27 സീറ്റുകളിലാണ് ഇക്കുറി മുസ്ലീം ലീഗ് മത്സരിച്ചത്. പുതുതായി നേടാനായത് കൊടുവള്ളി മാത്രം. സിറ്റിംഗ് സീറ്റുകളായ കളമശ്ശേരി, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, അഴിക്കോട് എന്നിവ ലീഗിന് നഷ്ടപ്പെട്ടു.
കോഴിക്കോട്: ഇടത് തരംഗത്തിൽ കോൺഗ്രസ് തകർന്നപ്പോൾ വടക്കൻ കേരളത്തിൽ പിടിച്ച് നിന്നത് മുസ്ലീം ലീഗ് മാത്രം. പക്ഷേ മലപ്പുറത്തിന് പുറത്ത് മുസ്ലീം ലീഗ് പിടിച്ചെടുത്തത് കൊടുവള്ളി മാത്രം. 2016-ൽ 18 സീറ്റുണ്ടായിരുന്ന ലീഗ് ഇക്കുറി 4 സീറ്റ് നഷ്ടപ്പെടുത്തിയാണ് ഒരു സീറ്റ് പിടിച്ചെടുത്തത്.
2016-ൽ സംസ്ഥാനത്തുണ്ടായ ഇടത് തരംഗത്തിൽ പോലും 18 സീറ്റുമായി ചെറുത്ത് നിന്ന മുസ്ലിം ലീഗിന് പക്ഷെ ഉത്തവണ പല പ്രധാന സീറ്റുകളും നഷ്ടമായി. 27 സീറ്റുകളിലാണ് ഇക്കുറി മുസ്ലീം ലീഗ് മത്സരിച്ചത്. പുതുതായി നേടാനായത് കൊടുവള്ളി മാത്രം. സിറ്റിംഗ് സീറ്റുകളായ കളമശ്ശേരി, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, അഴിക്കോട് എന്നിവ ലീഗിന് നഷ്ടപ്പെട്ടു. വിജയിച്ച സീറ്റുകളിലെല്ലാം ഭൂരിപക്ഷവും കുറഞ്ഞു. താനൂരും തിരുവമ്പാടിയും തിരിച്ചു പിടിക്കാമെന്ന ആഗ്രഹവും ഇടത് തരംഗത്തിൽ തകർന്നു. പെരിന്തൽമണ്ണയിൽ പരാജയത്തിന്റെ വക്ക് വരെ പോയ ലീഗിന് അവരുടെ നോമിനേഷനായി സീറ്റ് കിട്ടിയ ഫിറോസ് കുന്നംപറമ്പലിന് തവനൂരിൽ കെ.ടി.ജലീലിനെ വിറപ്പിക്കാനായി എന്നത് മാത്രമാണ് ഏക ആശ്വാസം.
undefined
പാർട്ടി ജനറൽ സെക്രട്ടറി മൽസരിച്ച തിരൂരങ്ങാടിയും കുഞ്ഞാലിക്കുട്ടി മൽസരിച്ച വേങ്ങരയിലും ഇക്കുറി ഭൂരിപക്ഷം കുറഞ്ഞു. മലപ്പുറം ലോക്സഭാ മണ്ഡലത്തിലും പഴയ ഭൂരിപക്ഷം നിലനിർത്താനായില്ല. കാൽനൂറ്റാണ്ടിന് ശേഷം മുസ്ലീം മത്സരരംഗത്തിറക്കിയ ഏക വനിതാസ്ഥാനാർത്ഥി പരാജയപ്പെട്ടു. കൊടുവള്ളിയിലെ എം.കെ.മുനീറിന്റെ ജയം സംഘടനയുടെ നഷ്ടപ്പെട്ട വോട്ടുകൾ ഒരു പരിധിവരെ തിരിച്ചു പിടിക്കാനായെന്നതിന്റെ സൂചനയായി.
മലപ്പുറത്തിന് പുറത്ത് കാസർഗോട്ട് രണ്ട് സീറ്റുകളിലും വിജയിച്ചത് നേട്ടമാണ്. പക്ഷേ മഞ്ചേശ്വരത്തെ വിജയം എൽഡിഎഫിന്റെ ക്രോസ് വോട്ടിംഗിന്റെ കൂടെ ബലത്തിലാണെന്നതും ശ്രദ്ധേയമാണ്. കോങ്ങാട്ടും പുനലൂരും ഗുരുവായുരമടക്കം മലപ്പുറത്തിന് തെക്ക് പാർട്ടി മൽസരിച്ച മണ്ഡലങ്ങളിലൊന്നും നല്ല മൽസരം പോലും കാഴ്ച വയ്ക്കാനായില്ല. കളമശ്ശേരിയിലെയും അഴീക്കോട്ടെയും തോൽവികൾ കളങ്കിതരെ പിന്തുണയ്ക്കുന്ന ലീഗ് നിലപാടിനുള്ള തിരിച്ചടിയായി. എങ്കിലും വൻ തകർച്ചക്കിടയിലും പിടിച്ചു നിന്നു എന്ന് മാത്രം അഭിമാനിക്കാം ലീഗിന്.
മണ്ഡലം - സ്ഥാനാർത്ഥി - നേടിയ ഭൂരിപക്ഷം - 2016-ലെ ഭൂരിപക്ഷം
1. മഞ്ചേശ്വരം - എ.കെ.എം.അഷ്റഫ് - 745 -89
2. കാസർകോട് - എൻ.എ.നെല്ലിക്കുന്ന് - 13087 - 8607
3. കൊടുവള്ളി - എം.കെ.മുനീർ - 6344 - 573
4. ഏറനാട് - പികെ ബഷീർ - 22546 - 12893
5.കൊണ്ടോട്ടി - ടിവി ഇബ്രാഹിം - 17713 - 10654
6. വള്ളിക്കുന്ന് - പി.അബ്ദുൾ ഹമീദ് - 141116 - 12610
7. തിരൂരങ്ങാടി - കെപിഎ മജീദ് - 9468 - 6043
8.വേങ്ങര - പികെ കുഞ്ഞാലിക്കുട്ടി - 12293 - 38057
9. തിരൂർ - കുറുക്കോളി മൊയ്തീൻ - 7212 - 7061
10. കോട്ടക്കൽ - കെകെ ആബിദ് ഹുസൈൻ തങ്ങൾ - 16588 - 15042
11. മങ്കട - മഞ്ഞളാംകുഴി അലി - 5903 - 1508
12. പെരിന്തൽമണ്ണ - നജീബ് കാന്തപുരം - 38 - 579
13. മഞ്ചേരി - യു.എ.ലത്തീഫ് - 3094 - 19616
14. മലപ്പുറം - പി.ഉബൈദുള്ള - 35208 - 35672
15. മണ്ണാർക്കാട് - എൻ.ഷംസുദ്ദീൻ - 5868 - 12325
1. മലപ്പുറം ഉപതെരഞ്ഞെടുപ്പ് - അബ്ദുൾസമദ് സമദാനി - 1,14,615
(2,60,153 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും ജയിച്ചത്)