കഴിഞ്ഞദിവസം രാത്രി ഒരാള്‍ തന്‍റെ സ്വപ്‍നത്തില്‍ പ്രത്യക്ഷപ്പെട്ടു. അത് മറ്റാരുമായിരുന്നില്ല. അയാള്‍ സാക്ഷാല്‍ മഹാത്മാഗാന്ധിയായിരുന്നു. നാടകീയ പ്രഖ്യാപനവുമായി ഒരു കോണ്‍ഗ്രസ് എംഎഎല്‍എ.
പി ടി ചാക്കോയ്ക്കെതിരായ എതിരാളികളുടെ നീക്കങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. നിയമസഭാ പരിസരത്തെ ഒരു പ്രകടനത്തോടെയായിരുന്നു അതിനു തുടക്കം. മഹാത്മാഗാന്ധിയെ സ്വപ്‍നം കണ്ട ഒരു ഭരണകക്ഷിക്കാരനായ എംഎല്‍എയുടെ രംഗപ്രവേശനം ഉള്‍പ്പെട്ട ഈ പ്രകടനപരമ്പര അതീവ നാടകീയമായിരുന്നു. പ്രഹളാദന്‍ ഗോപാലന്‍ എന്നായിരുന്നു ആ കോണ്‍ഗ്രസ് എംഎല്‍എയുടെ പേര്.
undefined
ആ സംഭവം ഇങ്ങനെയായിരുന്നു. 1964 ജനുവരി 30. രക്തസാക്ഷിദിനമാണ്. രാവിലെ ഗവര്‍ണ്ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടക്കാനൊരുങ്ങുന്നു. സ്‍പീക്കര്‍ പ്രമേയം വോട്ടിനിട്ടു. അപ്പോള്‍ വടക്കേ മലബാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയ പ്രഹളാദന്‍ ഗോപാലന്‍ നാടകീയമായി ഒരു പ്രഖ്യാപനം നടത്തി. അസാന്മാര്‍ഗിയായ ഒരു മനുഷ്യന്‍ ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്തോളം സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ തനിക്ക് സാധിക്കില്ല എന്നായിരുന്നു ആ പ്രഖ്യാപനം. തുടര്‍ന്ന് പ്രഹ്ളാദന്‍ ഗോപാലന്‍ ആ രഹസ്യവും വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി ഒരാള്‍ തന്‍റെ സ്വപ്‍നത്തില്‍ പ്രത്യക്ഷപ്പെട്ടു. അത് മറ്റാരുമായിരുന്നില്ല. അയാള്‍ സാക്ഷാല്‍ മഹാത്മാഗാന്ധിയായിരുന്നു! എന്നിട്ട് ഗാന്ധി ഗോപാലനോട് പറഞ്ഞുവത്രെ, എന്നും അസാന്മാര്‍ഗികതയ്ക്കെതിരെ പോരാടണം എന്ന്.
(ചിത്രം - മഹാത്മാ ഗാന്ധി)
ഇത്രയും പറഞ്ഞ ശേഷം പ്രഹളാദന്‍ ഗോപാലന്‍ സഭ ബഹിഷ്‍കരിച്ചു. ചാക്കോയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാരവും തുടങ്ങി അദ്ദേഹം. ഗോപാലന്‍റെ സ്വപ്‍നത്തില്‍ ഗാന്ധി പ്രത്യക്ഷപ്പെടാനും പെടാതിരിക്കാനുമൊക്കെ സാധ്യതയുണ്ട്. എന്നാല്‍ പ്രഹ്ളാദന്‍ ഗോപാലന് പ്രോത്സാഹനം നല്‍കിക്കൊണ്ട് സി കെ ഗോവിന്ദന്‍ നായര്‍ ഉള്‍പ്പെടെയുള്ള ഉന്നത കെപിസിസി നേതാക്കളും ഒപ്പം ക്യമ്മ്യൂണിസ്റ്റ് നേതാക്കളും രാവെന്നോ പകലെന്നോ ഭേദമില്ലാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു എന്നത് പകല്‍ പോലെ സത്യമായിരുന്നു.
നിരാഹാരം പ്രഖ്യാപിച്ച് പ്രഹ്ളാദന്‍ ഗോപാലന്‍ സഭയുടെ പുറത്തേക്ക് പോയ ഉടന്‍ വയോധികനായ ഒരു എംഎല്‍എ മാത്രം ഇങ്ങനെ വിളിച്ചു പറഞ്ഞു:
"അദ്ദേഹത്തെ ഭ്രാന്താശുപത്രിയിലേക്ക് അയക്കണം.."
സോഷ്യലിസ്റ്റുകാരനായ ജോസഫ് ചാഴിക്കാടനായിരുന്നു അത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് സിപിഐയും ഗോപാലന് അനുഭാവം അര്‍പ്പിച്ച് ഒരു ദിവസം നിരാഹാരത്തില്‍ പങ്കുചേരേണ്ടിയിരുന്നു. തുടക്കത്തില്‍ ഈ നിരാഹാര പദ്ധതിയില്‍ സോഷ്യലിസ്റ്റു പാര്‍ട്ടി ഭാഗമായിരുന്നില്ല. എന്നാല്‍ സിപിഐ പങ്കെടുക്കുന്നുണ്ടെന്നു കണ്ടതോടെ അവരും കൂടെച്ചേര്‍ന്നു. പക്ഷേ ചാഴിക്കാടന്‍ അപ്പോഴും ഒഴിഞ്ഞുനിന്നു. ചാക്കോയുടെ ഉറ്റസുഹൃത്തും കൂട്ടാളികളുമായ മുസ്ലീം ലീഗും ചര്‍ച്ചയില്‍ നിന്നും പ്രകടനത്തില്‍ നിന്നുമെല്ലാം ഒഴിഞ്ഞു നിന്നു.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും പ്രതിപക്ഷ നേതാവ് ഇഎംഎസിനെയും സംബന്ധിച്ച് അവരുടെ രാഷ്‍ട്രീയ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ അധ്യായങ്ങളില്‍ ഒന്നായിരുന്നു ഗോപാലന്‍ സഭംവം. കോണ്‍ഗ്രസിന്‍റെ ശിഥിലീകരണത്തിന് സഹായിച്ചു എന്ന രാഷ്‍ട്രീയ ലക്ഷ്യം മാത്രമായിരുന്നു ഈ രാഷ്‍ട്രീയ നാടകത്തിനുള്ള ന്യായീകരണമായി അവര്‍ക്ക് പില്‍ക്കാലത്ത് പറയാനുണ്ടായിരുന്നുള്ളൂ.
ചാക്കോയുടെ രാജി, മരണം, മറുപിറവി
നിയമസഭയിലെ ചര്‍ച്ചകഴിഞ്ഞു. ശങ്കറും ഒന്നിച്ച് ഒരു ദില്ലി സന്ദര്‍ശനത്തിനു ശേഷം ചാക്കോ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങി. ശങ്കര്‍ - ചാക്കോ കൂട്ടുകെട്ടിനെ ഉലച്ച ചില വാക്കുകള്‍ ഈ സമയത്ത് ചാക്കോയില്‍ നിന്നുണ്ടായി. മുഖ്യമന്ത്രി പോലും തനിക്കെതിരായി തിരിയുമെന്ന് താന്‍ മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു ആ വാക്കുകള്‍. ആ പ്രസ്‍താവനയില്‍ ശങ്കര്‍ പ്രതിഷേധിച്ചു. ഇനി തനിക്ക് ചാക്കോയോടൊപ്പം പ്രവര്‍ത്തിക്കാനാകില്ലെന്ന് കൊച്ചിയില്‍ വച്ച് ശങ്കര്‍ ചാക്കോയോട് പറഞ്ഞു. കാറപകടം നടന്ന ശേഷം എല്ലാം മറന്നുകളയൂ എന്ന് ചാക്കോയോട് പറഞ്ഞയാളാണ് ശങ്കര്‍. ഇരുമെയ്യും ഒരേമനസുമുള്ള ചാക്കോ - ശങ്കര്‍ സൌഹൃദം അത്രമേല്‍ പ്രസിദ്ധവുമായിരുന്നു. അതാണ് ഇപ്പോള്‍ ഉടഞ്ഞുവീണിരിക്കുന്നത്! ശങ്കറെ പ്രകോപിപ്പിച്ച് അങ്ങനൊരു പ്രസ്‍താവന ചാക്കോ നടത്തരുതായിരുന്നുവെന്ന് ചാക്കോ അനുനായികള്‍ക്ക് പോലും തോന്നി. എന്നാല്‍ ശങ്കര്‍ എതിര്‍ ഗ്രൂപ്പിലേക്ക് പോകുമെന്ന് തനിക്ക് അറിയാമെന്നായിരുന്നു ഇതിന് ചാക്കോയുടെ മറുവാദം.
മുഖ്യമന്ത്രിക്ക് തന്നില്‍ വിശ്വാസം ഇല്ലാതായിക്കഴിഞ്ഞ സ്ഥിതിക്ക് താന്‍ രാജി വയ്ക്കുമെന്ന് ചാക്കോ ഉടനെ പറഞ്ഞു. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഉടന്‍ അദ്ദേഹം ഒറ്റവരിയില്‍ രാജിക്കത്തും എഴുതി. ഒപ്പം കോണ്‍ഗ്രസ് പ്രസിഡന്‍റ് കാമരാജിനും എഴുതി. എന്നാല്‍ ഭിന്നതകള്‍ പറഞ്ഞൊതുക്കാന്‍ പ്രസിഡന്‍റ് യാതൊന്നും ചെയ്‍തില്ല. കാരണം, അപ്പോഴേക്കും ചാക്കോ എതിരാളികളായ കെപിസിസിയുടെ വലയില്‍ ശങ്കറിനെപ്പോലെ കാമരാജും വീണുപോയിരുന്നു.
(ചിത്രം - പി ടി ചാക്കോ)
ഒടുവില്‍ ചാക്കോ രാജി വച്ചു. പ്രിയങ്കരനായ ആഭ്യന്തരമന്ത്രിയുടെ രാജിയില്‍ പൊലീസില്‍ അമര്‍ഷം പുകഞ്ഞു. രാജി വച്ച ഉടനെ ചാക്കോയ്ക്ക് അനുയായികള്‍ പിരിവെടുത്ത് ഒരു അംബാസിഡര്‍ കാര്‍ വാങ്ങി നല്‍കി. ആ കാറിന് കെഎല്‍കെ 5555 എന്ന നമ്പറും അവര്‍ സ്വന്തമാക്കിയിരുന്നു. അണികള്‍ ഹര്‍ഷപുളകിതരായി. കാരണം ചാക്കോയുടെ കോട്ടയത്തെ മുഖ്യഎതിരാളിയായ പി സി ചെറിയാന്‍റെ കാറിന്‍റെ നമ്പര്‍ കെഎല്‍കെ 4444 ആയിരുന്നു.
പിന്നാലെ നടന്ന കെപിസിസി പ്രസിഡന്‍റ് തെരെഞ്ഞെടുപ്പില്‍ 70നെതിരെ 112 വോട്ടുകള്‍ക്ക് ചാക്കോ ഗ്രൂപ്പ് തോറ്റു. എന്നാല്‍ നിയമസഭാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചാക്കോയ്ക്ക് 24 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു. അത് കോണ്‍ഗ്രസ് മൊത്തസംഖ്യയുടെ മൂന്നിലൊന്നിലും അല്‍പ്പം കൂടുതലുണ്ടായിരുന്നു. തന്നെ അധികാരത്തില്‍ നിന്നും തെറിപ്പിച്ചവരോട് പകരം തീര്‍ക്കാന്‍ ഈ എംഎല്‍എമാരെ ദൃഡമായ ഒരു ഗ്രൂപ്പാക്കി മറ്റാന്‍ പി ടി ചാക്കോ ഉറപ്പിച്ചു.
പക്ഷേ അപ്രതീക്ഷിതമായിരുന്നു മരണത്തിന്‍റെ വരവ്. 1964 ആഗസ്റ്റ് 1ന് കോഴിക്കോട് വച്ച് ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ ചാക്കോയെ മരണം വന്ന് വിളിച്ചുകൊണ്ടുപോയി. എതിരാളികളുടെ നീചമായ ആക്രമണമാണ് അദ്ദേഹത്തെ പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് അനുയായികളും അണികളും വിശ്വസിച്ചു. കോഴിക്കോട് നിന്നും കോട്ടയത്തേക്ക് മൃതദേഹം വഹിച്ചുള്ള യാത്രയില്‍ ഉടനീളം ജനക്കൂട്ടം കണ്ണുനീര്‍ പൊഴിച്ചു. ചാക്കോയുടെ മരണത്തിന് ഒരു മാസം തികഞ്ഞു. ആ മൃതശരീരം അടക്കിയ ശവകുടീരത്തില്‍ നിന്നും കൊളുത്തിയ ദീപ ശിഖയുമായി കേരളാ കോണ്‍ഗ്രസ് പിറന്നു.
ശങ്കറിന്‍റെ പതനം
മന്നത്തിന്‍റെ കൂടി കാര്‍മികത്വത്തില്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ചാക്കോയുടെ അനുയായികള്‍ക്ക് ഭാവിയെപ്പറ്റി വലിയ പിടിയുണ്ടായിരുന്നില്ല. കൃത്യമായ നേതൃത്വമില്ലാതെ ആദ്യം അവര്‍ ഉഴറി. പക്ഷേ അപ്പോഴും ശങ്കറിനോടും കെപിസിസിയോടും പ്രതികാരം ചെയ്യണമെന്ന അതിയായ ആഗ്രഹം അവരില്‍ അവശേഷിച്ചിരുന്നു. ഈ സമയം ഈ എംഎല്‍എമാര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായി ഒരാള്‍ പ്രത്യക്ഷപ്പെട്ടു. അത് മുന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്ന തിരുവനന്തപുരത്തെ ആ പുത്തന്‍ മുതലാളി തന്നെയായിരുന്നു. ആദ്യത്തെ ഇഎംഎസ് സര്‍ക്കാരിനെ താഴെയിറക്കാനായി ഗൂഡാലോചന നടത്തിയ അതേ മനുഷ്യന്‍ തന്നെ. പണപ്പെട്ടിയും തോക്കുമെടുത്ത് പോയി എംഎല്‍എയെ വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ച അതേ മുതലാളി!
(അടുത്തത് - എംഎല്‍എയെ കാണാനില്ല!)
മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!
ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!
ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!
ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!
ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!
ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!
ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!
ഭാഗം 8 - മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!
ഭാഗം 9- പ്രധാനമന്ത്രി രക്ഷിക്കുമെന്ന് കരുതി മുഖ്യമന്ത്രി, പക്ഷേ ഒടുവില്‍ സംഭവിച്ചത്!
ഭാഗം 10- കയ്പ്പുനീര് കുടിച്ചുകുടിച്ച് മുസ്ലീം ലീഗ്!
ഭാഗം 11- ആ ബജറ്റ് ദിവസം നിയമസഭയില്‍ സിപിഐയും കോണ്‍ഗ്രസും ഒത്തുകളിച്ചിരുന്നു!
വിവരങ്ങള്‍ക്ക് കടപ്പാട് -
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍