കൊക്കൂണിൽ നിന്നും ആഭരണങ്ങൾ, പച്ചക്കറി വിൽപനക്കാരിയിൽ നിന്നും ബിസിനസ് സംരംഭകയിലേക്ക്

By Web Team  |  First Published Apr 24, 2022, 9:28 AM IST

ഇതുവരെ വിജയകരമായി മൂന്ന് പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ അവൾക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ ആഭരണങ്ങളുടെ നിർമ്മാണത്തിൽ 50 -ലധികം പ്രാദേശിക സ്ത്രീകളെ പരിശീലിപ്പിക്കുകയും ജോലി കൊടുക്കുകയും ചെയ്തിട്ടുണ്ട്. 


പട്ടുനൂൽപുഴുക്കളിൽ(silkworms) നിന്നാണ് പട്ടുനൂലുണ്ടാകുന്നത് എന്ന് നമുക്കറിയാം. എന്നാൽ, പുഴുക്കൾ അത്രയും കാലം കഴിഞ്ഞിരുന്ന കൊക്കൂൺ അതിന് ശേഷം കളയുകയാണ് പതിവ്. എന്നാൽ, ഇങ്ങനെ വലിച്ചെറിയുന്ന കൊക്കൂണുകൾ ശേഖരിച്ച്, അതിൽ നിന്ന് മനോഹരമായ ആഭരണങ്ങൾ ഉണ്ടാക്കി വിൽക്കുകയാണ് മണിപ്പൂരിലെ ശ്രിമയും ഗീതാദേവി(Shrimayum Gita Devi ). വെറും 3000 രൂപ മുതൽമുടക്കിൽ ആരംഭിച്ച അത് ഇന്ന് ലീമ ലിക്‌ലാങ് നയിൻ എന്ന ബ്രാൻഡായി മാറിയിരിക്കയാണ്. ഇന്ന് അവൾക്ക് പ്രതിമാസം 90-100 ഓർഡറുകൾ വരെ ലഭിക്കുന്നു. അത് വഴി, മാസം 30,000 മുതൽ 50,000 രൂപ വരെ സമ്പാദിക്കുന്നു. എന്നാൽ, കൈയിൽ മുന്നൂറ് രൂപ പോലും എടുക്കാനില്ലാത്ത ഒരു കാലമുണ്ടായിരുന്നു അവർക്ക്.    

മണിപ്പൂരിലെ ഖുറൈ തോംഗം ലെയ്കായി ഗ്രാമത്തിൽ നിന്നുള്ള ഗീതാദേവി ചെറിയ പ്രായത്തിൽ തന്നെ വിധവയായി. ആ വിവാഹത്തിൽ രണ്ട് കുട്ടികളുമുണ്ടായിരുന്നു. നിത്യജീവിതത്തിനായി പച്ചക്കറികൾ വിൽക്കുമായിരുന്നു അവർ. എന്നാൽ, അതിൽ നിന്ന് കാര്യമായ സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്, പട്ടുനൂൽ പുഴുക്കളെ വളർത്തുന്നതിനെക്കുറിച്ചും പട്ടുനൂൽ ഉൽപാദനത്തെക്കുറിച്ചും അവൾ കൂടുതലായി അറിയുന്നത്. അതിന് കാരണമായത് സെറികൾച്ചർ പോട്ലാം എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു പ്രാദേശികസംഘടനയായിരുന്നു. 2007 -ൽ, അവരുടെ ഒരു പരിശീലന പരിപാടിയിൽ അവൾ പങ്കെടുത്തു. കൊക്കൂണിൽ നിന്ന് മാലകളും, ആഭരണങ്ങളും ഒക്കെ ഉണ്ടാക്കാൻ അവിടെ അവൾ പരിശീലിച്ചു.    

Latest Videos

undefined

പിന്നീട് സ്വന്തമായി മാലകൾ, കമ്മലുകൾ, കൊക്കൂണുകളിൽ നിന്നുള്ള വീട്ടുപകരണങ്ങൾ എന്നിവ ഉണ്ടാക്കാൻ തുടങ്ങി. അവളുടെ അർപ്പണബോധവും പ്രചോദനവും ഫലം കണ്ടു. കൊക്കൂൺ ആഭരണങ്ങൾ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ബിസിനസ്സ് പതുക്കെ വളർന്നു. 3 ലക്ഷം രൂപ മൂലധനവും വിവിധ അവാർഡുകളിൽ നിന്ന് ലഭിച്ച പണവും ഉപയോഗിച്ച്, ഗീത തന്റെ ഗ്രാമത്തിൽ ലെയ്മ ലിക്ലാംഗ് നയിൻ എന്ന പേരിൽ ഒരു ഷോറൂം ആരംഭിച്ചു. അവിടെ അവൾ കൊക്കൂൺ കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്തു.

കൊക്കൂണുകളിൽ നിന്ന് പട്ടുനൂൽ വേർതിരിച്ചെടുത്താൽ കർഷകർ അവ ഉപേക്ഷിക്കുകയോ കത്തിക്കുകയോ ചെയ്യും. മാലകൾ, കമ്മലുകൾ, പൂക്കൊട്ടകൾ തുടങ്ങി നിരവധി വസ്തുക്കൾ ഉണ്ടാക്കാൻ ഗീത ഈ ഉപേക്ഷിക്കപ്പെട്ട കൊക്കൂണുകൾ വാങ്ങി. കൊക്കൂണിന്റെ കഷ്ണങ്ങൾ കിലോയ്ക്ക് 500 രൂപയും കേടുകൂടാത്ത കൊക്കൂണുകൾക്ക് കിലോയ്ക്ക് 600-700 രൂപയുമാണ് വില. അവളുടെ അധ്വാന ഫലമായി ഇന്ന് അതൊരു വലിയ ബ്രാൻഡായി മാറിയിരിക്കയാണ്. 

ഇതുവരെ വിജയകരമായി മൂന്ന് പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ അവൾക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ ആഭരണങ്ങളുടെ നിർമ്മാണത്തിൽ 50 -ലധികം പ്രാദേശിക സ്ത്രീകളെ പരിശീലിപ്പിക്കുകയും ജോലി കൊടുക്കുകയും ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ ഡയറക്ടറേറ്റ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഏർപ്പെടുത്തിയ 2013-14 ലെ കരകൗശല വിഭാഗത്തിലെ മികച്ച കരകൗശല വിദഗ്ധ, 2017 -ലെ സ്റ്റേറ്റ് ക്രാഫ്റ്റ്‌സ്‌പേഴ്‌സൺ അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകളും അവൾ നേടിയിട്ടുണ്ട്.

click me!