മറ്റ് ചിത്രങ്ങളും ഞാൻ വരയ്ക്കാറുണ്ട്. പക്ഷേ, കണ്ണനെ വരയ്ക്കുന്നത് ഒരേ മോഡൽ കണ്ണനാണ്. കാരണം വേറൊന്നുമല്ല, എല്ലാവരും ആവശ്യപ്പെടുന്നത് ഈ കുഞ്ഞ് വെണ്ണക്കണ്ണനെയാണ്.
വർഷങ്ങളായി കോഴിക്കോട് കൊയിലാണ്ടിയുള്ള ജസ്ന സലിം (Jasna Salim) ശ്രീകൃഷ്ണനെ വരയ്ക്കുന്നുണ്ട്. കഴിഞ്ഞ് ആറ് വർഷത്തിനുള്ളിൽ അഞ്ഞൂറിലധികം കൃഷ്ണനെ അവൾ വരച്ചുകാണും. അതിൽ, ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച ചിത്രവും പെടുന്നു. പക്ഷേ, ഒരു ഇസ്ലാം മതവിശ്വാസിയായ ജസ്ന ഏതെങ്കിലും ക്ഷേത്രത്തിലെത്തുകയോ കണ്ണനെ അടുത്തുകാണുകയോ നേരിട്ടൊരു ചിത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, കഴിഞ്ഞ ദിവസം അത് സാധിച്ചതിന്റെ സന്തോഷത്തിലാണ് ജസ്ന. പന്തളത്തുള്ള (Pandalam) ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ (Ulanadu Sree Krishna Swamy temple) തിരുനടയിൽ കൃഷ്ണവിഗ്രഹത്തിന് മുന്നിൽ ജസ്ന താൻ വരച്ച ചിത്രം സമർപ്പിച്ചു. ആ സന്തോഷത്തെ കുറിച്ചും എങ്ങനെയാണ് ഇത്രയധികം കൃഷ്ണനെ വരച്ചത് എന്നതിനെ കുറിച്ചും ജസ്ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
ആദ്യമായി കണ്ണന് നേരിട്ടൊരു ചിത്രം സമർപ്പിച്ചു
undefined
വീടിന്റെ തൊട്ടടുത്ത് ഒരു നാഗകാളി ക്ഷേത്രമുണ്ട്. ഇവിടെ ഉത്സവത്തിന് ശ്രീകോവിലിന്റെ മുന്നിൽ പോയി എന്നല്ലാതെ ഒരു ക്ഷേത്രത്തിലും കയറുകയോ വിഗ്രഹം അടുത്തു കാണുകയോ ചെയ്തിട്ടില്ല ഞാൻ. ആദ്യമായിട്ടാണ് ഒരു ക്ഷേത്രത്തിൽ കയറി ഒരു കണ്ണനെ അടുത്ത് കാണുന്നത്. ഒത്തിരി സന്തോഷം തോന്നി. ഞാനിത്രകാലം കരുതിയിരുന്നത് ക്ഷേത്രത്തിനകത്തെ വിഗ്രഹവും ഞാൻ വരയ്ക്കുന്ന ഫോട്ടോയൊക്കെ പോലെയോ, അല്ലെങ്കിൽ മറ്റ് ഫോട്ടോയിലെ പോലെയോ ഒക്കെയാവും എന്നാണ്. പക്ഷേ, അകത്ത് ഇങ്ങനെയാണ് കണ്ണനെന്ന് ആദ്യമായിട്ടാണ് കാണുന്നത്. അകത്ത് കയറി കണ്ണന് നേരിട്ട് ചിത്രം സമർപ്പിക്കാനായതിൽ ഒത്തിരി ഒത്തിരി സന്തോഷം തോന്നി.
കുഞ്ഞിലെ കണ്ണാ എന്നുള്ള വിളി
എന്റെ കുടുംബം വളരെ യാഥാസ്ഥിതിക മുസ്ലിം കുടുംബമാണ്. പക്ഷേ അവർ എന്നെ കുഞ്ഞിലേ കണ്ണാ എന്ന് വിളിക്കുമായിരുന്നു. അത് കളിയാക്കിയിട്ടായിരുന്നു വിളി. മുസ്ലിം കുടുംബത്തിലൊരു കുട്ടിയെ കണ്ണാ എന്ന് വിളിക്കുന്നത് കളിയാക്കിയുള്ള വിളി ആണല്ലോ. അങ്ങനെ വീടിനടുത്തുള്ള കുട്ടികൾ സ്കൂളിലൊക്കെ ചെന്ന് പറയും. അങ്ങനെ സ്കൂളിലും അത് അറിയും. അതുകൊണ്ട് എനിക്ക് കണ്ണാ എന്ന് വിളി കേൾക്കുന്നത് ഇഷ്ടമല്ലായിരുന്നു. പക്ഷേ, ഞാനന്ന് കണ്ണന്റെ ചിത്രങ്ങളോ ഒന്നും കണ്ടിട്ടില്ല. കല്ല്യാണം കഴിഞ്ഞ ശേഷം ഭർത്താവാണ് കണ്ണനെ കാണിച്ചു തരുന്നത്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമായി. പിന്നെ എവിടെ കണ്ണനെ കണ്ടാലും ഞാൻ ശ്രദ്ധിക്കുമായിരുന്നു. ഭർത്താവിന്റെ ഒട്ടുമിക്ക സുഹൃത്തുക്കളും ഹിന്ദുക്കളാണ്. അവരുടെ വീട്ടിൽ പോകുമ്പോഴെല്ലാം കണ്ണന്റെ വിഗ്രഹവും ഫോട്ടോയും ഒക്കെ കാണും. ഇതൊക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര ഇഷ്ടം തോന്നും. കാരണം, നല്ല ആഭരണങ്ങളൊക്കെ ഇട്ട് നിൽക്കുന്ന കുഞ്ഞിക്കണ്ണനെയാണ് മിക്കയിടങ്ങളിലും കണ്ടത്. ഇപ്പോ ലോകം തന്നെ എന്നെ കണ്ണാ എന്ന് വിളിക്കുന്നു. അതിലെനിക്ക് ഭയങ്കര സന്തോഷാണ്.
വരച്ച് തുടങ്ങിയതെങ്ങനെ?
എന്റെ വീട് പൊളിച്ചിരിക്കുന്ന സമയത്ത് ഞങ്ങളൊരു ഷെഡ്ഡിലായിരുന്നു താമസം. ആ സമയത്ത് തന്നെയാണ് ഞാനെന്റെ ഇളയ കുഞ്ഞിനെ ഗർഭിണിയാവുന്നതും. അതേസമയം ഞാനൊന്ന് വീണിരുന്നു. അന്ന് ഡോക്ടറെ കണ്ടപ്പോൾ ബെഡ്‍റെസ്റ്റ് പറഞ്ഞു. അന്ന് ഷെഡ്ഡിനകത്ത് ഭയങ്കര ചൂടായതുകൊണ്ട് പുറത്തേക്ക് എനിക്കൊരു കട്ടിലിട്ടു തന്നിരുന്നു. ആ കട്ടിലിൽ വന്ന് കിടക്കുന്ന സമയത്ത് പണിക്കാർ വാർപ്പിന് കൊണ്ടുവന്ന കുറേ പേപ്പറുകളുണ്ടായിരുന്നു വീട്ടിൽ. അതിന്റെ മുകളിലായി ഒരു കണ്ണന്റെ ഫോട്ടോ കണ്ടു. കുമ്പിട്ട് മധുരമെടുത്ത് കഴിക്കുന്ന ഫോട്ടോയാണ്. അങ്ങനെ 'ആഹാ ഈ കണ്ണൻ കൊള്ളാല്ലോ ഇതൊന്ന് വരച്ചുനോക്കിയാലോ' എന്ന് തോന്നി.
അന്ന് മകൻ കെജി പഠിക്കുകയാണ്. അങ്ങനെ മോന്റെ പെൻസിലൊക്കെയെടുത്ത് ഞാനത് വരച്ചുനോക്കി. വരച്ചത് നന്നാവുകയും ചെയ്തു. ഭർത്താവ് ജോലിക്ക് പോയി വന്നപ്പോൾ കാണിച്ചു കൊടുത്തു. അന്ന് ഭർത്താവ് പറഞ്ഞു, നീയിത് വരച്ചതൊക്കെ നന്നായിട്ടുണ്ട്. പക്ഷേ, വീട്ടിൽ വയ്ക്കണ്ട. കാരണം ഭർത്താവിന്റെ വീട്ടുകാരല്ല, എന്റെ വീട്ടുകാർ കണ്ടാൽ അത് പ്രശ്നമാണ്. അതോണ്ട്, നീയിത് നശിപ്പിച്ച് കളയ് എന്ന് പറഞ്ഞു. പക്ഷേ, ഞാൻ പറഞ്ഞു, ഞാനാദ്യായിട്ട് വരച്ചതല്ലേ, നശിപ്പിച്ച് കളയില്ല. കൂട്ടുകാർക്ക് സമ്മാനമായി കൊടുക്കാം എന്ന്. ഭർത്താവ് അത് ഫ്രെയിമൊക്കെ ചെയ്ത് തന്നു. അങ്ങനെ ഞാനൊരു ഹിന്ദു കുടുംബത്തിന് അത് സമ്മാനമായി നൽകി. ആ കുടുംബം പിന്നീടെന്നോട് ആ ചിത്രം വീട്ടിലെത്തിയ ശേഷം അവർക്ക് നല്ല കാര്യങ്ങളൊരുപാട് നടന്നു എന്ന് പറഞ്ഞു.
എന്റെ സ്വന്തം സ്ഥലം താമരശ്ശേരിയിലെ പൂനൂരാണ്. അവിടെ മുസ്ലിംകളാണ് തിങ്ങിപ്പാർക്കുന്നത്. അവിടെ നിന്നും ഒരു മുസ്ലിം കുട്ടി കൃഷ്ണനെ വരയ്ക്കുന്നു എന്ന് ആ കുടുംബം പറഞ്ഞ് കുറേപ്പേർ അറിഞ്ഞു. അവർക്കൊക്കെ അത് അത്ഭുതമായിരുന്നു. ആ കുടുംബം ആ കൃഷ്ണനെ വീട്ടിൽ വച്ചശേഷം നല്ല കാര്യങ്ങൾ സംഭവിച്ചു എന്ന് പറഞ്ഞതറിഞ്ഞ് കുറേപ്പേർ വിളിച്ചു, കൃഷ്ണനെ വാങ്ങി. പിന്നെ, ചിലർ ഞാനൊരു മുസ്ലിം കുട്ടിയാണ്. അവൾക്കൊരു പ്രചോദനമായിക്കോട്ടെ എന്ന് കരുതിയും ചിത്രം വാങ്ങി.
ഒരുപാട് ആളുകൾ കണ്ണന്റെ ചിത്രം തേടി എന്റെയടുത്ത് വരാറുണ്ട്. അതുകൊണ്ടാണ് ഇത്രയധികം കണ്ണനെ ഞാൻ വരച്ചത്. നാട്ടിൽ നിന്നുമാത്രമല്ല, 14 ജില്ലകളിൽ നിന്നും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമെല്ലാം ആളുകൾ കണ്ണനെ തേടി വിളിക്കാറുണ്ട്.
അമ്പലത്തിൽ സമർപ്പിക്കാൻ എങ്ങനെ അവസരം കിട്ടി
കഴിഞ്ഞ ശ്രീകൃഷ്ണജയന്തിക്ക് ഗുരുവായൂർ അമ്പലത്തിൽ ഇത്ര തന്നെ വലിപ്പമുള്ള ഒരു ശ്രീകൃഷചിത്രം കൊടുത്തിരുന്നു. അന്നത് വാർത്തയായിരുന്നു. അത് ഉളനാട്ടിലെ അജിത് എന്നൊരു ചേട്ടൻ കണ്ടു. എനിക്ക് മെസഞ്ചറിൽ മെസേജ് അയച്ചു. അത്ര തന്നെ വലിപ്പമുള്ള ഒരു കൃഷ്ണനെ വേണം എന്ന് പറഞ്ഞു. അങ്ങനെ ഒരു 'തത്വമസി കുടുംബം' എന്ന ഒരു പേജുണ്ട്. അവരായിരുന്നു സ്പോൺസർ. അവര് മുഖേനെയാണ് അത് അമ്പലത്തിലെത്തിച്ചത്.
ഇനിയും കണ്ണനെ വരയ്ക്കും
വര തുടങ്ങിയ സമയത്ത് വീട്ടിൽ നിന്നും കുറച്ച് എതിർപ്പുണ്ടായിരുന്നു. അന്ന് ഭർത്താവും പറഞ്ഞു, വീട്ടുകാർക്ക് ഇഷ്ടമല്ലെങ്കിൽ വരയ്ക്കണ്ട എന്ന്. ആ സമയത്ത് വര നിർത്തിയേക്കാം എന്ന് കരുതിയതാണ്. അപ്പോൾ പ്രായമായ ഒരു ചേച്ചി അവരുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല. ഒരു കൃഷ്ണനെ വേണം എന്നൊക്കെ പറഞ്ഞ് വിളിച്ചു. അന്ന് ഞാനവരോട് പറഞ്ഞു ചേച്ചീ ഞാൻ വരച്ച കണ്ണനെ വീട്ടിൽ വച്ചാൽ ആഗ്രഹം സാധിക്കും എന്നതൊക്കെ ആളുകൾ വെറുതെ പറയുന്നതാണ്. അത് വച്ചാൽ ആഗ്രഹം നടക്കും എന്നൊന്നുമില്ല. ഞാനത് വിശ്വസിക്കുന്നുമില്ല. കാരണം, ഞാൻ കണ്ണനെ വച്ച് ആരാധിക്കുന്ന ഒരു വ്യക്തിയല്ല. പക്ഷേ, വേണമെങ്കിൽ ഞാൻ വരച്ചു തരാം എന്ന് പറഞ്ഞു. അങ്ങനെ അത് കൂടി കൊടുത്തിട്ട് നിർത്താമെന്ന് വച്ച് വരച്ചുകൊടുത്തു.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ആ ചേച്ചി എന്നെ കാണാൻ വന്നു. അവരുടെ കല്ല്യാണം കഴിഞ്ഞു എന്നൊക്കെ പറഞ്ഞാണ് വന്നത്. അവർക്ക് ഭയങ്കര സന്തോഷമായിരുന്നു. അത് കണ്ടപ്പോൾ എനിക്കും ഭർത്താവിനും സന്തോഷമായി. കാരണം, ഒരാൾക്ക് ഒരു സന്തോഷം കൊടുക്കുകയാണ് ഞാനിതിലൂടെ ചെയ്യുന്നത്. ആരേയും ദ്രോഹിക്കുന്നില്ല. വീട്ടിൽ നിന്നാണെങ്കിൽ പോലും എതിർപ്പുകൾ വലുതായിട്ടില്ല. ഉമ്മാക്കും ബാപ്പാക്കും സഹോദരിമാർക്കും പിന്നെ ഭർത്താവിനും വീട്ടുകാർക്കും എല്ലാം സമ്മതമാണ്. അന്ന് ഭർത്താവ് പറഞ്ഞു. 'നീ വരച്ച് കൊടുത്തോ. പക്ഷേ, വീട്ടിൽ വയ്ക്കരുത്' എന്ന്. അങ്ങനെ ആളുകൾ വിളിച്ചു പറഞ്ഞാൽ വരച്ച് കൊടുക്കാൻ തുടങ്ങി. എല്ലാ മാസവും എനിക്ക് ഓർഡർ വരാറുണ്ട്. ഓർഡർ വരുന്നിടത്തോളം കാലം ഞാൻ കൃഷ്ണനെ വരയ്ക്കും.
മറ്റ് ചിത്രങ്ങളും ഞാൻ വരയ്ക്കാറുണ്ട്. പക്ഷേ, കണ്ണനെ വരയ്ക്കുന്നത് ഒരേ മോഡൽ കണ്ണനാണ്. കാരണം വേറൊന്നുമല്ല, എല്ലാവരും ആവശ്യപ്പെടുന്നത് ഈ കുഞ്ഞ് വെണ്ണക്കണ്ണനെയാണ്. ഞാനറിയപ്പെടുന്നതും ഈ ചിത്രത്തിന്റെ പേരിലാണ്.
മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മനോജ് കെ.ജയൻ, ദിലീപ്, മാതാ അമൃതാനന്ദമയി, ഗോകുലം, മാളവിക ഇവരൊക്കെ ഈ ചിത്രം എന്റെ കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ട്. കാൻവാസ്, അക്രിലിക്, ഗ്ലാസ് പെയിന്റ് എല്ലാം ചെയ്യാറുണ്ട്. പക്ഷേ, വര പഠിച്ചിട്ടൊന്നുമില്ല.
കുടുംബം
ഭർത്താവിന്റെ വീട് കൊയിലാണ്ടിയാണ്. ഭർത്താവ് ദുബൈ ആണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളുണ്ട്. ഒരു മകനും മകളും.