നാലുചക്രങ്ങളും കള്ളന്‍ കൊണ്ടുപോയി, സങ്കടക്കാഴ്‍ചയായി ഈ പുത്തന്‍ വണ്ടികള്‍!

By Web Team  |  First Published Jul 8, 2020, 1:05 PM IST

അലോയി വീലുകള്‍ നഷ്‍ടമായി പുത്തന്‍ കാറുകള്‍. ടയര്‍ മോഷണം തടയാന്‍ ഇതാ ചില സൂത്രവിദ്യകള്‍


വീടുകളില്‍ പാര്‍ക്കിംഗ് സൌകര്യമില്ലാത്തതിനാല്‍ പല വാഹന ഉടമകളും തങ്ങളുടെ വാഹനങ്ങളെ വീടിനുമുന്നിലെ വഴിയോരത്തും മറ്റുമാവും പാര്‍ക്ക് ചെയ്യുക. വന്‍നഗരങ്ങളിലും മറ്റുമാവും ഇങ്ങനെ പാര്‍ക്ക് ചെയ്യുന്നവര്‍ ഏറെയും. മനസില്ലാ മനസോടെയാവും ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ പലരും ഇങ്ങനെ പാര്‍ക്ക് ചെയ്യുന്നത്.

അങ്ങനെ വഴിയരികില്‍ പാര്‍ക്ക് ചെയ്‍ത രണ്ട് പുത്തന്‍ കാറുകളുടെ അലോയ് വീലുകള്‍ മോഷ്‍ടാക്കള്‍ അടിച്ചുമാറ്റിയ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത്.  ദില്ലിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇത്. 

Latest Videos

undefined

രാത്രി ഒരുമിച്ച് പാർക്ക് ചെയ്‍തിരുന്ന കിയ സെല്‍റ്റോസിനും ഹ്യുണ്ടായി ക്രെറ്റയ്‍ക്കുമാണ് ഈ ദുര്യോഗം. ഉടമകളെ ഞെട്ടിച്ചുകൊണ്ട് ഇരു വാഹനങ്ങളുടെയും നാല് അലോയി വീലുകളും പിറ്റേന്ന് ഉറക്കമുണർന്നപ്പോൾ കാണാതായി. രണ്ട് എസ്‌യുവികളും വീലുകൾ അഴിച്ചുമാറ്റിയ നിലയിൽ ഇഷ്ടികയ്ക്ക് മേലാണ് കണ്ടെത്തിയത്. 

രണ്ടും പുത്തന്‍ വാഹനങ്ങളാണ് എന്നതാണ് ഏറെ സങ്കടകരം. ഒരേ സീരീസിൽ നിന്നുള്ള രജിസ്ട്രേഷൻ പ്ലേറ്റുകളുള്ള ഈ രണ്ട് എസ്‌യുവികളും തികച്ചും പുതിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ് കുമാർ ഗുപ്‍ത എന്ന വ്യക്തിയാണ് ക്രെറ്റയുടെ ഉടമയെന്നും പങ്കജ് ഗാർഗ് എന്നയാളുടേതാണ് കിയ സെൽറ്റോസ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. സെല്‍റ്റോസിന്‍റെയും ക്രെയറ്റയുടെയും ഏറ്റവും ഉയർന്ന വേരിയന്‍റുകളാണ് ചക്രങ്ങള്‍ നഷ്‍ടമായ ഇരു എസ്‌യുവികളും. ആകർഷകമായ 17 ഇഞ്ച് മാഗ് വീലുകളാണ് ഇവയില്‍ ഉണ്ടായിരുന്നത്.

കൊവിഡ് 19 വൈറസ് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം രാജ്യത്തിന്റെ പല ഭാഗങ്ങളിലും മോഷണവും പിടിച്ചുപറികളും വർദ്ധിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴിലില്ലായ്‍മയും സാമ്പത്തിക ഞെരുക്കവും കാരണം കാർ മോഷണ കേസുകളിലും വളരെയധികം വർദ്ധനവുണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ചു ചെറുകിട മോഷ്‍ടാക്കളും കൂടുതൽ സജീവമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ വിലപിടിപ്പുള്ള ചക്രങ്ങള്‍ മാത്രം കവരുന്നതിനു പിന്നില്‍ ഇത്തരം ചെറുകിട മോഷ്‍ടാക്കളാണ് എന്നാണ് സൂചനകള്‍.

ടയര്‍ മോഷണം തടയാന്‍
സുരക്ഷിതമല്ലാത്ത ഇടങ്ങളിലെ പാർക്കിംഗ് ഒഴിവാക്കുക എന്നതാണ് ടയര്‍ മോഷണം തടയുന്നതിന് പ്രധാന മാര്‍ഗ്ഗം. എന്നാല്‍ പാര്‍ക്കിംഗ് സൌകര്യമില്ലാത്തതിനാല്‍ പലര്‍ക്കും വഴിയോരങ്ങള്‍ തന്നെയാവും ആശ്രയം. ഇത്തരം സാഹചര്യങ്ങളില്‍ വീലുകൾ മോഷ്‍ടിക്കപ്പെടാതിരിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ചില വഴികളുണ്ട്. അവ എന്തെന്ന് അറിഞ്ഞു വയ്‍ക്കാം.

സെന്‍സര്‍ അലാറം
സെൻസർ ഉള്ള ഒരു അലാറം വാഹനത്തില്‍ ഇൻസ്റ്റാൾ ചെയ്യുക. നിങ്ങളുടെ വാഹനത്തിന്റെ വീലുകൾ‌ ആരെങ്കിലും മോഷ്ടിക്കാൻ‌ ശ്രമിക്കുമ്പോൾ‌ അലേർ‌ട്ട് ചെയ്യാൻ‌ ഈ അലാറങ്ങള്‍ക്ക് സാധിക്കും. 

മുന്‍ചക്രങ്ങള്‍ തിരിച്ചുവയ്‍ക്കുക
പാര്‍ക്ക് ചെയ്യുമ്പോള്‍ വാഹനത്തിന്‍റെ മുൻ ചക്രങ്ങളെ 45 ഡിഗ്രി ആംഗിളിലേക്ക് തിരിച്ചു വയ്ക്കുക. കാരണം ഇങ്ങനെ തിരിച്ചുവച്ച ചക്രങ്ങള്‍ അഴിച്ചെടുക്കുന്നത് അത്ര എളുപ്പമല്ല. കള്ളന്മാർ കൂടുതൽ പണിയെടുക്കേണ്ടി വരുമെന്നു ചുരുക്കം. അതിനാല്‍ അവര്‍ അതിന് മുതിരില്ല. 

ജാക്കി വയ്‍ക്കാന്‍ ഇട കൊടുക്കരുത്
കാറിന് താഴെ കള്ളന് ഒരു ജാക്കി വയ്ക്കാൻ പറ്റാത്ത തരത്തിൽ വാഹനം പാർക്ക് ചെയ്യുക. 

വീല്‍ ലോക്ക്
അനധികൃതമായി പാർക്ക് ചെയ്‍തിരിക്കുന്ന വാഹനങ്ങളിൽ ട്രാഫിക് പൊലീസ് ഉപയോഗിക്കുന്ന വീൽ ലോക്കുകൾ ഉപയോഗിച്ചും നിങ്ങളുടെ വാഹനങ്ങളുടെ ചക്രങ്ങളെ ഒരുപരിധിവരെ സുരക്ഷിതമാക്കാം.

വെളിച്ചമുള്ള ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുക
സുരക്ഷിതവും നല്ല വെളിച്ചമുള്ളതുമായ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുക. നിങ്ങളുടെ വീട്ടു പടിക്കൽ നിന്നും അൽപ്പം അകലെയാണെങ്കിലും വെളിച്ചം ഉള്ളയിടത്ത് മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശീലമാക്കുക. 
 

click me!