എഐ ക്യാമറകൾ വീണ്ടും പണി തുടങ്ങി! പെറ്റി നോട്ടീസുകൾ വീട്ടിലെത്തിയവർ ഞെട്ടി

By Web Team  |  First Published Nov 6, 2024, 4:09 PM IST

എ ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡുക്കളും സർക്കാർ നൽകിയതോടെ റോഡിൽ നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീണ്ടും അയച്ചുതുടങ്ങി. ഈ നോട്ടീസ് പലർക്കും കിട്ടിത്തുടങ്ങി എന്നും റിപ്പോർട്ടുകൾ


സംസ്ഥാനത്തെ റോഡുകളിൽ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകൾ വീണ്ടും പണിതുടങ്ങിയതായി റിപ്പോർട്ട്. ഈ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡുക്കളും സർക്കാർ നൽകിയതോടെ റോഡിൽ നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീണ്ടും അയച്ചുതുടങ്ങി. ഈ നോട്ടീസ് പലർക്കും കിട്ടിത്തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു. 

നേരത്തെ കെൽട്രോണിന് തുക ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തൽ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്പോൾ 10-25 വരെ എണ്ണത്തിന് മാത്രമേ ഇത്രയും നാൾ പിഴ ചുമത്തിയിരുന്നുള്ളൂ. പിഴ രേഖപ്പെടുത്തി വാഹനത്തിന്‍റെ ആർസി ഉടമയ്ക്ക് നോട്ടീസ് അയയ്ക്കുന്നത് കെൽട്രോൺ ജീവനക്കാരാണ്. സർക്കാരിൽ നിന്ന് പണം കിട്ടാത്തതിനാൽ കെൽട്രോൺ നിയമിച്ച കരാർ ജീവനക്കാരിൽ ഭൂരിഭാഗത്തെയും ജോലിയിൽ നിന്നും പിൻവലിച്ചിരുന്നു. സെപ്റ്റംബർ മാസത്തോടെയാണ് സർക്കാർ കുടിശ്ശിക നൽകിത്തുടങ്ങയത്. ഇതോടെ കൺട്രോൾ റൂമുകൾ സജീവമായി. ക്യാമറകൾ 24 മണിക്കൂറും മിഴി തുറന്ന് നിയമം ലംഘിക്കുന്നവരുടെ ചിത്രം ഉൾപ്പെടെ കൺട്രോൾ റൂമുകളിലെത്തിച്ചു. 

Latest Videos

വീടുപണിക്കെത്തിയ ജെസിബി ഓടിച്ചുനോക്കി, ഗൃഹനാഥൻ ചതഞ്ഞുമരിച്ചു! കുട്ടിക്കളിയല്ല ഹൈഡ്രോളിക്ക് ജോയ്സ്റ്റിക്കുകൾ!

കഴിഞ്ഞ ജൂണ്‍ അഞ്ച് മുതലാണ് എ-ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്ന് മാസത്തിലൊരിക്കൽ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണ്‍ ചെലവാക്കിയ പണം ഗഡുക്കളായി നൽകാനായിരുന്നു ധാരണ പത്രം. പദ്ധതിയിൽ അഴിമതി ആരോപണം ഉയർന്നതോടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ ഹൈക്കോടതിയിലെത്തി. മാത്രമല്ല ആദ്യ ധാരണ പത്രത്തിലെ പിശകുകള്‍ പരിഹരിച്ച് അനുബന്ധ ധാരണ പത്രം ഒപ്പുവച്ചശേഷം പണം നൽകണമെന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം.

എം പരിവാഹൻ എന്ന മൊബൈൽ ആപ്പിലൂടെ വാഹനങ്ങൾക്ക് പിഴയുണ്ടോ എന്ന് അറിയുവാൻ കഴിയും. ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികൾ ഓൺലൈനായി ഇ-ചെല്ലാൻ വെബ്സൈറ്റിൽ തന്നെ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.  നിശ്ചിത സമയത്ത് പിഴ അടയ്ക്കാത്തത് മൂലം വിചാരണ നടപടികള്‍ക്കായി കോടതിയിലേക്ക് അയയ്ക്കുന്ന കേസുകളില്‍ പിഴ അടയ്ക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് നേരിട്ടും പിഴ അടയ്ക്കാവുന്നതാണ്.

click me!