എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരരംഗത്തിറങ്ങിയ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. ഏറെ പ്രതീക്ഷ വെച്ച കുന്നത്തുനാട്ടിൽ ട്വന്റി ട്വന്‍റിക്ക് ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും ലീഡ് ഉയർത്താനായില്ല. മത്സരിച്ച എട്ടിൽ ആറ് മണ്ഡലങ്ങളിലും ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്താനായതാണ് ഏക ആശ്വാസം.
നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും എങ്ങുമെത്താതെ ട്വന്റി ട്വൻറി. എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ മത്സരരംഗത്തിറങ്ങിയ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. ഏറെ പ്രതീക്ഷ വെച്ച കുന്നത്തുനാട്ടിൽ ട്വന്റി ട്വന്‍റിക്ക് ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും ലീഡ് ഉയർത്താനായില്ല. മത്സരിച്ച എട്ടിൽ ആറ് മണ്ഡലങ്ങളിലും ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്താനായതാണ് ഏക ആശ്വാസം.
കുന്നത്തുനാട്, കൊച്ചി,കോതമംഗലം,പെരുമ്പാവൂർ,വൈപ്പിൻ,മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തിയത്. എറണാകുളത്തും,തൃക്കാക്കരയിലും നാലാം സ്ഥാനം മാത്രമേ ലഭിച്ചുള്ളു. കൊച്ചിയിലും, കുന്നത്തുനാട്ടിലും എൽഡിഎഫ് വിജയത്തിന് ട്വന്‍റി ട്വന്‍റി നേടിയ വോട്ടുകൾ നിർണായകമായി. 2815 ഓളം വോട്ടുകൾക്ക് വി പി സജീന്ദ്രനെ പി വി ശ്രീനിജൻ തോൽപിച്ചു.യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് ട്വന്‍റി ട്വന്‍റി നേടിയ 41,890 വോട്ട് നിർണ്ണായകമായി. ശക്തികേന്ദ്രമായ വാഴക്കുളം മുതൽ യുഡിഎഫിന് ലീഡ് കുറഞ്ഞപ്പോൾ എൽഡിഎഫ് കേന്ദ്രങ്ങളിലായ വടവുകോട് പുത്തൻകുരിശ്,തിരുവാണിയൂർ പഞ്ചായത്തിലെ വോട്ട് കൃത്യമായി പെട്ടിയിൽ വീണു. അതേസമയം ട്വന്‍റി ട്വന്‍റിക്ക് കിഴക്കമ്പലം,കുന്നത്തുനാട്,ഐക്കരനാട്,മഴുവന്നൂർ തുടങ്ങി ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും പ്രതീക്ഷിച്ചത്ര വോട്ട് നേടാനായില്ല. തദ്ദേശതെരഞ്ഞെടുപ്പിനേക്കാൾ 2000 വോട്ട് കിഴക്കമ്പലത്ത് പോലും കുറഞ്ഞു.
കൊച്ചിയിൽ ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥി ഷൈനി ആന്‍റണി 19,550 വോട്ട് നേടിയപ്പോൾ യുഡിഎഫിനുണ്ടായത് വലിയ തോൽവിയാണ് .കോൺഗ്രസ്സിന്‍റെ ടോണി ചമ്മണി എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ ജെ മാക്സിയോട് തോറ്റത് 14,079 വോട്ടുകൾക്ക്. പെരുമ്പാവൂരിൽ ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥി ചിത്ര സുകുമാരൻ 17,994 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ ഭൂരിപക്ഷം 2624 വോട്ടായി ചുരുങ്ങി.കോതമംഗലത്തും ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് 7978വോട്ട് നേടിയപ്പോൾ 6605 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷിബു തെക്കുപുറം എൽഡിഎഫിലെ ആന്‍റണി ജോണിനോട് തോറ്റു. തൃക്കാക്കരയിലും,എറണാകുളത്തും നാലാം സ്ഥാനത്താണെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ഗണ്യമായി കുറക്കാൻ ട്വന്‍റി ട്വന്‍റിക്കായി.
ട്വന്റി ട്വന്റിയുടെ സാന്നിധ്യം വലിയ വെല്ലുവിളിയാകും എന്ന് വിലിരുത്തപ്പെട്ട മണ്ഡലം തൃക്കാക്കരയാണ്. എന്നാൽ, അവിടെ വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാല് പഞ്ചായത്തുകളിൽ ഭരണം പിടിക്കാൻ ട്വന്റി ട്വന്റിക്ക് കഴിഞ്ഞിരുന്നു. എന്നാൽ, തദ്ദേശതെരഞ്ഞടുപ്പിലെ മുന്നേറ്റം ഇക്കുറി ആവർത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. വൻതോതിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും താരനിബിഡമായ നേതൃനിരയുമൊക്കെ രാഷ്ട്രീയ കേരളത്തിന് ഏറെ ആകാംക്ഷ ഉണ്ടാക്കിയിരുന്നു. എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പല്ല നിയമസഭാ തെരഞ്ഞെടുപ്പ് എന്ന ബോധ്യം പകർന്നാണ് ജനങ്ങൾ ട്വന്റി ട്വന്റിയെ ഇക്കുറി സ്വീകരിച്ചത് എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
കിഴക്കമ്പലം പഞ്ചായത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കിറ്റക്സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 -ക്ക് രൂപം നല്‍കിയത്.
2013ലാണ് ട്വന്റി 20 ചാരിറ്റബിള്‍ സൊസൈറ്റി രൂപവല്‍കരിക്കുന്നത്. കിറ്റക്സ് കമ്പനിയുടെ ചെയര്‍മാന്‍ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതി പ്രകാരം കമ്പനി രൂപം നല്‍കിയ സൊസൈറ്റിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയോടെ മദ്യവര്‍ജ്ജനം അടക്കമുള്ള ആശയങ്ങള്‍ മുന്നോട്ടുവെച്ചാണ് അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്. കിഴക്കമ്പലത്തിന്റെ വികസനം എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മക്ക് അന്ന് ഇടതുപക്ഷവും ബിജെപിയും പിന്തുണ നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്ന പരിപാടിക്കില്ലെന്ന് പലതവണയായി കിറ്റക്‌സ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും 2015-ലെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അവര്‍ മല്‍സര രംഗത്തിറങ്ങുകയായിരുന്നു.
ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ അതിനകം ജനങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിപ്രവര്‍ത്തിച്ചിരുന്നു ഈ കൂട്ടായ്മ. കമ്പനി നിയമിച്ച സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഓരോ വീടുകളും കയറിയിറങ്ങി അവരുടെ ജീവിതനിലവാരവും ആവശ്യങ്ങളും രേഖപ്പെടുത്തി. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ താഴെ തട്ടിലുള്ളവര്‍, മധ്യവര്‍ഗക്കാര്‍, അതിനും മുകളില്‍ നില്‍ക്കുന്നവര്‍ എന്നിങ്ങനെ മൂന്നു തട്ടുകളായി തിരിച്ചു. ഇവര്‍ക്കെല്ലാം വെവ്വേറെ കാര്‍ഡുകള്‍ നല്‍കി. ഈ കാര്‍ഡുള്ളവര്‍ക്ക് പച്ചക്കറി-പലചരക്ക് സാധനങ്ങള്‍ തൊട്ട് ഗൃഹോപകരണ ഉത്പന്നങ്ങള്‍ വരെ പകുതി വിലയ്ക്കു ലഭ്യമാക്കി. പാടങ്ങള്‍ സൗജന്യമായി ഉഴുതു കൊടുത്തു. വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായിച്ചു. ലക്ഷംവീടു കോളനികളില്‍ ഉള്‍പ്പെടെ സൗജന്യ കുടിവെള്ള ടാപ്പുകള്‍ നല്‍കി. റോഡുകള്‍ സഞ്ചാരയോഗ്യമാക്കി. തങ്ങളുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള രാഷ്ട്രീയക്കാര്‍ എതിരു നില്‍ക്കുന്നതിനാല്‍, പഞ്ചായത്തില്‍ അധികാരത്തില്‍ എത്തണം എന്നൊരാവശ്യം ഈ കൂട്ടായ്മ പിന്നീട് ജനങ്ങള്‍ക്കു മുന്നിലേക്കു വെച്ചു. അങ്ങനെയാണ്, ട്വന്റി 20 2015-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ആ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി 19-ല്‍ 17 വാര്‍ഡിലും ട്വന്റി 20 ജയിച്ചു. ട്വന്റി 20 ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് കേവലം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ട്വന്റി 20 പഞ്ചായത്ത് ഭരണമേറ്റെടുത്തത്. 2020ൽ നാല് പഞ്ചായത്തുകളിൽ ഭരണം നേടി ട്വന്റി ട്വന്റി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി. ഇതിനു പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ട്വന്റി ട്വന്റി എത്തിയത്.