"ഒരു തച്ചു പണിയാം ഒരുമിച്ചു തുഴയാം.." കൊച്ചിക്കായലിലൂടെ പറക്കാൻ വാട്ടര്‍ മെട്രോ!

By Web Team  |  First Published Apr 24, 2023, 10:51 AM IST

റോഡുകളിൽ വാഹനത്തിരക്ക് കൂടിക്കൂടി യാത്രകൾ ദുരിതമയമാകുന്ന ഇക്കാലത്ത് ജലഗതാഗതത്തിന്റെ പ്രാധാന്യം ഉറപ്പിച്ചുപറയുന്ന കൊച്ചി വാട്ടര്‍ മെട്രോയെപ്പറ്റി ഇതാ അറിയേണ്ടതെല്ലാം.


സംസ്ഥാനത്തിന്‍റെ, പ്രത്യേകിച്ച് കൊച്ചിയുടെ ഗതാഗതമേഖലയ്ക്ക് പുതിയ കുതിപ്പേകുന്ന വാട്ടർ മെട്രോ ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. കൊച്ചി നഗരത്തോടു ചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ പദ്ധതി അല്‍പ്പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന്‌ സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങിലാണ് വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കുന്നത്. ഇതോടെ, കൊച്ചിയുടെയും സമീപത്തെ 10 ദ്വീപുകളിലെയും ജലഗതാഗതം പുതുകാലത്തിനു ചേർന്നവിധം നവീനമായൊരു തലത്തിലേക്ക് കുതിച്ചുയരും. മെട്രോ റെയിലിന്‌ അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക മെട്രോയാകും കൊച്ചിയിലേത്‌.  റോഡുകളിൽ വാഹനത്തിരക്ക് കൂടിക്കൂടി യാത്രകൾ ദുരിതമയമാകുന്ന ഇക്കാലത്ത് ജലഗതാഗതത്തിന്റെ പ്രാധാന്യം ഉറപ്പിച്ചുപറയുന്ന കൊച്ചി വാട്ടര്‍ മെട്രോയെപ്പറ്റി ഇതാ അറിയേണ്ടതെല്ലാം.

തുടങ്ങിയത് 2016ല്‍
2016ൽ നിർമാണം തുടങ്ങിയതാണ് കൊച്ചി വാട്ടർ മെട്രോ. മൂന്നു വർഷംകൊണ്ടു പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. സംസ്ഥാന സർക്കാരിനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനും ഓഹരി പങ്കാളിത്തമുള്ള പുതിയ കമ്പനിക്കാണു പദ്ധതിനടത്തിപ്പ്.  സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ഇപ്പോള്‍ ആറുമാസത്തിലേറെയായി ഇവിടെ ട്രയൽ റൺ നടത്തുകയാണ് ബോട്ടുകള്‍. 747 കോടി രൂപ ചെലവിടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്.  

Latest Videos

പ്രത്യേകതകൾ
നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് ആദ്യഘട്ടത്തില്‍ വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്‌ളോട്ടിങ് ജട്ടികളാണ് പ്രധാനപ്രത്യേകത. യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. 

ഇത്രയും ബോട്ടുകള്‍
38 ജെട്ടികളും 78 അത്യാധുനിക ബോട്ടുകളുമായി  76 കിലോമീറ്റർ ദൂരം സർവീസ് നടത്താനാണ് വാട്ടർ മെട്രോ ഒരുങ്ങുന്നത്. ഇതിനായി എട്ട് ബോട്ടുകൾ സർവീസിനു ലഭിച്ചുകഴിഞ്ഞു.   പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തും. 

ഭിന്നശേഷി സൌഹൃദം
ഭിന്നശേഷി സൗഹൃദമായ ടെര്‍മിനലുകളും ബോട്ടുകളുമാണ് കൊച്ചി വാട്ടര്‍മെട്രോയുടെ പ്രധാന പ്രത്യേകത. ഭിന്നശേഷിക്കാര്‍ക്കും പ്രായമായ യാത്രക്കാർക്കും കയറാനും ഇറങ്ങാനും സൗകര്യമൊരുക്കാൻ ഫ്ലോട്ടിംഗ് ജെട്ടികളും ക്രമീകരിച്ചിട്ടുണ്ട്.

പരിസ്ഥിതി സൌഹാര്‍ദ്ദം
വാട്ടര്‍ മെട്രോയിലൂടെ പരിസ്ഥിതി മലിനീകരണം വൻ തോതില്‍ കുറക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി വാട്ടർ മെട്രോ പദ്ധതിക്കായി പദ്ധതിയിട്ടിരിക്കുന്ന ബോട്ടുകൾ ഇലക്ട്രിക്ക് കരുത്തിലാണ് ഓടുന്നത്. അതുകൊണ്ടു തന്നെ കാർബൺ ഫൂട്ട് പ്രിന്റിൽ വൻ കുറവ് കണക്കാക്കുന്നു. ഒപ്പം റോഡുകളിലെ ലൈൻ ബസുകൾ, കാറുകൾ, മോട്ടോർ ബൈക്കുകൾ തുടങ്ങിയ സ്വന്തം വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ റോഡുകളിലെ തിരക്കും മലിനീകരണവും കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ആദ്യ സര്‍വ്വീസ്
വൈപ്പിൻ– ബോൾഗാട്ടി– ഹൈക്കോടതി റൂട്ടിലാണ് ആദ്യ സർവീസ്. സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ, കാക്കനാട്, വൈറ്റില ടെർമിനലുകൾ കൂടി പൂർത്തിയായിട്ടുണ്ട്. കാക്കനാട് – വൈറ്റില റൂട്ടിലും സർവീസ്  ഏപ്രിൽ 27 ന് ആരംഭിച്ചേക്കും. ബാക്കിയെല്ലാം അന്തിമഘട്ടത്തിലെത്തി നിൽക്കുന്നു. 

റൂട്ടുകള്‍
ഹൈക്കോർട്ട് ടെർമിനലിൽനിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. 26 മുതൽ പൊതുജനങ്ങൾക്ക് യാത്രചെയ്യാം. പ്രാരംഭഘട്ടത്തിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ഹൈക്കോർട്ട്–വെെപ്പിൻ റൂട്ടിൽ സർവീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് സമയം നിജപ്പെടുത്തും. 

യാത്രാനിരക്ക്
വാട്ടർ മെട്രോയിൽ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ്. ഹെക്കോർട്ട്–വൈപ്പിൻ 20 രൂപയും വൈറ്റില–കാക്കനാട് 30 രൂപയുമാണ്‌ ചാര്‍ജ്ജ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഇളവുകളുമുണ്ട്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന്‌ 600 രൂപയും ത്രൈമാസ പാസിന്‌ 1500 രൂപയുമാണ്. 

മിനിമം ടിക്കറ്റ് നിരക്ക് -20 രൂപ
പരമാവധി ടിക്കറ്റ് നിരക്ക് – 40 രൂപ
ഹൈക്കോർട്ട്-വൈപ്പിൻ – 20 രൂപ
വൈറ്റില-കാക്കനാട് – 30 രൂപ
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ യാത്രാ പാസുകൾക്ക് ഇളവുകളുണ്ട്

പ്രതിവാര പാസ് – 180 രൂപ
പ്രതിമാസ പാസ് – 600 രൂപ
ത്രൈമാസ പാസ് – 1500 രൂപ

ടിക്കറ്റ് ലഭിക്കാൻ
ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. ഇതു കൂടാതെ കൊച്ചി മെട്രോ റെയിലിൽ ഉപയോഗിക്കുന്ന കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും.

നിങ്ങളുടെ പഴയ കാർ ന്യൂജൻ ആക്കണോ? ഇതാ അഞ്ച് ഗാഡ്‍ജറ്റുകള്‍!

click me!