കേരളം മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പിന് കൂടി അരങ്ങൊരുക്കുമ്പോൾ റെക്കോർഡ് ഭൂരിപക്ഷവുമായി നിയമസഭയിലേക്ക് നടന്നു കയറിയ ചിലരുണ്ട്.
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ആഘോഷമാണ് ഓരോ തെരഞ്ഞെടുപ്പും. അതുകൊണ്ട് തന്നെ ജനവിധി തേടി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന ഓരോ സ്ഥാനാർത്ഥിക്കും പറയാൻ നിരവധി അനുഭവങ്ങളുണ്ടാകും. അപ്രതീക്ഷിത വിജയം കൊണ്ടും അടിതെറ്റിയ പരാജയം കൊണ്ടും ചരിത്രം രചിച്ചവരുണ്ട്. കേരളം മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പിന് കൂടി അരങ്ങൊരുക്കുമ്പോൾ റെക്കോർഡ് ഭൂരിപക്ഷവുമായി നിയമസഭയിലേക്ക് നടന്നു കയറിയ ചിലരുണ്ട്. അവരെക്കുറിച്ച്...
undefined
ആലത്തൂരിൽ എം ചന്ദ്രൻ
നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ച വ്യക്തി എന്നുള്ള റെക്കോർഡ് ആലത്തൂരിലെ മുൻ എംഎൽഎ എം ചന്ദ്രനാണ്. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു എം ചന്ദ്രന്റെ വൻവിജയം. അന്ന് എം ചന്ദ്രൻ ഡിഐസിയിലെ എ രാഘവനെ തോൽപിച്ചത് 47671 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
എൽഡിഎഫ് വൻവിജയം നേടിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 2006 ലേത്. എൽഡിഎഫിന് 98 സീറ്റ് ലഭിച്ചപ്പോൾ യുഡിഎഫിന് വിജയിക്കാൻ സാധിച്ചത് വെറും 42 സീറ്റുകളിൽ മാത്രമായിരുന്നു. പി. കെ. കുഞ്ഞാലിക്കുട്ടി, ടിഎം ജേക്കബ്, ആർ ബാലകൃഷ്ണപിള്ള, എംകെ മുനീർ, ഇ ടി മുഹമ്മദ് ബഷീർ, ചേർക്കളം അബ്ദുള്ള, കെകെ രാമചന്ദ്രൻ മാസ്റ്റർ, കെ. മുരളീധരൻ, ഷിബു ബേബി ജോൺ തുടങ്ങി യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം 2006 ലെ തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങി.
1957 മുതൽ 77 വരെയുള്ള 20 വർഷം ജില്ലയിലെ കമ്യൂണിസ്റ്റ്, കർഷക പ്രസ്ഥാനത്തിന്റെ സംഘാടകരിൽ പ്രമുഖനായ ആലത്തൂർ ആർ. കൃഷ്ണനായിരുന്നു ജനപ്രതിനിധി. പിന്നീട്1977ൽ ഇഎംഎസിനു മത്സരിക്കാൻ കൃഷ്ണൻ വഴിമാറി. 1980ലും 1982ലും സിപിഎമ്മിലെ സി.ടി. കൃഷ്ണൻ വിജയിയായി. 1987ൽ സി.കെ. രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.1991ൽ കോൺഗ്രസിലെ എ.വി. ഗോപിനാഥ് ചരിത്രം തിരുത്തി ഇടതുകോട്ട പിടിച്ചെടുത്തു. സിപിഎമ്മിലെ വി. സുകുമാരനെ 338 വോട്ടിനാണു അദ്ദേഹം പരാജയപ്പെടുത്തിയത്.
1996ൽ സി.കെ. രാജേന്ദ്രൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2001ൽ വി. ചെന്താമരാക്ഷൻ വിജയിച്ചു. പിന്നീടാണ് 2006ലും 2011ലും സിപിഎമ്മിലെ എം. ചന്ദ്രൻ വിജയിച്ചത്. 2006 ൽ എം ചന്ദ്രന്റെ വിജയം റെക്കോർഡിലെത്തി. 2016ൽ ഇപ്പോഴത്തെ എംഎൽഎ കെ.ഡി. പ്രസേനൻ 36,060 വോട്ടിന്റെ ഭൂരിപക്ഷം നേടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 7 പഞ്ചായത്തുകളിൽ ആറിലും എൽഡിഎഫ് മികച്ച വിജയം നേടി. കുഴൽമന്ദം പഞ്ചായത്ത് നറുക്കെടുപ്പിലൂടെയാണു യുഡിഎഫിനു ലഭിച്ചത്. കിഴക്കഞ്ചേരി, എരിമയൂർ, ആലത്തൂർ പഞ്ചായത്തുകളിൽ കൂടുതൽ സീറ്റും ലഭിച്ചു.
കൂത്തുപറമ്പിൽ പി. ജയരാജൻ
നിയമസഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം പി ജയരാജനാണ്. 2005 ൽ കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ പ്രഭാകരനെ അദ്ദേഹം പരാജയപ്പെടുത്തിയത് 45865 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. അത് റെക്കോർഡ് ഭൂരിപക്ഷമായി മാറി. സി.പി.എമ്മിൻ്റെ സംസ്ഥാന കമ്മറ്റി അംഗവും പാർട്ടിയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമാണ് പി. ജയരാജൻ.
സിപിഎമ്മിന്റെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ പി ജയരാജൻ മൂന്ന് തവണയാണ് കൂത്തുപറമ്പിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 2001ലായിരുന്നു ആദ്യ ജയം. തുടർന്ന് കോടതി വിധിയെ തുടർന്ന് എം.എൽ.എ സ്ഥാനം നഷ്ടമായി. 2005-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിലും കൂത്ത്പറമ്പിൽ നിന്ന് വിജയിച്ചു. 2001ൽ പി. ജയരാജന് 71240 വോട്ട് കിട്ടിയപ്പോൾ എതിരാളി കോൺഗ്രസിലെ കെ. പ്രഭാകരന് 52620 വോട്ട് കിട്ടി. 18620 വോട്ടായിരുന്നു ഭൂരിപക്ഷം. 2005ലെ ഉപതെരഞ്ഞെടുപ്പിൽ 2001ൽ കിട്ടിയ ഭൂരിപക്ഷത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിനാണ് (45425) പി. ജയരാജൻ ജയിച്ചത്. 2001ലെ എതിരാളി കെ. പ്രഭാകരൻ തന്നെയായിരുന്നു ഇത്തവണയും എതിരാളി. 2006ൽ 78246 വോട്ടാണ് പി. ജയരാജന് കിട്ടിയത്. എതിർ സ്ഥാനാർഥി കോൺഗ്രസിലെ അഡ്വ. സജീവ് ജോസഫിന് 39919 വോട്ടും കിട്ടി. പി. ജയരാജൻെറ ഭൂരിപക്ഷം 38327.
തൊടുപുഴയിൽ പി ജെ ജോസഫ്
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫ് തൊടുപുഴയിൽ നിന്ന് വിജയിച്ചത് 45587 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാനാർത്ഥിയായി മത്സരിച്ച റോയി വരിക്കാട്ട് ആയിരുന്നു എതിരാളി. ഏഴു തവണയാണ് അദ്ദേഹം തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ ജനവിധി തേടിയത്. ഏഴുതവണയും തൊടുപുഴയിലെ ജനങ്ങൾ അദ്ദേഹത്തെ കൈവിട്ടില്ല. ഒമ്പത് തവണയായി 40 വര്‍ഷം തൊടുപുഴയില്‍നിന്ന് എം.എല്‍.എ.യായി. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രം പി.ജെ. പരാജയം രുചിച്ചു. 2001-ല്‍ പി.ടി.തോമസിനോട് മത്സരിച്ചാണ് പരാജയപ്പെട്ടത്.
1977-ലാണ് പി ജെ ജോസഫ് ആദ്യമായി മന്ത്രിയാകുന്നത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ.എം.മാണി തിരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് രാജിവെച്ചതിനാല്‍ വകുപ്പ് പി.ജെ.ജോസഫിന് ലഭിക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു എന്ന ഖ്യാതിയും പിജെ സ്വന്താക്കി. പിന്നീട് നാല് പ്രാവശ്യം കൂടി മന്ത്രിയായി. റവന്യൂ, എക്സൈസ്, വിദ്യാഭ്യാസം, പൊതുമരാമത്ത്, രജിസ്ട്രേഷന്‍, ഭവന നിര്‍മാണം, ജലവിഭവം എന്നീ പ്രധാന വകുപ്പുകളാണ് കൈകാര്യം ചെയ്തത്. 2020 ലാണ് നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാർഷികം അദ്ദേഹം ആഘോഷിച്ചത്.