ആറ് കോടി വര്‍ഷം മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്ന ടൈറനോസോറസുകള്‍ തൃശ്സൂര്‍ പൂരത്തിന് തിടമ്പേറ്റിയാല്‍ ഏങ്ങനെയിരിക്കും. പ്രത്യേകിച്ചും കേരളത്തില്‍ അരിക്കൊമ്പനും ചക്കക്കൊമ്പനും ആഴ്ചകളായി വാര്‍ത്താ പ്രാധാന്യം നേടുന്ന കാലത്ത്?
ജീവന്‍ തുടിക്കുന്ന എഐ ചിത്രങ്ങളുടെ കാലമാണിത്. നമ്മുടെ ആശയത്തിനും ആഗ്രഹത്തിനും അനുസരിച്ച് നമ്മള്‍ കൊടുക്കുന്ന വിവരങ്ങളില്‍ നിന്ന് ഏറ്റവും അനുയോജ്യമായ, എന്നാല്‍ അതിലേറെ റിയലിസ്റ്റിക്കായ ചിത്രങ്ങള്‍ നമ്മുക്കുവേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കുന്ന നിരവധി ടൂളുകള്‍ ഇന്ന് ലഭ്യമാണ്. അതോടൊപ്പം നിങ്ങളുടെ വന്യമായ ഭാവനകള്‍ കൂടി ചേരുമ്പോള്‍ ചിത്രങ്ങള്‍ റെഡി. അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ ചില ചിത്രങ്ങള്‍ വൈറലായി. സെനോസോയിക് യുഗത്തില്‍, അതായത് ആറ് കോടി വര്‍ഷം മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്ന ടൈറനോസോറസുകള്‍ തൃശ്ശൂര്‍ പൂരത്തിന് തിടമ്പേറ്റിയാല്‍ ഏങ്ങനെയിരിക്കും. പ്രത്യേകിച്ചും കേരളത്തില്‍ അരിക്കൊമ്പനും ചക്കക്കൊമ്പനും ആഴ്ചകളായി വാര്‍ത്താ പ്രാധാന്യം നേടുന്ന കാലത്ത്? പരിണാമ വഴികളില്‍ ഇല്ലാതായ ടൈറനോസോറസുകളെ പൂര നഗരിയിലേക്ക് എത്തിച്ച ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അര്‍ജുന്‍ സജീവ് ചിത്രങ്ങളിലേക്കെത്തിയ വഴികളെ കുറിച്ച് ഏഷ്യാനെറ്റ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.
'വീട് കൊച്ചിയില്‍, കോലഞ്ചേരിക്ക് സമീപം പട്ടിമറ്റത്താണ്. കുസാറ്റില്‍ നിന്ന് 2019 -ല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ചെന്നൈയിലേക്ക് വണ്ടി കയറി. അവിടെ എച്ച്സിഎല്‍ കമ്പനിയില്‍ 4 ജി, 5 ജി സെക്ഷനിലാണ് - ഇലക്ട്രോണിക്സ് - വര്‍ക്ക് ചെയ്യുന്നത്. ചിത്രകലയോട് ചെറുപ്പം മുതലേ താത്പര്യമുണ്ടായിരുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ പെയിന്‍റിംഗിനോട്, പ്രത്യേകിച്ചും രവിവര്‍മ്മ ചിത്രങ്ങളോട് ചെറുപ്പം മുതലേ പ്രത്യേക താത്പര്യമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ കുറിച്ചുള്ള വാര്‍ത്തകളും പ്രത്യേക താത്പര്യത്തോടെ ശ്രദ്ധിച്ചിരുന്നു.
undefined
മെട്രോ നഗരത്തിൽ ജീവിക്കാൻ പ്രതിമാസം 50,000 രൂപ മതിയാകില്ലെന്ന് യുവതി; പ്രതികരണവുമായി നെറ്റിസണ്‍സ്
2022 ജൂലൈയിലാണ് മിഡ്ജേര്‍ണി എന്ന എഐ ടൂള്‍ ഇറങ്ങുന്നത്, ആദ്യ സമയങ്ങളില്‍ അത്രയ്ക്ക് യൂസര്‍ഫ്രണ്ട്ലിയായിരുന്നില്ല ടൂള്‍. ഡിസംബറോട് കൂടിയാണ് ഞാന്‍ എഐ ടൂള്‍ ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്ന് വേര്‍ഷന്‍ 5 ല്‍ എത്തി നില്‍ക്കുന്നു. ഓരോ പുതിയ വേര്‍ഷന്‍ ഇറങ്ങുമ്പോഴും ചിത്രങ്ങള്‍ കൂടുതല്‍ റിയലിസ്റ്റിക്കായി മാറുന്നു. ഇപ്പോഴും ചില ന്യൂനതകള്‍ ഈ എഐ ടൂളിനുണ്ട്. മിഡ് ജേര്‍ണി, സ്റ്റേബിൾ ഡിഫ്യൂഷൻ, അഡോബിന്‍റെ അഡോബ് ഫയര്‍ഫ്ലൈ തുടങ്ങിയ നിരവധി ടൂളുകള്‍ ഇന്ന് ഈ രംഗത്തുണ്ട്. പുതിയ പൂരം സീരീസില്‍ മിഡ്ജേര്‍ണി, സ്റ്റേബിൾ ഡിഫ്യൂഷൻ എന്നീ രണ്ട് സോഫ്റ്റ്‍വെയറുകളാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.
ആദ്യം ബേസിക്ക് ഇമേജസിനുള്ള ഒരു ഐഡിയ ഉണ്ടാക്കും. അത്, ഞാനും കാനഡയില്‍ ജോലി ചെയ്യുന്ന സഹപാഠിയുമായ അനന്തു ഷാൽജനും ചേര്‍ന്നാണ് ഉണ്ടാക്കുന്നത്. ai.magine ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങിയത് ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ്. അങ്ങനെ ഒരു ഐഡിയ ഉണ്ടായാല്‍ മിഡ് ജേര്‍ണിയുടെ സഹായത്തോടെ ഒരു ബേസിക്ക് ഇമേജ് ഞാന്‍ നിര്‍മ്മിക്കും. അതിന് ശേഷം ചിത്രത്തിലെ ചില ന്യൂനതകള്‍ മാറ്റുന്നതിനായിട്ടാണ് സ്റ്റേബിൾ ഡിഫ്യൂഷൻ എന്ന ടൂള്‍ ഉപയോഗിക്കുന്നത്. ബാക്ഗ്രൗണ്ടില്‍ കുറേയെറേ ആളുകള്‍ നില്‍ക്കുന്നതരം ഇമേജുകള്‍, അതായത് വലിയ ആള്‍ക്കൂട്ടത്തിന്‍റെ ചിത്രങ്ങളില്‍ ബാക്ഗ്രൗണ്ടിലെ മുഖങ്ങളില്‍ ഒരു തരം ആര്‍ട്ടിഫിഷ്യാലിറ്റി തോന്നും. ആ ചിത്രങ്ങള്‍ അത്രയ്ക്ക് പെര്‍ഫെക്ഷന്‍ ഉണ്ടാകില്ല. ഇത്തരം ചില ന്യൂനതകള്‍ മാറ്റുന്നതിനായിട്ടാണ് സ്റ്റേബിൾ ഡിഫ്യൂഷൻ ഉപയോഗിക്കുന്നത്.
നമ്മുക്ക് എന്തുതരം ഇമേജുകളാണ് വേണ്ടതെന്നതിന് അനുസരിച്ച് പ്രോംപ്റ്റ് ചെയ്യുമ്പോള്‍ അതിന് അനുസരിച്ചുള്ള ഇമേജ് ഔട്ടായിരിക്കും എഐ നമ്മുക്ക് തരിക. അതായത്, നമ്മുക്ക് ഏതുതരം ദിനോസറിനെയാണോ വേണ്ടത് അതിന് അനുസരിച്ചുള്ള ദിനോസറിന്‍റെ ഇമേജ് നമ്മള്‍ കൊടുക്കുകയാണെങ്കില്‍ ആഗ്രഹിച്ചതിന് ഏതാണ്ട് സാമ്യമുള്ള ഒരു റിസള്‍ട്ട് ലഭിക്കും. അങ്ങനെ വിഷു സമയത്ത് മാര്‍വല്‍ സീരീസിലുള്ള വര്‍ക്കുകള്‍ ചെയ്തിരുന്നു. അയണ്‍മാന്‍, ബ്ലാക് വിഡോ തുടങ്ങിയ മാര്‍വല്‍ കഥാപാത്രങ്ങള്‍ കേരളത്തിലെ വിഷുവിന് കുട്ടികളോടൊപ്പം പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും ആഘോഷിക്കുന്നതരത്തിലുള്ള ചില എഐ ചിത്രങ്ങളായിരുന്നു അവ. ഇന്‍സ്റ്റാഗ്രാമില്‍ കുറച്ച് പേര്‍ ആ ചിത്രങ്ങള്‍ കണ്ട് അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് കേരളത്തിലെ അടുത്ത ആഘോഷത്തെ കുറിച്ച് ആലോചിച്ചത്. അത് തൃശ്ശൂര്‍ പൂരമായിരുന്നു. പൂരത്തിന് ആനകളാണ് പ്രധാന ആകര്‍ഷണ കേന്ദ്രം. അങ്ങനെയെങ്കില്‍ എന്തു കൊണ്ട് മറ്റൊരു യൂണിവേഴ്സില്‍ പ്രത്യേകിച്ച് മനുഷ്യനും ദിനോസറുകളുമുള്ള ഒരു യൂണിവേഴ്സില്‍ തൃശ്ശൂര്‍ പൂരത്തിന് സമാനമായൊരു ആഘോഷം നടന്നു കൂടായെന്ന ചിന്തയുണ്ടായത്. അതില്‍ നിന്നാണ് ദിനോസറുകളെ എഴുന്നള്ളിച്ചുള്ള പൂര ചിത്രങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്. അതൊന്നു കൂടി കളറാക്കാനായി ചിത്രങ്ങളില്‍ ഹോളിവുഡ് നടീ നടന്മാരെയാണ് ഉപയോഗിച്ചിരുക്കുന്നത്. ചിലരുടെയൊക്കെ മുഖത്തിന് നമ്മുടെ നാട്ടുകാരുടെ ഛായ തോന്നാമെങ്കിലും അതൊന്നും യഥാര്‍ത്ഥ മനുഷ്യരല്ലെന്നും അര്‍ജുന്‍ സജീവ് കൂട്ടിച്ചേര്‍ത്തു.