ഒരു മ്യൂസിയം വക്താവ് സംഭവം സത്യമാണ് എന്നും വിദ്യാർത്ഥിക്ക് വിശന്നത് കൊണ്ടാണ് പഴം കഴിച്ചത് എന്നും സ്ഥിരീകരിച്ചു.
വിശന്നാൽ ചിലപ്പോൾ നമ്മൾ നമ്മളല്ലാതെ ആവാറുണ്ട്. ആ സമയത്ത് കിട്ടുന്ന ഭക്ഷണം ചിലപ്പോൾ കഴിച്ചു പോയെന്നുമിരിക്കും. എന്നുവച്ച് ഏകദേശം ഒരുകോടിക്കടുത്ത് വില വരുന്ന ഒരു പഴം കഴിക്കുമോ? എന്നാലും ഒരുകോടിക്കടുത്തൊക്കെ വില വരുന്ന ആ പഴം ഏതാണ് എന്നാണോ ചിന്തിക്കുന്നത്? ഇതൊരു സാധാരണ വാഴപ്പഴം തന്നെയാണ്. എന്നാൽ, അത് പ്രശസ്തമായ ഒരു ആർട്ട് ഇൻസ്റ്റലേഷന്റെ ഭാഗമായിരുന്നു. സമാനമായ കലാസൃഷ്ടി നേരത്തെ വിറ്റുപോയത് 98 ലക്ഷം രൂപയ്ക്ക് മുകളിലാണ്.
ദക്ഷിണ കൊറിയയിലാണ് സംഭവം നടന്നത്. ദക്ഷിണ കൊറിയയിലെ സിയോളിലെ ലീയം മ്യൂസിയം ഓഫ് ആർട്ടിലെ ഒരു ആർട്ട് ഇൻസ്റ്റാളേഷന്റെ ഭാഗമായിരുന്നു വാഴപ്പഴം. എന്നാൽ, സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥി വാഴപ്പഴമെടുത്ത് കഴിക്കുകയായിരുന്നു. രാവിലെ ഒന്നും കഴിച്ചില്ല, വിശക്കുന്നു എന്നും പറഞ്ഞാണത്രെ വിദ്യാർത്ഥി പഴമെടുത്ത് കഴിച്ചത്.
undefined
ഇറ്റാലിയൻ വിഷ്വൽ ആർട്ടിസ്റ്റ് മൗറിസിയോ കാറ്റെലന്റേതാണ് ഈ കോമേഡിയൻ ഇൻസ്റ്റലേഷൻ, ഡക്‌ട് ടേപ്പ് ഉപയോഗിച്ച് ചുവരിൽ ഒട്ടിച്ച നിലയിലുള്ള വാഴപ്പഴമാണ് ഈ സൃഷ്ടി. ഈ പഴമാണ് വിദ്യാർത്ഥി കഴിച്ചത്. വിദ്യാർത്ഥിയുടെ സുഹൃത്ത് തന്നെയാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നതും. സുഹൃത്ത് പിന്നീടത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
നോ ഹുയ്‍ൻ സോ എന്ന വിദ്യാർത്ഥി ചുമരിൽ നിന്നും വാഴപ്പഴം എടുക്കുന്നതും കഴിക്കുന്നതും തിരികെ പഴത്തിന്റെ തൊലി അവിടെ തന്നെ ഒട്ടിച്ച് വയ്ക്കുന്നതും വീഡിയോയിൽ കാണാം. ഒരു മ്യൂസിയം വക്താവ് സംഭവം സത്യമാണ് എന്നും വിദ്യാർത്ഥിക്ക് വിശന്നത് കൊണ്ടാണ് പഴം കഴിച്ചത് എന്നും സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ സംഭവമായതിനാൽ തന്നെ വിദ്യാർത്ഥിക്ക് നേരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല എന്നും ഇയാൾ പറഞ്ഞു. ആർട്ടിസ്റ്റ് മൗറിസിയോ കാറ്റെലനെ വിവരം അറിയിച്ചുവെങ്കിലും പ്രതികരിച്ചിട്ടില്ല. അല്ലെങ്കിലും രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഈ പഴം മാറ്റി വയ്ക്കാറുണ്ട് എന്നും പറയുന്നു.