എന്തൊരു വിധിയിത്..! എംവിഡിമാരുടെ പരസ്യ പരീക്ഷയില്‍ വെട്ടിലായി ടെസ്റ്റിന് എത്തിയവർ; സമ്മർദം കാരണം പലരും തോറ്റു

By Web Team  |  First Published Apr 29, 2024, 3:05 PM IST

ഉദ്യോഗസ്ഥരുടെ പരീക്ഷ കാരണം ട്രെവിംഗ് ടെസ്റ്റിനെത്തിയവരാണ് വെട്ടിലായത്. സമ്മർദം കാരണം പലരും തോറ്റു.


തിരുവനന്തപുരം: പ്രതിദിനം നൂറിലധികം പേര്‍ക്ക് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി പരീക്ഷ നടത്തിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. 15 ഉദ്യോഗസ്ഥർക്കായിരുന്നു ഇന്ന് പരസ്യ പരീക്ഷ നടത്തിയത്. ഫലമനുസരിച്ച് നടപടിയെടുക്കാനാണ് ഗതാഗത മന്ത്രിയുടെ നീക്കം. ഉദ്യോഗസ്ഥരുടെ പരീക്ഷ കാരണം ട്രെവിംഗ് ടെസ്റ്റിനെത്തിയവരാണ് വെട്ടിലായത്. സമ്മർദം കാരണം പലരും തോറ്റു.

ഒരു ദിവസം നൂറിലധികം ലൈസൻസ് നൽകുന്ന പതിനഞ്ച് എംവിഡിമാരെയാണ് മുട്ടത്തറയിൽ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്. ഉദ്യോഗസ്ഥരെല്ലാം വെറും ആറ് മിനിറ്റ് കൊണ്ടാണ് പരീക്ഷ നടത്തിയ ലൈസൻസും നൽകുന്നതെന്നാണ് ഗതാഗത മന്ത്രിയുടെ പക്ഷം. ആദ്യം എച്ച് എടുപ്പിച്ചു, വിജയിച്ചവർ മൂന്ന് മിനിറ്റെടുത്തു. പിന്നെ റോഡ് ടെസ്റ്റ്. ഉദ്യോഗസ്ഥരുടെ പരസ്യ ടെസ്റ്റിന്‍റെ ഫലം നീരീക്ഷണച്ചുമതല ഉള്ള ഉദ്യോഗസ്ഥർ ഗതാഗതമന്ത്രിക്ക് കൈമാറും. സമയക്രമത്തിൽ പാളിച്ച ഉണ്ടായെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനാണ് മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നീക്കം. 

Latest Videos

ഉദ്യോഗസ്ഥരുടെ പരസ്യ ടെസ്റ്റിൽ വെട്ടിലായത് ലൈസൻസ് എടുക്കാൻ വന്നവർ കൂടിയാണ്. കൂടുതൽ ക്യാമറകളും ഉദ്യോഗസ്ഥരുമെല്ലാം വന്നതോടെ പരീക്ഷക്കെത്തിയ മിക്കവരും സമ്മര്‍ദ്ദം കൊണ്ട് തോറ്റു. പരസ്യടെസ്റ്റിൽ ഉദ്യോഗസ്ഥർക്കിടയിലും കടുത്ത അമർഷമുണ്ട്. അതേസമയം, മെയ് ഒന്ന് മുതലുള്ള ഗതാഗത പരിഷ്ക്കാരങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് മന്ത്രിയുടെ തീരുമാനം.

click me!