ഹൈറേഞ്ചില്‍ റെക്കോര്‍ഡിട്ട് പി ജെ ജോസഫ്; രണ്ടും മൂന്നും സ്ഥാനക്കാര്‍ കണ്ണൂരില്‍; ഇക്കുറി എന്താകും?

By Web Team  |  First Published Mar 11, 2021, 12:23 PM IST

ജോസഫ് ഇത്തവണയും മത്സരരംഗത്തുണ്ടാകുമെങ്കിലും കഴിഞ്ഞ തവണ വമ്പന്‍ ഭൂരിപക്ഷം നേടിയ പലരും ഇക്കുറി കളത്തിന് പുറത്താണ്. 


തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍(2016) ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം വിരിഞ്ഞത് ഹൈറേഞ്ചിലാണ്. തൊടുപുഴയില്‍ യുഡിഎഫിന്‍റെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ഥിയായിരുന്ന പി ജെ ജോസഫ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. റോയ് വാരിക്കാട്ടിനെ 45,587 വോട്ടിന്‍റെ മിന്നും ഭൂരിപക്ഷത്തില്‍ പിന്നിലാക്കുകയായിരുന്നു. ജോസഫ് ഇത്തവണയും മത്സരരംഗത്തുണ്ടാകുമെങ്കിലും കഴിഞ്ഞ തവണ വമ്പന്‍ ഭൂരിപക്ഷം നേടിയ ആദ്യസ്ഥാനക്കാരില്‍ പലരും ഇക്കുറി കളത്തിന് പുറത്താണ്. 

Latest Videos

undefined

തുടര്‍ച്ചയായ മൂന്നാം തവണയും തൊടുപുഴയില്‍ തന്‍റെ കരുത്ത് കാട്ടുകയായിരുന്നു പി ജെ ജോസഫ്. 2016ല്‍ 1,95,987 വോട്ടര്‍മാരാണ് തൊടുപുഴയിലുണ്ടായിരുന്നത്. ജോസഫ് 76,564 വോട്ടുകള്‍ നേടിയപ്പോള്‍ റോയ്‌യുടെ ജനപിന്തുണ 30,977ലൊതുങ്ങി. ബിഡിജെഎസിലെ എസ് പ്രവീണായിരുന്നു 28,845 വോട്ടുകളുമായി മൂന്നാമത്. 2.16 ശതമാനത്തിന്‍റെ വോട്ട് വളര്‍ച്ച മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ ജോസഫിനുണ്ടായി. ഇക്കുറി മണ്ഡലത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നിരിക്കുന്നതേയുള്ളൂ. 

സിപിഎം കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂരിലായിരുന്നു രണ്ടും മൂന്നും സ്ഥാനക്കാര്‍. ഇരുവരും എല്‍ഡിഎഫിന്‍റെ സിപിഎം സ്ഥാനാര്‍ഥികള്‍. ഇ പി ജയരാജന്‍ മട്ടന്നൂരില്‍ നിന്ന് 43,381 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ കല്യാശ്ശേരിയില്‍ ടി വി രാജേഷ് 42,891 വോട്ടിന്‍റെ മുന്‍തൂക്കം സ്വന്തമാക്കി നിയമസഭയിലെത്തി. എന്നാല്‍ 'രണ്ട് ടേം' നിബന്ധനയുള്ളതിനാല്‍ ഇരുവരും ഇത്തവണ മത്സരരംഗത്തില്ല. 

മട്ടന്നൂരില്‍ കഴിഞ്ഞ തവണ യുഡിഎഫിന്‍റെ കെ പ്രശാന്തായിരുന്നു ഇപിയുടെ മുഖ്യ എതിരാളി. ഇ പി 84,030 വോട്ടുകള്‍ നേടിയപ്പോള്‍ പ്രശാന്തിന് 40649 വോട്ടുകളേ അക്കൗണ്ടിലാക്കാന്‍ കഴിഞ്ഞുള്ളൂ. ജയരാജന് ഇക്കുറി സീറ്റില്ലാതിരിക്കേ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് മട്ടന്നൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി. പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത കെ കെ ശൈലജയുടെ മികവ് വോട്ടായി മാറിയാല്‍ ഇത്തവണത്തെ ഉയര്‍ന്ന ഭൂരിപക്ഷമാകുമോ മണ്ഡലത്തില്‍ എന്ന ആകാംക്ഷ നിലനില്‍ക്കുന്നു. 

കല്യാശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അമൃത രാമകൃഷ്‌ണനോട് ഏറ്റുമുട്ടിയായിരുന്നു 2016ല്‍ ടി വി രാജേഷിന്‍റെ ജയം. അമൃത 40,115 വോട്ടുകളാണ് നേടിയതെങ്കില്‍ 83,006 വോട്ടുകളുണ്ടായിരുന്നു രാജേഷിന്. എന്നാല്‍ രണ്ട് ടേം നിബന്ധനയില്‍ ടി വി രാജേഷും മത്സരിക്കാത്തതിനാല്‍ യുവമുഖവും എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ എം വിജിനെ കളത്തിലിറക്കിയിരിക്കുകയാണ് മണ്ഡലത്തില്‍ സിപിഎമ്മും എല്‍ഡിഎഫും. ഉറച്ച മണ്ഡലങ്ങളിലൊന്ന് എന്നത് കന്നിയങ്കത്തില്‍ വിജിന് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. 

കഴിഞ്ഞ തവണ നാല്‍പ്പതിനായിരത്തിലധികം ഭൂരിപക്ഷം നേടിയ മറ്റ് ചിലര്‍ കൂടിയുണ്ട്. കടുത്തുരുത്തിയില്‍ യുഡിഎഫിലെ മോന്‍സ് ജോസഫും(42,256 വോട്ടുകള്‍), എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പയ്യന്നൂരില്‍ സി കൃഷ്ണന്‍(40,263), തളിപ്പറമ്പില്‍ ജയിംസ് മാത്യു(40,617), കൊട്ടാരക്കരയില്‍ പി അയിഷ പോറ്റി(42,632) എന്നിവരും കഴിഞ്ഞ അങ്കത്തില്‍ 40,000 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടു. ഇവരില്‍ 'രണ്ട് ടേം' വ്യവസ്ഥ ബാധകമായ സി കൃഷ്‌ണനും ജയിംസ് മാത്യുവും പി അയിഷ പോറ്റിയും ഇക്കുറി മത്സരരംഗത്തില്ല. 

പയ്യന്നൂരില്‍ ടി ഐ മധുസൂദനനും തളിപ്പറമ്പില്‍ എം വി ഗോവിന്ദന്‍ മാസ്റ്ററും കൊട്ടരക്കരയില്‍ കെ എന്‍ ബാലഗോപാലുമാണ് സ്ഥാനാര്‍ഥികള്‍. 

നേമത്ത് താമര വിരിഞ്ഞ 2016, ഏഴിടത്ത് രണ്ടാമത്; അഞ്ച് വർഷത്തിനിപ്പുറം ബിജെപിക്ക് എന്ത് സംഭവിക്കും

click me!