രാജ്യത്തെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ബജാജ് ഓട്ടോ ഒരുങ്ങുന്നു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് കമ്പനിയുടെ എംഡി രാജീവ് ബജാജ് ഇക്കാര്യം സൂചിപ്പിച്ചത്.
കുതിച്ചുയരുന്ന പെട്രോൾ വിലയില്‍ നട്ടം തിരിയുന്ന സാധാരണക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത. പെട്രോള്‍ വിലയെ നേരിടാൻ ചെലവ് കുറഞ്ഞ ബദലായി എൻട്രി ലെവൽ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) മോട്ടോർസൈക്കിൾ അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് സൂചന നൽകി. അതായത് രാജ്യത്തെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ബജാജ് ഓട്ടോ ഒരുങ്ങുന്നു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് കമ്പനി എംഡി രാജീവ് ബജാജ് ഇക്കാര്യം സൂചിപ്പിച്ചത്.
സിഎൻജി മോട്ടോർ ബൈക്കുകൾ വാങ്ങുന്നതും ഇന്ധനം നിറയ്ക്കുന്നതിലുമൊക്കെ ലാഭകരമായിരക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന പെട്രോൾ വില താങ്ങാൻ കഴിയാത്ത വാങ്ങുന്നവരെ ആകർഷിക്കാൻ ഇതിന് കഴിയും. സിഎൻജി ബൈക്കുകളുടെ സുരക്ഷ, റേഞ്ച്, ചാർജിംഗ്, ബാറ്ററി ലൈഫ് എന്നിവ സംബന്ധിച്ച് നിർമ്മാതാക്കൾക്ക് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ബൈക്കുകൾ ഉപഭോക്താക്കൾക്കും ഏറെ ഗുണകരമാകും. ഇതിലൂടെ ഇന്ധനച്ചെലവ് 50 ശതമാനം വരെ കുറയ്ക്കാനാകും.
100സിസി എഞ്ചിനിലാണ് ഈ സിഎൻജി മോട്ടോർസൈക്കിൾ പുറത്തിറക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ഉത്സവ സീസണിൽ എൻട്രി ലെവൽ ഇന്റേണൽ കംബസ്‌ഷൻ എൻജിൻ ബൈക്കുകളുടെ (100 സിസി) വിൽപ്പന ഉയരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും രാജീവ് പറഞ്ഞു. വാങ്ങുന്നവർ ഇലക്ട്രിക് ഓപ്ഷനുകളിലേക്ക് നീങ്ങുന്നതാണ് ഇതിന് കാരണം. കൊവിഡും തൊഴിൽ നഷ്‌ടവും പെട്രോൾ വിലക്കയറ്റവും ബാധിച്ചതിനാല്‍ സാമ്പത്തിക ശ്രേണിയുടെ അടിത്തട്ടിലെ ഉപഭോക്താക്കള്‍ ഷോറൂമുകളിലേക്ക് തിരികെ വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 100 സിസിക്കും 125 സിസിക്കും ഇടയിലുള്ള എൻട്രി സെഗ്‌മെന്റിൽ ഏഴ് മോട്ടോർസൈക്കിൾ മോഡലുകളാണ് ബജാജ് ഓട്ടോയ്ക്കുള്ളത്. 100 സിസി സെഗ്‌മെന്റിൽ പ്ലാറ്റിന, ബജാജ് സിടി 100 എന്നീ രണ്ട് മോഡലുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഒരു പുതിയ ഇലക്ട്രിക് സ്‍കൂട്ടർ കൊണ്ടുവരാനും ബജാജ് പദ്ധതിയിടുന്നു, കൂടാതെ ഈ സിഎൻജി മോട്ടോർസൈക്കിളിലൂടെ ചേതക് ശ്രേണി വിപുലീകരിക്കാനും ബജാജ് ശ്രമിക്കുന്നു. കാരണം ഉത്സവ സീസണിന് ശേഷം പുതിയ ഇലക്ട്രിക് സ്കൂട്ടർ വേരിയന്റുകൾ അവതരിപ്പിക്കാം. ഈ ഉത്സവ സീസണിൽ 10,000 യൂണിറ്റ് ചേതക് ഉൽപ്പാദിപ്പിക്കുമെന്ന് ബജാജ് പ്രതീക്ഷിക്കുന്നു. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയുള്ള ഒരു ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ചേതക് ഉൽപ്പാദനം പ്രതിമാസം 15,000ൽ നിന്ന് 20,000 യൂണിറ്റായി ഉയർത്താനും കമ്പനി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പുതിയ പൾസറുകളെക്കുറിച്ചും രാജീവ് ബജാജ് നിലപാട് വ്യക്തമാക്കുന്നു. ആറ് സുപ്രധാന നവീകരണങ്ങളോ പുതിയ പൾസറുകളോ തങ്ങൾ അവതരിപ്പിക്കും എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. പൾസറുകളുടെ പുതിയ ശ്രേണി അവതരിപ്പിക്കുന്നതോടെ, ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ എക്കാലത്തെയും വലിയ പൾസർ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 125-200 സിസി ശ്രേണിയിലെ മിഡ്-മാർക്കറ്റിലെ മൊത്തം വിൽപ്പനയുടെ 30 ശതമാനവും നിലവിൽ ബജാജിനാണ്. ഏകദേശം 1.7 ലക്ഷം രൂപ വിലയുള്ള പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിലും കമ്പനി അവസരങ്ങൾ തേടുന്നുണ്ട്.