മ‍ഞ്ഞുകൊണ്ട് കൂറ്റൻ പാമ്പ്, അമ്പരന്ന് ആളുകൾ, ഇത് 10 മണിക്കൂർ നീണ്ട പരിശ്രമം

By Web Team  |  First Published Mar 1, 2021, 10:31 AM IST

മോസ്ലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ നിന്നും തന്നെ എത്രമാത്രം ബുദ്ധിമുട്ടിയും കഠിനാധ്വാനം ചെയ്തുമാണ് ഈ പാമ്പിന്‍റെ രൂപം മഞ്ഞിലുണ്ടാക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്. 


പലപ്പോഴും മഞ്ഞ് വീഴുന്ന രാജ്യങ്ങളില്‍ മഞ്ഞിൽ വിവിധ രൂപങ്ങളുണ്ടാക്കുക എന്നത് സാധാരണയാണ്. പലതരത്തിലുള്ള വ്യത്യസ്തങ്ങളായ രൂപങ്ങളും ഇങ്ങനെ മ‍ഞ്ഞിലുണ്ടാക്കാറുണ്ട്. എന്നാൽ, മഞ്ഞില്‍ ഇങ്ങനെ രൂപങ്ങളുണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല. മഞ്ഞുമനുഷ്യനെ ഉണ്ടാക്കുക എന്നതുപോലും വളരെ പ്രയാസമേറിയ കാര്യമാണ്. കഠിനമായ തണുപ്പിലും മഞ്ഞിലും മണിക്കൂറുകൾ ചെലവഴിക്കുക എന്നത് തന്നെ എത്രമാത്രം പ്രയാസമുള്ള കാര്യമാണ്. 

Latest Videos

undefined

എന്നാല്‍, കൊളറാഡോയിലുള്ള ഡെൻവറിലെ ഒരു കുടുംബം മഞ്ഞില്‍ രൂപമുണ്ടാക്കുന്നതില്‍ വേറെ ലെവലായിരിക്കുകയാണ്. വലിയ തരത്തിൽ ആളുകളുടെ ശ്രദ്ധയെ ആകർഷിക്കാൻ ഈ മഞ്ഞ് കൊണ്ടുള്ള പ്രതിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. വലിയൊരു പാമ്പിന്‍റെ മഞ്ഞുപ്രതിമയാണ് ഈ കുടുംബം ഉണ്ടാക്കിയിരിക്കുന്നത്. മോണ്‍ മോസ്ലി എന്നയാളും അയാളുടെ അഞ്ച് സഹോദരങ്ങളും ചേര്‍ന്നാണ് ഈ പാമ്പ് പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്. പത്ത് മണിക്കൂര്‍ നീണ്ട പരിശ്രമം വേണ്ടി വന്നു ഇവര്‍ക്ക് മഞ്ഞില്‍ ഈ പാമ്പിന്‍റെ രൂപമുണ്ടാക്കാന്‍. അയല്‍ക്കാരെല്ലാം സത്യത്തില്‍ ഈ രൂപം കണ്ട് അമ്പരന്നുപോയി. മോൺ മോസ്ലി ഒരു ആർട്ടിസ്റ്റ് കൂടിയാണ്.

എന്നാല്‍, ഇത് ആദ്യമായല്ല കുടുംബം ഇങ്ങനെ രൂപമുണ്ടാക്കി ആളുകളെ അത്ഭുതപ്പെടുത്തുന്നത്. 2019 -ല്‍ ഒരു കടുവയുടെ രൂപവും കുടുംബം ഇതുപോലെ മഞ്ഞിലുണ്ടാക്കിയിരുന്നു. ഇത് പ്രാദേശികമാധ്യമങ്ങളിലെല്ലാം വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെട്ടു. ഒരു കടുവ യഥാർത്ഥത്തിൽ മ‍ഞ്ഞിൽ വിശ്രമിക്കുന്നത് പോലെ തന്നെ ആയിരുന്നു അന്ന് നിർമ്മിച്ച മഞ്ഞുപ്രതിമ. അന്നും ഒരുപാട് ആളുകളാണ് മോസ്ലിയേയും കുടുംബത്തേയും അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നത്. താങ്കൾ ഒരുപാട് കഴിവുള്ളയാളാണ്. ഇനിയും ഇത്തരം രൂപങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഒരുപാട് പേർ പറയുകയുണ്ടായി. ഇപ്പോൾ, മോണ്‍ മോസ്ലിയുടെ അമ്മവീടിന്‍റെ മുന്‍വശത്തെ പൂന്തോട്ടത്തിലായിട്ടാണ് മഞ്ഞ് കൊണ്ടുള്ള പാമ്പിന്‍റെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. 77 അടി (23 മീറ്റര്‍) ആണ് ഈ മഞ്ഞുപാമ്പിന്‍റെ നീളം. വളഞ്ഞു കിടക്കുന്ന ഈ പാമ്പ് അതുവഴി പോകുന്നവരുടെയെല്ലാം ശ്രദ്ധയെ ആകർഷിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ. 

'ഈ മോസ്ലി കുടുംബം എല്ലാ വർഷവും ആളുകളെ അമ്പരപ്പിക്കുന്ന എന്തെങ്കിലും ചെയ്യുന്നു. 2019 -ൽ അത് ഒരു വലിയ മഞ്ഞ് കടുവയായിരുന്നു. എന്നാൽ, ഈ വർഷം, ഡെൻവർ കുടുംബം മഞ്ഞിൽ നിന്നും ഒരു പാമ്പിനെയാണ് നിർമ്മിച്ചിരിക്കുന്നത്' എന്നാണ് ഡെൻവർ7 തങ്ങളുടെ ഫേസ്ബുക്ക് പേജിൽ എഴുതിയിരിക്കുന്നത്. ഒരുപാട് പേർ ഇത് ഷെയർ ചെയ്തിട്ടുണ്ട്. 

മോസ്ലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ നിന്നും തന്നെ എത്രമാത്രം ബുദ്ധിമുട്ടിയും കഠിനാധ്വാനം ചെയ്തുമാണ് ഈ പാമ്പിന്‍റെ രൂപം മഞ്ഞിലുണ്ടാക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്. പാമ്പിന്‍റെ ആകൃതി നിര്‍മ്മിച്ച ശേഷം അതിന് നിറം നല്‍കുന്നതിനായി സ്പ്രേ പെയിന്‍റ് ഉപയോഗിക്കുകയാണ് ചെയ്തത്. ഓറഞ്ച്, ഇളം പച്ച, നീല തുടങ്ങിയ നിറങ്ങളെല്ലാം ഷേഡ് നൽകാനായി ഉപയോ​ഗിച്ചിരിക്കുന്നതും ചിത്രത്തിലും വീഡിയോയിലും കാണാം. 'ഞങ്ങള്‍ ചെറുതായിരിക്കുമ്പോള്‍ അച്ഛന്‍ ഞങ്ങളെയും കൂട്ടി ഇതുപോലെ രൂപങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങള്‍ ആസ്വദിച്ചിരുന്നു. അതുപോലെയുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. അങ്ങനെയാണ് ഈ രൂപമുണ്ടായത്' എന്ന് മോസ്ലി ബിബിസിയോട് പറയുന്നു. 

"The Snake Den" 🐍🥶💙 My siblings and I made another Snow Sculpture. www.instagram.com/chingerdingz

Posted by Morn Mosley II on Saturday, 27 February 2021

അതുവഴി കടന്നുപോകുന്നവരും അയല്‍ക്കാരുമൊക്കെ അത്ഭുതത്തോടെയാണ് ഈ കൂറ്റന്‍ മഞ്ഞുപാമ്പിന്‍റെ രൂപം കണ്ടത്. എല്ലാവരും സഹോദരങ്ങളെ അഭിനന്ദിച്ചു. പലരും അവിടെ നിന്ന് പാമ്പിനൊപ്പവും പാമ്പിന്‍റെയും ചിത്രങ്ങള്‍ പകര്‍ത്തി. ഫേസ്ബുക്ക് പേജില്‍ ഒരുപാട് പേരാണ് ഇത്ര മനോഹരമായ മഞ്ഞുപ്രതിമയുണ്ടാക്കിയതിന് കുടുംബത്തിന് അഭിനന്ദനമറിയിച്ചത്. 'അടുത്ത വര്‍ഷം നിങ്ങളില്‍ നിന്നും എന്താണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്' എന്നാണ് ഒരാള്‍ എഴുതിയത്. 'നിങ്ങള്‍ നിങ്ങളുടെ അച്ഛനെ പോലെ തന്നെയാണ്. എന്‍റെ കുട്ടിക്കാലത്ത് അദ്ദേഹം അദ്ദേഹത്തിന്‍റെ വീടിന് പുറകുവശത്ത് ഒരു ഇഗ്ലു മഞ്ഞില്‍ നിര്‍മ്മിച്ചത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ഇതും അതുപോലെ മനോഹരമാണ്' എന്നാണ് വേറൊരാള്‍ കുറിച്ചത്. ഏതായാലും വരും വർഷങ്ങളിലും ആളുകളെ അമ്പരപ്പിക്കാനുള്ള എന്തെങ്കിലും പുതിയ രൂപങ്ങൾ ഈ കുടുംബം മഞ്ഞിൽ തീർക്കും എന്ന് തന്നെയാണ് ആളുകളുടെ പ്രതീക്ഷ. 

(ചിത്രങ്ങൾ: Morn Mosley/facebook)

click me!