നെരുളിലെ ‘ജ്വവൽ ഓഫ് നവിമുംബൈ’ ജലാശയത്തിന് സമീപത്താണ് കൂറ്റൻ ഫ്ലെമിങോ ശിൽപം (flamingo statue) തീർത്തിരിക്കുന്നത്. അതും 10 ആൾ പൊക്കത്തിൽ.
മുംബൈ: ഫ്ലെമിങ്ങോ(flamingo)കളുടെ പറുദീസയാണ് നവിമുംബൈ(Navi Mumbai) -യിലെ തണ്ണീർത്തടങ്ങൾ. ഒരോ വർഷവും വേനൽകാലത്ത് ഇവിടേക്ക് പറന്നെത്തുന്നത് ആയിരമോ പതിനായിരമോ അല്ല. ലക്ഷക്കണക്കിന് ഫ്ലെമിങ്ങോകളാണ്. കുഞ്ഞു ഫ്ലെമിങ്ങോകൾ പൂർണ വളർച്ചയെത്തുന്നതും നോക്കി നിന്നാൽ ഇവിടെ കാണാം. ചാര നിറത്തിൽ നിന്ന് പിങ്ക് നിറത്തിലേക്കുള്ള വളർച്ചയുടെ കാലഘട്ടം.
ഡിസംബർ മുതലാണ് സാധാരണ ഫ്ലെമിങ്ങോകൾ എത്തുക. ഗുജറാത്തിലെ (Gujarat) കച്ച് മേഖലയിൽ പ്രജനനം നടത്തിയാണ് വരവ്. നവിമുംബൈയിലെ തണ്ണീർത്തടങ്ങളിലെ ആൽഗകൾ കഴിച്ച് കുറച്ച് നാൾ. ജൂൺ മാസത്തോടെ മടക്കയാത്ര തുടങ്ങും. ഫ്ലെമിങോ സിറ്റിയെന്നാണ് ഇപ്പോൾ നവിമുംബൈ അറിയപ്പെടുന്നത്. ഈ മാസം ഫ്ലെമിങോ ഫെസ്റ്റിവലും നടക്കുന്നുണ്ട്. ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയാണ് നവിമുംബൈ കോർപ്പറേഷൻ.
undefined
നെരുളിലെ ‘ജ്വവൽ ഓഫ് നവിമുംബൈ’ ജലാശയത്തിന് സമീപത്താണ് കൂറ്റൻ ഫ്ലെമിങോ ശിൽപം (flamingo statue) തീർത്തിരിക്കുന്നത്. അതും 10 ആൾ പൊക്കത്തിൽ. കൃത്യമായി പറഞ്ഞാൽ 61 അടി. നഗര ശുചീകരണത്തിന്റെ ഭാഗമായി നവിമുംബൈ മുനിസിപ്പൽ കോർപറേഷൻ ആരംഭിച്ച യജ്ഞത്തിൽ ലഭിച്ച പാഴ് വസ്തുക്കൾ കൊണ്ടാണ് ഇത്രയും ഉയരമുള്ള മനോഹര ശിൽപം തീർത്തത് എന്നതും ശ്രദ്ധേയമാണ്.
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് ബുക്കിലും ഈ ഫ്ലെമിങോ ശിൽപം ഇടം പിടിച്ചു കഴിഞ്ഞു. ആക്രി വസ്തുക്കൾ കൊണ്ട് നിർമിച്ച ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിൽപമെന്നതാണ് ആ റെക്കോർഡ്. 1500 കിലോ ലോഹം ശിൽപത്തിലുണ്ട്. ചതുപ്പിലെ ഫ്ലെമിങോകൾക്കൊപ്പം ഈ കൂറ്റൻ ഫ്ലെമിങ്ങോയും സഞ്ചാരികളെ നവിമുംബൈയിലേക്ക് ആകർഷിക്കുകയാണ്.