ഏഴ് മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ പലയിടത്തും വോട്ടിംഗ് ശതമാനത്തില്‍ ബിജെപി അത്ഭുതാവഹമായ വളര്‍ച്ച കാട്ടി.
തിരുവനന്തപുരം: നേമത്ത് ചരിത്രമെഴുതി ഒ രാജഗോപാല്‍, ഏഴിടങ്ങളില്‍ രണ്ടാംസ്ഥാനം! കേരള നിയമസഭയില്‍ ബിജെപി ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച തെരഞ്ഞെടുപ്പായിരുന്നു 2016ലേത്. നേമം നിയോജനമണ്ഡലത്തിലൂടെ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി പ്രതിനിധി സഭയിലെത്തി. അതോടൊപ്പം ഏഴ് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 2011ല്‍ മൂന്ന് സ്ഥലങ്ങളില്‍ മാത്രം രണ്ടാംസ്ഥാനത്തെത്തിയ പാര്‍ട്ടിയാണ് ഈ വളര്‍ച്ച കാട്ടിയത്. മൂന്ന് മണ്ഡലങ്ങളില്‍ 50000ത്തിലേറെ വോട്ട് നേടിയും ബിജെപി ശ്രദ്ധേയമായി.പല മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനത്തില്‍ ബിജെപി അത്ഭുതാവഹമായ വളര്‍ച്ച കാട്ടിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്.
താരമ വിരിഞ്ഞ നേമം
കേരള നിയമസഭയില്‍ കസേര കാണാന്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു ബിജെപിക്ക്. ഒടുവില്‍ 2016ല്‍ തിരുവനന്തപുരത്തെ നേമം നിയമസഭാമണ്ഡലത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ ജയിപ്പിച്ച് സഭയില്‍ ആദ്യമായി ബിജെപി ഒരു താമര വിരിയിച്ചു. നിലവിലെ എംഎല്‍എയായിരുന്നു സിപിഎമ്മിന്‍റെ വി ശിവന്‍കുട്ടിയെ തോല്‍പിച്ചായിരുന്നു ചരിത്ര ജയം. രാജഗോപാല്‍ 67813 വോട്ടും ശിവന്‍കുട്ടി 59142 വോട്ടും നേടിയപ്പോള്‍ ഭൂരിപക്ഷം 8671. ജനതാദള്‍ യുണൈറ്റഡിന്‍റെ വി സുരേന്ദ്രന്‍ പിള്ള 13860 വോട്ടുമായി മൂന്നാമതായി.
അതേസമയം ഏഴ് നിയോജനമണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, മലമ്പുഴ, ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവയായിരുന്നു ഈ മണ്ഡലങ്ങള്‍.
മഞ്ചേശ്വരം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കാസര്‍കോട്ടെ മഞ്ചേശ്വരം. 2011 ആവര്‍ത്തിച്ച് വീണ്ടുമൊരിക്കല്‍ കൂടി പി ബി അബ്‌ദുള്‍ റസാഖ്(മുസ്ലീം ലീഗ്), കെ സുരേന്ദ്രന്‍(ബിജെപി), സി എച്ച് കുഞ്ഞമ്പു(സിപിഎം) ത്രികോണ പോരാട്ടം നടന്നു. 2011ല്‍ 5828 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ സുരേന്ദ്രനെതിരെ റസാഖ് ജയിച്ചെങ്കില്‍ 2016ലെത്തിയപ്പോള്‍ അവസാന ലാപ്പില്‍ 89 വോട്ടുകളുടെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ. റസാഖിന് 56870 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സുരേന്ദ്രന് 56781 വോട്ടുകളും കുഞ്ഞമ്പുവിന് 42565 വോട്ടുകളും.
ഉപതെരഞ്ഞെടുപ്പില്‍ നേട്ടം ലീഗിന്
എന്നാല്‍ അബ്ദുൾ റസാഖ് 2018 ഒക്‌ടോബര്‍ 20ന് ആകസ്‌മികമായി മരണമടഞ്ഞതോടെ ഉപതെരഞ്ഞെടുപ്പിന് മഞ്ചേശ്വരം സാക്ഷിയായി. 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം സി കമറുദ്ദീനിലൂടെ 65407 വോട്ടുകളുമായി മുസ്ലീം ലീഗ് സീറ്റ് നിലനിര്‍ത്തി. ഒപ്പം 2016ല്‍ നിന്ന് വിഭിന്നമായി മെച്ചപ്പെട്ട ഭൂരിപക്ഷം(7923 വോട്ടുകള്‍) ലീഗിന് കിട്ടി. രണ്ടാമതെത്തിയ ബിജെപിയുടെ രവീശ തന്ത്രി കുണ്ടാര്‍ 57484 വോട്ടുകള്‍ നേടിയപ്പോള്‍ മൂന്നാമന്‍ സിപിഎമ്മിന്‍റെ എം ശങ്കര്‍ റായ്‌ക്ക് 38,233 വോട്ടുകളെ ഉണ്ടായിരുന്നുള്ളൂ.
നാല് ശതമാനം വോട്ട് വര്‍ധിപ്പിച്ചത് ഉപതെഞ്ഞെടുപ്പില്‍ ലീഗിനെ തുണച്ചപ്പോള്‍ ബിജെപിക്കും(0.42%) സിപിഎമ്മിനും(3.30%) വോട്ടിംഗ് ശതമാനം കുറഞ്ഞു. വോട്ടിംഗ് ശതമാനത്തിലെ ലീഗിന്‍റെ വര്‍ധനവാണ് ഇത്തവണ മഞ്ചേശ്വരത്ത് ബിജെപിക്ക് വെല്ലുവിളിയാവുന്ന ഘടകങ്ങളിലൊന്ന്.
കാസര്‍കോട്
മുസ്ലീം ലീഗിന്‍റെ കുത്തക മണ്ഡലങ്ങളിലൊന്നാണ് കാസര്‍കോട് നിയമസഭാ മണ്ഡലം. എന്നാല്‍ ബിജെപിക്കും കാലങ്ങളായി സ്വാധീനമുള്ള മണ്ഡലം. കാസര്‍കോടും 2016ല്‍ കണ്ടത് വാശിയേറിയ പോരാട്ടം. ഇവിടേയും മുസ്ലീം ലീഗിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടി ബിജെപി രണ്ടാംസ്ഥാനം നിലനിര്‍ത്തി. 2011ല്‍ 9738 വോട്ടുകളുടെ ഭുരിപക്ഷത്തിനായിരുന്നു ലീഗ് ജയമെങ്കില്‍ 2016ല്‍ 8607 വോട്ടിന്‍റെ മുന്‍തൂക്കമേ ഉണ്ടായിരുന്നുള്ളൂ. മണ്ഡലം നിലനിര്‍ത്താനിറങ്ങിയ എന്‍ എ നെല്ലിക്കുന്ന് 64727 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ രവീശ തന്ത്രി കുണ്ടാര്‍ 56120 വോട്ടുകളുമായി രണ്ടാംസ്ഥാനം ഉറപ്പിക്കുകയായിരുന്നു.
വോട്ടിംഗ് ശതമാനത്തില്‍ നേരിയ വര്‍ധനവ് കാട്ടി ബിജെപി(1.75%). മൂന്നാംസ്ഥാനത്തായ എല്‍ഡിഎഫിന്‍റെ ഐഎന്‍എല്‍ സ്ഥാനാര്‍ഥി എ എ അമീന്‍ 21615 വോട്ടുകളാണ് നേടിയത്.
പാലക്കാട്
ഇടതിനും വലതിനും അവസരം നല്‍കിയിട്ടുള്ള മണ്ഡലമാണ് പാലക്കാട്. തുടര്‍ച്ചയായ രണ്ടാംതവണയും കോണ്‍ഗ്രസിലെ ഷാഫി പറമ്പിലിനൊപ്പം നില്‍ക്കുകയായിരുന്നു പാലക്കാട് മണ്ഡലം. എന്നാല്‍ ബിജെപിക്കായി കളത്തിലിറങ്ങിയ വനിത നേതാവ് ശോഭ സുരേന്ദ്രന്‍ മികച്ച പോരാട്ടം കാഴ്‌ചവെച്ചു. ഇതോടെ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തേക്ക് പടിയിറങ്ങി.
2011ല്‍ ഷാഫി 7403 വോട്ടുകള്‍ക്കാണ് ജയിച്ചതെങ്കില്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 17483. ഷാഫി 57559 വോട്ടുകളും ശോഭ 40076 വോട്ടുകളും സ്വന്തമാക്കി. 38675 വോട്ടുകളുമായി സിപിഎമ്മിന്‍റെ എന്‍ എന്‍ കൃഷ്‌ണദാസായിരുന്നു മൂന്നാമത്. കോണ്‍ഗ്രസ്, സിപിഎം സ്ഥാനാര്‍ഥികളുടെ വോട്ടിംഗ് ശതമാനം കുറഞ്ഞപ്പോള്‍ 9.22 ശതമാനത്തിന്‍റെ വര്‍ധനവുണ്ടാക്കി പാലക്കാട് ശോഭയിലൂടെ ബിജെപി എന്നത് ശ്രദ്ധേയമാണ്.
മലമ്പുഴ
കാലങ്ങളായി ഇടതുപക്ഷത്തിന്‍റെ സ്റ്റാര്‍ മണ്ഡലങ്ങളിലൊന്നായ മലമ്പുഴയിലും ബിജെപി രണ്ടാംസ്ഥാനത്തെത്തി. എന്നാല്‍ തുടര്‍ച്ചയായ നാലാം തവണയും സിപിഎമ്മിലെ വി എസ് അച്ചുതാനന്ദന് വെല്ലുവിളിയുയര്‍ത്താന്‍ എതിരാളികള്‍ക്കായില്ല. 2011ല്‍ കോണ്‍ഗ്രസിന്‍റെ ലതിക സുഭാഷ് 54,312 വോട്ടുകളുമായി രണ്ടാമതെത്തിയ മണ്ഡലത്തിലാണ് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സി കൃഷ്‌ണകുമാര്‍, വിഎസിന് പിന്നിലെത്തിയത് എന്നതാണ് ശ്രദ്ധേയം.
2016ല്‍ 27142 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിഎസ് ജയിച്ചത്. വിഎസ് 73299 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയിലെ സി കൃഷ്‌ണകുമാര്‍ 46157 വോട്ടുകളും കോണ്‍ഗ്രസിന്‍റെ വി എസ് ജോയി 35,333 വോട്ടുകളുമാണ് സ്വന്തമാക്കിയത്. 2011ല്‍ മത്സരിക്കാതിരുന്ന ബിജെപി 28.90 ശതമാനം വോട്ട് പിടിച്ച് അമ്പരപ്പിക്കുകയായിരുന്നു.
ചാത്തന്നൂര്‍
ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മറ്റൊരു മണ്ഡലം കൊല്ലം ജില്ലയിലെ ചാത്തന്നൂരാണ്. കോണ്‍ഗ്രസിനെയും സിപിഐയെയും മാറിമാറി വിജയിപ്പിച്ചിട്ടുള്ള ജനങ്ങളാണ് ചാത്തന്നൂരുകാര്‍. 2016ല്‍ മണ്ഡലം നിലനിര്‍ത്താനിറങ്ങിയ സിപിഐയുടെ ജിഎസ് ജയലാല്‍ 67,606 വോട്ടും 34407 ഭൂരിപക്ഷവുമായി വിജയിച്ചു. എന്നാല്‍ ബിജെപിയിലെ ബി ബി ഗോപകുമാര്‍ 33199 വോട്ടുകളുമായി അപ്രതീക്ഷിതമായി രണ്ടാമതെത്തി. മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസിലെ ശൂരനാട് രാജശേഖരന് 30,139 വോട്ടുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.
വോട്ടിംഗ് മെഷീനില്‍ 21 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടാക്കി മണ്ഡലത്തില്‍ ബിജെപി. 2011ലെ 3,839 വോട്ടില്‍ നിന്ന് 33199 എന്ന വമ്പന്‍ സംഖ്യയിലേക്കായിരുന്നു ബിജെപി കുതിപ്പ്. എന്നാല്‍ 2011ല്‍ ബിന്ദു കൃഷ്‌ണ നേടിയ 47,598 വോട്ടില്‍ നിന്ന് വന്‍വീഴ്‌ച അഭിമുഖീകരിക്കുകയായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ 19.01 ശതമാനവും സിപിഐയുടെ 1.90 ശതമാനവും വോട്ടില്‍ കുറവുണ്ടായി.
വട്ടിയൂര്‍ക്കാവ്
ഏറെ പ്രതീക്ഷ വച്ചിരുന്ന മണ്ഡലമെങ്കിലും തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലും രണ്ടാംസ്ഥാനമേ ബിജെപിക്ക് ലഭിച്ചുള്ളൂ. മണ്ഡലം നിലനിര്‍ത്താനിറങ്ങിയ കോണ്‍ഗ്രസിന്‍റെ കെ മുരളീധരന്‍ 7622 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. എന്നാല്‍ വോട്ടിംഗ് ശതമാനത്തില്‍ ബിജെപി വര്‍ധനവുണ്ടാക്കി. മുരളീധരന് 51322 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് 43700 വോട്ടുകളും ലഭിച്ചപ്പോള്‍ മൂന്നാമതെത്തിയ ടിഎന്‍ സീമ(സിപിഎം) നേടിയത് 40441 വോട്ടുകള്‍.
യുഡിഎഫിനും എല്‍ഡിഎഫിനും നഷ്‌ടമുണ്ടായ മണ്ഡലത്തില്‍ 20 ശതമാനം വേട്ട് വര്‍ധിപ്പിച്ചു ബിജെപി. 2011ല്‍ വി വി രാജേഷ് 13494 വോട്ടുകള്‍ മാത്രം നേടിയ സ്ഥാനത്തുനിന്നാണ് തൊട്ടടുത്ത ഇലക്ഷനില്‍ കുമ്മനം 43700 വോട്ടുകളിലേക്കെത്തിയത്.
തൂത്തുവാരി 'മേയര്‍ ബ്രോ'
എന്നാല്‍ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് കെ മുരളീധരന്‍ പാര്‍ലമെന്‍റില്‍ എത്തിയതോടെ ഒക്‌ടോബറില്‍ വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. എന്നാല്‍ അത്തവണ കണ്ടത് തിരുവനന്തപുരത്തിന്‍റെ 'മേയര്‍ ബ്രോ' വി കെ പ്രശാന്തിലൂടെ എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുക്കുന്ന ട്വിസ്റ്റ്. 14,465 ഭൂരിപക്ഷം നേടിയായിരുന്നു പ്രശാന്ത് വെന്നിക്കൊടി പാറിച്ചത്. ഇതോടെ കനത്ത തിരിച്ചടി ബിജെപിക്ക് മണ്ഡലത്തിലുണ്ടായി.
സിപിഎം സ്ഥാനാര്‍ഥിയായ പ്രശാന്ത് 54830 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്‍റെ കെ മോഹന്‍കുമാറിന്‍റെ വോട്ട് 40365 ആയി ഇടിഞ്ഞു. 2016ല്‍ 43700 വോട്ട് നേടിയ കുമ്മനത്തിന് പകരമെത്തിയ എസ് സുരേഷ് 27453 വോട്ടിലൊതുങ്ങിയെന്നതും ശ്രദ്ധേയമായി. 14.46 ശതമാനം വോട്ട് സിപിഎം സ്ഥാനാര്‍ഥി വര്‍ധിപ്പിച്ചപ്പോള്‍ ബിജെപിക്ക് 10.3 ശതമാനവും കോണ്‍ഗ്രസിന് 5.23 ശതമാനവും കുറവുണ്ടായി.
കഴക്കൂട്ടം
ഇടത്, വലത് മുന്നണികള്‍ പയറ്റിത്തെളിഞ്ഞിട്ടുള്ള കഴക്കൂട്ടത്ത് 2016ല്‍ 7347 വോട്ടുകളുടെ ഭുരിപക്ഷത്തില്‍ സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനായിരുന്നു വിജയി. മൂന്ന് തവണ തുടര്‍ച്ചയായി ജയിച്ചെത്തിയ കോണ്‍ഗ്രസിലെ എം എ വാഹിദില്‍ നിന്ന് 1996ന് ശേഷമാദ്യമായി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു കടകംപള്ളി. എന്നാല്‍ വാഹിദിനെ പിന്തള്ളി വോട്ടിംഗ് ശതമാനത്തില്‍ അത്ഭുത വര്‍ധന നേടി ബിജെപി രണ്ടാമതെത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
കടകംപള്ളി സുരേന്ദ്രന്‍ 50079 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി മുരളീധരന് 42732 വോട്ടുകള്‍ കിട്ടി. 2011ല്‍ 50787 വോട്ടുകള്‍ക്ക് നേടിയ എം എ വാഹിദ് 38602 വോട്ടുകള്‍ മാത്രമായി മൂന്നാം സ്ഥാനത്തേക്ക് പടിയിറക്കപ്പെട്ടു. 25.04 ശതമാനം വോട്ട് വളര്‍ച്ചയാണ് ഇവിടെ ബിജെപി കാഴ്‌ചവെച്ചത്. 2011ലെ 7,508 വോട്ടില്‍ നിന്നാണ് ബിജെപിയുടെ ഈ കുതിപ്പ്. വലിയ നഷ്‌ടമുണ്ടായ കോണ്‍ഗ്രസ് 17.56 ശതമാനം വോട്ടുകള്‍ കൈവിട്ടു. സിപിഎമ്മിന് 2.18 ശതമാനത്തിന്‍റെ വളര്‍ച്ചയും കണ്ടു.
അഞ്ച് വര്‍ഷത്തിനിപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപി കൂടുതല്‍ പ്രതീക്ഷയിലാണ്. 2016ല്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ജനകീയരെ കളത്തിലിറക്കിയാണ് ബിജെപി തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നത്. മെട്രോമാന്‍ ഇ ശ്രീധരനടക്കമുള്ളവരുടെ ജനപ്രീതിയിലാണ് ബിജെപിയുടെ നോട്ടം. ന്യൂനപക്ഷവോട്ടുകള്‍ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങളും സംസ്ഥാന നേതൃത്വം നടത്തുന്നു.