കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!

By Web Team  |  First Published Mar 20, 2021, 12:03 PM IST

അതിനെക്കാള്‍ നല്ലത് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് എടുത്തുമാറ്റുന്നതായിരിക്കുമെന്നായിരുന്നു മറുപടി


1959 ജൂണ്‍. ഔപചാരിക പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലെങ്കിലും പ്രാവര്‍ത്തികമായി എല്ലാ തലത്തിലും വിമോചനസമരം ആരംഭിച്ചുകഴിഞ്ഞ സമയം. രാഷ്‍ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര ആസ്ഥാനങ്ങളില്‍ നിന്നുള്ള അനുവാദമൊന്നും ഇല്ലാതെ തന്നെ വിവിധ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. മന്നത്ത് പത്മനാഭന്‍ കൂറ്റന്‍ റാലികളെ അഭിസംബോധന ചെയ്‍തുകൊണ്ടിരിക്കുന്നു. മന്നത്തെ കൂടാതെ കമ്മ്യൂണിസ്റ്റു സര്‍ക്കാരിനെതിരെയുള്ള ഈ യുദ്ധത്തിലെ മുഖ്യപോരാളികള്‍ കോണ്‍ഗ്രസും പിഎസ്‍പിയും മുസ്ലീം ലീഗും ആയിരുന്നു. ഒപ്പം ആര്‍എസ്‍പിയും കൂടി. കൂടാതെ കമ്മ്യൂണിസത്തിനെതിരെയുള്ള കുരിശു യുദ്ധവുമായി ഫദര്‍ ജോസഫ് വടക്കനും സംഘവും ഉണ്ടായിരുന്നു.

Latest Videos

undefined

ഉപദേശം കീശയില്‍

ആയിടെ ഒരുദിവസം കെപിസിസി പ്രസിഡന്‍റ് ആര്‍ ശങ്കര്‍ ഒരു വാര്‍ത്താ സമ്മേളനം അടിയന്തിരമായി വിളിച്ചു ചേര്‍ത്തു. പഴയ കോണ്‍ഗ്രസ് ഹൌസിനോട് ചേര്‍ന്നുള്ള ഓല മേഞ്ഞ ഒരു ഹാളിലായിരുന്നു അദ്ദേഹം പത്രക്കാരെ കണ്ടത്. ആ പത്രസമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ കുറ്റപത്രം നിവര്‍ത്തി ശങ്കര്‍. ഭരണം അഴിമതി നിറഞ്ഞിരിക്കുന്നു. ജനങ്ങള്‍ അരക്ഷിതരാണ്. ക്രമസമാധാനം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സാമ്പത്തികമായി ശക്തിപ്പെടുത്താനുള്ള ധനസമാഹരണത്തിനുള്ള ഏജന്‍സിയാണ് ഈ സര്‍ക്കാര്‍. ഇന്ത്യയെ ഒന്നടങ്കം കയ്യടക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ആത്യന്തിക ലക്ഷ്യം. ഇതിനായുള്ള ധനസാഹരണമാണ് നടക്കുന്നത്. ഇതൊക്കെയായിരുന്നു കെപിസിസി പ്രസിഡന്‍റിന്‍റെ കുറ്റപത്രത്തിലെ കാതലുകള്‍. 

(ചിത്രം - ആര്‍ ശങ്കര്‍)

എന്നാല്‍ തലേദിവസം എഐസിസിയില്‍ നിന്നും കിട്ടിയ ഒരു ടെലിഗ്രാം ചുരുട്ടി കീശയിലിട്ടു കൊണ്ടായിരുന്നു കെപിസിസി പ്രസിഡന്‍റിന്‍റെ ഈ പത്രസമ്മേളനമെന്ന് അവിടിരുന്ന ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും അറിഞ്ഞില്ല. സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം സൂചനാ സത്യാഗ്രഹത്തില്‍ മാത്രം ഒതുക്കിയാല്‍ മതിയെന്ന് കേരളത്തിലെ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഹൈക്കമാന്‍ഡിന്‍റെ ആ ടെലിഗ്രാം. തലേന്ന് ഈ ടെലിഗ്രാം ലഭിച്ചപ്പോള്‍ ശങ്കറും ചാക്കോയും അമ്പരന്നുപോയിരുന്നു. ഇടിവെട്ടേറ്റ പ്രതീതിയിലായിരുന്നു ഇരുവരും ഏറെനേരം. കാരണം സര്‍ക്കാരിനെ താഴേയിറക്കാനുള്ള പ്രക്ഷോഭങ്ങളോട് അവര്‍ മാനസികമായി അത്രയേറെ പൊരുത്തപ്പെട്ടു പോയിരുന്നു. ഒടുവില്‍ ആ രാത്രി മുഴുവനും ഇരുന്ന് ആലോചിച്ചു. ശേഷം ടെലിഗ്രാം അവഗണിക്കാനും പ്രക്ഷോഭവുമായി മുന്നോട്ടുപോകാനും ഇരുവരും തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു വാര്‍ത്താ സമ്മേളനം. 

വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്‍തുകൊണ്ടിരുന്ന കെപിസിസി പ്രസിഡന്‍റിന്‍റെ ജൂബയുടെ ഇടതു പോക്കറ്റില്‍ എഐസിസിയുടെ ടെലിഗ്രാം വിശ്രമിക്കുന്നുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരായ പ്രക്ഷോഭം തുടരാനാണോ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത് എന്ന് ഒരു ലേഖകന്‍ ചോദിച്ചു. അപ്പോള്‍ പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നായിരുന്നു ശങ്കറിന്‍റെ മറുപടി.  ഒരു കണ്‍പോളയുടെ ചലനം പോലുമില്ലാതെയായിരുന്നു ആ വാക്കുകള്‍ ശങ്കര്‍ തറപ്പിച്ചു പറഞ്ഞത്. തന്‍റെ രാഷ്‍ട്രീയ ജീവിതത്തിലെ കടുത്ത അഗ്നിപരീക്ഷയെ ആണ് ശങ്കര്‍ ആ നിമിഷങ്ങളില്‍ നേരിട്ടുകൊണ്ടിരുന്നതെന്ന് അവിടെക്കൂടിയ പത്രപ്രവര്‍ത്തകര്‍ അപ്പോഴും അറിഞ്ഞിരുന്നില്ല. 

ശങ്കര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന ആ നേരത്ത് എഐസിസിക്ക് ഒരു ടെലിഗ്രാം അയക്കുന്ന തിരക്കിലായിരുന്നു പി ടി ചാക്കോ. സംസ്ഥാന കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന സത്യഗ്രഹത്തിനും തുടര്‍ന്നുള്ള പിക്കറ്റിംഗിനും ഹൈക്കമാന്‍ഡിന്‍റെ അനുഗ്രഹം വേണമെന്നായിരുന്നു ആ ടെലിഗ്രാമിലെ ഉള്ളടക്കം. എന്നാല്‍ എഐസിസിയില്‍ നിന്നും കെപിസിസിക്ക് ലഭിച്ച ടെലിഗ്രാമിനെപ്പറ്റി ഒരക്ഷരം പോലും അതില്‍ പരാമര്‍ശിച്ചിരുന്നുമില്ല. 

അത് ഭരണഘടനാ വിരുദ്ധം

ചാക്കോയുടെ ഈ ടെലിഗ്രാം ദില്ലിയിലെത്തി. കെപിസിസിയുടെ ഈ തീരുമാനം ഹൈക്കമാന്‍ഡിനെ അദ്ഭുതപ്പെടുത്തി. തെരെഞ്ഞെടുക്കുപ്പെട്ട സര്‍ക്കാരിനെതിരെയുള്ള വിമോചനസമരം ഭരണഘടനാ വിരുദ്ധമാണ് എന്നതായിരുന്നു വിമോചനസമരത്തോടുള്ള ദേശീയപ്രതികരണം. അതുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് സാവകാശം കാണിക്കണമെന്നായിരുന്നു ഇക്കാര്യത്തില്‍ എഐസിസിയുടെ നിലപാട്.  എന്നാല്‍ ഇക്കാര്യത്തില്‍ എഐസിസിയും കെപിസിസിയും തമ്മിലുള്ള ഭിന്നത പുറത്തറിയാതെ പരിഹരിക്കണമെന്നും ഹൈക്കമാന്‍ഡ് ആഗ്രഹിച്ചു. അതിനായി അവര്‍ പ്രതിനിധിയായി യു എന്‍ ധേബറെ കേരളത്തിലേക്കയച്ചു. വളരെയധികം പ്രതീക്ഷയോടെ കേരളത്തിലെത്തിയ മുതിര്‍ന്ന നേതാവായ ധേബര്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളോട് സംസാരിച്ചു. എന്നാല്‍ പരാജയമായിരുന്നു ഫലം. തുടര്‍ന്ന് ദില്ലിക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ ധേബര്‍ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ വിസമ്മതിച്ചു. 

(ചിത്രം - യു എന്‍ ധേബര്‍)

ധേബറെ യാത്രയാക്കാന്‍ ആര്‍ ശങ്കറും മറ്റുചില  കെപിസിസി നേതാക്കളും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനം പുറപ്പെടാന്‍ 45 മിനിട്ടു വൈകി. ആ അവസാന സമയത്തും ശങ്കറിനെ കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു ധേബര്‍. വിമാനത്താവളത്തിലെ വിശ്രമ മുറിയില്‍ സംസാരിച്ചുകൊണ്ട് അവര്‍ ഉലാത്തി. ശങ്കറെ പാട്ടിലാക്കാന്‍ ധേബര്‍ നടത്തിയ അവസാന ശ്രമമായിരുന്നു അത്. എന്നാല്‍  എഐസിസിയുടെ നിലപാട് കെപിസിസി അംഗീകരിക്കുന്നതിനെക്കാള്‍ നല്ലത് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് എടുത്തുമാറ്റുന്നതായിരിക്കുമെന്നായിരുന്നു ശങ്കറിന്‍റെ മറുപടി.  ആ ഭീഷണി ഫലിച്ചെന്നു വേണം കരുതാന്‍. യു എന്‍ ധേബര്‍ ദില്ലിയില്‍ തിരിച്ചെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചു. ഇതിനു ശേഷമായിരുന്നു ഇന്ധിരാ ഗാന്ധിക്കും  എഐസിസി നേതൃത്വത്തിനും കേരളത്തിലെ പ്രക്ഷോഭങ്ങളില്‍ താല്‍പ്പര്യം ജനിക്കുന്നതും ഒടുവില്‍ മാസങ്ങള്‍ക്കകം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ താഴെ വീഴുന്നതും. 

ആ കെട്ടിടം കമ്മ്യൂണിസ്റ്റുകാരുടെ കയ്യില്‍

എഐസിസി നിര്‍ദ്ദേശത്തെ അവഗണിക്കാനുള്ള ഉഗ്രതീരുമാനം ആര്‍ ശങ്കര്‍ എന്ന കെപിസിസി പ്രസിഡന്‍റ് എടുത്ത ആ പഴയ കോണ്‍ഗ്രസ് ഹൌസിന് പിന്നീട് സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്നൊരു ട്വിസ്റ്റാണ്. പഴകിപ്പൊളിഞ്ഞ ഒരു കെട്ടിടമായിരുന്നു അത്. അതിന്‍റെ ഉടമസ്ഥന്‍ ശ്രീലങ്കയിലായിരുന്നു. 1969ല്‍ ആ ഭൂമിയും കെട്ടിടവും ഉടമസ്ഥന്‍ സോവിയറ്റ് എംബസിക്ക് വിറ്റു. എംബസി അവിടെ സാംസ്‍കാരിക കേന്ദ്രം പണിയാനായി ഒരു പുത്തന്‍കെട്ടിടം നിര്‍മ്മിച്ചു. അങ്ങനെ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരായി സംസ്ഥാന കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിച്ച സ്ഥലം ഒടുവില്‍ ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തിന്‍റെ എംബസിയുടെ കയ്യിലായി!

(ചിത്രം - ഇന്ദിരാ ഗാന്ധി)

(അടുത്തത് - മടിയും നാണവും മറന്ന് സര്‍ക്കാരിനെതിരെ പോരിനിറങ്ങി ഈ വനിതകളും!)

മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍

click me!