങ്ങും പാഞ്ഞകാലം. ഒരു വര്‍ഷം 20,000 ത്തില്‍ അധികം ചേതക്കുകളാണ് അക്കാലത്ത് നിരത്തിലേക്ക് ഒഴുകിയത്.
1980ല്‍ എല്‍എംഎല്ലുമായി ചേര്‍ന്ന് വെസ്‍പ പുറത്തിറക്കിയ പുത്തന്‍ സ്‍കൂട്ടറുകള്‍ നിരത്തുകീഴടക്കി. എന്നിട്ടും ചേതക്കിന് വലിയ കുലുക്കമൊന്നുമുണ്ടായിരുന്നില്ല. റാണാപ്രതാപിന്‍റെ പടക്കുതിരയെപ്പോലെ അതിന്‍റെ കുതിപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍ എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ഇന്ത്യന്‍ നിരത്തുകളിലേക്ക് ഒഴുകിയ ജപ്പാന്‍ സാങ്കേതിക വിദ്യക്ക് മുന്നില്‍ ചേതക്ക് വിറച്ചുപോയി.
കൂടുതല്‍ വേഗതയും നിയന്ത്രണവുമുള്ള ഗിയര്‍ സംവിധാനവും മികച്ച മൈലേജും നല്‍കുന്ന ബൈക്കുകളുടെയും ഗിയര്‍ രഹിത സ്‍കൂട്ടറുകളുടെയും ഒഴുക്കിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ചേതക്കിനു കഴിഞ്ഞില്ല. അങ്ങനെ മൂന്നുപതിറ്റാണ്ട് നീണ്ട ആ വിജയ യാത്ര 2006ല്‍ അവസാനിച്ചു. ചേതക്കിനെ വിപണിയില്‍ നിന്നും പിന്‍വലിച്ച് ബജാജും ബൈക്ക് നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനം പുറത്തിറങ്ങിയ ചേതക്കിന് 145 സിസി ടു സ്‍ട്രോക്ക് എഞ്ചിനായിരുന്നു ഹൃദയം. 7.5 എച്ച്.പി കരുത്തും 10.7 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിച്ചത്. 4 സ്‍ട്രോക്ക് എഞ്ചിനും ലഭ്യമായിരുന്നു.
എന്നാല്‍ ഒരുപതിറ്റാണ്ടിനു ശേഷം ചേതക്കിതാ പുനര്‍ജ്ജനിച്ചിരിക്കുന്നു. സ്‍കൂട്ടർ സെഗ്മെന്റിലെ മികച്ച വളർച്ചയാണ് ബജാജിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ ചുരുങ്ങിയ വർഷത്തിനുള്ളിൽ ബൈക്ക് വിപണി പോലെ സ്‍കൂട്ടർ വിപണിയിലും വൻകുതിച്ചു ചാട്ടമാണ് സംഭവിച്ചത്. അപ്പോള്‍ വന്ന വഴി മറക്കാതെ ബജാജ് തിരിച്ചു വരുന്നതില്‍ അദ്ഭുതമില്ല.
കഴിഞ്ഞദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‍കരിയുടെ സാന്നിധ്യത്തില്‍ ദില്ലിയില്‍ നടന്ന ചടങ്ങിലാണ് ചേതക്ക് ഇലക്ട്രിക്കിനെ ബജാജ് പുനരവതരിപ്പിച്ചത്. എന്നാല്‍ പേരിലല്ലാതെ പഴയ ചേതക്കിനോട് രൂപത്തില്‍ വലിയ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ലെന്നതാണ് കൗതുകം. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ബജാജ് ഇ-സ്‌കൂട്ടര്‍ എത്തുക. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്. ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി ചേര്‍ന്നാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് അര്‍ബനൈറ്റ് വികസിപ്പിച്ചിരിക്കുന്നത്.
IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്‍റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. 2020 ജനുവരിയോടെ നിരത്തിലെത്തുന്ന ഇലക്ട്രിക് ചേതക്കിന്‍റെ നിര്‍മ്മാണം പുണെയിലെ ചാകന്‍ പ്ലാന്റില്‍ സെപ്‍തംബര്‍ 25 മുതല്‍ ബജാജ് അരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ വില ലോഞ്ചിങ് വേളയില്‍ മാത്രമേ പുറത്തുവിടുകയുള്ളൂ. ഏകദേശം ഒരു ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചനകള്‍.
എന്തായാലും തോല്‍വിയറിയാത്ത പുരാതന രാജാവ് പ്രതാപ് സിംഗിന്‍റെ കുതിരയെപ്പോലെ ഇന്ത്യന്‍ നിരത്തുകളിലേക്കുള്ള ചേതക്കിന്‍റെ രണ്ടാംവരവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍.