ബംഗാളിലെ ബിജെപി മുന്നേറ്റത്തിന്റെ വഴികള്‍; മമതയുടെ വീഴ്‌ച്ചയുടെയും!

By Veena Chand  |  First Published May 25, 2019, 12:23 PM IST

വംഗനാടിന്‌ മേല്‍ ബിജെപി സമ്പൂര്‍ണ ആധിപത്യം നേടുന്ന കാലം വിദൂരമല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ്‌ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം. പാര്‍ട്ടിയുടെ കെട്ടുറപ്പ്‌ നിലനിര്‍ത്തുക, ജനങ്ങളുടെ വിശ്വാസം തിരികെനേടുക, ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിക്കുക എന്നിവയില്ലെല്ലാം വംഗനാടിന്റെ റാണി വിജയിക്കുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം...!


വംഗരാഷ്ട്രീയം ഗതിമാറിയൊഴുകുകയാണ്‌. ഇടതുപക്ഷത്തെ വേരോടെ പിഴുത്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ സ്വന്തമാക്കിയ പശ്ചിമബംഗാളില്‍ കാവി പടര്‍ന്നുകഴിഞ്ഞു. വംഗനാടിന്‌ മേല്‍ ബിജെപി സമ്പൂര്‍ണ ആധിപത്യം നേടുന്ന കാലം വിദൂരമല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ്‌ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം.

ദീദി-മോദി ദ്വന്ദ്വത്തിലൊതുങ്ങിയ തെരഞ്ഞെടുപ്പ്‌ പ്രചാരണമായിരുന്നു ഇക്കുറി ബംഗാളിലേത്‌. ഉരുളയ്‌ക്കുപ്പേരി മറുപടികളുമായി ഇരുവരും കൊമ്പുകോര്‍ത്തപ്പോള്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സുമെല്ലാം വെറും കാഴ്‌ച്ചക്കാര്‍ മാത്രമായി. അത്‌ തെരഞ്ഞെടുപ്പ്‌ ഫലത്തിലും പ്രതിഫലിച്ചു. കോണ്‍ഗ്രസിന്‌ വെറും രണ്ട്‌ സീറ്റ്‌ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. ഇടതുപക്ഷത്തിനാവട്ടെ ഒരു സീറ്റിലൊഴിച്ച്‌ മറ്റൊരിടത്തും കെട്ടിവച്ച കാശ്‌ പോലും ലഭിച്ചില്ല.

പശ്ചിമബംഗാളിലെ 42 സീറ്റുകളില്‍ 22 എണ്ണം സ്വന്തമാക്കിയ തൃണമൂല്‍ കോണ്‍ഗ്രസിന്‌ തൊട്ടുപിന്നിലാണ്‌ ഇക്കുറി ബിജെപിയുടെ സ്ഥാനം. 2014ല്‍ രണ്ട്‌ സീറ്റ്‌ മാത്രം സ്വന്തമായിരുന്ന ബിജെപിക്ക്‌ ഇക്കുറി ലഭിച്ചത്‌ 18 സീറ്റ്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട്‌ വിഹിതം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്‌ 10.16 ശതമാനം ആയി കുറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ അത്‌ എത്തിനില്‍ക്കുന്നത്‌ 40 ശതമാനത്തിലാണ്‌. ഇടത്‌ വോട്ടുകളുടെ ബിജെപിയിലേക്കുള്ള ഏകീകരണം, മമതാ ഭരണത്തിനെതിരായ ജനവികാരം, മോദിപ്രഭാവം എന്നീ ഘടകങ്ങള്‍ തന്നെയാണ്‌ തൃണമൂലിന്‌ വിനയായത്‌.

ചുവപ്പ്‌ വിട്ട്‌ കാവിയിലേക്ക്‌ ഒഴുകിയ വോട്ടുകള്‍

അഞ്ച്‌ വര്‍ഷം കൊണ്ട്‌ വോട്ട്‌ വിഹിതത്തില്‍ 22 ശതമാനത്തിന്റെ വര്‍ധന. അത്‌ എങ്ങനെ സംഭവിച്ചു? ഉത്തരം വ്യക്തം- ഇടത്‌ വോട്ടുകളുടെ ബിജെപിയിലേക്കുള്ള ഏകീകരണം. 2014ല്‍ ബംഗാളില്‍ ഇടതുപക്ഷത്തിന്‌ ലഭിച്ചത്‌ 30 ശതമാനം വോട്ടായിരുന്നു. അത്‌ ഇക്കുറി 7.5 ശതമാനമായി കുറഞ്ഞു. ഈ കുറവാണ്‌ ബിജെപി വോട്ടുകളില്‍ കൂടിയത്‌. മമതയെയും തൃണമൂലിനെയും എങ്ങനെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ്‌ ഇടത്‌ വോട്ടര്‍മാരെ ബിജെപിയ്‌ക്ക്‌ വോട്ട്‌ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ്‌ വിലയിരുത്തല്‍.


മമത വരുത്തിവച്ച പിഴ

2011ല്‍ ഇടത്‌കോട്ടയെ അപ്പാടെ തകര്‍ത്ത്‌ അധികാരം പിടിച്ചടക്കിയ നാള്‍ മുതല്‍ തനിക്കെതിരായ പ്രതിരോധങ്ങളെ അടിച്ചമര്‍ത്താനുള്ള അതിതീവ്ര പ്രവണതയാണ്‌ മമതാ ബാനര്‍ജി കാണിച്ചത്‌. തൃണമൂല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങളും പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ ഭീഷണിയും മര്‍ദ്ദനവും എല്ലാം മമതയ്‌ക്കെതിരായ ജനവികാരം ആളിക്കത്തിച്ചു. പതിറ്റാണ്ടുകള്‍ ഭരിച്ച സിപിഎം അധികാരത്തിലിരുന്ന്‌ നടപ്പാക്കിയ പല്ലിന്‌ പല്ല്‌, കണ്ണിന്‌ കണ്ണ്‌ നയം അതേപടി പകര്‍ത്തുകയായിരുന്നു മമതയും. അക്രമത്തിലൂടെയും ധാര്‍ഷ്ട്യത്തിലൂടെയും മാത്രമേ ഭരണം കയ്യാളാനാവൂ എന്ന ബോധമാണ്‌ മമതയെയും നയിച്ചത്‌.

അധികാരം അരക്കിട്ടുറപ്പിക്കാനുള്ള മമതയുടെ നീക്കത്തില്‍ പാളിപ്പോയ പ്രതിപക്ഷമായിരുന്നു തുടക്കത്തില്‍ ബംഗാളിലേത്‌. പകച്ചുപോയ ഇടതുപക്ഷം ഒരുഘട്ടം കഴിഞ്ഞപ്പോള്‍ മമതയ്‌ക്കെതിരായ പോരാട്ടത്തില്‍ തങ്ങളെക്കാള്‍ ശക്തരായ ബിജെപിയുടെ തണലില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. പോരാട്ടത്തെക്കാളുപരി അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും രാഷ്ട്രീയമായിരുന്നു അത്‌. മമതയോട്‌ എതിരിട്ട്‌ നില്‍ക്കാന്‍ ബിജെപി തേടുന്നതും അക്രമത്തിന്റെ വഴിയല്ലാതെ മറ്റൊന്നല്ല.

മറ്റൊന്ന്‌ മമതയുടെ ന്യൂനപക്ഷ പ്രീണന നയമായിരുന്നു. മുസ്ലീംവോട്ടുകള്‍ ലക്ഷ്യംവച്ച്‌ മമത മുന്നോട്ട്‌ വച്ച പദ്ധതികളും പിന്തുണയും ഒരു ഘട്ടത്തില്‍ അവരെ തിരിച്ചുകൊത്തി. ബംഗ്ലാദേശി കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള നയം ഭൂരിപക്ഷ ഹിന്ദുവോട്ടുകളെ തൃണമൂലില്‍ നിന്ന്‌ അകറ്റുമെന്ന്‌ മമത മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. നയവ്യതിയാനം വരുത്തി മമത മതഭൂരിപക്ഷത്തെ അഭിസംബോധന ചെയ്‌തുതുടങ്ങുമ്പോഴേക്കും ആ വോട്ടുകളെല്ലാം ബിജെപി പോക്കറ്റിലാക്കിയിരുന്നു.

Latest Videos



വിജയതന്ത്രമായി മോദി ബ്രാന്‍ഡ്‌

ദേശീയവിഷയങ്ങള്‍ പ്രചാരണസമയത്ത്‌ അത്രമേല്‍ ചര്‍ച്ചയായിരുന്നില്ല ബംഗാളില്‍. പ്രാദേശിക വിഷയങ്ങളിലൂന്നല്‍ നല്‍കി തൃണമൂലിനെ തറപറ്റിക്കാനാണ്‌ ബിജെപി ശ്രമിച്ചത്‌. അതിന്‌ രംഗത്തിറക്കിയതോ സാക്ഷാല്‍ നരേന്ദ്രമോദിയെയും. പതിനഞ്ചോളം റാലികളിലാണ്‌ മോദി അവിടെ പങ്കെടുത്തത്‌. വാശിയേറിയ പ്രചാരണത്തിനൊടുവില്‍ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ കാര്യമില്ല ചിഹ്നം താമരയാണോ എന്ന്‌ നോക്കിയാല്‍ മതി എന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍.

പാര്‍ട്ടി സംസ്ഥാന തലപ്പത്തേക്ക്‌ മുന്‍ ആര്‍എസ്‌എസ്‌ പ്രചാരക്‌ ദിലീപ്‌ ഘോഷിന്റെ വരവ്‌ കുറച്ചൊന്നുമല്ല ബിജെപിയെ തുണച്ചത്‌. സംഘടനാസംവിധാനം കൂടുതല്‍ കരുത്തുറ്റതാക്കി നിലവിലുണ്ടായിരുന്ന ന്യൂനതകള്‍ പരിഹരിക്കാന്‍ ഘോഷിന്‌ കഴിഞ്ഞു. തൃണമൂലിന്റെ വിജയശില്‍പികളിലൊരാളായിരുന്ന മുകുള്‍ റോയിയുടെ ബിജെപിയിലേക്കുള്ള ചുവട്‌ മാറ്റവും നിര്‍ണായകമായി. ബംഗാളിനെ ബിജെപിയുടെ കൈകളിലേക്കടുപ്പിച്ച ചാണക്യന്‍ എന്നാണ്‌ മുകുള്‍ റോയിക്ക്‌ ഇപ്പോഴുള്ള വിശേഷണം.

ഇനിയെന്ത്‌...?

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി നാട്ടുക എന്നത്‌ തന്നെയാണ്‌ ബംഗാളില്‍ ഇനി ബിജെപി ഉന്നം വയ്‌ക്കുന്നത്‌. നിലവിലെ കണക്ക്‌ പ്രകാരം മൂന്ന്‌ ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ്‌ വോട്ടിന്റെ കാര്യത്തില്‍ തൃണമൂലും ബിജെപിയും തമ്മിലുള്ളത്‌. സംഘടനാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി കൂടുതല്‍ വോട്ടുകള്‍ തങ്ങളിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ്‌ വരെ കാത്തിരിക്കാതെ തൃണമൂലില്‍ വിള്ളലുണ്ടാക്കി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക്‌ എത്തുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അവകാശപ്പെട്ടിരുന്നു.

ബിജെപിയുടെ ഈ നീക്കത്തെ പ്രതിരോധിക്കുകയാണ്‌ മമതാ ബാനര്‍ജി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാര്‍ട്ടിയുടെ കെട്ടുറപ്പ്‌ നിലനിര്‍ത്തുക, ജനങ്ങളുടെ വിശ്വാസം തിരികെനേടുക, ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിക്കുക എന്നിവയില്ലെല്ലാം വംഗനാടിന്റെ റാണി വിജയിക്കുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം...!

click me!