പ്രകടനത്തിനിടെ ബാൻഡ് അംഗങ്ങൾ മുഖം വെളിപ്പെടുത്തിയില്ല. പ്രത്യേകതരം തൊപ്പികളും വേഷവും ഒക്കെയായിട്ടാണ് പ്രകടനം. നിഗൂഢമെന്ന് വിളിക്കാവുന്ന ഈ പ്രകടനങ്ങളും അവർക്ക് ആരാധകരെ നേടിക്കൊടുത്തിരുന്നു.
എല്ലായിടങ്ങളിലും എല്ലാവരും ഒരുപോലെ ആകണമെന്നില്ല. ചില മനുഷ്യർ രണ്ട് ജീവിതമോ, അതിലധികം ജീവിതമോ ജീവിക്കാറുണ്ട്. അതിൽ ഒരിടത്ത് നമുക്ക് അവരെ പരിചയമുണ്ടാവാം. എന്നാൽ, മറ്റൊരിടത്ത് അയാൾ നമുക്ക് അപരിചിതനും ആകാം. അതുപോലെ ഒരു ജീവിതമാണ് ചൈനയിൽ നിന്നുള്ള ഷാൻഡോംഗ് സർവകലാശാലയിലെ 41 കാരനായ ഈ പ്രൊഫസറുടേത്.
പകലുകളിലെ ലിയു യാവോ ഒരു പ്രൊഫസറാണ്. എന്നാൽ, രാത്രികാലങ്ങളിലോ? ചൈനയിലെ പ്രശസ്ത ബ്ലാക്ക് മെറ്റൽ ബാൻഡായ സുറിയാക്കെയിലെ പ്രധാന ഗായകനാണ് ലിയു. പകൽ സമയത്ത്, ഡോ. ലിയു യാവോ മെറ്റീരിയൽ സയൻസിലെ അക്കാദമിക് ആണ്. അദ്ദേഹത്തിൻ്റെ പേരിൽ 80 -ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷകനായും അധ്യാപകനായും ഒക്കെ അറിയപ്പെടുന്ന വ്യക്തിയാണ്. എന്നാൽ, രാത്രിയാവുന്നതോടെ ഇതെല്ലാം മാറിമറിയും. അദ്ദേഹം തന്റെ ബാൻഡിലെ ഗായകനായി കാണികളെ ത്രസിപ്പിക്കുകയാവും.
1998 -ൽ ലിയു ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് ഷാൻഡോങ്ങിലെ ജിനാനിൽ ഈ ബാൻഡ് സ്ഥാപിതമായതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2012 -ൽ തൻ്റെ പോസ്റ്റ്‌ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കിയതിന് ശേഷം ലിയു ഷാൻഡോങ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ 2025 -ൽ ആഗോളതലത്തിൽ 316 -ാം റാങ്ക് നേടിയ സ്ഥാപനമാണിത്. ഒരു മികച്ച അക്കാദമിക് ആയിരുന്നു അദ്ദേഹം. വലിയ പല സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു. വിവിധ സയന്റിഫിക് ജേണലുകളിൽ പേപ്പറുകളും പ്രസിദ്ധീകരിച്ചു.
അതേസമയം, സുറിയാക്കെയുടെ ആൽബങ്ങൾ ചൈനയിലെ മെറ്റൽ ബാൻഡ് ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചവയാണ്. സാംസ്കാരികമായി വലിയ പ്രാധാന്യമാണ് ഈ ബാൻഡിനുള്ളത്. എന്നാൽ, അവയ്ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഗായകരെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പ്രകടനത്തിനിടെ ബാൻഡ് അംഗങ്ങൾ മുഖം വെളിപ്പെടുത്തിയില്ല. പ്രത്യേകതരം തൊപ്പികളും വേഷവും ഒക്കെയായിട്ടാണ് പ്രകടനം. നിഗൂഢമെന്ന് വിളിക്കാവുന്ന ഈ പ്രകടനങ്ങളും അവർക്ക് ആരാധകരെ നേടിക്കൊടുത്തിരുന്നു.
കൂടാതെ ഓരോ അംഗങ്ങൾക്കും നിക്ക് നെയിമുകളും നൽകിയിരുന്നു. അതിനാൽ തന്നെ പലപ്പോഴും അംഗങ്ങളെ തിരിച്ചറിഞ്ഞില്ല. എന്തായാലും, പ്രൊഫസർ താൻ പ്രശസ്തമായ ബാൻഡിലെ അംഗമാണ് എന്ന് വെളിപ്പെടുത്തിയതോടെ അഭിനന്ദനപ്രവാഹമാണ് അദ്ദേഹത്തെ തേടിയെത്തിയത്. അദ്ദേഹമെങ്ങനെ ഗവേഷണവും മ്യൂസിക്കും ഒരുപോലെ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നു എന്നാണ് പലരും അത്ഭുതപ്പെട്ടത്.