ഒരു ദിവസം, ജോൺ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ, മൗഡ് ലൂയിസിന്റെ ചിത്രങ്ങളുടെ ഒരു ശേഖരവും കൂടെ കൊണ്ടുവന്നു. ചിത്രകാരി ജോണിന്റെ അടുത്ത സുഹൃത്തായിരുന്നു. സാൻഡ്‌വിച്ചിന് പകരമായി യുവ ദമ്പതികൾ "ബ്ലാക്ക് ട്രക്ക്" എന്ന പെയിന്റിംഗ് തിരഞ്ഞെടുത്തു.
നാടോടി കലാകാരിയായ മൗഡ് ലൂയിസിന്റെ (folk artist Maud Lewis) ഒരു കനേഡിയൻ പെയിന്റിംഗ് (Canadian painting) രണ്ട് കോടിയിലധികം രൂപയ്ക്ക് ലേലത്തിൽ വിറ്റു പോയി. എന്നാൽ, പെയിന്റിംഗിന്റെ നിലവിലെ ഉടമകൾക്ക് ആ ചിത്രം എങ്ങനെ ലഭിച്ചുവെന്നതാണ് രസകരമായ കാര്യം. ഒരു കനേഡിയൻ ദമ്പതികൾക്ക് 50 വർഷം മുമ്പ് ലഭിച്ചതാണ് ഈ ചിത്രം. ഗ്രിൽ ചെയ്ത ചീസ് സാൻഡ്വിച്ചുകൾക്ക് (grilled cheese sandwich) പകരമായി ഉടമയ്ക്ക് ലഭിച്ചതാണ് ഇപ്പോൾ രണ്ടുകോടി വില കിട്ടിയിരിക്കുന്ന പെയിന്റിംഗ്.
"ബ്ലാക്ക് ട്രക്ക്" എന്ന് പേരിട്ടിരിക്കുന്ന പെയിന്റിംഗ് അതിന്റെ യഥാർത്ഥ മൂല്യത്തേക്കാൾ 10 മടങ്ങ് അധികം വിലക്കാണ് വിറ്റുപോയത്. 1973 -ൽ ഒരു യുവ ഷെഫായിരുന്ന ഐറിൻ ഡെമാസാണ് ഈ പെയിന്റിംഗ് സ്വന്തമാക്കിയത്. അവളും ഭർത്താവും സ്വന്തമായി ഒരു റെസ്റ്റോറന്റ് നടത്തുകയായിരുന്നു. ഐറിൻ അവിടെ ജോലി ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. അവിടെ വന്നിരുന്ന ആളുകളിൽ ഒരാൾ ഒഴികെ ബാക്കിയെല്ലാവരും ഭക്ഷണം കഴിച്ചാൽ പണം നൽകുമായിരുന്നു. എന്നാൽ, കലാകാരനായ ജോൺ കിന്നിയർ ഭക്ഷണത്തിന് പകരം ചിത്രങ്ങളാണ് ദമ്പതികൾക്ക് വാഗ്ദാനം ചെയ്തത്. അദ്ദേഹത്തിനാകട്ടെ ഏറ്റവും പ്രിയപ്പെട്ടത് ഐറിൻ ഉണ്ടാക്കിയിരുന്ന ഗ്രിൽ ചെയ്ത ചീസ് സാൻഡ്‌വിച്ചായിരുന്നു. എല്ലാ ദിവസവും അത് കഴിക്കാൻ അദ്ദേഹം അവിടെ വരുമായിരുന്നു. എന്നാൽ, പണത്തിന് പകരം അദ്ദേഹം ചിത്രങ്ങൾ വാഗ്ദാനം ചെയ്തു. ജോണിന്റെയും, സുഹൃത്തുക്കളുടെയും ചിത്രങ്ങളിൽ നിന്ന് ദമ്പതികൾക്ക് ഇഷ്ടമുള്ള ഒരെണ്ണം സ്വന്തമാക്കാനുള്ള അവസരം അദ്ദേഹം നൽകി.
"ഓർക്കുക, ഇത് ഒരു സാധാരണ ഗ്രിൽഡ് ചീസ് സാൻഡ്വിച്ച് ആയിരുന്നില്ല. അഞ്ച് വർഷം പഴക്കമുള്ള ചെഡ്ഡാറും നന്നായി മൊരിച്ച ബ്രെഡും ചേർന്ന ഒരു മികച്ച സാൻഡ്വിച്ച് ആയിരുന്നു അത്" ഡെമാസ് പറഞ്ഞു. ഒരു ദിവസം, ജോൺ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ, മൗഡ് ലൂയിസിന്റെ ചിത്രങ്ങളുടെ ഒരു ശേഖരവും കൂടെ കൊണ്ടുവന്നു. ചിത്രകാരി ജോണിന്റെ അടുത്ത സുഹൃത്തായിരുന്നു. സാൻഡ്‌വിച്ചിന് പകരമായി യുവ ദമ്പതികൾ "ബ്ലാക്ക് ട്രക്ക്" എന്ന പെയിന്റിംഗ് തിരഞ്ഞെടുത്തു. ലൂയിസ് അന്ന് വലിയ ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നത്. കാനഡയിലെ നോവ സ്കോട്ടിയയിലെ റോഡരികിൽ അവൾ തന്റെ ചിത്രങ്ങൾ വിൽക്കാറുണ്ടായിരുന്നു. 1970 -ൽ ലൂയിസ് അന്തരിച്ചു.
മരണശേഷമാണ് അവളുടെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. 2016 -ൽ 'മൗഡി' എന്ന പേരിൽ ഒരു സിനിമ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അവളുടെ വ്യത്യസ്‍തമായ ശൈലിക്ക് അംഗീകാരം ലഭിക്കാൻ തുടങ്ങിയത്. ചിത്രം അവളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ലൂയിസ്, ജോണിന് നന്ദി പറഞ്ഞുകൊണ്ട് എഴുതിയ കത്തുകളും ലേലത്തിൽ വിറ്റു പോയി. കൈകൊണ്ട് എഴുതിയ മൂന്ന് കത്തുകൾ 42 ലക്ഷം രൂപക്കാണ് വിറ്റു പോയത്.