കേന്ദ്രത്തിന്‍റെ അരി കേരളത്തില്‍, രുചി അറിയാന്‍ ഗവര്‍ണ്ണര്‍ ഹോട്ടലില്‍..!

By Web Team  |  First Published Mar 29, 2021, 2:52 PM IST

ദിവസങ്ങള്‍ക്കകം ആവശ്യമായ അരി അടിയന്തിരമായി കേരളത്തിലേക്ക് അയച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം കനിഞ്ഞുനല്‍കിയ ആ അരി വിതരണം ചെയ്യാന്‍ നേരിട്ട് രംഗത്തിറങ്ങി ഗവര്‍ണ്ണര്‍


രാഷ്‍ട്രപതി ഭരണം പോലെ അക്കാലത്ത് കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഒന്നായിരുന്നു ഭക്ഷ്യ ക്ഷാമവും. ഫലമില്ലാതായിപ്പോയ 1965ലെ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് രാഷ്‍ട്രപതി ഭരണം തുടരുമ്പോള്‍ ക്ഷാമവും രൂക്ഷമാകുകയായിരുന്നു. അന്നത്തെ ഗവര്‍ണ്ണര്‍ വി വി ഗിരി ഈ ക്ഷാമം തടയാന്‍ ശക്തവും ഹൃദ്യവുമായ നടപടികളാണ് എടുത്തത്. കേന്ദ്രത്തോട് ഉരസി സംസ്ഥാനത്ത് അരിയെത്തിച്ച ഗവര്‍ണ്ണറായിരുന്നു അദ്ദേഹം. മാത്രമല്ല ആ അരിക്ക് രുചിയുണ്ടോ എന്ന് പരിശോധിച്ച് അറിയാന്‍ ഒരു ഹോട്ടലില്‍ ഊണു കഴിക്കാന്‍ കയറുകയും ചെയ്‍തു അദ്ദേഹം. ആ കഥകളിലേക്ക് കടക്കാം. അതിനു മുമ്പ് വി വി ഗിരിയെപ്പറ്റി അല്‍പ്പം. 

Latest Videos

undefined

വരാഹഗിരി വെങ്കട ഗിരി
ജനകീയനായി ഒരു ഗവര്‍ണ്ണറായിരുന്നു  വരാഹഗിരി വെങ്കട ഗിരി അഥവാ  വി വി ഗിരി.  അദ്ദേഹത്തിന്‍റെ കാലത്ത് രാജ്‍ഭവന്‍ ശരിക്കുമൊരു ജനകീയ സ്ഥാപനമായിത്തീര്‍ന്നിരുന്നു. അതിന്‍റെ വാതില്‍ ഗിരി പൊതുജനങ്ങള്‍ക്ക് മുന്നിലേക്ക് മലര്‍ക്കെ തുറന്നിട്ടു. അവിടേക്ക് ഏതൊരാള്‍ക്കും കടന്നുചെല്ലാമായിരുന്നു. പ്രശ്‍നങ്ങള്‍ ഗവര്‍ണ്ണറോടോ അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥരോടോ നേരിട്ട് പറയാമായിരുന്നു. എല്ലാ നിറത്തിലുംപെട്ട രാഷ്‍ട്രീയക്കാരെ എപ്പോഴും സ്വാഗതം ചെയ്യുമായിരുന്നു ഗിരിയുടെ കാലത്തെ രാജ്‍ഭവന്‍. 

(ചിത്രം - വി വി ഗിരി)

ഒഡിഷയിലെ ബർഹാമ്പൂരിൽ തെലുഗു ദമ്പതികളുടെ മകനായിട്ടായിരുന്നു ഗിരിയുടെ ജനനം. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ സജീവ പ്രവർത്തകനും അഭിഭാഷകനുമായിരുന്നു ഗിരിയുടെ പിതാവ് വി വി ജോഗയ്യ പാണ്ടുലു. നിസഹകരണ പ്രസ്ഥാനത്തിലും മറ്റും പ്രവർത്തിച്ച് ജയിലില്‍പ്പോയ ബെർഹാമ്പൂരിലെ സ്വാതന്ത്ര്യ സമരനായിക സുഭദ്രാമ്മ ആയിരുന്നു ഗിരിയുടെ അമ്മ. 

ബെർഹാമ്പൂരിലെ ഖല്ലിക്കോട്ടെ കോളേജിലായിരുന്നു ഗിരിയുടെ ഇന്ത്യയിലെ വിദ്യാഭ്യാസക്കാലം. തുടർന്ന് 1913ൽ നിയമം പഠനത്തിന് അയർലന്റിലെ ഡബ്ലിനിലെ യൂണിവേഴ്‍സിറ്റി കോളേജിൽ എത്തി അദ്ദേഹം. എന്നാല്‍ അവിടുത്തെ Sinn Féin പ്രസ്ഥാനവുമായി അടുത്തതിന്റെ ഫലമായി 1916ൽ അദ്ദേഹത്തെ ഡബ്ലിനിൽ നിന്നും നാടുകടത്തി. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ഗിരി. ഒപ്പം കോൺഗ്രസ് പ്രവർത്തനവും തുടങ്ങി. കോണ്‍ഗ്രസിന്‍റെ ലക്നൌ സമ്മേളനത്തിൽ പങ്കെടുക്കുകയും ആനി ബസന്റിന്റെ ഹോം റൂൾ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്‍തു. തൊഴിലാളിപ്രസ്ഥാനപ്രവർത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹം. 1923ൽ സ്വയം സ്ഥാപിച്ച All India Railwaymen’s Federation ന്റെ ജനറൽ സെക്രട്ടറി ആയിരുന്നു 10 വര്‍ഷത്തോളം വി വി ഗിരി. 

ഊണു കഴിക്കാന്‍ കയറിയ കഥ
ഇനി ഗവര്‍ണ്ണര്‍ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ ഊണു കഴിക്കാന്‍ കയറിയ ആ കഥയിലേക്ക് തിരിച്ചുവരാം. സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അതിനെ നേരിടാന്‍ ഗവര്‍ണ്ണറായിരുന്ന വി വി ഗിരി പല നടപടികളിലേക്കും കടന്നു. കേരളത്തിലേക്ക് അടിയന്തിരമായി സാധനങ്ങള്‍ എത്തിക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു അദ്ദേഹം. പല രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും ദില്ലിയും കേന്ദ്രവും അനങ്ങിയില്ല. എന്നാല്‍ അതങ്ങനെ വെറുതെവിടാന്‍ ഗിരിക്ക് കഴിയുമായിരുന്നില്ല. 

അദ്ദേഹം കടുത്ത ഒരു നീക്കത്തിലേക്ക് കടന്നു. രാജ്ഭവനില്‍ പത്രാധിപന്മാരുടെ ഒരു കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ത്തു. സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളുടെയും ചീഫ് എഡിറ്റര്‍മാരുടെ ഒരു സമ്മേളനമായിരുന്നു അത്. കേരളത്തിലെ ഭക്ഷ്യസ്ഥിതിയെപ്പറ്റി ആ യോഗത്തില്‍ ഗവര്‍ണ്ണര്‍ പത്രാധിപന്മാരോട് സംസാരിച്ചു. ഭക്ഷ്യ ക്ഷാമത്തിനു കാരണം തന്‍റെ ഉപേക്ഷയാണെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം അവരോട് പറഞ്ഞു. മാത്രമല്ല ഒരുപടി കൂടി കടന്ന്, ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിന് ദില്ലിയെ സൌമ്യമായ ഭാഷയില്‍ കുറ്റപ്പെടുത്തുക കൂടി ചെയ്‍തു വി വി ഗിരി. 

മാധ്യമങ്ങളോടുള്ള ഗവര്‍ണ്ണറുടെ സംസാരം കേട്ട് അദ്ദേഹത്തിന്‍റെ ഉപദേഷ്‍ടാക്കളും ഉദ്യോഗസ്ഥരും ഞെട്ടിപ്പോയി. കാരണം സംസാരിക്കുമ്പോള്‍ തെറ്റാതിരിക്കാനായി ഗിരി മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ ആ പ്രസംഗത്തിന്റെ പകര്‍പ്പ് അവര്‍ കണ്ടിട്ടുപോലുമില്ലായിരുന്നു. ഈ ചെയ്‍തിയുടെ പരിണിതഫലത്തെക്കുറിച്ചോര്‍ത്ത് അവര്‍ ആശങ്കാകുലരായി. കോണ്‍ഫറന്‍സ് കഴിഞ്ഞു. പ്രസംഗം പ്രസിദ്ധീകരണത്തിന് കൊടുക്കരുതെന്ന് ഉദ്യോഗസ്ഥര്‍ ഗവര്‍ണ്ണറോട് അപേക്ഷിച്ചു. പക്ഷേ ബ്യൂറോക്രസിയെ ഇളിഭ്യരാക്കി അദ്ദേഹം ആ ആവശ്യവും നിരാകരിച്ചു. 

ഉദ്യോഗസ്ഥര്‍ ഭയന്നതുതന്നെ സംഭവിച്ചു. ദില്ലിയില്‍ നിന്നും വിളിയെത്തി. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയായിരുന്നു അപ്പുറത്ത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആശങ്ക പോലൊന്നും സംഭവിച്ചില്ല. കേന്ദ്രത്തിനെതിരായ ആരോപണം പ്രസിദ്ധപ്പെടുത്തിയതില്‍ ശാസ്ത്രി ഗിരിയെ കുറ്റപ്പെടുത്തിയില്ല. മാത്രമല്ല ദിവസങ്ങള്‍ക്കകം ആവശ്യമായ അരി അടിയന്തിരമായി കേരളത്തിലേക്ക് അയയ്ക്കുകയും ചെയ്‍തു കേന്ദ്രം!

എന്നാല്‍ കഥ അവിടെ തീര്‍ന്നില്ല. കേന്ദ്രം കനിഞ്ഞുനല്‍കിയ ആ അരി വിതരണം ചെയ്യാന്‍ ഗവര്‍ണ്ണര്‍ തന്നെ നേരിട്ട് ഫലപ്രദമായ ഒരു സംവിധാനമുണ്ടാക്കി. തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിലൂടെ ന്യായ വിലയ്ക്ക് ഭക്ഷണം വിതരണം ചെയ്യുക എന്നതായിരുന്നു അതിനായി ഗിരി ആവിഷ്‍കരിച്ച പദ്ധതികളിലൊന്ന്. തിരുവനന്തപുരത്തെ ഹോട്ടലുകളിലെ സാധാരണ സസ്യ ഊണിന്‍റെ പകുതിവിലയായ 50 പൈസയ്ക്ക് അദ്ദേഹം ഊണ്‍ ഏര്‍പ്പാട് ചെയ്‍തു. വില കുറഞ്ഞ ഊണു നല്‍കുന്ന ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ അരി നല്‍കി. 

പക്ഷേ അതുകൊണ്ടൊന്നും തൃപ്‍തനായില്ല വി വി ഗിരി. ജാഗരൂകമായ മനസും ഊര്‍ജ്ജസ്വലമായ പ്രകൃതവും രാജ്ഭവനിലെ സുഖസമൃദ്ധിയില്‍ അടച്ചിരിക്കാന്‍ ഒരിക്കലും അദ്ദേഹത്തെ അനുവദിച്ചില്ല. ഹോട്ടലുകള്‍ വഴി വില കുറച്ചു വിതരണം ചെയ്യുന്ന ഭക്ഷണം എങ്ങനെയുള്ളതാണെന്ന് അറിയാന്‍ അദ്ദേഹത്തിനു കൊതി തോന്നി. അതിനെന്താണ് വഴി? അദ്ദേഹം ആലോചിച്ചു.

ഒടുവില്‍ ആരുമറിയാതെ ഏതെങ്കിലുമൊരു ഹോട്ടലില്‍ കയറി ഊണു കഴിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ഒരുദിവസം ഉച്ചയ്ക്ക് രാജ്‍ഭവനില്‍ നിന്നും കാറില്‍ അദ്ദേഹം യാത്ര തിരിച്ചു. സെക്രട്ടറിയേറ്റിന് എതിര്‍വശത്തുള്ള ഒരു ഹോട്ടലില്‍ ആയിരുന്നു അദ്ദേഹം വന്നുകയറിയത്. പൊലീസിനെപ്പോലും അറിയിക്കാതെയായിരുന്നു ഗവര്‍ണ്ണറുടെ ആ രഹസ്യ യാത്ര. ഹോട്ടലില്‍ കയറിയ ഗവര്‍ണ്ണര്‍ തനിക്കും സ്‍നേഹിതര്‍ക്കും ഊണിനു  പറഞ്ഞു.

എന്നാല്‍ ഗിരിയെ തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജര്‍ വായും പൊളിച്ചിരുന്നു. ഗവര്‍ണ്ണര്‍ക്ക് സാധാരണ ഇലയില്‍ ആണോ അതോ പ്രത്യേകം പ്ലേറ്റിലാണോ ഊണു വിളമ്പേണ്ടതെന്നറിയാതെ അയാള്‍ കുഴങ്ങി. ഒടുവില്‍ ഗിരി തന്നെ അതിനും പരിഹാരമുണ്ടാക്കി. ഒരില കൊണ്ടുവരാന്‍ അദ്ദേഹം പറഞ്ഞു. ഇലയും ഒപ്പം ചോറും കറികളുമെത്തി. ഊണു കഴിച്ച ഗവര്‍ണ്ണര്‍ക്ക് സന്തോഷമായി. ഇതു തന്നെയാണോ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് അവിടെയുണ്ടായിരുന്നവരോട് ചോദിച്ച് ഉറപ്പുവരുത്തി. താന്‍ ഏര്‍പ്പെടുത്തിയ ഭക്ഷണ വിതരണം കൊള്ളാമെന്നും അത് മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹത്തിന് തോന്നി. 

ഗിരിയെ ചതിച്ച് ചാക്കോ ശിഷ്യന്മാര്‍
വി വി ഗിരിയും കേരളാ കോണ്‍ഗ്രസ് സ്ഥാപകന്‍ പി ടി ചാക്കോയുമായുള്ള ബന്ധത്തെപ്പറ്റി മുന്‍ അധ്യായങ്ങളില്‍ സൂചിപ്പിച്ചിരുന്നു. സൌഹൃദവും ഒപ്പം വാത്സല്യവും കൂടിയായിരുന്നു ഗിരിക്ക് ചാക്കോയോട് ഉണ്ടായിരുന്നത്. ഗിരിയുടെ അംഗീകാരത്തോടെയല്ലാതെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ പി ടി ചാക്കോ യാതൊന്നും ചെയ്‍തിരുന്നില്ല. നിയമപരമായി അതിന്‍റെ ആവശ്യമൊന്നും ഇല്ലെങ്കിലും അതങ്ങനെയായിരുന്നു. അത്ര ഊഷ്‍മളമായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം.

(ചിത്രം - പി ടി ചാക്കോ)

 

ചാക്കോയ്ക്ക് സംഭവിച്ച കാറപകടത്തിലും രാഷ്‍ട്രീയ ദുരന്തത്തില്‍ അതീവ ദു:ഖിതനായിരുന്നു വി വി ഗിരി. രാഷ്‍ട്രീയക്കാര്‍ ചാക്കോയോട് കടുത്ത നീതികേട് കാട്ടിയതായി അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ദൈനംദിന സംഭവങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്ന ഗിരി എന്നാല്‍ അവയുടെ ഗതിയെ ഒരിക്കലും സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നില്ല. ചാക്കോയെ നശിപ്പിച്ച ആളുകള്‍ക്കെതിരെ ഒരിക്കല്‍ നീതി നടപ്പാകുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ രാഷ്‍ട്രീയ നീതിയിലുള്ള  അടിയുറച്ച വിശ്വാസം കാത്തുസൂക്ഷിച്ച ഗിരിയെ ചാക്കോയുടെ അനുയായികള്‍ തന്നെ പില്‍ക്കാലത്ത് ചതിച്ചു എന്നതാണ് വിരോധാഭാസം. 

1969ലെ പ്രസിഡന്‍റ് തെരെഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വി വി ഗിരി മത്സരിച്ചപ്പോഴായിരുന്നു കേരളാ കോണ്‍ഗ്രസുകാരുടെ ആ കൊടും ചതി. കേരളാ കോണ്‍ഗ്രസിലെ അഞ്ച് എംഎല്‍എമാര്‍ സഞ്ജീവ റെഡ്ഡിക്ക് വോട്ടു ചെയ്‍തു! അങ്ങനെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതിയായി മാറാനായിരുന്നു വി വി ഗിരിയുടെ വിധി.

തങ്ങളുടെ നേതാവായ പി ടിചാക്കോയുടെ മാനസഗുരുവിനെ ചതിക്കാന്‍ അനുനായികളെ പ്രേരിപ്പിച്ച മുഖ്യ കാരണങ്ങളിലൊന്ന് 1965ല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണ്ണറായ ഗിരി തങ്ങളെ ക്ഷണിച്ചില്ല എന്നതായിരുന്നു. ജനാധിപത്യത്തെ അങ്ങനെ കശാപ്പു ചെയ്യാന്‍ ഗിരിക്ക് സാധിക്കുമായിരുന്നില്ല എന്ന് പക മൂത്ത കേരളാ കോണ്‍ഗ്രസുകാര്‍ക്ക് അറിയുമായിരുന്നില്ല. തങ്ങളുടെ ഈ നന്ദികേടറിയുന്ന നിമിഷം പി ടി ചാക്കോ ആ കല്ലറയില്‍ക്കിടന്ന് പിടയുമെന്ന് ചിന്തിക്കാന്‍ പോലും അനുനായികള്‍ തയ്യാറായുമില്ല!

(ചിത്രം - കെ എം മാണിയും കെ എം ജോര്‍ജ്ജും ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍)

(അടുത്തത് - സിപിഎമ്മിനൊപ്പം മുസ്ലീം ലീഗ്, അപമാനിതരായി കോണ്‍ഗ്രസ്!)

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍,
ഡച്ച് ഇന്‍ കേരള ഡോട്ട് കോം,
വിക്കി പീഡിയ, 
ബോധി കമോണ്‍സ് ഡോട്ട് ഓര്‍ഗ്

മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!

ഭാഗം 8 - മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!

ഭാഗം 9- പ്രധാനമന്ത്രി രക്ഷിക്കുമെന്ന് കരുതി മുഖ്യമന്ത്രി, പക്ഷേ ഒടുവില്‍ സംഭവിച്ചത്!

ഭാഗം 10- കയ്പ്പുനീര് കുടിച്ചുകുടിച്ച് മുസ്ലീം ലീഗ്!

ഭാഗം 11- ആ ബജറ്റ് ദിവസം നിയമസഭയില്‍ സിപിഐയും കോണ്‍ഗ്രസും ഒത്തുകളിച്ചിരുന്നു!

ഭാഗം 12- ഗാന്ധിയെ സ്വപ്‍നം കണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ!

ഭാഗം 13 - എംഎല്‍എയെ കാണാനില്ല, കിട്ടിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് കൂട്ടുകാരന് ഭീഷണി!

ഭാഗം 14- ഇഎംഎസിന്‍റെ കെണിയില്‍ വീണ് സിപിഐ, വീഴാതെ കേരളാ കോണ്‍ഗ്രസ്!

click me!