പ്രധാനമായും ഹിന്ദി ഹൃദയഭൂമിയിലടക്കം ബിജെപി വലിയ നേട്ടമുണ്ടാക്കി. പശ്ചിമബംഗാളിൽ ദീദിയെ ഞെട്ടിച്ചു ബിജെപി. വോട്ട് ശതമാനത്തിൽ ബിജെപിയുടെ ഉയർച്ച തന്നെയാണ് പ്രധാനപ്പെട്ട നേട്ടം. ഇതിന്‍റെ രാഷ്ട്രീയ ചാണക്യൻ അമിത് ഷായും.
ദില്ലി: ഹിന്ദി ഹൃദയഭൂമിയിലടക്കം വോട്ട് ശതമാനത്തിൽ വൻ വർധനയാണ് ഇത്തവണ ബിജെപി നേടിയത്. 1984-ൽ ദേശീയതലത്തിൽ വെറും രണ്ട് സീറ്റിൽ നിന്ന് 'ദോ സേ ദോബാരാ' (രണ്ടിൽ നിന്ന് വീണ്ടും) എന്ന് മുദ്രാവാക്യം കൂടി ഉയർത്തി മുന്നോട്ടുപോകുന്ന, ബിജെപിക്ക് നിർണായക ശക്തിയായത് അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യന്‍റെ തന്ത്രങ്ങൾ തന്നെ. എങ്ങനെയാണ്, ബിജെപിയുടെ വോട്ട് ശതമാനം ദേശീയ തലത്തിൽ ഉയർന്നതെന്ന് നോക്കാം.
undefined
ദേശീയതലത്തിൽ 300 സീറ്റുകൾക്ക് മുകളിൽ സീറ്റുകൾ ഒറ്റയ്ക്ക് നേടി ഇതിന് മുമ്പ് അധികാരത്തിൽ വന്നത് 1984-ലെ രാജീവ് ഗാന്ധി സർക്കാരാണ്. ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം സഹതാപതരംഗത്തിൽ രാജീവ് ഗാന്ധി അധികാരത്തിലേക്കെത്തിയത് 50 ശതമാനത്തോളം വോട്ടുകൾ വാരിക്കൂട്ടിയാണ്. അതിന് ശേഷം കേവലഭൂരിപക്ഷം ഒറ്റയ്ക്കൊരു കക്ഷി നേടുന്നത് 2014-ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയാണ്. 2019-ൽ കേവലഭൂരിപക്ഷം ഒറ്റയ്ക്ക് നേടിയെന്ന് മാത്രമല്ല, സീറ്റ് നിലയും വോട്ട് വിഹിതവും ബിജെപി ഒറ്റയ്ക്ക് വർദ്ധിപ്പിക്കുകയും ചെയ്തു.
കേരളത്തിൽ ബിജെപിയുടെ വോട്ട് വളർച്ചയെങ്ങനെ?
വെറും ഒന്നേമുക്കാൽ ശതമാനത്തിൽ നിന്ന് പന്ത്രണ്ടേമുക്കാൽ ശതമാനത്തിലേക്ക് വളരാനേ കേരളത്തിൽ ബിജെപിക്ക് കഴിഞ്ഞിട്ടുള്ളൂ. മുപ്പത്തഞ്ച് വർഷത്തിൽ വെറും പതിനൊന്ന് ശതമാനത്തിന്‍റെ വർധന. 2014-ലാണ് ബിജെപി കേരളത്തിൽ ആദ്യം രണ്ടക്കം തൊടുന്നത്. അത് രണ്ട് ശതമാനം കൂട്ടാൻ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കഴിഞ്ഞു. മുപ്പത്തഞ്ച് വർഷത്തെ വളർച്ചാ നിരക്ക് വച്ചു നോക്കുമ്പോൾ, രണ്ട് ശതമാനത്തിന്‍റെ വർധന രണ്ട് തെരഞ്ഞെടുപ്പിനിടയിൽ കൂട്ടിയത്, ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ വർധനയാണ്. ശബരിമല പ്രശ്നം രാഷ്ട്രീയമായി നേട്ടമാക്കാൻ ബിജെപിക്കായില്ല എന്നതാണ് വാസ്തവം. അത് വോട്ടാക്കാൻ കഴിവുള്ള നേതാക്കൾ ബിജെപിക്കുണ്ടായില്ല. അതിന് പ്രാപ്തിയുള്ള നേതാക്കൾ കേരളത്തിൽ ബിജെപിക്കുണ്ടായിരുന്നെങ്കിൽ, ചിലപ്പോൾ ചിത്രം മാറിയേനെ എന്ന് വിലയിരുത്തുന്നവരുമുണ്ട്.
പശ്ചിമബംഗാളിൽ ബിജെപി
പശ്ചിമബംഗാളിൽ തൃണമൂലിന്‍റെ വോട്ട് ശതമാനം കൂടിയെന്നതാണ് വാസ്തവം. 39.05 ശതമാനത്തിൽ നിന്ന് 43.30 ശതമാനത്തിലേക്കുള്ള വളർച്ച പക്ഷേ സീറ്റിൽ പ്രതിഫലിച്ചില്ല. 2014-ൽ 34 സീറ്റ് കിട്ടിയെങ്കിൽ ഇത്തവണ 22 സീറ്റേ കിട്ടിയുള്ളൂ. ഹിന്ദു മുസ്ലീം വോട്ട് ധ്രുവീകരണം എന്ന ബിജെപി തന്ത്രം പശ്ചിമബംഗാളിൽ വിജയമാണെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ ഫലം. ബിജെപിയുടെ വോട്ട് ശതമാനത്തിൽ വൻ വളർച്ച. 16 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്കുള്ള കുതിച്ചു ചാട്ടം. 'മുഹറം ഘോഷയാത്ര വേണമെങ്കിൽ മാറ്റട്ടെ, ദുർഗാ പൂജ മാറ്റുന്ന പ്രശ്നമില്ല' എന്നടക്കം പശ്ചിമബംഗാളിൽ വന്ന് പ്രസംഗിച്ച യോഗി ആദിത്യനാഥിന്‍റെ പ്രസംഗങ്ങൾ ഫലം കണ്ടിരിക്കണം. ന്യൂനപക്ഷ വോട്ട് തൃണമൂലിന്‍റെ പെട്ടിയിലും വീണു. ഇടത് പക്ഷം നിലതെറ്റി വീഴുന്നു പശ്ചിമബംഗാളിൽ. 2014-ൽ 2 സീറ്റേ കിട്ടിയുള്ളൂ എങ്കിലും 34 ശതമാനം വോട്ടുണ്ടായിരുന്നു. ഇത്തവണ അത് വെറും ഏഴേകാൽ ശതമാനമായി ഇടിഞ്ഞു.
ഉത്തർപ്രദേശിലെ വൻ വിജയം
ഉത്തർപ്രദേശിലെ മഹാസഖ്യം ബിജെപിക്ക് മുന്നിൽ തകർന്നടിഞ്ഞു ഇത്തവണ. സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും ബിജെപിയുടെ വോട്ട് വിഹിതം കൂടി. ദളിത്, യാദവ് വോട്ടുകൾ ബിഎസ്‍പി, എസ്‍പി വോട്ട് പെട്ടിയിൽ കരുതിയത് പോലെ വീണില്ല. എസ്‍പിയുടെ വോട്ട് വിഹിതം കുറഞ്ഞു, സീറ്റുകളുടെ എണ്ണം കുറഞ്ഞില്ലെങ്കിലും. കഴിഞ്ഞ തവണ ഒറ്റ സീറ്റ് പോലും കിട്ടാതിരുന്ന ബിഎസ്‍പി പക്ഷേ ഇത്തവണ പത്ത് സീറ്റിൽ ജയിച്ചു. പക്ഷേ, അദ്ഭുതകരമെന്ന് പറയാം, വോട്ട് വിഹിതത്തിൽ ബിഎസ്‍പിക്ക് ഇത്തവണ നേരിയ കുറവാണുള്ളത്. കോൺഗ്രസ് യുപിയിൽ തകർന്നടിഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം തോറ്റ തെരഞ്ഞെടുപ്പിൽ ഇത്തവണ സോണിയാഗാന്ധി മാത്രമാണ് ജയിച്ചത്. കഴിഞ്ഞ തവണ രണ്ട് സീറ്റുണ്ടായിരുന്നു. ഇത്തവണ ഒറ്റ സീറ്റ് മാത്രം. വോട്ട് വിഹിതത്തിലും ഇടിവ് തന്നെ.
മധ്യപ്രദേശും രാജസ്ഥാനും ബിജെപി തിരിച്ചു പിടിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലെന്ന് കണക്കാക്കിയിരുന്ന ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശും രാജസ്ഥാനും ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തതാണ്. പക്ഷേ അന്നത്തെ തിരിച്ചടിയിൽ നിന്ന് എല്ലാ പാഠങ്ങളും പഠിച്ച അമിത് ഷാ, ഇരുസംസ്ഥാനങ്ങളും പിടിക്കാൻ സകല കരുക്കളും നീക്കി. അത് ഫലിച്ചു എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
രാജസ്ഥാനിൽ ബിജെപി ക്ലീൻ സ്വീപ്പ് നടത്തി. രണ്ട് പതിറ്റാണ്ട് കാലമായി രാജസ്ഥാനിൽ ഭരിക്കുന്ന പാർട്ടി തന്നെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയിക്കാറ്. ആ റെക്കോഡ് തിരുത്തിക്കുറിച്ചു കൂടിയാണ് ഇത്തവണ ബിജെപി വിജയിച്ചുകയറുന്നത്. 2014ൽ നിന്ന് വോട്ട് ശതമാനം കൂട്ടി ബിജെപി. അതേസമയം ഭരണകക്ഷിയായ കോൺഗ്രസിന് ഒറ്റ സീറ്റുപോലും കിട്ടിയതുമില്ല. ഇത്തവണ രാജസ്ഥാനിൽ 25-ൽ 25 സീറ്റും ബിജെപിക്കാണ്. കഴിഞ്ഞ തവണത്തെ ക്ലീൻ സ്വീപ്പ് വിജയം കൂടുതൽ തിളക്കത്തോടെ ബിജെപി ആവർത്തിച്ചെന്നർത്ഥം.
മധ്യപ്രദേശിലാകട്ടെ നേരിയ ഭൂരിപക്ഷത്തിൽ നിലനിൽക്കുന്ന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഫലമായിരുന്നു ഇത്തവണ. 58 ശതമാനം വോട്ടുണ്ട് ഇത്തവണ മധ്യപ്രദേശിൽ ബിജെപിക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മൂന്ന് ശതമാനത്തിന്‍റെ വർദ്ധന. 29-ൽ 27 സീറ്റ് കഴിഞ്ഞ തവണ കിട്ടിയെങ്കിൽ ഇത്തവണ 28 സീറ്റ് കിട്ടി. കോൺഗ്രസിൽ മുഖ്യമന്ത്രി കമൽ നാഥിന്‍റെ മകൻ നകുൽ നാഥിന് മാത്രമേ വിജയിക്കാനായുള്ളൂ. 29-ൽ ഒരു സീറ്റ് മാത്രം.
മധ്യപ്രദേശ് ഫലം
രാജസ്ഥാൻ ഫലം