കാമുകിയോടുള്ള ദേഷ്യം തീർക്കാൻ മ്യൂസിയത്തിലെ വസ്തുക്കളടിച്ചു തകർത്തു, 40 കോടിയുടെ നഷ്ടം

By Web Team  |  First Published Jun 8, 2022, 3:51 PM IST

ഒരു മുറിയിലെ സാധനങ്ങൾ എല്ലാം തകർത്തിട്ടും കോപം ശമിക്കാതെ അയാൾ അടുത്ത മുറിയിൽ പോയി അവിടെയുള്ളതും അടിച്ച് തകർത്തു. ചില്ല് കൂട്ടിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെ എല്ലാം നിമിഷനേരം കൊണ്ട് ഛിന്നഭിന്നമാക്കി. ആറാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് ഭരണിയും, 450 ബി.സി.യിലേതെന്ന് വിശ്വസിക്കുന്ന ഒരു കുടവും അയാളുടെ ദേഷ്യത്തിൽ പൊട്ടി തകർന്നു.


കാമുകിയുമായി വഴക്കിട്ട യുവാവ് ദേഷ്യം തീർക്കാൻ മ്യൂസിയത്തിൽ കടന്ന് കയറി കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കൾ നശിപ്പിച്ചു. യുഎസ്സിലെ ഡല്ലാസിലാണ് (Dallas Museum of Art) സംഭവം ഉണ്ടായത്. 21 -കാരനായ ബ്രയാൻ ഹെർണാണ്ടസാണ് (Brian Hernandez) മ്യൂസിയം ഓഫ് ആർട്ടിൽ ഒളിച്ച് കയറിയത്. അവിടെ അയാൾ 38.35 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്.

ബ്രയാൻ ഹെർണാണ്ടസ് നശിപ്പിച്ച പുരാവസ്തുക്കളിൽ അമൂല്യമായ പുരാതന ഗ്രീക്ക്, തദ്ദേശീയ അമേരിക്കൻ പുരാവസ്തുക്കൾ ഉൾപ്പെടുന്നു. അയാൾ ബുധനാഴ്ച്ച രാത്രിയോടെ മ്യൂസിയത്തിൽ അതിക്രമിച്ച് കയറുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി ഏകദേശം 9.40 ഓടെയാണ് ഹെർണാണ്ടസ് മ്യൂസിയത്തിൽ എത്തിയത്. ഒരു ഇരുമ്പ് കസേര ഉപയോഗിച്ചാണ് അയാൾ മുൻവശത്തെ ഗ്ലാസ് തകർത്തത്. അകത്ത് കയറിയ അയാൾ അവിടെ കിടന്ന ഒരു സ്റ്റൂൾ ഉപയോഗിച്ച് രണ്ട് ചില്ല് കൂടുകൾ തകർക്കുകയും, കോടിക്കണക്കിന് രൂപ വില വരുന്ന അമൂല്യങ്ങളായ നിരവധി പുരാതന വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. 

Latest Videos

undefined

ഒരു മുറിയിലെ സാധനങ്ങൾ എല്ലാം തകർത്തിട്ടും കോപം ശമിക്കാതെ അയാൾ അടുത്ത മുറിയിൽ പോയി അവിടെയുള്ളതും അടിച്ച് തകർത്തു. ചില്ല് കൂട്ടിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെ എല്ലാം നിമിഷനേരം കൊണ്ട് ഛിന്നഭിന്നമാക്കി. ആറാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് ഭരണിയും, 450 ബി.സി.യിലേതെന്ന് വിശ്വസിക്കുന്ന ഒരു കുടവും അയാളുടെ ദേഷ്യത്തിൽ പൊട്ടി തകർന്നു. ഈ രണ്ട് ഇനങ്ങൾക്കും കൂടി മാത്രം കോടികൾ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.  

മ്യൂസിയത്തിൽ ഹെർണാണ്ടസ് നശിപ്പിച്ച വസ്തുക്കളിൽ, 'കൈലിക്സ് ഹെരാക്കിൾസ് ആൻഡ് നെമിയോൺ ലയൺ' എന്ന പ്രതിമയും ഉൾപ്പെടുന്നു. 100,000 ഡോളറാണ് അതിന്റെ മൂല്യം. ഇത്രയൊക്കെ നശിപ്പിച്ചിട്ടും, കലി അടങ്ങാതെ അടുത്തിരുന്ന ഒരു ഹാൻഡ് സാനിറ്റൈസർ സ്റ്റാൻഡ് എടുത്തു മറ്റൊരു പ്രതിമയെ സൂക്ഷിച്ചിരുന്ന ചില്ലുകൂട് തകർത്തു. ചില്ല് കൂട് തകർത്ത അയാൾ അതിനകത്തെ പ്രതിമ എടുത്ത് നിലത്തേക്ക് വലിച്ചെറിഞ്ഞു. 10,000 ഡോളർ വിലമതിക്കുന്ന പ്രതിമ കഷണങ്ങളായി ചിതറി.  

പുരാവസ്തുക്കൾ കൂടാതെ, ലാപ്‌ടോപ്പ്, മോണിറ്റർ, ഫോൺ, നാല് ചില്ല് കൂടുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഇനങ്ങളും ഹെർണാണ്ടസ് തച്ച് തകർത്തു. ചില്ല് കൂടുകൾ കൂടാതെ രണ്ട് തടി കൊണ്ടുള്ള ബോർഡുകളും അയാൾ കേടുവരുത്തി. ഒടുവിൽ ബഹളം കേട്ട് സെക്യൂരിറ്റി ജീവനക്കാർ കെട്ടിടത്തിൽ എത്തിയതോടെയാണ് അയാൾ തന്റെ പരിപാടി അവസാനിപ്പിച്ചത്. ഇല്ലെങ്കിൽ, മ്യൂസിയം തന്നെ ചിലപ്പോൾ അയാൾ ബാക്കി വച്ചേക്കില്ലായിരുന്നു. ഈ ഭ്രാന്തമായ പ്രവൃത്തി കണ്ട് പകച്ചു പോയ ജീവനക്കാർ കാര്യം തിരക്കിയപ്പോൾ, തന്റെ കാമുകിയോടുള്ള ദേഷ്യം തീർത്തതാണ് താൻ എന്നായിരുന്നു മറുപടി. 

പിന്നാലെ അയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും, അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കുകൾ മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. അതാണ് നാല്പത് കോടിയിൽ എത്തി നില്കുന്നത്. ഇൻഷുറർമാരുമായി ചേർന്ന് എത്രയാണ് നഷ്ടമുണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് മ്യൂസിയത്തിന്റെ ഡയറക്ടർ അഗസ്റ്റിൻ ആർട്ടിഗ പറഞ്ഞു. 

click me!