ചിക്ക്മംഗലൂരിലേക്ക് ഒരു കോളജ് ടൂര്‍. ആ ഫോട്ടോയുടെ കഥ. സ്‌നേഹ നായര്‍ എഴുതുന്നു
ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.
undefined
ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്തുള്ള ഒരോര്‍മ്മ ഇടയ്ക്കിടെ രാപ്പനിപോലെ പിടികൂടും. വീട്ടുകാരോട് ഒരുപാട് വാശി പിടിച്ച് പോയ ഞങ്ങളുടെ ഐ. വി (ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്) ഓര്‍മ്മകള്‍.. ബാംഗ്ലൂര്‍, ചിക്ക്മംഗലൂര്‍, ഉഡുപ്പി, ഗോകര്‍ണ്ണം, മാല്‍പേ ബീച്ച് എന്നിവിടങ്ങളില്‍ ആയിരുന്നു ടൂര്‍.
വിവിധ നിറത്തിലുള്ള ലൈറ്റ്‌സും ഇരുട്ടിന്റെ ഒരു ക്ലീഷെ നിഗൂഢതയും ചേരുമ്പോള്‍ ബസ് യാത്ര തന്ന ഫീല്‍ ഞങ്ങളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ 'മ്യാരകമായിരുന്നു.'നല്ല അടിപൊളിപാട്ടുകള്‍ക്കൊപ്പം ബോധംകെട്ട് നൃത്തം ചെയ്തപ്പോള്‍ സദാചാരനിയമങ്ങളൊക്കെ ഞങ്ങള്‍ സൗഹൃദമെന്ന ചരടിനാല്‍ പൊട്ടിച്ചു കളയുകയായിരുന്നു. ചിലയിടങ്ങളില്‍ സൗഹൃദത്തിന്റെ മഞ്ഞപ്പൂക്കള്‍ വിടര്‍ന്നപ്പോള്‍.. ചില സീറ്റുകളില്‍ കമിതാക്കള്‍ ഹൃദയവര്‍ണ്ണം ചാലിച്ച് പ്രണയചന്ദനം പരസ്പരം കൈമാറി. സീറ്റ് കിട്ടാതെ വലഞ്ഞുപോയ ഞാനിരുന്നതും അത്തരമൊരു കമിതാക്കളുടേ അടുത്ത്. 'കട്ടുറുമ്പാവല്ലേടീ'യെന്ന് പുറകില്‍ നിന്നു കളിയാക്കിവിളിച്ച സുഹൃത്തുക്കളുടെ ട്രോള്‍ കേട്ടു വലഞ്ഞ് അവസാനം പുറകിലെ സീറ്റില്‍ ഞാനിരുന്നു.
പുറകിലായത് കൊണ്ട് ആരും അധികം ഇരിക്കില്ലായിന്നു. ഞങ്ങള്‍ ബാംഗ്ലൂര്‍ എത്തുംവരെ കുറേ നൃത്തം ചെയ്തു. അവസാനം തളര്‍ന്നുറങ്ങി.. ബാംഗ്ലൂര്‍ എന്തുകൊണ്ടോ ചിരപരിചിതമായ ഇടമായി തോന്നി. ലാല്‍ബാഗും ഷോപ്പിംഗ് മാളുകളും കണ്ടു തീര്‍ത്തു ഞങ്ങള്‍ നേരെ തിരിച്ചത് ചിക്ക്മംഗലൂരിലേക്കാണ്. ബാംഗ്ലൂരിലെ ബസാറുകളില്‍ അത്യാവശ്യം പണം ചിലവായത് കൊണ്ട് പണം ചുരുക്കി ചിലവാക്കണമെന്ന് ഉള്ളില്‍ നിന്നാരോ പറഞ്ഞു.
ചിക്ക്മംഗലൂര്‍ നിറയെ മലയടിവാരങ്ങളും മേടുകളുമാണ്. എന്റെ ഫോട്ടോയ്ക്ക് പിന്നിലെ കഥ തുടങ്ങുന്നതും ആ മണ്ണില്‍ വച്ച് തന്നെ. കുറെ കഷ്ടപ്പെട്ടാണ് ചിക്ക്മംഗലൂര്‍ പോകാനുള്ള ജീപ്പ് സംഘടിപ്പിച്ചത്. ടൂര്‍ കോഡിനേറ്ററായ ബിനു എല്ലാത്തിനും നേതൃത്വം കൊടുത്ത്് നടപ്പുണ്ട്.. അവനെങ്ങനെയൊക്കെയോ 2-3 ജീപ്പുകള്‍ സംഘടിപ്പിച്ചു.. ഞങ്ങള്‍ക്ക് കിട്ടിയ ജീപ്പ് 'പറക്കും തളികയിലെ താമരാക്ഷന്‍പിള്ള' ജീപ്പിനെ ഓര്‍മ്മിപ്പിച്ചു. അതിന്റെ ഡ്രൈവറാകട്ടെ കന്നട മാത്രം സംസാരിക്കാനറിയുന്ന ഒരു വൃദ്ധന്‍.
ജീപ്പ് സഞ്ചരിച്ചു തുടങ്ങിയപ്പോഴാണ് വഴിയെത്ര മോശമാണെന്ന് അറിഞ്ഞു തുടങ്ങിയത്. നിരപ്പല്ലാത്തതും വീതി കുറഞ്ഞതുമായ നടപ്പാതകളിലൂടെ എങ്ങനെയൊക്കെയോ ഡ്രൈവര്‍ വണ്ടിയോടിച്ചു. ബിനു മുന്‍സീറ്റിലിരുന്ന് അയാളെ കളിയാക്കുകയായിരുന്നു. അയാള്‍ക്ക് മലയാളം അറിയില്ലല്ലോയെന്ന ധാര്‍ഷ്ട്യത്തില്‍ ഞാനും വിസ്മയയും അയാളെ കളിയാക്കിക്കൊന്നു. 'നിമ്മ ഹെസരെനൂ...?' ആകെ അറിയാവുന്ന കന്നടയെടുത്ത് കാച്ചി ഞാനവിടെ ആളു കളിച്ചു.
അയാളുടെ പേര് ബൊപ്പണ്ണയെന്നായിരുന്നു. പാറിപറന്ന മുടിച്ചുരുളുകളും വയലറ്റ് ചുണ്ടുകളും ഈര്‍ക്കില്‍പോലുള്ള ഞരമ്പുകളുമുള്ള ബൊപണ്ണ. അയാളുടെ തുരുമ്പിച്ച ജീപ്പിലിരുന്ന് ഇട വഴിയിലൂടെ യാത്ര പോകുമ്പോള്‍ അയാള്‍ക്ക് വന്ന ഫോണ്‍കോളുകളൊക്കെയും കാമുകിമാരുടേതാകുമെന്ന് ഞങ്ങളൊക്കെയും അടക്കിച്ചിരിച്ചത് മനസ്സിലിന്നും മായാതെ കിടപ്പുണ്ട്.
ഓവര്‍ടേക്ക് ചെയ്യുന്ന വണ്ടികളെ നോക്കി കന്നടയില്‍ എന്തോ മുട്ടന്‍ തെറി വിളിച്ച് കുതിച്ചു പായുന്ന അയാളുടെ ചുറുചുറുക്ക് ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നു. മലയാളം അറിയാത്ത അയാളെ നോക്കി കമന്റുകളടിച്ച് രസിച്ചപ്പോള്‍ ആ മെലിഞ്ഞ ഉടലിലെ മുറിവുകള്‍ ഞാന്‍ ശ്രദ്ധിച്ചതേയില്ല. അഗാധമായൊരു കൊക്കപോലെ മലയ്ക്കിരുവശവുമുള്ള ചെരിഞ്ഞ പ്രദേശം കണ്ടപ്പോള്‍ ആദ്യം തലകറക്കം വന്നു. ചിക്ക്മംഗലൂരെന്നാല്‍ മലകയറ്റമാണെന്ന് നിനയ്ക്കാത്ത എനിക്ക് കിട്ടിയ എട്ടിന്റെ പണി.
കൂര്‍ത്ത കല്ലുകളും ചെങ്കുത്തായ കുന്നുകളും കയറി ഏറ്റവും അറ്റത്തെത്തുമ്പോഴേക്കും കാലടികളില്‍ ക്ഷതമേറ്റിരുന്നു. ഇനിയൊരു മല കൂടിയുണ്ടെന്ന് പറഞ്ഞു ആവേശത്തോടെ കുറേപ്പേര്‍ പോയപ്പോള്‍ ഞാനവിടെ തന്നെ ഇരുന്നു. ക്ഷീണിച്ച അവശയായ എനിക്ക് ജീന്‍സിലെ വിയര്‍പ്പുതുള്ളികള്‍പോലും ഭാരമുള്ള കല്ലായിത്തോന്നും. തുടകളുടെ ഇരുവശവും ചുമന്നു തുടുത്തു വന്നു. ഇനി മുന്നോട്ട് നടക്കാന്‍ വിരലുകളിലെ വ്രണങ്ങളുമനുവദിക്കുന്നില്ല. ഞാനും കൂട്ടുകാരും ചേര്‍ന്നു കുറേ ഫോട്ടോകളെടുത്ത് രസിച്ചു.
അപ്പോഴെടുത്ത ഫോട്ടോഗ്രാഫാണിത്. കൂട്ടുകാരിയായ സുനൈന എടുത്ത ചിത്രം. വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന എഴുത്തുകാരിയെന്ന് കൂട്ടുകാര്‍ കളിയാക്കി ചിരിച്ചു. ചിക്ക്മംഗലൂര്‍ കുന്നിന്റെ അടിവാരത്തേക്കും ഉയരത്തില്‍ ഉള്ള മരത്തലപ്പുകളിലേക്കും ഒരേ സമയം നോക്കിയ നിമിഷം ഞാന്‍ ബൊപ്പണ്ണയെ ഓര്‍ത്തു.അയാള്‍ ഞങ്ങളെ തിരിച്ചു കൊണ്ടാക്കാന്‍ കാത്തു നില്‍പ്പുണ്ടാവുമോ.
അയാളുടെ അസാന്നിധ്യത്തിലും ഞാനാ പഴുത്ത വിരലുകള്‍ കാണുന്നുണ്ടായിരുന്നു. ഞങ്ങള്‍ കൊടുക്കാന്‍ പോകുന്ന വണ്ടിക്കൂലിയും പ്രതീക്ഷിച്ചിരിക്കുന്ന അയാളുടേ കാലിപോക്കറ്റും മനസ്സില്‍ തെളിഞ്ഞു. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ക്രൂരമായ തമാശകള്‍ പറഞ്ഞു മനുഷ്യരെ വേദനിപ്പിക്കുന്ന എന്നെ എനിക്കുതന്നെ വെറുപ്പ് തോന്നി.
ആ ഫോട്ടോയ്ക്ക് ശേഷം കുന്നിറങ്ങിവരാന്‍ മാത്രമാണ് മനസ്സു കൊതിച്ചത്. ബൊപ്പണ്ണയോട് ഒരിക്കല്‍ കൂടി സംസാരിക്കണം. സ്‌നേഹത്തോടെ.
പക്ഷേ സമയമേറെ വൈകിയത് കൊണ്ട് ഞങ്ങള്‍ വേഗം വണ്ടിയില്‍ കയറി.എരിഞ്ഞു തീരാറായ ബീഡിക്കുറ്റി മണ്ണിലെറിഞ്ഞ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അയാള്‍ വണ്ടിയെടുത്തു. അയാളുടെ ചിത്രം പകര്‍ത്താനുള്ള കൊതിയില്‍ ഞാന്‍ പലതവണ സൈഡില്‍ നിന്ന് ചിത്രം എടുക്കാന്‍ നോക്കി. തെറികേട്ടാലോയെന്ന് ഭയന്ന് പിന്നെ വേണ്ടായെന്ന് വെച്ചു. ചിക്ക്മഗലൂരിലെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന എന്റെ ചിത്രത്തില്‍ നിന്ന് തുടങ്ങിയ ഫിലോസഫിക്കല്‍ ഭ്രാന്ത് എനിക്കൊരിക്കലും എടുക്കാന്‍ സാധിക്കാത്ത ഫോട്ടോ വരെ എത്തി നില്‍ക്കുന്നു..
കുഞ്ഞിനെയെന്നപോലെയാണ് ഫോണിനെ താലോലിച്ചു നടന്നത്. അതുകൊണ്ടു മലകയറുമ്പോഴും ഫോണിനെ ഭദ്രമായി സൂക്ഷിക്കുകയെന്ന എന്റെ ഓവര്‍ കണ്‍സേണ്‍ ടൂറിനവസാനം മാല്‍പ്പാബീച്ചിലെ ഈര്‍പ്പകാറ്റായിവന്ന് പണിതരുകയും ചെയ്തു.. ഫോണ്‍ കേടായി. അപ്പോഴും കുറ്റബോധത്തോടെ ബൊപ്പണ്ണയെ ഞാനോര്‍ത്തു.
ബൊപ്പണ്ണ, നിങ്ങളുടെ ചെമ്പിച്ച തലമുടിയുള്ള പേരക്കുട്ടികളെ എനിക്ക് കാണാനാകുന്നുണ്ടിപ്പോള്‍. വിദൂരതയിലെ കാഴ്ച പോലെ. വണ്ടിക്കൂലി കിട്ടിയ സന്തോഷത്തില്‍ പോക്കറ്റ് നിറച്ച് തന്റെ പഴകിയ ഷര്‍ട്ടിന്റെ ഫുള്‍സ്ലീവ് വലിച്ചുകേറ്റുന്ന ബൊപ്പണ്ണ മനസ്സിലൊരു മായാത്ത കാഴ്ചയാണ്.
ഞാനപ്പോള്‍ മനസ്സില്‍ പറഞ്ഞു, ബൊപ്പണ്ണ നിങ്ങള്‍ മരിച്ചാല്‍ ഞാനറിയുക പോലുമില്ല. ഒരുപക്ഷേ ആ ദിവസം എന്നെ മറ്റേതെങ്കിലും വിധമായിരിക്കും കരയിപ്പിക്കുക.
പിന്നൈയെന്നെങ്കിലും ചിക്ക്മഗലൂരിലേക്ക് പോകാന്‍ സാധിക്കുമോ എന്നറിയില്ല. ആ തുരുമ്പിച്ച ജീപ്പിലെ കീറിയ സീറ്റുകളെക്കാള്‍ ആഴത്തിലുള്ള മുറിവ് എനിക്കൊരു യാത്രയിലും ലഭിച്ചിട്ടില്ല. എന്റെയീ ഫോട്ടോ കാണുമ്പോള്‍ ദിവസവും നിങ്ങളെ ഞാന്‍ ഓര്‍ത്തുപോകുന്നു. പറയാതെ പോയ, നിങ്ങളറിയാതെ പോയ ഒരു ക്ഷമാപണം കരടായി ബാക്കി നില്‍ക്കുന്നു.