മുപ്പതുകാരനായ യുവാവ് കാമുകിയുമായി വിമാനത്തിൽ വലിയ ശബ്ദത്തിൽ തർക്കിക്കുകയായിരുന്നു. തർക്കം വലിയ രീതിയിലേക്കുള്ള ഒച്ചപ്പാടിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് വിമാനത്തിലെ ജീവനക്കാരി യുവാവിനോട് ശാന്തനാകാൻ ആവശ്യപ്പെട്ടത്.
ന്യൂജേഴ്സി: കാമുകിയോടുള്ള കലിപ്പ് വിമാനക്കമ്പനി ജീവനക്കാരിയോട് തീർക്കാൻ ശ്രമിച്ച യുവാവിന് വൻ തുക പിഴ. പതിനേഴ് ലക്ഷം രൂപയാണ് ഇംഗ്ലണ്ടിലെ ചെംസ്ഫോഡ് സ്വദേശിയായ അലക്സാണ്ടർ മൈക്കൽ ഡൊമിനിക് മക്ഡോണാൾഡ് അടയ്ക്കേണ്ടത്. ഈ ആഴ്ച തന്നെ പിഴ തുക അടയ്ക്കണമെന്നാണ് യുവാവിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ലണ്ടനിൽ നിന്ന് ന്യൂജേഴ്സിയിലെ ന്യൂ ആർക്കിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം.
മുപ്പതുകാരനായ യുവാവ് കാമുകിയുമായി വിമാനത്തിൽ വലിയ ശബ്ദത്തിൽ തർക്കിക്കുകയായിരുന്നു. തർക്കം വലിയ രീതിയിലേക്കുള്ള ഒച്ചപ്പാടിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് വിമാനത്തിലെ ജീവനക്കാരി യുവാവിനോട് ശാന്തനാകാൻ ആവശ്യപ്പെട്ടത്. ഇതോടെ പ്രകോപിതനായ യുവാവ് യുണൈറ്റഡ് വിമാനത്തിലെ ജീവനക്കാരിയെ ശാരീരികമായും വാക്കുകൾ കൊണ്ടും കയ്യേറ്റം ചെയ്യുകയായിരുന്നു. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത യുവാവിനെ ഏറെ പണിപ്പെട്ട ശേഷമാണ് സീറ്റുകളോട് ചേർന്ന് ബന്ധിച്ചത്.
ഇതിന് പിന്നാലെ ഏറ്റവും അടുത്ത വിമാനത്താവളമായ ബാംഗോറിലേക്ക് 160 യാത്രക്കാരുള്ള വിമാനം വഴി തിരിച്ച് വിടേണ്ടിയും വന്നിരുന്നു. പ്രശ്നക്കാരനായ ഇയാളെ ഇവിടെ ഇറക്കിയ ശേഷമാണ് വിമാനം യാത്ര തുടർന്നത്. താൻ കുറ്റം ചെയ്തതായി 30 കാരൻ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളുടെ പെരുമാറ്റം സഹയാത്രക്കാരെ ഭീതിയിലാക്കിയിരുന്നു. ഇത്തരം അതിക്രമങ്ങളോട് അസഹിഷ്ണുത കാണിക്കണമെന്ന് വ്യക്തമാക്കിയാണ് വൻ തുക പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് യുവാവിന് പിഴയിട്ടിരിക്കുന്നത്.
Read More : ചൈനയിൽ കനത്ത മഴയിൽ 17.9 മീറ്റർ ഹൈവേ ഇടിഞ്ഞു താഴ്ന്ന് വൻ ദുരന്തം, 36 പേര്‍ മരിച്ചു, കാറുകള്‍ മണ്ണിനടിയിൽ