വാങ്ങിയാലും ഓടിച്ചാലും കീശ കീറില്ല, വരുന്നൂ ഇന്ത്യയിലെ ആദ്യ സോളാര്‍ കാര്‍!

By Web Team  |  First Published May 4, 2023, 12:58 PM IST

ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുന്ന സോളാർ കാർ.  250 കിലോമീറ്റർ റേഞ്ചും അതുല്യമായ ഡിസൈനും . ഇതാ നിങ്ങൾ അറിയേണ്ടതെല്ലാം


രാജ്യത്ത് വർദ്ധിച്ചുവരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിലയെ നേരിടാൻ, പലതരം ഇന്ധന സ്രോതസുകളുടെ പരീക്ഷണത്തിലാണ് വിവിധ വാഹന നിർമ്മാതാക്കൾ. ഇലക്ട്രിക്കിനൊപ്പം സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നവ ഉള്‍പ്പടെ പുതിയ തരം വാഹന മോഡലുകൾ പലരുടെയും പണിപ്പുരയിലുണ്ട്. പുണെ ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ വേവ് മൊബിലിറ്റി എന്ന സ്റ്റാർട്ട്-അപ്പ് കമ്പനി അടുത്തിടെ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോ 2023-ൽ ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വൈദ്യുത വാഹനമായ 'ഇവ'യുടെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയിരുന്നു. അടുത്ത വർഷത്തോടെ കമ്പനി ഈ സോളാർ കാര്‍ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ അത്ഭുതകരമായ കാറിനെക്കുറിച്ച് ചില കാര്യങ്ങള്‍.

ഇത് രാജ്യത്തെ ആദ്യത്തെ സൗരോർജ്ജ ഇലക്ട്രിക് കാറെന്ന പേരോടെയാണ് എത്തുന്നത്. വിശാലമായ ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതും ഇന്ത്യൻ വിപണിയ്‌ക്കായി നിർമ്മിച്ചതുമായ ഈ കാർ ഒതുക്കമുള്ളതും നഗര റോഡുകളിൽ ഓടിക്കാൻ സുസജ്ജമാണ് ഈ വാഹനം എന്ന് കമ്പനി പറയുന്നു. ഈ കാറില്‍ മൂന്ന് പേർക്ക് രണ്ട് മുതിർന്നവർക്കും ഒരു കുട്ടിക്കും സഞ്ചരിക്കാം. വൈദ്യുതി വഴിയും മേൽക്കൂരയിൽ ഘടിപ്പിച്ച സോളാർ പാനലുകൾ വഴിയും കാർ ചാർജ് ചെയ്യാം.  

Latest Videos

undefined

കാഴ്ചയിൽ മറ്റ് കാറുകളിൽ നിന്ന് വ്യത്യസ്‍തമാണ് ഇവാ. ഉയരമുള്ള ഫ്രണ്ട് ട്രാക്കിന് പകരം, ഉയരമുള്ള ബാക്ക്ട്രാക്ക് ഉണ്ട്. എയ്റോ-കവർഡ് വീലുകൾ പോലെ തന്നെ മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ്ബാറുകൾ വളരെ ലളിതമായി രൂപകൽപ്പന ചെയ്‍തിരിക്കുന്നു. 6kW ലിക്വിഡ്-കൂൾഡ് ഇലക്ട്രിക് മോട്ടോറും 14 kWh ബാറ്ററി പാക്കും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വെറും 45 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.  പ്രതിദിനം 10 മുതൽ 12 കിലോമീറ്റർ വരെ റേഞ്ച് സൃഷ്‍ടിക്കുന്ന 150W പാനലുകളുടെ സഹായത്തോടെ മൊത്തത്തിൽ 3,000 കിലോമീറ്റർ ഡ്രൈവിംഗ് പൂർത്തിയാക്കാം. ഇലക്ട്രിക് കാറിനായി, ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടിക്കുന്ന 14 kWh ബാറ്ററി പാക്ക് നൽകിയിട്ടുണ്ട്. അതുവഴി ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ ഓടാൻ ഈ കാറിന് കഴിയും. 

രണ്ട് മുതിർന്നവർക്കും ഒരു കുട്ടിക്കുമുള്ള സ്ഥലം കൂടാതെ ഡ്രൈവർക്ക് 6-വേ ക്രമീകരിക്കാവുന്ന സീറ്റ്, ഒരു പനോരമിക് സൺറൂഫ് എന്നിവയും കാറില്‍ ഉണ്ട്. സുരക്ഷയ്ക്കായി ഡ്രൈവർമാർക്കുള്ള എയർബാഗുകളും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. കാലാവസ്ഥാ നിയന്ത്രണം, സൗകര്യപ്രദമായ ചാർജിംഗ്, എളുപ്പത്തിൽ കൈകാര്യം ചെയ്യൽ, ആകർഷകമായ വർണ്ണ ഓപ്ഷനുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയുമായുള്ള സ്മാർട്ട് കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് കാർ സവിശേഷതകൾ.

അവതരിപ്പിച്ചു കഴിഞ്ഞാല്‍ രാജ്യത്ത് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഇവികളിൽ ഒന്നായിരിക്കും ഇതെന്ന് കണക്കാക്കപ്പെടുന്നു. അഞ്ച് മുതൽ ആറ് ലക്ഷം രൂപ വരെ ഇതിന് വില പ്രതീക്ഷിക്കുന്നു. 2024 മധ്യത്തോടെ ഈ കാര്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

click me!