അന്തിമ കണക്കിൽ സംസ്ഥാനത്ത് പോളിംഗ് ശതമാനം 77 കടന്നേക്കും, കണക്ക് പിഴച്ചോയെന്ന ആശങ്കയിൽ മുന്നണികൾ

By Web Team  |  First Published Apr 7, 2021, 8:06 AM IST

 പല മേഖലകളിലും പോളിംഗിലുണ്ടായ കുറവും ന്യൂനപക്ഷ മേഖലകളിലും തീരമേഖലകളിലുമുണ്ടായ കനത്ത പോളിംഗും പാർട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. 


കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.03 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്ക്. തപാൽ,സർവീസ് വോട്ടുകൾ കൂടി ചേർക്കുമ്പോൾ ആകെ പോളിംഗ് ശതമാനം 77 കടന്നേക്കും. 95-ന് മേൽ സീറ്റോടെ ഭരണത്തുടർച്ചയുണ്ടാവും എന്നാണ് എൽഡിഎഫിൻ്റെ അവകാശവാദം. 85-ലേറെ സീറ്റുമായി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടൽ. നേമത്ത് അടക്കം പത്തോളം സീറ്റുകളിലാണ് ബിജെപിയുടെ വിജയപ്രതീക്ഷ. 

കൊവിഡ് ആശങ്കകൾക്കിടയിലും വാശിയേറിയ പോരാട്ടം നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പോളിംഗുണ്ടായി എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. വാശിയേറിയ രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലങ്ങളിലെ പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം പുറത്തേക്ക് ആത്മവിശ്വാസം കാണിക്കുന്നുവെങ്കിലും പ്രവചനങ്ങളും കണക്ക് കൂട്ടലുകളും തെറ്റുമോയെന്ന ആശങ്കയിലാണ് മുന്നണികൾ. പല മേഖലകളിലും പോളിംഗിലുണ്ടായ കുറവും ന്യൂനപക്ഷ മേഖലകളിലും തീരമേഖലകളിലുമുണ്ടായ കനത്ത പോളിംഗും പാർട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. 

Latest Videos

90 ലധികം സീറ്റ് നേടി ഭരണത്തുടര്‍ച്ച എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ 82 ന് മുകളില്‍ സീറ്റുമായി ഭരണത്തിലെത്തുമെന്നാണ് യുഡിഎഫ് പറയുന്നത്. ബിജെപി നിര്‍ണായകശക്തിയായി മാറുന്ന തൂക്കുസഭയാണ് ബിജെപി പ്രവചനം. ഭരണത്തുടര്‍ച്ച ലക്ഷ്യം വക്കുന്നവരെ ഞെട്ടിക്കുന്ന ഫലം വരുമെന്ന് വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തുറന്നടിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയാണ്. എന്ത് കണക്ക് വച്ചാണ് എകെ ആന്‍റണി ഇത് പറഞ്ഞതെന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ആലോചിക്കുമ്പോഴേക്ക് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഇപ്പോള്‍ യുഡിഎഫ് നേതൃത്വമൊന്നാകെ പറയുന്നു തങ്ങള്‍ക്ക് സുരക്ഷിത ഭൂരിപക്ഷം ഉണ്ടാകും. എന്‍എസ്എസ് പിന്തുണ മുതല്‍ പിണറായി വിരുദ്ധത വരെയും വിശ്വാസവിഷയം മുതല്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും തുടര്‍ച്ചയായ പ്രചാരണം വരെയുമുള്ള കാര്യങ്ങളാണ് യുഡിഎഫ് നേതാക്കള്‍ എടുത്ത് കാട്ടുന്നത്

ബിജെപി വോട്ട് വ്യാപകമായി യുഡിഎഫിനായി മറിച്ച് കൊടുത്തു എന്ന ആരോപണമുന്നയിച്ച് കൊണ്ടാണ് സിപിഎം ഇടത് കേന്ദ്രങ്ങള്‍ ഭരണത്തുടര്‍ച്ച അവകാശപ്പെടുന്നത്.ആര്‍ക്കും എതിര്‍പ്പില്ലാത്ത സര്‍ക്കാരിനെ ജനം എന്തിന് മാറ്റണമെന്നാണ് എല്‍ഡിഎഫിന്‍റെ ചോദ്യം.90 ന് മുകളിലാണ് സിപിഎം കണക്ക്. ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ലാത്ത കാര്യവുമായാണ് ബിജെപി നില്‍ക്കുന്നത്.തൂക്കുസഭ വരും. 35 മണ്ഡലങ്ങളില്‍ അതിവാശിയേറിയ മത്സരമായിരുന്നു. 2 മുന്നണികളുടെയും കണക്കുകള്‍ ഇത്തവണ തെറ്റുമെന്ന് കെ സുരേന്ദ്രന്‍. അവകാശവാദങ്ങളില്‍ ആരും കുറവ് വരുത്തുന്നില്ല.ആര് വാഴും ആര് വീഴും ഇനി 24 ദിവസം കാത്തിരിക്കണം.

click me!