വ്യക്തികളുടെ അന്തസ് ഉയർത്തിപ്പിടിക്കണമെന്ന് വ്യക്തമാക്കി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര,
കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തുംകൂറില്‍ മഹീന്ദ്ര ഷോറൂമില്‍ വാഹനം വാങ്ങാന്‍ എത്തിയ ഒരു കര്‍ഷക യുവാവിനുണ്ടായ ദുരനുഭവത്തില്‍ പ്രതികരണവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര. വ്യക്തികളുടെ അന്തസ് ഉയർത്തിപ്പിടിക്കണമെന്ന് വ്യക്തമാക്കി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര, ട്വിറ്ററിൽ ഇത് സംബന്ധിയായ സന്ദേശം ആനന്ദ് മഹീന്ദ്ര പങ്കിട്ടതായി എച്ച്ടി ടൈംസ് ഓട്ടോ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ അഭിസംബോധന ചെയ്‍ത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിജയ് നക്രയുടെ അഭിപ്രായത്തിന് നില്‍കിയ മറുപടിയിലൂടെയാണ് ട്വിറ്ററിൽ വളരെ സജീവമായ ആനന്ദ് മഹീന്ദ്ര ഇക്കാര്യത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിന്റെയും പങ്കാളികളുടേയും ഉന്നമനമാണ് മഹീന്ദ്രയുടെ പ്രധാന ലക്ഷ്യമെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. വ്യക്തികളുടെ അന്തസ് കാത്തുസൂക്ഷിക്കുന്നത് അതിപ്രധാനമാണ്. ഇതിൽ വീഴ്‍ച സംഭവിച്ചാൽ എത്രയും പെട്ടന്ന് പരിശോധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും ഉറപ്പു നൽകിക്കൊണ്ടായിരുന്നു മഹീന്ദ്ര സിഇഒ വിജയ് നക്രയുടെ ട്വീറ്റ്. കര്‍ണാടകയില്‍ തുംകൂരില്‍ പിക്കപ്പ് ട്രക്ക് വാങ്ങാന്‍ മഹീന്ദ്ര ഷോറൂമിലെത്തിയ കര്‍ഷകനെ ജീവനക്കാരന്‍ പരിഹസിച്ചതും അര മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപയുമായി കർഷകൻ മടങ്ങിയെത്തിയതുമായ സംഭവം മഹീന്ദ്രയ്ക്കെതിരെ ഏറെ വിമര്‍ശനങ്ങള്‍ക്കും വ്യാപക ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.
തുംകുരുവിലെ മഹീന്ദ്ര ഷോറൂമിലേക്ക് ബൊലേറോയുടെ പിക്ക് അപ് വാന്‍ വാങ്ങാന്‍ എത്തിയ യുവകര്‍ഷകനായ കെംപഗൗഡയ്ക്ക് ആയിരുന്നു ഈ ദുരനുഭവം. പൂക്കള്‍ കൃഷിചെയ്യുന്ന കെംപഗൗഡ കൂട്ടുകാരുടെ കൂടെയാണ് കൃഷി ആവശ്യത്തിനായി പ്രിയപ്പെട്ട പിക്കപ്പ് എസ്‌യുവി വാങ്ങാന്‍ മഹീന്ദ്രയുടെ ഷോറൂമില്‍ എത്തിയത്. എന്നാല്‍ സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട്, കൗതുകം തീര്‍ക്കാന്‍ എത്തിയവരാണ് എന്ന ധാരണയിലാണ് ഷോറൂമിലെ ജീവനക്കാരന്‍ പെരുമാറിയത്.
10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കെംപഗൗഡ ചോദിച്ചപ്പോഴായിരുന്നു അപമാനിക്കുന്ന വാക്കുകള്‍ ജീവനക്കാരന്‍റെ ഭാഗത്ത് നിന്നുണ്ടായത്. പത്ത് രൂപ പോലും തികച്ചെടുക്കാന്‍ ഇല്ലാത്തവനാണ് പത്ത് ലക്ഷത്തിന്റെ വണ്ടി വാങ്ങാന്‍ വന്നത് എന്നായിരുന്നു സെയില്‍സ്‍മാന്റെ പരിഹാസം. ഇതോടെ ദേഷ്യം വന്ന കെംപഗൌഡ പണം തന്നാൽ ഇന്നുതന്നെ കാർ കിട്ടുമോ എന്ന് തിരിച്ചുചോദിച്ചു. 10 ലക്ഷം രൂപ ഒരുമിച്ച് കൊണ്ടുവരൂ എന്നാൽ കാർ ഇന്ന് തന്നെ തരാമെന്ന് ജീവനക്കാരനും പറഞ്ഞു. അരമണിക്കൂറിനകം വരാമെന്ന് പറഞ്ഞ് യുവാവ് ഇറങ്ങിപ്പോയപ്പോള്‍ അയാള്‍ വെറുംവാക്ക് പറഞ്ഞതാണെന്നാണ് ഷോറൂം അധികൃതര്‍ കരുതിയത്. എന്നാല്‍ പറഞ്ഞ സമയത്തിനകം തന്നെ കെംപഗൗഡ പണവുമായി എത്തിയതോടെ അവര്‍ ഞെട്ടി. ഇപ്പോള്‍ത്തന്നെ വാഹനം ഡെലിവറി ചെയ്യണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ ഷോറൂം അധികൃതര്‍ ശരിക്കും കുടുങ്ങി.
ഉടന്‍ കാര്‍ കൊടുക്കാനുള്ള സാങ്കേതിക തടസങ്ങളും ശനിയും ഞായറും അവധി ദിവസങ്ങളായതിനാലുള്ള പ്രശ്‌നങ്ങളും കാരണം ഡീലര്‍ഷിപ്പുകാര്‍ ഊരാക്കുടുക്കിലായി. ഇപ്പോള്‍ത്തന്നെ വാഹനം ഡെലിവറി ചെയ്യാന്‍ നിവര്‍ത്തിയില്ലെന്നും നാല് ദിവസത്തിനകം ഡെലിവറി ചെയ്യാമെന്നും അവര്‍ അറിയിച്ചു. ഇതോടെ വാഹനം കിട്ടാതെ പോകില്ലെന്ന് ഉറപ്പിച്ച് യുവാവും സുഹൃത്തുക്കളും സമരം തുടങ്ങി. ഇതോടെ പ്രശ്‍നം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഒടുവിൽ തിലക് പാർക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥര്‍ എത്തിയാണ് സമരം അവസാനിപ്പിച്ചത്. മോശം പെരുമാറ്റത്തിനും പരിഹസിച്ചതിനും കെംപെഗൗഡ തിലകനഗര പൊലീസിന് പരാതി നല്‍കി. തന്നെയും സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാ മൂലം മാപ്പ് ചോദിക്കണമെന്നും യുവാവ് വ്യക്തമാക്കി. തുടര്‍ന്ന് പിന്നീട് സെയില്‍സ്‍മാനും മറ്റ് ജീവനക്കാരും കെംപെഗൗഡയോട് ക്ഷമാപണം നടത്തുകയും ക്ഷമാപണം എഴുതി നല്‍കുകയും ചെയ്‍തതോടെയാണ് പ്രശ്നം ഒത്തുതീര്‍പ്പായതെന്നും ഇനി താൻ ഈ ഷോറൂമിൽ നിന്നും വാഹനം വാങ്ങില്ലെന്ന് വ്യക്തമാക്കിയാണ് കർഷകൻ മടങ്ങിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയ്ക്കും പലരും വീഡിയോ ടാഗ് ചെയ്‍തിരുന്നു. വസ്ത്രം നോക്കി ആളുകളെ വിലയിരുത്തിയാൽ ഇങ്ങനെയിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയുടെ താക്കീത്.