'ഹച്ചാലു ഹുണ്ടെയ്സ': നിശബ്ദമാക്കപ്പെട്ട എത്യോപ്യൻ സ്വാതന്ത്ര്യഗീതങ്ങൾ

By Web Team  |  First Published Jul 3, 2020, 9:01 AM IST

ജയിലിൽ കഴിച്ചു കൂട്ടിയ കാലമാണ് ഹച്ചാലുവിനെ രാഷ്ട്രീയമായി സ്ഫുടം ചെയ്തെടുത്തത്. എത്യോപ്യയുടെ ചരിത്രത്തെപ്പറ്റിയും, ആ മണ്ണിലൂടെ കടന്നുപോയ രാജ, സൈനിക വാഴ്ചകളെക്കുറിച്ചുമൊക്കെ അവൻ ആ കാലത്ത് ആഴത്തിലുള്ള വായനകൾ നടത്തി.


"എന്നെ അവർ തുറുങ്കിലടക്കും വരെ എനിക്ക് കവിതകളെഴുതേണ്ടതെങ്ങനെ എന്നറിയില്ലായിരുന്നു" ഹച്ചാലു ഹുണ്ടെയ്സ

മാനവരാശിയുടെ തൊട്ടിലെന്നറിയപ്പെടുന്ന എത്യോപ്യ കഴിഞ്ഞ ആറു വർഷങ്ങളായ വലിയ വംശീയ സംഘർഷങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. രണ്ടു വർഷം മുമ്പുവരെയും വലിയ രക്തച്ചൊരിച്ചിലുകൾക്ക് കാരണമായിരുന്ന ആ കലഹങ്ങളുടെ കുരുക്ഷേത്ര ഭൂമിയായിരുന്നു ഒറോമിയ, അമാറ എന്നിവിടങ്ങൾ. തങ്ങളെ അടിച്ചമർത്തുന്ന ഗവൺമെന്റിൽ നിന്ന് മോചനം നേടി സ്വന്തമായി ഒരു റിപ്പബ്ലിക് സ്ഥാപിക്കണമെന്ന ഒറോമൻ ജനതയുടെ സ്വപ്നത്തിന് പശ്ചാത്തലസംഗീതവും വിപ്ലവഗീതങ്ങളുമൊരുക്കിയത് ഹച്ചാലു ഹുണ്ടെയ്സ ഒരു ഗോത്ര ഗായകനാണ്. ഒറോമൻ ജനത കഴിഞ്ഞ കുറേ വർഷങ്ങളായി നെഞ്ചേറ്റിക്കൊണ്ടു നടന്ന സംഗീതമാണ് കഴിഞ്ഞ ദിവസം വെടിയുണ്ടകളാൽ നിശബ്ദമാക്കപ്പെട്ടത്. അത് എത്യോപ്യയുടെ സമാധാനത്തെ തച്ചുടച്ചു കഴിഞ്ഞു. ഈ കൊലപാതകം തിരികൊളുത്തിയ കലാപങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് എൺപതിലേറെപ്പേരാണ്. ഹച്ചാലു ഹുണ്ടെയ്സയെ മണ്ണിലേക്കെടുത്തിട്ടും ആ സംഘർഷങ്ങൾക്ക് അയവു വന്നിട്ടില്ല. 

Latest Videos

 

2018 -ൽ എത്യോപ്യയിലെ ഭരണകക്ഷിയായ എത്യോപ്യൻ പീപ്പിൾസ് റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് - EPDRF - അന്നോളം നടന്നുകൊണ്ടിരുന്ന ബഹുജന പ്രക്ഷോഭങ്ങൾക്ക് മുന്നിൽ അയഞ്ഞുകൊടുത്തു. നാട്ടിൽ നിലവിലുള്ള സാമൂഹിക അസമത്വങ്ങൾ പരിഹരിക്കാം, നിയമവ്യവസ്ഥ പരിഷ്കരിക്കാം, രാഷ്ട്രീയ തടവുകാരെ വിട്ടയക്കാം എന്നൊക്കെയായിരുന്നു വാഗ്ദാനം. നാടുവിട്ടോടിയ രാഷ്ട്രീയ വിമതരെയും, മാധ്യമ പ്രവർത്തകരെയും കലാകാരന്മാരെയും അവർ തിരികെ വിളിച്ചു. നാട്ടിൽ വീണ്ടും സമാധാനം പുലർന്നേക്കും എന്ന പ്രതീതിയുണ്ടാക്കാൻ പ്രസിഡന്റ് ആബി അഹമ്മദിന്റെ നയങ്ങൾക്ക് സാധിച്ചു. എന്നാൽ അധികം താമസിയാതെ തന്നെ ആബി ക്യാമ്പിലെ പഴയ താപ്പാനകൾ രഹസ്യമായി തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാൻ തുടങ്ങി. അവർ  തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ തിരഞ്ഞുപിടിച്ച് തീർക്കാൻ തുടങ്ങി. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഹച്ചാലു ഹുണ്ടെയ്സ എന്ന പ്രതിഭാധനനായ കലാകാരൻ. അദ്ദേഹം സ്വന്തം വരികൾ ഈണമിട്ട പാടിയപ്പോൾ അതിൽ തുടിച്ചുനിന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയം എതിരാളികളുടെ കാതുകളിൽ അമ്ലമഴയായിട്ടാണ് പെയ്തിറങ്ങിയത്. ഒടുവിൽ അവരുടെ കൊലയാളികൾ ഹച്ചാലു ഹുണ്ടെയ്സയെ തേടിയെത്തിയപ്പോൾ അവരെ പ്രതിരോധിക്കാൻ ആ ഗായകന് സാധിച്ചില്ല.

ആരായിരുന്നു ഹച്ചാലു ഹുണ്ടെയ്സ ?

ഒറോമോ എന്ന എത്യോപ്യൻ പ്രാദേശിക ഗോത്രവർഗ്ഗത്തിന്റെ ഭാവഗീതങ്ങളുടെ സ്വരമായിരുന്നു ഹച്ചാലു ഹുണ്ടെയ്സ എന്ന മുപ്പത്തിനാലുകാരൻ. വിജയകരമായ തന്റെ സംഗീതജീവിതത്തിനിടെ അദ്ദേഹത്തിന് ശത്രുക്കളും നിരവധിയുണ്ടായി. കാലികളെ മേച്ചു നടന്ന ഹച്ചാലു രാഷ്ട്രീയത്തിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടതും അതിന്റെ പേരിൽ തുറുങ്കിലടക്കപ്പെട്ടതുമൊക്കെ വളരെ പെട്ടെന്നായിരുന്നു. ജയിലിൽ കിടന്നുകൊണ്ടെഴുതി, സ്വയം ഈണമിട്ട്  ഹച്ചാലു പാടിയ പാട്ടുകൾ ഒറോമൻ ജനതയെ പുളകം കൊള്ളിച്ചു. അവർ ആ ജനപ്രിയ ഗീതങ്ങൾ ഏറ്റുപാടി.

അമ്പോ നഗരത്തിലെ വൈദ്യുതിവകുപ്പിലെ ഒരു ജീവനക്കാരനായിരുന്നു  ഹച്ചാലുവിന്റെ പിതാവ്. മകൻ ഡോക്ടറാകണം എന്നായിരുന്നു അച്ഛന്റെ മോഹം. എന്നാൽ ചോരകണ്ടാൽ മോഹാലസ്യപ്പെടുന്നത്ര ലോലഹൃദയനായ  ഹച്ചാലുവിനു കമ്പം സംഗീതത്തിലായിരുന്നു. തീരെ ചെറുപ്പത്തിൽ തന്നെ അവൻ വായിൽ വന്നതെല്ലാം പാട്ടാക്കി മാറ്റി. അമ്മയായിരുന്നു അവന്റെ ഇഷ്ടങ്ങൾക്ക് കൂട്ടുനിന്നത്. അക്കാലത്ത് അവന്റെ പ്രധാനപണി വീട്ടിലെ കാലികളെ മേയ്ക്കലായിരുന്നു. കാലികളെ മേച്ചു നടക്കുന്നതിനിടെ അവറ്റയുടെ കാതിൽ ഹച്ചാലു തന്റെ പാട്ടുകൾ മൂളി.

1986 കുടുംബത്തിലെ എട്ടുമക്കളിൽ ഒരാളായി, എത്യോപ്യയുടെ തലസ്ഥാന നഗരിയായ ആഡിസ് അബാബയ്ക്ക് നൂറുകിലോമീറ്റർ പടിഞ്ഞാറുള്ള അമ്പോ നഗരത്തിൽ ജനിച്ച ഹച്ചാലു വളർന്നുവന്നത് ഒറോമോ ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളികൾക്കിടയിലാണ്. എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയ്ക്ക് പടിഞ്ഞാറായിട്ടാണ് ഒറോമിയ. കാലം കടന്നുപോയപ്പോൾ, ആഡിസ് അബാബ കൂടുതൽ വികസിതമായപ്പോൾ, നഗരത്തിന്റെ വിസ്തൃതി കൂടിവന്നപ്പോൾ നഗരത്തിൽ നിന്ന് പുറമ്പോക്കുകളിലേക്ക് നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഒറോമൻ ജനത. സ്‌കൂൾ കാലത്തുതന്നെ ഹച്ചാലു കുട്ടികളുടെ ഒരു സ്വാതന്ത്ര്യ സമര സംഘമുണ്ടാക്കി. 2003 -ൽ, ഹച്ചാലുവിന്റെ പതിനേഴാം വയസ്സിൽ തന്റെ പ്രവർത്തനങ്ങൾക്കുള്ള സർക്കാരിന്റെ അംഗീകാരം അവനെ തേടിയെത്തി. അവരവനെ ആദ്യം കൈവിലങ്ങുകൾ അണിയിച്ചു. പിന്നാലെ ഇരുമ്പഴികൾക്കുള്ളിൽ താമസം ഒരുക്കിനൽകി.

 

ഡോക്ടറാകുമെന്നു സ്വപ്നം കണ്ടിരുന്ന മകൻ ഗവണ്മെന്റിനെതിരെ പാട്ടും പാടി നടന്നു ജീവിതം തുലച്ച് ഒടുവിൽ തടവറയിൽ അടക്കപ്പെട്ടു എന്നറിഞ്ഞ ഹച്ചാലുവിന്റെ അച്ഛന് മോഹഭംഗമുണ്ടായി എങ്കിലും, അയാൾ അവന്റെ കൂടെ നിന്നു. ആ വിഷമഘട്ടത്തിൽ അച്ഛനവനെ പിന്തുണച്ചു, "സാരമില്ല മോനേ, ജയിലഴികൾ ഒരാളെ കൂടുതൽ ശക്തനാക്കുകയാണ് ചെയ്യുന്നത്. നീ തളരരുത്..." എന്നയാൾ തന്റെ മകനോട് പറഞ്ഞു.

ജയിലിൽ കഴിച്ചു കൂട്ടിയ കാലമാണ് ഹച്ചാലുവിനെ രാഷ്ട്രീയമായി സ്ഫുടം ചെയ്തെടുത്തത്. എത്യോപ്യയുടെ ചരിത്രത്തെപ്പറ്റിയും, ആ മണ്ണിലൂടെ കടന്നുപോയ രാജ, സൈനിക വാഴ്ചകളെക്കുറിച്ചുമൊക്കെ അവൻ ആ കാലത്ത് ആഴത്തിലുള്ള വായനകൾ നടത്തി.

"എന്നെ അവർ തുറുങ്കിലടക്കും വരെ എനിക്ക് കവിതകളെഴുതേണ്ടതെങ്ങനെ എന്നറിയില്ലായിരുന്നു" എന്ന് ഹച്ചാലു ഹുണ്ടെയ്സ പിന്നീട് അക്കാലത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. വിഷാദഗ്രസ്തനായി ജയിലിലെ ഇരുട്ടുമുറിയിൽ കഴിച്ചുകൂട്ടിയ കാലത്തുതന്നെയാണ് തനിക്ക് കനിഞ്ഞനുഗ്രഹിച്ച കിട്ടിയിട്ടുള്ള സംഗീതം എന്ന സിദ്ധിയെപ്പറ്റിയും ഹച്ചാലുവിന് തിരിച്ചറിവുണ്ടാകുന്നത്. അഞ്ചുവർഷത്തിനു ശേഷം ഹച്ചാലു ജയിൽ മോചിതനാകുന്നു. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ  തടവിൽ വെച്ചെഴുതി, ഈണം പകർന്ന പാട്ടുകളുടെ ആൽബം, 'സാംയി മൂട്ടി' ( Race of the King) പുറത്തിറങ്ങി.

Last one Rest In Peace ❤️🌳❤️ justice for people and his family pic.twitter.com/7GglymEvVc

— FREE OROMIA. (@beberekettt)

ആ സംഗീത ആൽബം ഹച്ചാലുവിനെ രാത്രിക്കുരാത്രി ഒറോമൻ ജനതയുടെ സൂപ്പർ സ്റ്റാർ ആക്കി മാറ്റി. അവരുടെ സ്വാതന്ത്ര്യേച്ഛയുടെ പ്രതീകവും. എന്നാൽ അങ്ങനെയൊരു രാഷ്ട്രീയ പ്രതിനിധാനം ഹച്ചാലു ആഗ്രഹിച്ചിരുന്നില്ല, "ഞാനൊരു രാഷ്ട്രീയക്കാരനല്ല. വെറുമൊരു കലാകാരൻ മാത്രം. എന്റെ നാട്ടുകാർ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി പാട്ടുകളെഴുതിയാൽ, അവ ഉച്ചത്തിൽ പാടിയാൽ അതെന്നെ ഒരു രാഷ്ട്രീയക്കാരനാക്കുമോ?"

ഒറോമൻ ജനതയെ അടിച്ചമർത്തിക്കൊണ്ടിരുന്ന അന്നത്തെ പ്രധാനമന്ത്രി മേലെസ് സനാവിയുടെ ഉരുക്കുമുഷ്ടിയെ ഭയന്ന് ഒരുവിധം കലാകാരന്മാരെല്ലാം തന്നെ അന്ന് എത്യോപ്യ വിട്ട് ഓടിപ്പോയി എങ്കിലും, ഹച്ചാലു ഭയന്നോടാൻ തയ്യാറായിരുന്നില്ല. അവിടെ നാട്ടുകാർക്കിടയിൽ തന്നെ കഴിഞ്ഞു. അയാൾ വീണ്ടും വീണ്ടും സ്വാതന്ത്ര്യഗീതങ്ങളെഴുതി. സ്റ്റേജ് പ്രോഗ്രാമുകൾ നടത്തി. യുവ ഒറോമൻ ജനതയെ തങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാൻപ്രചോദിപ്പിച്ചുകൊണ്ടായാള്‍ അവർക്കിടയിൽ തന്നെ തുടർന്നു.

അതിനിടെ 2013 -ൽ ഹച്ചാലുവിന്റെ രണ്ടാമത്തെ ആൽബം, 'വായീ കീനിയ'/'നമ്മുടെ പോരാട്ടം' പുറത്തിറങ്ങുന്നു. അമേരിക്കൻ പര്യടനത്തിനിടെയായിരുന്നു അതിന്റെ റിലീസ്. ആമസോണിൽ ബെസ്റ്റ് സെല്ലിങ് ആഫ്രിക്കൻ സംഗീത ആൽബമായി അത് ഹിറ്റ് ചാർട്ടുകളിൽ ഒന്നാമതെത്തി.

2015 -ലായിരുന്നു ഹച്ചാലുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനമായ 'മാലാൻ ജീറ?' പുറത്തിറങ്ങുന്നത്. 'ഈ നാട്ടിൽ ഞാനാരാണ്?' എന്ന ചോദ്യമായിരുന്നു ആ പാട്ട്. ആഡിസ് അബാബയിൽ നിന്നും പ്രാന്തപ്രദേശങ്ങളിൽ നിന്നും തുരത്തപ്പെട്ടുകൊണ്ടിരുന്ന ഒറോമൻ ജനത ഏറെക്കാലമായി തങ്ങളോടുതന്നെ ചോദിച്ചു കൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു ഹച്ചാലു പാട്ടിലൂടെ അവതരിപ്പിച്ചത്. ഒരിക്കൽ ഒറോമൻ വംശജരായ തുലാമാ ഗോത്രക്കാരുടെ കൈവശമുണ്ടായിരുന്ന ആഡിസ് അബാബയിൽ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അവരെ തുരത്തിയോടിച്ച മെനെലിക് രണ്ടാമൻ ചക്രവർത്തിയുടെ അനീതിയുടെ ചരിത്രമാണ് ആവർത്തിക്കപ്പെടുന്നത് എന്ന് ഹച്ചാലു ലോകത്തോട് വിളിച്ചു പറഞ്ഞു. അന്ന്  ഒമോറക്കാരുടെ കുതിരയെ മോഷ്ടിച്ച മെനെലിക് രണ്ടാമനേക്കാൾ ഒട്ടും മോശമല്ല ഇന്നത്തെ ഭരണകർത്താക്കൾ എന്നും ഹച്ചാലു കൂട്ടിച്ചേർത്തു. തങ്ങളുടെ ആരാധനാ പുരുഷനായിരുന്ന മെനെലിക് രണ്ടാമൻ ചക്രവർത്തിയെ  ഹച്ചാലു 'കുതിരക്കള്ളൻ' എന്ന് വിളിച്ചത് ചക്രവർത്തി ഫാൻസിനെ പലരെയും ചൊടിപ്പിച്ചിരുന്നു. ഹച്ചാലുവിന്റെ ആ പാട്ടും തുടർന്നു വന്ന പാട്ടുകളും ഒക്കെ ഒറോമൻ ജനത നെഞ്ചേറ്റി എങ്കിലും, ഒപ്പം ശത്രുക്കളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു.

2017 -ന്റെ അവസാനത്തോടെ  ഹച്ചാലു ഒരു സിംഗിൾ കൂടി പുറത്തിറക്കി. "പുറത്തുനിന്ന് നിങ്ങളെ ആരെങ്കിലും സഹായിക്കുമെന്ന് കരുതി കാത്തിരിക്കരുത്. യാഥാർഥ്യമാകാത്ത സ്വപ്നത്തിനു വേണ്ടിയും കാത്തിരിക്കരുത്. ഉണർന്നെഴുന്നേൽക്കുക, കുതിരകളെ പോരിന് തയ്യാറെടുപ്പിക്കുക, നിങ്ങളാണ് രാജകൊട്ടാരത്തിനോട് ഏറ്റവും അടുത്തുള്ളവർ" എന്ന്  ഹച്ചാലു പാടിയപ്പോൾ ആരാധകർ അതേറ്റുപാടി.

അങ്ങനെ ഹച്ചാലു ഹുണ്ടെയ്സയുടെ വിപ്ലവഗീതികൾ ഊർജം പകർന്ന നിരവധി സഹനസമരങ്ങൾക്കൊടുവിലാണ്, 2018 -ൽ ഒരു ഒറോമൻ വംശജൻ, ഡോ. ആബി അഹമ്മദ് എത്യോപ്യയുടെ പ്രധാനമന്ത്രി പദത്തിലേറുന്നത്. സമാധാനത്തിന്റെ പതാകാവാഹകനായിരുന്ന അദ്ദേഹം നിരവധി പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു. എന്തിനുമേതിനും ചർച്ചകളുടെ പരിഹാരം കാണാം എന്ന പക്ഷക്കാരനായിരുന്ന അദ്ദേഹം അധികാരത്തിലേറി അധികം താമസിയാതെ എറിത്രിയയുമായുള്ള പതിറ്റാണ്ടുകൾ നീണ്ട അതിർത്തിത്തർക്കത്തിനും പരിഹാരമായി. എറിത്രിയൻ പ്രസിഡന്റ് ആഫ്‌വർക്കി എത്യോപ്യയിൽ സൗഹൃദ സന്ദര്‍ശനത്തിനെത്തിയപ്പോൾ, അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി സംഘടിപ്പിക്കപ്പെട്ട സംഗീതസായാഹ്നത്തിൽ പാടാൻ ഡോ. ആബി അഹമ്മദ് ക്ഷണിച്ചത് തന്റെ പ്രിയ ഗായകനായിരുന്ന ഹച്ചാലു ഹുണ്ടെയ്സയെത്തന്നെ ആയിരുന്നു. 

 

തന്റെ ഗോത്രഭാഷയായ അഫാൻ ഒറോമോയിൽ മാത്രമേ ഹച്ചാലു പടിയിരുന്നുള്ളു എങ്കിലും ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ടായി. ഒടുവിൽ കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റു മരിക്കും വരെയും ഹച്ചാലു ഹുണ്ടെയ്സ ആഡിസ് അബാബയിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. തനിക്ക് വന്നുകൊണ്ടിരുന്ന ഭീഷണി ഫോൺ കാളുകളെപ്പറ്റി ഇടയ്ക്കിടെ ഹച്ചാലു തന്റെ സുഹൃത്തുക്കളോടൊക്കെ പറയുമായിരുന്നു. തങ്ങളുടെ പ്രിയഗായകന്റെ വിയോഗദുഃഖം താങ്ങാനാകാതെ തെരുവിലിറങ്ങിയ ആരാധകരും പൊലീസും തമ്മിൽ പലയിടത്തും സംഘർഷങ്ങൾ നടന്നു. കലാപാഗ്നിയിൽ എൺപതിലധികം പേർക്ക് ജീവൻ നഷ്ടമായിട്ടും ആഡിസ് അബാബയിലെ തെരുവുകൾ ഇനിയും ശാന്തമായിട്ടില്ല.  

click me!