ഒരു കൂട്ടം കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിപിഐ നേതാക്കളുടെ ഒത്താശയോടുകൂടി നടത്തിയ ഈ ചര്‍ച്ച ഗൂഡാലോചനയുടെ ഒന്നാം ഘട്ടമായിരുന്നു. ചര്‍ച്ച നടക്കുന്നതിനിടെ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ ആംഗ്യങ്ങളിലൂടെ പ്രതിപക്ഷത്തിന് സൂചനകള്‍ നല്‍കിക്കൊണ്ടിരുന്നു
അങ്ങനെ കോണ്‍ഗ്രസ് സംസ്ഥാനം ഒറ്റയ്ക്ക് ഭരിച്ചുതുടങ്ങി. അതോടെ പാര്‍ട്ടിയുടെ അകത്ത് ഗ്രൂപ്പുകള്‍ സൃഷ്‍ടിക്കുക എന്ന ഐതിഹാസികമായ പണിയും അവര്‍ തുടങ്ങി. സംഘടനാപക്ഷവും നിയമസഭാപക്ഷവും തമ്മിലുള്ള പരമ്പരാഗതമായ സംഘര്‍ഷത്തില്‍ നിന്നായിരുന്നു കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്‍റെ തുടക്കമെന്ന് കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചിരുന്നു. സംഘടനാ നേതാക്കന്മാര്‍ നിയമസഭാ പക്ഷത്തിന് പ്രതിബന്ധങ്ങള്‍ സൃഷ്‍ടിക്കാനുള്ള നീക്കവും ഇതിനെ മറികടക്കാന്‍ മറുപക്ഷത്തിന്‍റെ നീക്കങ്ങളുമായിരുന്നു ആദ്യ കാലത്ത്. 1963ല്‍ കേരളത്തില്‍ പിന്തുടര്‍ന്ന മാതൃകയും ഇതുതന്നെയായിരുന്നു. അതിന്‍റെ ഫലം വിനാശകരവുമായിരുന്നു.
സി കെ ഗോവിന്ദന്‍ നായര്‍ ഗ്രൂപ്പും ശങ്കര്‍ - ചാക്കോ അച്ചുതണ്ടും തമ്മില്‍ യാതൊരു ലോഹ്യവും ഉണ്ടായിരുന്നില്ല. ഒത്തുതീര്‍പ്പിന് ഒരിക്കലും സാധിക്കാത്ത വിധത്തിലാണ് ഇരുപക്ഷവും തങ്ങളുടെ അണികളെ സംഘടിപ്പിച്ചത്. അങ്ങനെയിരിക്കെ 1963 നംബര്‍ 30ന് കൊച്ചിയില്‍ വച്ച് കെപിസിസി തെരെഞ്ഞെടുപ്പ് നടന്നു. പാര്‍ട്ടിയെ രണ്ടു വ്യക്തമായ ഗ്രൂപ്പുകളായി വിഭജിച്ച നിര്‍ണ്ണായകമായ ഈ തെരെഞ്ഞെടുപ്പിന് മുമ്പ് ഗ്രൂപ്പിസത്തിന്‍റെ അണക്കെട്ടു തകര്‍ത്ത മറ്റൊരു സംഭവം അരങ്ങേറി.
അഴിമതിയല്ലെന്ന് നെഹ്രു
മുഖ്യമന്ത്രി ശങ്കറിനും വ്യവസായ മന്ത്രി ദാമോദര മേനോനും എതിരെ പ്രതിപക്ഷം ചില അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തി. സ്വന്തം അനന്തിരവന് ഒരു ബെന്‍സ് ലോറി സ്വന്തമാക്കാന്‍ കമ്പനിയുടെ പ്രാദേശിക ഏജന്‍റിനെ സ്വാധീനിക്കുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‍തു എന്നായിരുന്നു ശങ്കറിനെതിരായ ആരോപണം. ഭാര്യയ്ക്കു വേണ്ടി ഒരു വ്യവസായിയില്‍ നിന്നും രത്നമാല സ്വീകരിച്ചു എന്നതായിരുന്നു ദാമോദര മേനോന് എതിരായ ആരോപണം.
(ചിത്രം - സി കെ ഗോവിന്ദന്‍ നായര്‍)
ആരോപണങ്ങള്‍ ഉയര്‍ന്നയുടനെ തന്നെ കെപിസിസി പ്രസിഡന്‍റ് ചാടിവീണു. അന്വേഷണം ആവശ്യപ്പെട്ടു. മുഖ്യനും മന്ത്രിയും ആരോപണം നിഷേധിച്ചിട്ടും സാത്വികനായ സി കെ ഗോവിന്ദ മേനോന്‍ വിടാന്‍ ഭാവമില്ലായിരുന്നു. സംഘടനാ ഭാരവാഹികളുടെയും നിയമസഭാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും എക്സിക്യൂട്ടീവ് ഉടനെ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തു. അഴിമതിയാരോപണങ്ങള്‍ നെഹ്രുവിന് അന്വേഷണത്തിനായി സമര്‍പ്പിക്കുകയാണെന്ന സികെജിയുടെ പ്രഖ്യാപിച്ചു. ഇതുകേട്ട് അംഗങ്ങള്‍ ഞെട്ടി. പക്ഷേ ശങ്കര്‍ പുച്ഛത്തോടെ ഈ പ്രഖ്യാപനം തള്ളി. യോഗശേഷം പ്രസിഡന്‍റ് തന്‍റെ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചപ്പോഴും ശങ്കര്‍ ഒട്ടു കൂസാതെ ചിരിച്ചുകൊണ്ടിരുന്നു.
ആരോപണങ്ങള്‍ നെഹ്രുവിന് മുന്നിലെത്തി. അദ്ദേഹം വിശദീകരണം ആവശ്യപ്പെട്ടു. തുടര്‍ന്ന് അത്ര ഗൌരവമുള്ളതല്ല ഈ അഴിമതി ആരോപണങ്ങള്‍ എന്നും ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ഇത് തള്ളിക്കളയേണ്ടതാണെന്നുമായിരുന്നു നെഹ്രുവിന്‍റെ നിലപാട്. അങ്ങനെ മുഖ്യമന്ത്രിയുമായുള്ള ആദ്യ പരസ്യ ഏറ്റുമുട്ടലില്‍ കെപിസിസി പ്രസിഡന്‍റ് തോറ്റു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഇതേ ആരോപണങ്ങള്‍ത്തന്നെ ചില കൂട്ടിച്ചേര്‍ക്കലുകളോടെ വീണ്ടും പൊടിതട്ടിയെടുത്തു. അപ്പോള്‍ മുമ്പ് ഇതേ വിഷയത്തില്‍ ശങ്കറിനെ തുണച്ചവരില്‍ ചിലര്‍ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുകയും സികെജിക്ക് ഒപ്പമുണ്ടായിരുന്ന ചിലര്‍ ശങ്കറിനു വേണ്ടി രംഗത്തെത്തുകയും ചെയ്‍തു എന്നതായിരുന്നു ഈ ഗ്രൂപ്പുകളിയിലെ വിരോധാഭാസം!
(ചിത്രം - ആര്‍ ശങ്കര്‍)
തുടര്‍ന്നു നടന്ന പുതിയ കെപിസിസി പ്രസിഡന്‍റ് തെരെഞ്ഞെടുപ്പോടെ ഗ്രൂപ്പുകളി മൂര്‍ദ്ധന്യതയിലെത്തി. മത്സരിച്ച് വോട്ടുപിടുത്തം തുടങ്ങി ഇരുപക്ഷവും. അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം എത്തിയെങ്കിലും ഒന്നും നടന്നില്ല. രഹസ്യമായിട്ടായിരുന്നു തെരെഞ്ഞെടുപ്പ്. കടുത്ത മത്സരം നടന്നു. ഗോവിന്ദന്‍ നായര്‍ നിര്‍ദ്ദേശിച്ച കെ പി മാധവന്‍ നായര്‍, ശങ്കര്‍ - ചാക്കോ സഖ്യത്തിന്‍റെ നോമിനിയായ എം സി ചാക്കോയെ പരാജയപ്പെടുത്തി. 87നെതിരെ 98 വോട്ടുകള്‍ക്കായിരുന്നു സികെജി ഗ്രൂപ്പിന്‍റെ വിജയം. എന്നാല്‍ കടുത്തമത്സരം തന്നെ നടത്തിയതോടെ ശങ്കറും ചാക്കോയും മോശക്കാരല്ലെന്ന് തെളിഞ്ഞു. മറ്റൊരു ഗ്രൂപ്പിനോ നേതാവിനോ തങ്ങളെ അവഗണിക്കാനാവില്ലെന്ന് അവര്‍ അടിവരയിട്ട് ഉറപ്പിച്ചു. ഇതോടെ എതിര്‍പക്ഷത്തിന്‍റെ പക പുകഞ്ഞുകത്തി. ഈ തെരെഞ്ഞെടുപ്പിന് ആഴ്‍ചകള്‍ക്ക് ശേഷമാണ് തൃശൂരില്‍ ഒരു സ്റ്റേറ്റ് കാര്‍ ഒരു കൈവണ്ടിയില്‍ ഇടിക്കുന്നതും കോണ്‍ഗ്രസ് രാഷ്‍ട്രീയത്തിന്‍റെ അച്ചുതണ്ടുകളിലൊന്ന് തകരുന്നതും.
ചാക്കോയുടെ പതനം
അതിവേഗം വളരുകയായിരുന്നു പി ടി ചാക്കോ. അദ്ദേഹത്തിന്‍റെ ജനസമ്മിതി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. രാജ്യത്തെ മികച്ച ആഭ്യന്തരമന്ത്രിമാരില്‍ ഒരാളായാണ് പി ടി ചാക്കോയെ കേന്ദ്ര ആഭ്യന്തരമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്‍ത്രി കണ്ടിരുന്നത്. ചാക്കോയുടെ കാര്യക്ഷമതയിലും നിഷ്‍പക്ഷതയിലും ഗവര്‍ണ്ണര്‍ വി വി ഗിരിക്കും നല്ല മതിപ്പായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒന്നാം നമ്പര്‍ ശത്രുവായിക്കണ്ട ചാക്കോയ്ക്ക് പൊലീസിനെ ഉപയോഗിക്കാതെ തന്നെ അതിനെതിരെ രാഷ്‍ട്രീയമായി പൊരുതാനും കഴിഞ്ഞിരുന്നു. ഇക്കാരണങ്ങളൊക്കെക്കൊണ്ടു തന്നെ ചാക്കോയുടെ വളര്‍ച്ചയെ സ്വന്തം പാര്‍ട്ടിയിലെ ഉള്‍പ്പെടെയുള്ള എതിരാളികള്‍ ഉല്‍ക്കണ്ഠയോടെയാണ് വീക്ഷിച്ചുകൊണ്ടിരുന്നത്.
(ചിത്രം - പി ടി ചാക്കോ)
അങ്ങനെയുള്ള ആ നാളുകളിലാണ് കേരള രാഷ്‍ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ആ അപകടം നടക്കുന്നത്. തൃശൂര്‍ ലൂര്‍ദ് പള്ളിക്ക് ഏതാനും വാര അകലെയായിരുന്നു ആ സംഭവം. ഇളംനീല നിറത്തിലുള്ള ഒരു അംബാസിഡര്‍ കാര്‍ ഒരു കൈവണ്ടിയില്‍ ഇടിച്ചു. വണ്ടിക്കാരന്‍ തെറിച്ച് ഓടയില്‍ വീണു. കൈവണ്ടിയുടെ അച്ചാണി കാറിന്‍റെ മഡ്‍ഗാഡില്‍ കൊണ്ടു.
ആ വാഹനം അധികമാരും ശ്രദ്ധിക്കുമായിരുന്നില്ല, സ്റ്റേറ്റ് കാര്‍ എന്ന് അതിന്‍റെ നമ്പര്‍ പ്ലേറ്റില്‍ എഴുതിയിട്ടില്ലായിരുന്നുവെങ്കില്‍! ഈ അപകടം നിസാരമായി ഒതുങ്ങുമായിരുന്നു, ആ കാറോടിച്ചിരുന്നത് സംസ്ഥാനത്തിന്‍റെ ആഭ്യന്തരമന്ത്രി പി ടി ചാക്കോ അല്ലായിരുന്നുവെങ്കില്‍! മന്ത്രിക്കൊപ്പം കാറിന്‍റെ മുന്‍സീറ്റില്‍ കറുത്ത കണ്ണട ധരിച്ച ഒരു സ്‍ത്രീയും ഉണ്ടായിരുന്നു. ആരായിരുന്നു ആ സ്‍ത്രീ? അപകടമുണ്ടായപ്പോള്‍ ആഭ്യന്തരമന്ത്രി വാഹനം നിര്‍ത്താതെ പോയതെന്തിന്? സംശയത്തിനുമേല്‍ സംശയങ്ങള്‍ കുമിഞ്ഞു.
ഒത്തുകളിക്കാര്‍
ചാക്കോ വിരുദ്ധ പത്രങ്ങള്‍ ലേഖനങ്ങള്‍ കൊണ്ട് അദ്ദേഹത്തെ പൊതിഞ്ഞു. ചാക്കോയെ തേജോവധം ചെയ്യാന്‍ മുഖ്യ എതിരാളികളായ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷത്തേക്കാള്‍ കോണ്‍ഗ്രസിനുള്ളിലെ എതിരാളികള്‍ക്കായിരുന്നു ഉത്സാഹം. കാരണം അതവരുടെ രാഷ്‍ട്രീയ ആവശ്യമായിരുന്നു. കെപിസിസി നേതാക്കളുടെ സജീവ പിന്തുണയോടുകൂടി കമ്മ്യൂണിസ്റ്റ് പത്രങ്ങള്‍ നിരന്തരം ചാക്കോ വിരുദ്ധ പ്രചരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ചാക്കോയുടെ രാഷ്‍ട്രീയ ഭാവി തകര്‍ക്കണമെങ്കില്‍ ശങ്കറുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം തകര്‍ക്കുകയാണ് ആദ്യം വേണ്ടതെന്ന് എതിരാളികള്‍ക്ക് നന്നായി അറിയാമായിരുന്നു. മാത്രമല്ല ചാക്കോയ്ക്കെതിരെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ വരുതിയിലാക്കാനും അവര്‍ കരുക്കള്‍ നീക്കി.
1964 ജനുവരി 28ന് സംസ്ഥാന നിയമസഭയുടെ നിര്‍ണ്ണായകമായ ബജറ്റ് സമ്മേളനം നടന്നു. സഭ തുടങ്ങിയ ഉടനെ സിപിഐ അംഗങ്ങള്‍ ചോദ്യങ്ങളുടെ പെരുമഴ തന്നെ സഭയില്‍ പെയ്യിച്ചു. തുടര്‍ന്ന് ചര്‍ച്ച നടന്നു. ഒരു കൂട്ടം കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിപിഐ നേതാക്കളുടെ ഒത്താശയോടുകൂടി നടത്തിയ ഈ ചര്‍ച്ച പി ടി ചാക്കോയെ പുറത്താക്കുന്നതിനുള്ള ഗൂഡാലോചനയുടെ ഒന്നാം ഘട്ടമായിരുന്നു.
ചര്‍ച്ചയുടെ സമയത്ത് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യംഗമായ ആംഗ്യങ്ങളിലൂടെ പ്രതിപക്ഷത്തിന് സൂചനകള്‍ നല്‍കിക്കൊണ്ടിരുന്നു. ചര്‍ച്ചയ്ക്ക് മറുപടിയായി ചാക്കോ എത്തി. കാര്‍ അപകട സംഭവങ്ങളില്‍ സാഹചര്യങ്ങളും ആളുകളും തനിക്കെതിരായ ഗൂഡാലോചന നടത്തിയതായി ചാക്കോ സഭയില്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ കളികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടായിരുന്നു. പക്ഷേ ഈ വിവരം മിടുക്കനായ ആഭ്യന്തരമന്ത്രി അറിഞ്ഞില്ല.
(അടുത്തത് - ഗാന്ധിയെ സ്വപ്‍നം കണ്ട് കോണ്‍ഗ്രസ് എംഎല്‍എ!)
മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!
ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!
ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!
ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!
ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!
ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!
ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!
ഭാഗം 8 - മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!
ഭാഗം 9- പ്രധാനമന്ത്രി രക്ഷിക്കുമെന്ന് കരുതി മുഖ്യമന്ത്രി, പക്ഷേ ഒടുവില്‍ സംഭവിച്ചത്!
ഭാഗം 10 - കയ്പ്പുനീര് കുടിച്ചുകുടിച്ച് മുസ്ലീം ലീഗ്!
വിവരങ്ങള്‍ക്ക് കടപ്പാട് -
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍,
വിക്കി പീഡിയ