പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ ട്രംപിന്‍റെ ആഡംബര വാഹനവും വില്‍ക്കാന്‍ ഒരുങ്ങുകയാണ്
അമേരിക്കന്‍ പ്രസിഡന്‍റ് തെരെഞ്ഞെടുപ്പും തോറ്റ ഡൊണാള്‍ഡ് ട്രംപുമൊക്കെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതോടെ തന്റെ ആഡംബര വാഹനവും ട്രംപ് വില്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ഒരുകാലത്ത് തന്‍റെ പ്രിയവാഹനമായിരുന്ന റോള്‍സ് റോയിസ് ഫാന്റമാണ് ട്രംപ് വില്‍ക്കാനൊരുങ്ങുന്നത്. ഇതിനായി അദ്ദേഹത്തിന്റെ ഫാന്റം അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്‌സൈറ്റായ മേകം ഓക്ഷന്‍സില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തും വരെ ട്രംപ് ഈ കാറാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ നിലവിൽ ഈ കാറിന്റെ ഉടമസ്ഥൻ ട്രംപ് അല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഡംബരത്തിന്റെ അവസാനവാക്കെന്നു പേരുകേട്ട, ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള ഈ ഫാന്റം 2010-ലാണ് ട്രംപ് സ്വന്തമാക്കുന്നത്. റോൾസ് റോയ്സ് ഫാന്റം ശ്രേണിയിലെ തന്നെ ആഡംബര വകഭേദമാണിത്. തീയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടണ്‍ തുടങ്ങിയ റോള്‍സ് റോയിസിന്റെ അത്യാഡംബര ഫീച്ചറുകളും സഹിതമെത്തുന്ന ഈ കാര്‍ നിലവില്‍ 56,700 മൈലാണ് (91,249 കിലോമീറ്റര്‍) ഓടിയിട്ടുള്ളത്.
undefined
6.75 ലീറ്റർ, വി 12 എൻജിനാണ് കാറിന്‍റെ ഹൃദയം. 453 ബി എച്ച് പിയോളം കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. പവർ സ്റ്റീയറിങ്ങും പവർ ഡിസ്ക് ബ്രേക്കും സഹിമെത്തുന്ന കാറിന്റെ ട്രാൻസ്മിഷൻ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്. മികച്ച സുരക്ഷ ഉറപ്പാക്കാൻ മുൻസീറ്റ് യാത്രികർക്കു പുറമെ സൈഡ് എയർ ബാഗുകളും കർട്ടൻ എയർബാഗുകളും ഉള്‍പ്പെടെ മികച്ച സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 240 കിലോമീറ്ററാണ്. ഏഴു സ്പോക്ക് അലോയ് വീൽ സഹിതമെത്തുന്ന കാറിന്‍റെ ഹെഡ് റെസ്റ്റിൽ തുന്നിച്ചേര്‍ത്ത റോൾസ് റോയ്സ് ചിഹ്നവും കാണാം.
2010ൽ ആകെ 537 ഫാന്റം കാറുകളാണു റോൾസ് റോയിസ് നിർമിച്ചിരുന്നത്. ഇതില്‍ ഒന്നാണ് ട്രംപ് സ്വന്തമാക്കിയത്. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) ഈ വാഹനത്തിന് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വില. ഈ തുകയ്ക്ക് ലേലം ഉറപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഈ വാഹനം വാങ്ങുന്നയാള്‍ക്ക് ഒരു സമ്മാനവും ഈ വാഹനത്തില്‍ കരുതിയിട്ടുണ്ട്. റോൾസ് റോയിസ് നൽകിയ ഓണേഴ്‍സ് മാനുവലില്‍ ട്രംപിന്റെ ഓട്ടോഗ്രാഫാണ് ആ സമ്മാനം. ഹൃദയ സ്‍പര്‍ശിയായ വരികളാണ് ഈ ഓട്ടോഗ്രാഫില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 'എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്, ബെസ്റ്റ് ഓഫ് ലക്ക്'. ഇങ്ങനെ ഏഴുതി ട്രംപ് ഒപ്പിട്ടിരിക്കുന്ന പേജുമായാണ് വാഹനത്തിന്‍റെ യൂസേഴ്‌സ് മാനുവല്‍ പുതിയ ഉടമയ്ക്ക് കൈമാറുക എന്നാണ് റിപ്പോര്‍ട്ടുകള്‍.