ഇഎംഎസിനും നായനാര്‍ക്കും വിഎസിനും സാധിക്കാത്തത്; ഇത് പിണറായി വിജയം!

By Web Team  |  First Published May 2, 2021, 7:25 PM IST

പാര്‍ട്ടിയിലും പദവിയിലും തന്റെ മുന്‍ഗാമികളായ ഇഎംഎസ് നമ്പൂതിരിപ്പാടിനും ഇ കെ നായനാര്‍ക്കും വിഎസ് അച്യുതാനന്ദനുമൊന്നും സാധിക്കാത്ത ഭരണത്തുടര്‍ച്ചയെന്ന സ്വപ്‍ന നേട്ടം പിണറായി സ്വന്തമാക്കിയിരിക്കുന്നു.


പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി നടന്നുകയറുന്നത് പുതിയൊരു ചരിത്രത്തിലേക്കാണ്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മാത്രമല്ല സിപിഐഎമ്മിന്റെയും എല്‍ഡിഎഫിന്റെയുമൊക്കെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ അത് സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തുന്ന ഒന്നാണ്. പാര്‍ട്ടിയിലും പദവിയിലും തന്റെ മുന്‍ഗാമികളായ ഇഎംഎസ് നമ്പൂതിരിപ്പാടിനും ഇ കെ നായനാര്‍ക്കും വിഎസ് അച്യുതാനന്ദനുമൊന്നും സാധിക്കാത്ത ഭരണത്തുടര്‍ച്ചയെന്ന സ്വപ്‍ന നേട്ടം പിണറായി സ്വന്തമാക്കിയിരിക്കുന്നു.

Latest Videos

ഇഎംഎസിന്റെ തുടര്‍ഭരണ സ്വപ്‌നങ്ങള്‍
രണ്ടാം പൊതുതെരഞ്ഞെടുപ്പിനോടൊപ്പമായിരുന്നു മലയാളക്കരയെ ചുവപ്പിച്ച 1957-ലെ ജനഹിതപരിശോധന. 126 നിയമസഭാ സീറ്റുകളിലേക്കും 18 ലോകസഭ സീറ്റുകളിലേക്കുമായിരുന്നു വോട്ടെടുപ്പ്. ഫലം വന്നപ്പോള്‍ 60 കമ്യൂണിസ്റ്റു സ്ഥാനാര്‍ഥികളും അഞ്ച് കമ്യൂണിസ്റ്റു സ്വതന്ത്രന്മാരും നിയമസഭയില്‍ എത്തി. കോണ്‍ഗ്രസ് 43, പിഎസ്‍പി 9, മുസ്ലിം ലീഗ് 8, കക്ഷിരഹിതര്‍ 1 എന്നിങ്ങനെയായിരുന്നു മറ്റു കക്ഷികളുടെ നില.

1957 ഏപ്രില്‍ 5-ന് 65 സാമാജികരുടെ ബലത്തില്‍ ഇഎംഎസ് മന്ത്രിസഭ അധികാരമേറ്റു. എന്നാല്‍ അധികാരത്തിലെത്തി 28 മാസങ്ങള്‍ക്കകം സര്‍ക്കാര്‍ നിലം പതിച്ചു. വിമോചനസമരത്തെ തുടര്‍ന്ന് 1959 ജൂലൈ 31ന് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു.

സംസ്ഥാനം രാഷ്ട്രപതി ഭരണത്തിനു കീഴിലായി. ശേഷം അടുത്ത തെരെഞ്ഞെടുപ്പു വന്നു. 1960 ഫെബ്രുവരി ഒന്നിനായിരുന്നു ആ തിരഞ്ഞെടുപ്പ്. അതില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് സിപിഐ ആയിരുന്നെങ്കിലും സീറ്റുകള്‍ കുത്തനെ കുറഞ്ഞു. പ്രമുഖരെല്ലാം തോറ്റമ്പി.  കോണ്‍ഗ്രസിനു 63 സീറ്റും പിഎസ്‍പിയ്ക്ക് 20 സീറ്റുുകളും മുസ്ലിം ലീഗിനു 11 സീറ്റുകളും ലഭിച്ചു. സിപിഐയ്ക്ക് 20 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.  സിപിഐ നേതാക്കളില്‍ ഇഎംഎസും കെ ആര്‍ ഗൗരിയും അച്യുതമേനോനും ഒഴികെയുള്ളവരെല്ലാം തോറ്റു. തുടര്‍ന്ന് പട്ടം താണുപിള്ള മന്ത്രിസഭ അധികാരത്തിലെത്തി. അങ്ങനെ ഇഎംഎസിന്റെ തുടര്‍ഭരണം വെറും സ്വപ്‌നമായി ഒടുങ്ങി.

പിന്നീട് 1965 മാര്‍ച്ചില്‍ കേരളത്തില്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. ഇന്ത്യാ - പാക്കിസ്ഥാന്‍ യുദ്ധത്തെത്തുടര്‍ന്ന് പ്രതിരോധ ചട്ടങ്ങള്‍ പ്രകാരം ഇഎംഎസ് ഒഴികെയുള്ള മിക്ക മുതിര്‍ന്ന സിപിഎം നേതാക്കും ജയിലില്‍ ആയിരുന്നു അക്കാലത്ത്.  രണ്ടാംനിര നേതാക്കളുടെ സഹായത്തോടെ ഇഎംഎസ് ഒറ്റയ്ക്ക് തെരെഞ്ഞെടുപ്പിനെ നേരിട്ടു, തിളങ്ങുന്ന വിജയവും നേടി. പക്ഷേ ഭൂരിപക്ഷം തികയാത്തതിനാല്‍ ആര്‍ക്കും മന്ത്രിസഭ ഉണ്ടാക്കാനായില്ല.

1967 മാര്‍ച്ചില്‍ വീണ്ടും തെരഞ്ഞെടുപ്പ്. അന്ന്  ഇഎംഎസിന്റെ നേതൃത്വത്തില്‍ മഴവില്‍ മുന്നണി അധികാരത്തില്‍ വന്നു. എന്നാല്‍ സിപിഐയുമായുള്ള ചേരിപ്പോരിനെത്തുടര്‍ന്ന്  1969 നവംബര്‍ ഒന്നിന് ഇഎംഎസ് സര്‍ക്കാര്‍ താഴെ വീണു.  സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി സിപിഐയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പിന്നാലെ നടന്ന തെരെഞ്ഞെടുപ്പില്‍ തുടര്‍ഭരണമെന്ന നേട്ടം അച്യുതമേനോനും സിപിഐയും ഭാഗികമായിട്ടാണെങ്കിലും സ്വന്തമാക്കി. പക്ഷേ അപ്പോഴേക്കും ഇഎംഎസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പതിയെ വിട്ടുതുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ  ഇഎംഎസിന്റെ നേതൃത്വത്തിലുള്ള തുടര്‍ഭരണം എന്ന സിപിഎമ്മിന്റെ സ്വപ്‌നത്തിന് അതോടെ എന്നെന്നേക്കുമായി അന്ത്യമായി.

നായനാരുടെ സ്വപ്‌നങ്ങള്‍
ഇഎംഎസിനു ശേഷം കേരള മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ സിപിഎം നേതാവ് ഇ കെ നായനാര്‍ ആയിരുന്നു. കേരളത്തിന്റെ പതിനൊന്നാം മന്ത്രിസഭയും ആറാം നിയമസഭയും ആയിരുന്നു അത്. 1980 ജനുവരി 25ന് അധികാരമേറ്റ നായനാര്‍ മന്ത്രിസഭയ്ക്ക് കഷ്‍ടിച്ച് ഒന്നരക്കൊല്ലം മാത്രമായിരുന്നു ആയുസ്. സഖ്യകക്ഷികളായിരുന്നു കോണ്‍ഗ്രസിലെ ഒരുവിഭാഗം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്‍ടപ്പെട്ട നയനാര്‍ മന്ത്രിസഭ 1981 ഒക്ടോബര്‍ 20-ന് രാജിവച്ചു. തുടര്‍ഭരണം പോയിട്ട് ഉള്ള കാലയളവ് തന്നെ പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞില്ല.  

പിന്നീട് നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത് 1987-ലായിരുന്നു.  കേരളത്തിന്റെ പതിനാലാം മന്ത്രിസഭയും എട്ടാം നിയമസഭയും ആയിരുന്നു അത്.  1987 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ (എം), സിപിഐ, ലോക്ദള്‍, ജനതാ, കോണ്‍ഗ്രസ് (എസ്) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന ഇടതുപക്ഷ മുന്നണി 78 സീറ്റ് നേടി. ഇതേത്തുടര്‍ന്ന് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി മാര്‍ച്ച് 26-ന് സത്യപ്രതിജ്ഞ ചെയ്‍തു. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷം ബാക്കിയുള്ളപ്പോള്‍ 1991ല്‍ മന്ത്രിസഭ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തദ്ദേശ തെരെഞ്ഞെടുപ്പിലെ വമ്പന്‍ വിജയം കണ്ട് തുടര്‍ഭരണം പ്രതീക്ഷിച്ചായിരുന്നു ആ രാജി.  പക്ഷേ രാജീവ് ഗാന്ധി വധം സകലതും തകിടം മറിച്ചു. നായനാരുടെയും സിപിഎമ്മിന്റെയും പ്രതീക്ഷകളെ തല്ലിക്കെടുത്തി കെ കരുണാകരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‍തു.

അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം പതിനേഴാം മന്ത്രിസഭയുടെയും പത്താം നിയമസഭയുടെയും തലവനായി ഇ കെ  നായനാര്‍ വീണ്ടും എത്തി. 80 സീറ്റുകളുമായി 1996 മേയ് 5-നായിരുന്നു ഇ കെ നയനാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‍തത്. 2001 മേയില്‍ കാലാവധി പൂര്‍ത്തിയാക്കി പതിവു പോലെ തുടര്‍ഭരണ സ്വപ്‌നങ്ങളുമായി നായനാര്‍ വീണ്ടും പടിയിറങ്ങി. 2001 മേയ് 10-ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നു. എന്നാല്‍ നായനാരെയും സിപിഎമ്മിനെയും ഇത്തവണയും നിരാശരാക്കുന്നതായിരുന്നു ജനവിധി. ഇടതുപക്ഷ മുന്നണിക്ക് വെറും 40 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 99 സീറ്റുകളുമായി ഏ കെ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് 2001ല്‍ അധികാരത്തിലെത്തി.

വി എസിനു നഷ്‍ടമായ തുടര്‍ഭരണം
2006 മേയ് 18-നാണ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായത്. ഇരുപതാം മന്ത്രിസഭയും പന്ത്രണ്ടാം നിയമസഭയുമായിരുന്നു അത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് 98-ഉം ഐക്യജനാധിപത്യ മുന്നണിക്ക് 42-ഉം സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ സിപിഎമ്മിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ മന്ത്രിസഭയ്ക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചു. മുഖ്യമന്ത്രിയും സിപിഎം ഔദ്യോഗിക ഗ്രൂപ്പും രണ്ടുചേരികളിലായി. ഇത് ഭരണത്തെ ബാധിച്ചെങ്കിലും സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. 2011 ഏപ്രില്‍ മൂന്നിന് 13-ാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുപ്പു നടന്നു. 72 സീറ്റോടെ യുഡിഎഫ് മുന്നിലെത്തി.  68 സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് കപ്പിനും ചുണ്ടിനും ഇടിയില്‍ തുടര്‍ഭരണം നഷ്‍ടവുമായി.

പിണറായി വിജയം
പാര്‍ട്ടിയിലെ തന്റെ മുന്‍ഗാമികള്‍ക്ക് സാധിക്കാതിരുന്ന തുടര്‍ഭരണമെന്ന ഈ നേട്ടം പിണറായി വിജയന്‍ കൈപ്പിടിയില്‍ ഒതുക്കുന്നത് മികച്ച മാര്‍ജിനില്‍ ആണെന്നതും ശ്രദ്ധേയമാണ്.  2016ല്‍ 91 സീറ്റുകളുമായിട്ടാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഇപ്പോള്‍ 99 സീറ്റുകളുമായിട്ടാണ് എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും മുന്നേറ്റം എന്നാണ് നിലവില്‍ ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്.

click me!