ജോലിയ്ക്ക് കയറിയ ആദ്യ ദിവസം തന്നെ അയാളെ പിരിച്ച് വിടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. അയാള്‍ ചെയ്തത് എന്തെന്നല്ലേ?
തമാശയ്ക്കോ, വിരസതയകറ്റാനോ മറ്റുമായി നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍, ചിലപ്പോഴെങ്കിലും നമുക്ക് തന്നെ വിനയായി മാറാറുണ്ട്. നിരുപദ്രവകരമാണെന്ന് കരുതി നമ്മള്‍ ചെയ്യുന്ന അത്തരം കാര്യങ്ങള്‍ അപ്രതീക്ഷിതമായ നഷ്ടങ്ങളായിരിക്കും ചിലപ്പോള്‍ ഉണ്ടാക്കുക.
റഷ്യയിലെ ഒരു പ്രസിദ്ധമായ ആര്‍ട്ട് ഗാലറിയില്‍ ജോലിയ്ക്ക് കയറിയ സെക്യൂരിറ്റി ഗാര്‍ഡ് സമയം കളയാനായി ചെയ്ത ഒരു കാര്യം ഇതുപോലെ വലിയ പുലിവാലായിരിക്കയാണ്. ജോലിയ്ക്ക് കയറിയ ആദ്യ ദിവസം തന്നെ അയാളെ പിരിച്ച് വിടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. അയാള്‍ ചെയ്തത് എന്തെന്നല്ലേ?
undefined
ജോലി സ്ഥലത്തെ 7.47 കോടി രൂപ വിലമതിക്കുന്ന പെയിന്റിംഗ് നശിപ്പിച്ചു. വിഖ്യാത ചിത്രകാരി അന്ന ലെപോര്‍സ്‌കായയുടെ 'ത്രീ ഫിഗേഴ്‌സ്' എന്ന പ്രശസ്ത ചിത്രമാണ് അയാള്‍ നശിപ്പിച്ചത്. 1932-34 കാലത്തേതാണ് ഈ ചിത്രം. റഷ്യന്‍ നഗരമായ യെകാറ്റെറിന്‍ബര്‍ഗിലെ യെല്‍സിന്‍ സെന്ററിലായിരുന്നു ചിത്രം അപ്പോള്‍. 2021 ഡിസംബര്‍ 7-ന് 'ദ വേള്‍ഡ് അസ് നോണ്‍-ഒബ്ജക്റ്റിവിറ്റി, ദി ബര്‍ത്ത് ഓഫ് എ ന്യൂ ആര്‍ട്ട്' എന്ന എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കാനായി അത് മോസ്‌കോയിലെ സ്റ്റേറ്റ് ട്രെത്യാക്കോവ് ഗാലറിയില്‍ നിന്ന് കടമെടുക്കുകയായിരുന്നു. ചിത്രത്തില്‍ നിരവധി മുഖമില്ലാത്ത രൂപങ്ങളുണ്ടായിരുന്നു. ഇത് കണ്ട സെക്യൂരിറ്റി ഗാര്‍ഡ് തന്റെ പക്കലുള്ള ബോള്‍ പേന ഉപയോഗിച്ച് രൂപങ്ങള്‍ക്ക് കണ്ണും മൂക്കും ഒക്കെ വരച്ചു.
ബോറടി മാറ്റാനായി അയാള്‍ ചെയ്ത കാര്യം കോടികണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കി. അങ്ങനെ ജീവനക്കാരന്റെ ആദ്യ ദിവസം തന്നെ അവസാന ദിവസമായി. അയാളെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയും കലാസൃഷ്ടി അതിന്റെ മോസ്‌കോ ഗാലറിയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. യെല്‍സിന്‍ സെന്ററില്‍ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പറയുന്നു. ഒരു സ്വകാര്യ സെക്യൂരിറ്റി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഈ സെക്യൂരിറ്റി ജീവനക്കാരന് ഏകദേശം 60 വയസ്സ് വരുമെന്ന് അനുമാനിക്കുന്നു. പെയിന്റിംഗ് വികൃതമാക്കിയ അയാളുടെ പേര് സ്ഥാപനം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിന് ശേഷം, പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശിക്ഷയായി 39,900 രൂപ പിഴയും ഒരു വര്‍ഷത്തെ തിരുത്തല്‍ തൊഴില്‍ ശിക്ഷയും ലഭിക്കുന്നതായിരിക്കും. പെയിന്റിങ്ങിന് 2,49,500 രൂപ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
പെയിന്റിംഗിന്റെ വില എത്രയാണെന്ന് വ്യക്തമല്ല. എന്നാല്‍ ഇത് ആല്‍ഫ ഇന്‍ഷുറന്‍സ് കമ്പനിയില്‍ 7.47 കോടി രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. പുനരുദ്ധാരണത്തിനുള്ള പണം നല്‍കുന്നത് സെക്യൂരിറ്റി കമ്പനിയാണെന്നാണ് റിപ്പോര്‍ട്ട്. പെയിന്റിംഗിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിദഗ്ധര്‍.
'തുടര്‍ന്ന് ചിത്രം മോസ്‌കോയിലേക്ക് തിരിച്ചയച്ചു. പെയിന്റിംഗ് പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സംഭവത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണവും നിയമ നിര്‍വ്വഹണ ഏജന്‍സികളുമായുള്ള ആശയവിനിമയവും നടക്കുന്നതിനാല്‍, ഞങ്ങള്‍ ഈ സാഹചര്യത്തില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല,' യെല്‍സിന്‍ സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.