ഏതായാലും ഈ ചിത്രം കണ്ണുകൾ വരച്ച ശേഷം എക്സിബിഷനിൽ നിന്ന് നീക്കം ചെയ്യുകയും മോസ്കോയിലെ ട്രെത്യാക്കോവ് ഗാലറിയിലേക്ക് തിരികെ നൽകുകയും ചെയ്തു. അവിടെ നവീകരണത്തിന് ഏകദേശം 2,500 പൗണ്ട് ചെലവായി.
ലോകപ്രശസ്ത കലാകാരി അന്ന ലെപോർസ്കായയു(Anna Aleksandrovna Leporskaya)ടെ 'ത്രീ ഫിഗേഴ്സ്'(Three Figures) എന്ന പെയിന്റിംഗിന് കണ്ണുവരച്ച സെക്യൂരിറ്റി ജീവനക്കാരൻ വാർത്തയായത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. ആർട്ട് ഗാലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഏഴരക്കോടിയോളം വില വരുന്ന പ്രശസ്തമായ പെയിന്റിംഗിന് കണ്ണുകൾ വരച്ച് ചേർത്തത്. എന്നാൽ, ആളിപ്പോൾ അതിന് വിശദീകരണവുമായി എത്തിയിരിക്കയാണ്. ബോറടിച്ചപ്പോൾ പെയിന്റിംഗിന് കണ്ണുകൾ വരച്ച് ചേർത്തു എന്നാണ് പരക്കെയുണ്ടായ ആക്ഷേപമെങ്കിലും അലക്സാണ്ടർ വസിലിയേവ് എന്ന സെക്യൂരിറ്റി ജീവനക്കാരന് പറയാനുണ്ടായിരുന്നത് വേറൊരു കാരണമാണ്.
മുൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ അദ്ദേഹം വിശദീകരിച്ചു, "ഞാൻ ചെയ്തതിന് ഞാൻ ഒരു വിഡ്ഢിയാണ്
എന്ന് നിങ്ങൾ പറയുമായിരിക്കും. അത് സമ്മതിച്ചു. പക്ഷേ, സത്യം പറഞ്ഞാൽ, ആ പെയിന്റിംഗ് എനിക്ക് ഇഷ്ടപ്പെട്ടില്ല. എക്സിബിഷനിലുണ്ടായിരുന്ന ആ ചിത്രങ്ങൾ നോക്കാതെ കടന്നുപോകാനും ഞാൻ ശ്രമിച്ചു. ആളുകൾ എങ്ങനെയാണ്
ആ ചിത്രത്തോട് പ്രതികരിക്കുന്നതെന്നും ഞാൻ നിരീക്ഷിച്ചു. തുടർന്ന് 16 -ഉം 17 -ഉം വയസ്സുള്ള കൗമാരക്കാർ ആ ചിത്രത്തിന് കണ്ണും വായയും സൗന്ദര്യവുമില്ലാത്തത് എന്തുകൊണ്ടെന്ന് ചർച്ച ചെയ്യുന്നത് ഞാൻ കണ്ടു.
undefined
പ്രദർശനം കാണാനെത്തിയ സ്‌കൂൾ വിദ്യാർത്ഥിനികൾ അദ്ദേഹത്തോട് അതിന് കണ്ണുകൾ വരയ്ക്കാൻ പറഞ്ഞു എന്നാണ് വസിലിയേവ് പറയുന്നത്. 'കൂട്ടത്തിൽ പെൺകുട്ടികൾ ഉണ്ടായിരുന്നു, അവർ എന്നോട് ചോദിച്ചു: അതിന് കണ്ണുകൾ വരയ്ക്കൂ, നിങ്ങൾ ഇവിടെ ജോലിചെയ്യുന്നയാളല്ലേ'. ചെറുപ്പക്കാരാണ് ഈ പെയിന്റിംഗ് ചെയ്‍തത് എന്നായിരുന്നുവത്രെ അദ്ദേഹത്തിന്റെ ധാരണ. അങ്ങനെ ആ കുട്ടികളോട് ഈ ചിത്രം നിങ്ങളുടെയാണോ എന്ന് ചോദിക്കുകയും അവരുടെ കയ്യിലെ പേന കൊണ്ട് അതിന് കണ്ണുകൾ വരയ്ക്കുകയുമായിരുന്നുവെന്നും വസിലിയേവ് പറയുന്നു.
1995 -ൽ, ഒരു സീനിയർ ലെഫ്റ്റനന്റ് ആയിരുന്നു വസിലിയേവ്. അന്ന് യുദ്ധത്തിൽ കൂയെുണ്ടായിരുന്ന 36 സൈനികരിൽ ജീവനോടെ ശേഷിച്ച നാലുപേരിൽ ഒരാളായിരുന്നു അദ്ദേഹം. ഒരു കൊവിഡ് നഴ്‌സ് കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ യൂലിയ പറഞ്ഞു, 'അദ്ദേഹം ഒരു സാധാരണ മനുഷ്യനാണ്. എന്നാൽ, അയാൾ ഒരു കുട്ടിയെപ്പോലെ നിഷ്കളങ്കനായി ഇങ്ങനെ ചില കാര്യങ്ങൾ ചെയ്യുന്നു.' യുദ്ധത്തിൽ നിന്നുമുണ്ടായ ആഘാതങ്ങളാവാം അദ്ദേഹത്തിന് അങ്ങനെയൊരു സ്വഭാവമുണ്ടാക്കിയത് എന്നും അവർ പറയുന്നു.
ഏതായാലും ഈ ചിത്രം കണ്ണുകൾ വരച്ച ശേഷം എക്സിബിഷനിൽ നിന്ന് നീക്കം ചെയ്യുകയും മോസ്കോയിലെ ട്രെത്യാക്കോവ് ഗാലറിയിലേക്ക് തിരികെ നൽകുകയും ചെയ്തു. അവിടെ നവീകരണത്തിന് ഏകദേശം 2,500 പൗണ്ട് ചെലവായി. 1920 -കളിൽ കലാലോകത്തെ കൊടുങ്കാറ്റിലേക്ക് നയിച്ച അവന്റ്-ഗാർഡ് പ്രസ്ഥാനം വികസിപ്പിച്ച പ്രശസ്ത കലാകാരന്‍ കാസിമിർ മാലെവിച്ചിന്റെ വിദ്യാർത്ഥിയായിരുന്നു ലെപോർസ്കായ. വൈകാതെ തന്നെ പെയിന്‍റിംഗുകള്‍ കൊണ്ടും മറ്റും അവര്‍ പ്രശസ്തയായി. അവരുടെ സൃഷ്ടികൾ റഷ്യയിലുടനീളമുള്ള വിവിധ മ്യൂസിയങ്ങളിൽ കാണാം.