പാര്‍ട്ടി 'തത്വം' മറക്കുന്നുവെങ്കില്‍ വിജയം പ്രദീപ് കുമാര്‍ എന്ന വ്യക്തിയുടെ ജനകീയ പരിവേഷത്തിനു തന്നെയാണെന്ന് ഉറപ്പ്.
കോഴിക്കോട്: സിപിഎമ്മിന്‍റെ സംസ്ഥാനത്തെ ശക്തി കേന്ദ്രങ്ങളിലൊന്നായ ജില്ലയാണ് കോഴിക്കോട്. ജില്ലയിലെ കോഴിക്കോട് നോര്‍ത്ത് നിയമസഭാ മണ്ഡലമാകട്ടെ രൂപീകരിച്ച കാലം മുതല്‍ പാര്‍ട്ടിയുടെ പൊന്നാപുരം കോട്ടയും. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. നഗരസഭയിലെ 1 മുതൽ 16 വരെയും 39,40 കൂതാടെ 42 മുതൽ 51 വാര്‍ഡുകള്‍ വരെയും ഉൾപ്പെടുന്ന ഈ നിയമസഭാമണ്ഡലത്തെ 2011 മുതൽ പ്രതിനിധീകരിക്കുന്നത് സിപിഎമ്മിലെ എ പ്രദീപ്‍ കുമാറാണ്.
undefined
2021ലെ നിയമസഭാ തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വാര്‍ത്തകളില്‍ വീണ്ടും സജീവമാകുകയാണ് കോഴിക്കോട് നോര്‍ത്ത്. കാരണം മറ്റൊന്നുമല്ല സ്ഥാനാര്‍ത്ഥി ആരെന്നുള്ള ഊഹാപോഹങ്ങള്‍ തന്നെ. ഇത്തവണ സിനിമാ പ്രവര്‍ത്തകരുടെയും പുതുമുഖങ്ങളുടെയടക്കം പേരുകൾ ഉയരുമ്പോഴും സിറ്റിംഗ് എംഎൽഎ ആയ പ്രദീപ് കുമാര്‍ തന്നെയാവും സ്ഥാനാര്‍ത്ഥിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍.
വിദ്യാഭ്യാസ മേഖലയിലേത് ഉള്‍പ്പെടെ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് എ പ്രദീപ് കുമാറിനെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായാല്‍ നാലാമൂഴം ആയിരിക്കും പ്രദീപ് കുമാറിന്. കഴിഞ്ഞ 13 വര്‍ഷമായി കോഴിക്കോട് നോര്‍ത്തിനെ പ്രധിനിധീകരിക്കുന്ന പ്രദീപ് കുമാര്‍ അതിനു മുമ്പും എംഎല്‍എ ആയിരുന്നു. 2006 ലെ 12-ാം നിയമസഭാക്കാലത്ത് കോഴിക്കോട് -1നെ പ്രധിനിധീകരിച്ചിരുന്നു അദ്ദേഹം. ഈ 'നാലാമങ്കം' എന്ന പ്രശ്‍നം തന്നെയാണ് അദ്ദേഹത്തിന്‍റെ മുഖ്യ 'അയോഗ്യതയായി' പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗം ഉയര്‍ത്തിക്കാട്ടുന്നതും. കാരണം പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ച് തുടർച്ചയായി രണ്ട് തവണ ജനപ്രതിനിധിയായവർ മാറി നിൽക്കണം.
എന്നാല്‍ പ്രദീപ് കുമാറിന്റെ ജനകീയതയെ കൂട്ടുപിടിച്ചാണ് അദ്ദേഹത്തിന്‍റെ അടുപ്പക്കാര്‍ ഈ വാദത്തെ പ്രതിരോധിക്കുന്നത്. ഊതിവീര്‍പ്പിച്ച ഒന്നല്ല അദ്ദേഹത്തിന്‍റെ ജനകീയത എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉറപ്പിച്ചു പറയുന്നത്. 120 വര്‍ഷത്തെ പാരമ്പര്യമുള്ള, പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കള്‍ മാത്രം പഠിക്കുന്ന നടക്കാവ് ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തന്നെ അവര്‍ ഇതിനു നല്‍കുന്ന തെളിവ്. സ്വയം വിഭാവനം ചെയ്‍ത 'പ്രിസം' എന്ന പദ്ധതിയിലൂടെ സ്‍കൂളിന്‍റെ മുഖഛായ മാറ്റി എഴുതിയ എംഎല്‍എ വികസനം എന്ന വാക്കിന് പുതിയ അര്‍ത്ഥവും ഭാവവുമാണ് നല്‍കിയതെന്നാണ് പ്രദീപ് കുമാര്‍ അനുകൂലികള്‍ പറയുന്നത്. ഇപ്പോള്‍ അന്താരാഷ്ട്ര അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന രാജ്യത്തെ തന്നെ ഏക സ്‌കൂള്‍ എന്നും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സര്‍ക്കാര്‍ സ്‌കൂള്‍ എന്ന ബഹുമതിയുമൊക്കെ നടക്കാവ് സ്‍കൂളിനു സ്വന്തമാണ്. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനം ലക്ഷ്യമിട്ടുള്ള മിഷന്‍ 1000 പ്രോജക്ടിന് പ്രചോദനമായതും നടക്കാവ് സ്‌കൂളാണ്.
ഇതേ പദ്ധതി പദ്ധതി ഉപയോഗിച്ച് തന്റെ മണ്ഡലത്തിലെ തന്നെ കാരപ്പറമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ സംസ്ഥാനത്തെ ആദ്യ ഹരിത സൗഹൃദ ക്യാംപസ് എന്ന പദവിയിലേക്ക് ഉയര്‍ത്തിയതും മണ്ഡലത്തിലെ എല്‍പി - യുപി അടക്കമുള്ള മറ്റു സ്‌കൂളുകള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളും പ്രദീപ് കുമാര്‍ അനുകൂലികള്‍ ഉയര്‍ത്തിക്കാട്ടുന്നു.
സംസ്ഥാന ഭരണം പിടിക്കാൻ ജയസാദ്ധ്യതയുള്ളവരെ മാത്രം മത്സരിപ്പിക്കുകയെന്ന പാര്‍ട്ടി തന്ത്രത്തില്‍ ഊന്നിയായിരുന്നു 2016ല്‍ പ്രദീപ് കുമാറിന് മൂന്നാമതും അവസരം നല്‍കിയത്. സംസ്ഥാനത്തെ ഒരു പൊതുവിദ്യാലയത്തെ ആദ്യമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ മുന്നില്‍ നിന്ന ആ വ്യക്തി പ്രഭാവം 2016ലെ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം 2011 ലെ 8,998 വോട്ടിൽ നിന്നും 2016ൽ 27,873 വോട്ടായി ഉയർന്നു. ഇതേ ഗ്ളാമറിന്റെ ബലത്തിൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാൻ, 2019-ൽ പ്രദീപ് കുമാറിനെ പാര്‍ട്ടി വീണ്ടും ഇറക്കി. എന്നാല്‍ അവിടെ ചുവടുപിഴച്ചു. സ്വന്തം നിയമസഭാ മണ്ഡലത്തിൽപ്പോലും 4,608 വോട്ടിന് അദ്ദേഹം പിന്നിലായി.
എന്നാല്‍ വ്യക്തിപരമായി പ്രദീപ് കുമാറിനോട് വിരോധമില്ലെങ്കിലും, പാർട്ടിയുടെ തത്വം മറന്ന് വീണ്ടും അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നും സൂചനകളുണ്ട്. 2019 ലോക്സഭാ തെരെഞ്ഞെടുപ്പിലെ തോല്‍വിയും ഇപ്പോള്‍ അദ്ദേഹത്തിനു തിരിച്ചടിയായി എതിരാളികള്‍ ഉയര്ത്തിക്കാട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ രഞ്ജിത്തിന്‍റെ ഉള്‍പ്പെടെയുള്ള പേരുകള്‍ ഉയര്‍ന്നുവന്നതിനു പിന്നിലും ഇത്തരം നീക്കങ്ങള്‍ തന്നെയാണ് കാരണം.
അതേസമയം നൂറു ശതമാനവും ഭരണത്തുടർച്ച മുന്നിൽക്കണ്ടാണ് ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിലേക്ക് പാര്‍ട്ടി നേതൃത്വം നീങ്ങുന്നത്. അതുകൊണ്ടു തന്നെ പൊരുതി നേടാൻ കൂടുതൽ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയായി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലെ പലരും കാണുന്നതും പ്രദീപ് കുമാറിനെ തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സമുന്നത നേതാക്കള്‍ക്ക് ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാണ് എ പ്രദീപ് കുമാര്‍ എന്നാണ് പാര്‍ട്ടി അണിയറവൃത്തങ്ങല്‍ പറയുന്നത്.
അതുകൊണ്ടുതന്നെ മൂന്ന് ടേം പൂർത്തിയാക്കിയ പ്രദീപ് കുമാറിന് ഇളവ് നൽകണമെന്ന് ഇന്നുചേര്‍ന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ആവശ്യമുയർന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. നേരത്തെ സ്ഥാനാർത്ഥിയായി പരിഗണിച്ച സംവിധായകൻ രഞ്ജിത്ത് പിൻമാറിയതായാണ് ഒടുവിലെ സംഭവവികാസങ്ങള്‍. മത്സരിക്കാൻ താൽപര്യമില്ലെന്ന് രഞ്ജിത്ത് സിപിഎം നേതാക്കളെ അറിയിച്ചുകഴിഞ്ഞു. പ്രദീപ് കുമാര്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹത്തിനായി പ്രചാരണത്തിന് ഇറങ്ങുമെന്നുമാണ് രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. രഞ്ജിത്തിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ജില്ലയിൽ നിന്ന് തന്നെ ചില സംസ്ഥാന സമിതി അംഗങ്ങൾ എതിർപ്പുന്നയിച്ചതായാണ് സൂചന. പാർട്ടിക്കുള്ളിൽ വലിയ രീതിയിൽ ചർച്ച നടത്താതെയായിരുന്നു ഇതെന്നും ഒരു വിഭാഗം പരാതിയുന്നയിച്ചു.
കോഴിക്കോട് ജില്ലയിൽ ബിജെപി ഏറ്റവും അധികം വോട്ട് പിടിച്ച മണ്ഡലങ്ങളിലൊന്നായ കോഴിക്കോട് നോർത്തിൽ എംടി രമേശാകും ബിജെപി സ്ഥാനാർത്ഥിയെന്ന സൂചനകളുണ്ട്. കോൺഗ്രസിന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തായിരിക്കും സ്ഥാനാർത്ഥിയെന്നാണ് വിവരം. ആ നിലയിൽ രഞ്ജിത്ത് മണ്ഡലത്തിന് പറ്റിയ സ്ഥാനാർത്ഥിയാകുമോ എന്നതാണ് സിപിഎമ്മിനുള്ളിൽ നിന്നും തന്നെ ഉയർന്ന ചർച്ച. സോഷ്യൽ മീഡിയയിലടക്കം പ്രദീപ് കുമാറിനായി വലിയ ചർച്ചകളുയർന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പ്രദീപ് കുമാറിനെ വീണ്ടും ഇറക്കാനുള്ള സാധ്യത തുറന്നത്.
നാദാപുരം ചേലക്കാട് പരേതനായ ആനാറാന്‍പത്ത് ഗോപാലകൃഷ്‍ണ കുറുപ്പിന്റെയും കമലാക്ഷിയമ്മയുടെയും മകനായ പ്രദീപ് കുമാര്‍ എസ് എഫ് ഐ യിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ആ കാലയളവില്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു. എസിഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രദീപ് നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ക്കു തന്നെ പ്രദീപ് കുമാറിന് കോഴിക്കോടിനേയും കോഴിക്കോടുകാര്‍ക്ക് പ്രദീപിനെയും അറിയാം എന്നതും ഈ തെരഞ്ഞെടുപ്പില്‍ ഒരു പ്ലസ് പോയിന്റ് ആയി പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ടാകണം. എന്തായാലും പാര്‍ട്ടി 'തത്വം' മറക്കുന്നുവെങ്കില്‍ വിജയം പ്രദീപ് കുമാര്‍ എന്ന വ്യക്തിയുടെ ജനകീയ പരിവേഷത്തിനു തന്നെയാണെന്ന് ഉറപ്പ്.