യുദ്ധത്തിൽ ടിപ്പുവിന്റെ വിജയം അടയാളപ്പെടുത്തുന്ന ചിത്രം, വിറ്റത് ആറുകോടിക്ക്

By Web Team  |  First Published Apr 1, 2022, 4:16 PM IST

ബിബിസി റിപ്പോർട്ട് അനുസരിച്ച്, പെയിന്റിംഗിലെ ചില രംഗങ്ങൾ രണ്ട് തവണ വീണ്ടും വരച്ചിട്ടുണ്ട്. 1799 -ൽ ടിപ്പുവിന്റെ പരാജയത്തിന് ശേഷം ശ്രീരംഗപട്ടണത്തുണ്ടായിരുന്ന കേണൽ ജോൺ വില്യം ഫ്രീസാണ് ഈ ചിത്രം ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്.


ടിപ്പു സുൽത്താന്റെ(Tipu Sultan) യുദ്ധരംഗം ചിത്രീകരിക്കുന്ന ഒരു ചിത്രം(Painting) ലണ്ടനിൽ അടുത്തിടെ 6.32 കോടി രൂപയ്ക്ക് ലേലം ചെയ്യപ്പെട്ടു. 'പൊള്ളിലൂർ യുദ്ധം'(Battle of Pollilur) അടയാളപ്പെടുത്തുന്നതാണ് ചിത്രം. മൈസൂർ ഹൈദർ അലിയും അദ്ദേഹത്തിന്റെ മകൻ ടിപ്പുവും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനികർക്കെതിരെ പോരാടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ലേലശാലയായ സോതെബിയുടെ "ആർട്സ് ഓഫ് ദി ഇസ്ലാമിക് വേൾഡ് ആൻഡ് ഇന്ത്യ" ലേലത്തിന്റെ ഭാഗമായിരുന്നു ചിത്രം. ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച മാസ്റ്റർപീസുകളിൽ ഒന്ന് എന്നാണ് ചരിത്രകാരനായ വില്യം ഡാൾറിമൈഡ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.  

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ ഭാഗമാണ് 32 അടി നീളമുള്ള ഈ പെയിന്റിംഗ്. 1780 സെപ്തംബർ 7 -നാണ് പൊള്ളിലൂർ യുദ്ധം നടന്നത്. മൈസൂർ പട്ടാളം കേണൽ വില്യം ബെയ്‍ലിയുടെ നേതൃത്വത്തിലുള്ള കമ്പനി പട്ടാളത്തെ പരാജയപ്പെടുത്തിയ സംഭവമാണ് ചിത്രത്തിൽ പരാമർശിക്കുന്നത്. ടിപ്പു ആനപ്പുറത്തിരുന്ന് നിർദ്ദേശങ്ങൾ നൽകുമ്പോൾ, ടിപ്പുവിന്റെ കുതിരപ്പട ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ച് മുന്നേറുന്നത് ചിത്രത്തിൽ കാണാം.  

Latest Videos

undefined

യുദ്ധത്തിൽ നിന്നുള്ള രംഗങ്ങൾ ടിപ്പുവാണ് 1784 -ൽ ആദ്യമായി കമ്മിഷൻ ചെയ്യുന്നത്. മൈസൂരിന്റെ അന്നത്തെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ പുതുതായി നിർമ്മിക്കപ്പെട്ട ദാരിയ ദൗലത് ബാഗ് കൊട്ടാരത്തിലെ ചുവരുകളിലാണ് ഇത് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ മൂന്ന് പകർപ്പുകൾ മാത്രമാണ് ഇന്ന് നിലവിലുള്ളത്. ആ പെയിന്റിംഗുകളിലൊന്ന് 2010 -ൽ സോതെബിയുടെ ലേലത്തിൽ 769,250 പൗണ്ടിന് വിൽക്കുകയും ഖത്തറിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം ഏറ്റെടുക്കുകയും ചെയ്തു. "യുദ്ധത്തിന്റെ ഭീകരതയും അരാജകത്വവും തുറന്ന് കാട്ടുന്ന ഒന്നാണ് ഈ പെയിന്റിംഗ്. കൊളോണിയലിസത്തെ പരാജയപ്പെടുത്തുന്ന നിലവിലെ ചിത്രങ്ങളിൽ മികച്ചത്" വില്യം ഡാൾറിമൈഡ് 'ദി അനാർകി: ദി റെലെന്റലെസ് റൈസ് ഓഫ് ദി ഈസ്റ്റ് ഇന്ത്യ കമ്പനി' എന്ന പുസ്തകത്തിൽ പറയുന്നു.  

ബിബിസി റിപ്പോർട്ട് അനുസരിച്ച്, പെയിന്റിംഗിലെ ചില രംഗങ്ങൾ രണ്ട് തവണ വീണ്ടും വരച്ചിട്ടുണ്ട്. 1799 -ൽ ടിപ്പുവിന്റെ പരാജയത്തിന് ശേഷം ശ്രീരംഗപട്ടണത്തുണ്ടായിരുന്ന കേണൽ ജോൺ വില്യം ഫ്രീസാണ് ഈ ചിത്രം ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്. 1978 -ൽ ഒരു സ്വകാര്യ കളക്ടർക്ക് വിൽക്കുന്നതിന് മുമ്പ് ഫ്രീസിന്റെ കുടുംബം അത് തലമുറകളായി കൈമാറി. തുടർന്ന് 2010 -ലാണ് അത് വിറ്റത്. ബുധനാഴ്ച ലേലം ചെയ്ത സൃഷ്ടി യുകെയിലെ ഒരു സ്വകാര്യ ശേഖരത്തിന്റെ ഭാഗമാണ്, മുമ്പ് നിരവധി എക്സിബിഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

 
 

click me!