ഒ വി വിജയന്‍റെ 'ഖസാക്കിന്‍റെ ഇതിഹാസ'ത്തിലൂടെ പ്രശസ്തമായ തസ്രാക്കിൽ സന്ദര്‍ശനത്തിനെത്തുന്നവർ ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഈ ചിത്രമതിലും സന്ദര്‍ശിച്ചാണ് ഇപ്പോള്‍ മടങ്ങുന്നത്.
പാലക്കാട് ജില്ലയിലെ പെരുവെമ്പ് തോട്ടുപാലം നെല്ലിക്കുന്നം റോഡിൽ തോട്ടുപാലത്ത് നിന്നും 200 മീറ്റർ മാറി 'ചിത്രകൂടം' എന്ന വീടിന്‍റെ പുറം മതില്‍ ഇന്ന് ചിത്രകാലാസ്വാദകരുടെ ഇഷ്ടയിടമായി മാറുകയാണ്. ചെമ്പകശ്ശേരി വിശ്വം എഴുതി ചിട്ടപ്പെടുത്തിയ, പ്രണവം ശശി ഈണവും ശബ്ദവും നല്‍കിയ കാടും മലകളും കൂടിപ്പിണയുന്ന പാലക്കാടെന്ന ദേശവും ദേശത്തെ വെലകളെക്കുറിച്ചുമെല്ലാം പാടുന്ന 'നമ്മണ്ടെ പാലക്കാട്' എന്ന പാട്ടിലെ പാലക്കാടന്‍ സംസ്കാരത്തെ വരകളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രകൂടത്തെ പുറം മതില്‍.
ചിത്രകാരനും ശില്പിയുമായ തത്തമംഗലം സ്വദേശിയുമായ പ്രമോദ് പള്ളിയാണ് ഈ ചിത്ര മതിലിന്‍റെ കലാകാരന്‍. 200 അടി നീളവും നാലടി ഉയരവുമുള്ള മതിലില്‍ പാലക്കാടിന്‍റെ പ്രകൃതി ഭംഗിയും തനത് നാട്ടുകാഴ്ചകളും, നാട്ടുത്സവങ്ങളും കരുതലും സമഞ്ജസമായി സമന്വയിച്ചിരിക്കുന്നു. വെള്ള പ്രതലത്തിൽ കറുപ്പു നിറംകൊണ്ടാണ് ഈ കാഴ്ചകൾ ചിത്രീകരിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് അടുത്തിരുന്ന് കാണാനും ചിത്രത്തിന്‍റെ സൂക്ഷംശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിയുന്ന വിധത്തിലാണ് ഓരോ വിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നത്.. ചിത്രാസ്വാദകർക്കും സാധാരണക്കാർക്കും ചിത്രരചനാ വിദ്യാർത്ഥികൾക്കും ഒരുപോലെ അനുഭവഭേദ്യമാകുകയാണ് ഈ ദൃശ്യവിരുന്ന്.
undefined
നിരവധി സിനിമകളിലും ഡോക്യുമെന്‍ററികളിലും ഹ്രസ്വ ചിത്രങ്ങളിലും വീഡിയോ ആൽബങ്ങളിലും പരസ്യ ചിത്രങ്ങളിലും കലാസംവിധായകനായും കലാസംവിധാന സഹായിയായും പ്രവര്‍ത്തിച്ചിട്ടുള്ള പ്രമോദ് പള്ളിയില്‍ തന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷമാണ് മുഴുവന്‍ സമയ കലാപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. നിരവധി ശില്പങ്ങളും, ചുവർ ചിത്രീകരണങ്ങളും, മിനിയേച്ചറുകളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. യുഎഇ യിൽ നടക്കുന്ന കണ്യാര്കളിയുടെ പന്തൽ ഒരുക്കുന്നതും, പാലക്കാട്ടെ നാടക കൂട്ടായ്മകൾക്ക് രംഗപടം ഒരുക്കുന്നതും ഇദ്ദേഹമാണ്. ഇത്രയും വലിയ പ്രതലത്തിൽ സ്വതന്ത്രമായി തനിക്കേറെ ഇഷ്ടപ്പെട്ട രൂപങ്ങൾ അവയുമായി സംവദിച്ചു ചിത്രീകരിക്കാൻ കഴിഞ്ഞതിലും അത് ഗ്രാമീണർ സ്വീകരിക്കുന്നുവെന്നതിലും ഏറെ സന്തുഷ്ടനാണ് താനെന്ന് അദ്ദേഹം പറയുന്നു.
ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്‍റെ ജനറൽ സെക്രട്ടറിയായ മേതിൽ കോമളൻകുട്ടിയുടെ വീടാണ് ചിത്രകൂടം. തന്‍റെ വീടിന്‍റെ പുറം ചുമര്‍ ഇത്തരമൊരു കാലാ സൃഷ്ടിക്ക് വേണ്ടി മാറ്റിവച്ചതില്‍ സന്തേഷമുണ്ടെന്ന് കോമളൻകുട്ടിയും കുടുംബവും പറയുന്നു. പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും പരിസര പ്രദേശിങ്ങളില്‍ നിന്നും ദൂരെ ദേശങ്ങളില്‍ നിന്നും നിരവധി പേരാണ് ഈ ചിത്രമതില്‍ കാണാനെത്തുന്നതെന്ന് അദ്ദേഹം പറയുന്നു. ഒ വി വിജയന്‍റെ 'ഖസാക്കിന്‍റെ ഇതിഹാസ'ത്തിലൂടെ പ്രശസ്തമായ തസ്രാക്കിൽ സന്ദര്‍ശനത്തിനെത്തുന്നവർ ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഈ ചിത്രമതിലും സന്ദര്‍ശിച്ചാണ് ഇപ്പോള്‍ മടങ്ങുന്നത്.
കൂടുതല്‍ വായനയ്ക്ക്: ബജറ്റുകളില്‍ ജീവിത ചെലവ് ഉയരുമെന്ന ഭയമില്ല; എലിസബത്ത് എര്‍ലെയുടെത് വ്യത്യസ്തമായ ബോട്ട് ജീവിതം!