പിടിച്ചു നിര്‍ത്താന്‍ നായിഡു, പിടിച്ചടക്കാന്‍ ജഗന്‍; ആന്ധ്രയ്ക്ക് ഇത് തെരഞ്ഞെടുപ്പ് മാത്രമല്ല!

By Veena Chand  |  First Published Mar 30, 2019, 8:49 PM IST

ഏപ്രില്‍ 11ന് ആന്ധ്രയിലെ അഞ്ച്  കോടി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ അത് സംസ്ഥാനം ആര് ഭരിക്കുമെന്നതിലേക്കുള്ള ചൂണ്ടുപലക മാത്രമല്ല. ചന്ദ്രബാബു നായിഡു എന്ന അതികായന്‍ രാഷ്ട്രീയക്കളത്തില്‍ വീഴുമോ വാഴുമോ എന്ന വിധിയെഴുത്ത് കൂടിയാണ്. 
 


ന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനും അദ്ദേഹത്തിന്റെ തെലുങ്ക്‌ദേശം പാര്‍ട്ടിക്കും 2019ലെ ജനവിധി ഏറ്റവും നിര്‍ണായകമാണ്. തെലുങ്ക് പ്രാദേശികവാദം രാഷ്ട്രീയവികാരമാക്കി ഉയര്‍ത്തി തെരഞ്ഞെടുപ്പങ്കത്തിന് കോപ്പ് കൂട്ടുമ്പോഴും ആത്മവിശ്വാസമല്ല, ആശങ്കയാണ് ചന്ദ്രബാബു നായിഡുവെന്ന ആന്ധ്രാസിംഹത്തിന്റെ മുഖത്ത് പ്രതിഫലിക്കുന്നത്. 

എങ്ങുമെത്താത്ത സ്വപ്‌നമായി അമരാവതിയുടെ വികസനം, കേന്ദ്രത്തിന് മുന്നില്‍ നിഷ്ഫലമായിപ്പോയ പ്രത്യേകസംസ്ഥാനപദവി എന്ന ആവശ്യം, പരാജയം മാത്രം സമ്മാനിച്ച തെലങ്കാനയിലെ കോണ്‍ഗ്രസ് ബാന്ധവം...അങ്ങനെ തിരിച്ചടികളുടെ ഒത്ത നടുക്ക് നിന്നാണ് നായിഡു ഇത്തവണ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനഭരണം നിലനിര്‍ത്തുകയെന്നത് നായിഡുവിനെ സംബന്ധിച്ചിടത്തോളം ഇക്കുറി ഭഗീരഥ പ്രയത്‌നം തന്നെയാണ്. ഭരണം നേടാനായില്ലെങ്കില്‍ ചന്ദ്രബാബു നായിഡുവിന്റെയും ടിഡിപിയുടെയും രാഷ്ട്രീയഅസ്തമനത്തിനാവും 2019 സാക്ഷ്യം വഹിക്കുക.

Latest Videos

undefined


നായിഡുവോ ജഗനോ, ആരാവും ജേതാവ്?

എതിര്‍പക്ഷത്തുള്ളത് വൈഎസ്ആര്‍ കോണ്‍ഗ്രസും ജഗന്മോഹന്‍ റെഡ്ഡിയാണ്. 2014ല്‍ നായിഡുവിനെ വിജയത്തിലേറ്റിയ ആന്ധ്രയല്ല ഇപ്പോഴത്തേത്. അന്ന് ബിജെപിയും നടന്‍ പവന്‍ കല്യാണിന്റെ ജനസേനയും നായിഡുവിനൊപ്പമുണ്ടായിരുന്നു. ഇന്നാവട്ടെ നായിഡു തനിച്ചാണ്. മറുവശത്ത് അതിശക്തനായ നേതാവായി ജഗന്മോഹന്‍ വളരുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും രണ്ട് ശതമാനം വോട്ടിനാണ് അധികാരം ജഗന് കൈവിട്ടുപോയത്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഉചിതമായ സമയം എന്നാണ് ജഗന്‍മോഹന്‍ ചോദിക്കുന്നത്.

2003ല്‍ ജഗന്റെ പിതാവ് വൈ എസ് രാജശേഖര റെഡ്ഡി ആന്ധ്രയിലൂടെ നടത്തിയ പദയാത്രയാണ് തകര്‍ച്ചയുടെ വക്കില്‍ നിന്ന് ഭരണത്തിലേക്ക് കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയത്. അതേ പാതയിലാണ് ജഗന്റെയും നീക്കം. പദയാത്രയിലൂടെ ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വന്‍ ജനകീയ പദ്ധതികളും ജഗന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. നായിഡുവിന് നിങ്ങള്‍ എത്രയോ അവസരം കൊടുത്തു, ഇനി എനിക്ക് ഒരവസരം തരൂ എന്നാണ് ജഗന്‍ ജനങ്ങളോട് പറയുന്നത്. 
 

നായിഡുവിന്റെ പ്രതീക്ഷകള്‍

ആന്ധ്രയിലെ ജനങ്ങള്‍ക്കിടയില്‍ മോദി വിരുദ്ധ വികാരം  അതിശക്തമാണെന്നും അത് ടിഡിപിക്ക് വോട്ടായി മാറുമെന്നും ചന്ദ്രബാബു നായിഡു കണക്കുകൂട്ടുന്നു. (പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം നിരാകരിച്ചത് മോദിയും കേന്ദ്രസര്‍ക്കാരുമാണല്ലോ.) ജഗന്മോഹന്‍ റെഡ്ഡിക്ക് ബിജെപിയുമായും കെ.ചന്ദ്രശേഖര്‍ റാവുവുമായും രഹസ്യബാന്ധവം ഉണ്ടെന്നാണ് നായിഡു ജനങ്ങളോട് പറയുന്നത്. മോദിവിരുദ്ധവികാരം തുറുപ്പുചീട്ടാക്കി ജഗനെ പരാജയപ്പെടുത്താമെന്നാണ് ഇതിലൂടെയുള്ള നായിഡുവിന്റെ കണക്കുകൂട്ടല്‍. സംസ്ഥാന തെരഞ്ഞെടുപ്പിലെ ത്രികോണമത്സരം- ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജനസേന- ടിഡിപിക്ക് ഗുണം ചെയ്യുമെന്നും നായിഡുവിന് പ്രതീക്ഷയുണ്ട്.

കെ.ചന്ദ്രശേഖര റാവു 2018ല്‍ തെലങ്കാനയില്‍ പയറ്റിത്തെളിഞ്ഞ 'തെലുങ്കന്റെ ആത്മഗൗരവം' (പ്രാദേശികവാദം) എന്ന ആയുധം പൊടിതട്ടിയെടുത്ത് പയറ്റിനിറങ്ങിയിരിക്കുകയാണ് നായിഡു. മോദി-കെസിആര്‍-ജഗന്‍ ബാന്ധവം (അതെക്കുറിച്ച് പറയുന്നത് നായിഡു മാത്രമാണ്) ആന്ധ്രാവിരുദ്ധമാണെന്ന് ആവര്‍ത്തിച്ചുരുവിടുന്നു അദ്ദേഹം. 

പാളിപ്പോയ കരുനീക്കങ്ങള്‍

നിങ്ങള്‍ക്ക് ജോലി വേണോ, ഹൈദരാബാദ് പോലെയൊരു വികസിത നഗരം വേണോ, എങ്കില്‍ ബാബുവിനെ തിരികെകൊണ്ടു വരൂ. ഇതായിരുന്നു 2014ല്‍ ടിഡിപി മുന്നോട്ട് വച്ച തെരഞ്ഞെടുപ്പ് മുദ്രാവാക്യം. വിഭജനത്തോടെ ഹൈദരാബാദിനെ നഷ്ടപ്പെട്ട ആന്ധ്രയ്ക്ക്് ഒന്നില്‍ നിന്ന് എല്ലാം തുടങ്ങേണ്ട അവസ്ഥയായിരുന്നു. അന്ന് ജഗനെ പിന്തള്ളി ജനം നായിഡുവിനെ വിജയിപ്പിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ അവിഭക്തആന്ധ്രപ്രദേശിന് നായിഡു നല്‍കിയ സംഭാവനകളായിരുന്നു അതിന് പ്രചോദനമായത്. സാക്ഷാല്‍ ബില്‍ക്ലിന്റനും ടോണി ബ്ലെയറും വരെ വാഴ്ത്തിയ ആ ഭരണചാതുരിയില്‍ ജനങ്ങള്‍ക്ക് അത്രക്ക് വിശ്വാസമായിരുന്നു. 

പക്ഷേ, 1999-2004 അല്ലായിരുന്നു 2014-19. മാത്രമല്ല എ ബി വാജ്‌പേയി അല്ലായിരുന്നു നരേന്ദ്രമോദി. 99ല്‍ നായിഡു ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകമായിരുന്നു. എന്‍ഡിഎയ്ക്ക് നായിഡുവില്ലാതെ അധികാരം സാധ്യമായിരുന്നില്ല. എന്നാല്‍, 2014ല്‍ ബിജെപിക്ക് ടിഡിപി അത്യന്താപേക്ഷിത ഘടകമല്ലായിരുന്നു. അതുകൊണ്ട് തന്നെ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവിയെന്ന ആവശ്യത്തോടും കേന്ദ്രം മുഖം തിരിച്ചു. അതില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്നുള്ള നായിഡു പിന്‍വാങ്ങിയതും.

തുടര്‍ന്നായിരുന്നു മൂന്നരപ്പതിറ്റാണ്ട് നീണ്ട രാഷ്ട്രീയവൈരം മറന്ന് കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ നായിഡു തീരുമാനിച്ചത്. നായിഡുവിന്റെ  40 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതത്തിലെ ഏറ്റവും മണ്ടന്‍ തീരുമാനം എന്ന് അതിനെ രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തി. എന്നാല്‍, മോദിവിരുദ്ധതയില്‍ അടിയുറച്ചുപോയതിനാല്‍ കോണ്‍ഗ്രസ് ശത്രുത വെറും പഴങ്കഥയായിരുന്നു നായിഡുവിന്. 

തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി സഖ്യം ചേരുമ്പോള്‍ കണക്കുകൂട്ടലുകള്‍ പലതായിരുന്നു ആന്ധ്രാസിംഹത്തിന്. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ വിശാലപ്രതിപക്ഷ സഖ്യം അജയ്യശക്തിയായി വളരും,താന്‍ സഖ്യത്തില്‍ നിര്‍ണായക ശക്തിയാകും എന്നെല്ലാം നായിഡു കണക്കുകൂട്ടി. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ മെരുക്കാന്‍ കോണ്‍ഗ്രസിന്റെ ബാന്ധവം സഹായകമാകുമെന്നും നായിഡു വിചാരിച്ചു. അതുകൊണ്ടാണ് ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈന്‍ നായിഡു സ്വീകരിച്ചതും. 

പക്ഷേ, ഇല്ലത്തൂന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ട് എത്തീതുമില്ല എന്ന അവസ്ഥയിലാണ് നായിഡു ഇപ്പോള്‍. പിടിച്ചു നില്‍ക്കാനുള്ള അവസാനശ്രമമാണ് ഈ തെരഞ്ഞെടുപ്പ്. ഏപ്രില്‍ 11ന് ആന്ധ്രയിലെ അഞ്ച്  കോടി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ അത് സംസ്ഥാനം ആര് ഭരിക്കുമെന്നതിലേക്കുള്ള ചൂണ്ടുപലക മാത്രമല്ല. ചന്ദ്രബാബു നായിഡു എന്ന അതികായന്‍ രാഷ്ട്രീയക്കളത്തില്‍ വീഴുമോ വാഴുമോ എന്ന വിധിയെഴുത്ത് കൂടിയാണ്. 
 

click me!