ഭീകരനാണിവന്‍ കൊടും ഭീകരൻ! ഫിന്‍ലി എങ്ങനെയാണ് 'ഗാങ്സ്റ്റാ ഗാര്‍ഡനര്‍' ആയത്?

By Web Team  |  First Published Apr 30, 2020, 10:33 AM IST

കൃഷിയിലേക്കിറങ്ങുന്നതിന് മുമ്പ് ഫിന്‍ലി നല്ലൊരു ഫാഷന്‍ ഡിസൈനറായിരുന്നു. അക്കാലത്ത് മൂന്ന് ആണ്‍കുട്ടികളെയും സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കുകയും ചെയ്തു. പക്ഷേ പിന്നീട് ജോലിയില്‍ നിന്ന് ലാഭം കിട്ടാതെ വന്നപ്പോള്‍ കൃഷി തുടങ്ങി. 


നടപ്പാതയുടെ അരികിലും ഫുട്പാത്തിലുമൊക്കെ ചെടികള്‍ വളര്‍ത്തുന്നത് നിയമവിരുദ്ധമാണോ? ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോഴും ഫിന്‍ലി കാര്യമായെടുത്തില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ശ്രമഫലമായി ലോസ് ഏഞ്ചല്‍സിലെ ഉപയോഗശൂന്യമായ സ്ഥലങ്ങളില്‍ പന്ത്രണ്ടോളം കമ്മ്യൂണിറ്റി ഗാര്‍ഡന്‍ നിര്‍മിക്കപ്പെട്ടു. പല സ്ഥലങ്ങളിലും സഞ്ചരിച്ച് തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ആളുകളെ അറിയിച്ചു. യുട്യൂബ് വീഡിയോയിലൂടെ 'ടെഡ് ടോക്ക്' നടത്തി ലോകം മുഴുവനുമുള്ള ജനങ്ങള്‍ക്ക് മുന്നില്‍ താന്‍ ഏറ്റെടുത്ത വെല്ലുവിളിയെക്കുറിച്ച് വിശദീകരിച്ചു. 3.5 മില്യണ്‍ ആളുകള്‍ ഈ പരിപാടി കണ്ടു. അങ്ങനെയാണ് 'ഗാങ്സ്റ്റാ ഗാര്‍ഡനര്‍' എന്ന വിളിപ്പേര് ഇദ്ദേഹത്തിന് കിട്ടിയത്. അതായത് കൃഷിക്ക് വേണ്ടി പോരാടിയ ഭീകരന്‍ തന്നെ! ഇതാണ് നിങ്ങള്‍ പരിചയപ്പെടേണ്ട റോണ്‍ ഫിന്‍ലി.

'ചെടികളുടെ തോട്ടമാണ് എന്നെ ഉദ്ദീപിപ്പിക്കുന്നത്. രാവിലെ എഴുന്നേറ്റാല്‍ തോട്ടത്തില്‍ സമയം ചെലവഴിക്കുമ്പോള്‍ മറ്റുള്ളതൊന്നും അറിയില്ല. വൈകുന്നേരം 7.00 മണി ആയല്ലോയെന്ന് തിരിച്ചറിയുന്നത് വരെ എന്റെ മനസ് മുഴുവന്‍ തോട്ടത്തിലാണ്. എല്ലാവര്‍ക്കും നിശ്ചയമായും ഒരു കൃഷിത്തോട്ടം വീട്ടില്‍ ഉണ്ടാകണം' ഇങ്ങനെയൊക്കെയാണ് ഫിന്‍ലിയുടെ രീതികള്‍. താന്‍ ചിന്തിച്ചത് നടപ്പിലാക്കാന്‍ ശ്രമിച്ച് വിജയം കൈവരിച്ച ധിക്കാരിയെന്ന് വേണമെങ്കില്‍ ഫിന്‍ലിയെ വിശേഷിപ്പിക്കാം.

Latest Videos

undefined

ലോസ് ഏഞ്ചല്‍സില്‍ സ്ഥിരതാമസമാക്കിയ ഫിന്‍ലിയുടെ അച്ഛന്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് തന്നെ മരിച്ചു. അമ്മയും അവരുടെ പങ്കാളിയുമായിരുന്നു പിന്നീട് വളര്‍ത്തിയത്. ആ മനുഷ്യനെ ഫിന്‍ലിക്ക് ഇഷ്ടമായിരുന്നില്ല. അയാളുടെ രീതികളോട് പൊരുത്തപ്പെടാനാകാതെ നിഷേധാത്മക സമീപനം സ്വീകരിച്ച കുട്ടിയായിരുന്നു ഫിന്‍ലി. കുട്ടിക്കാലം വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. കറുത്ത നിറമുള്ളതുകൊണ്ട് തന്റെ രക്തത്തില്‍ത്തന്നെ വേദനയുടെ അംശങ്ങളുമായാണ് ജനിച്ചതെന്ന് ഓര്‍മിപ്പിക്കുകയാണ് ഇദ്ദേഹം.

കൃഷിയിലേക്കിറങ്ങുന്നതിന് മുമ്പ് ഫിന്‍ലി നല്ലൊരു ഫാഷന്‍ ഡിസൈനറായിരുന്നു. അക്കാലത്ത് മൂന്ന് ആണ്‍കുട്ടികളെയും സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കുകയും ചെയ്തു. പക്ഷേ പിന്നീട് ജോലിയില്‍ നിന്ന് ലാഭം കിട്ടാതെ വന്നപ്പോള്‍ കൃഷി തുടങ്ങി. അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന ഉപയോഗശൂന്യമായ നീന്തല്‍ക്കുളം ഇന്ന് നിറയെ ചെടികളാണ്. നേരത്തേ ആ നീന്തല്‍ക്കുളം നിറയെ വെള്ളം നിറയ്ക്കാനാണ് പദ്ധതിയിട്ടത്. പക്ഷേ വേണ്ടത്ര പണം ഉണ്ടായിരുന്നില്ല. ഫിന്‍ലി വെറും പൂക്കള്‍ നട്ടുവളര്‍ത്തി സുഗന്ധം പരത്താന്‍ ആഗ്രഹിച്ച കര്‍ഷകനല്ല. ആളുകള്‍ക്ക് മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ വളരാനുള്ള ഉപാധിയായാണ് കൃഷിയെ അദ്ദേഹം കാണുന്നത്.

സൗത്ത് സെന്‍ട്രല്‍ ലോസ് ഏയ്ഞ്ചല്‍സിലെ അനുകൂലമായ കാലാവസ്ഥ കാരണം അമേരിക്കയിലെ പ്രധാന പച്ചക്കറി വിപണിയാണിത്. എന്നാല്‍, വീട്ടില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ വിളവെടുത്ത് ഭക്ഷിക്കുക എന്നത് ഇവിടെ പലര്‍ക്കും അന്യമായ ആശയമാണ്. ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ അതിജീവനവും ആരംഭിച്ചു. ലോകം മുഴുവനും വിത്തുകള്‍ വിതരണം ചെയ്യുന്നത് നിലച്ചു. കോഴി വില്‍പ്പനയും നിര്‍ത്തേണ്ടിവന്നു.

പല ആളുകള്‍ക്കും സ്വയം പര്യാപ്തത എന്നത് സ്വപ്‌നം മാത്രമായി. പക്ഷേ, ജനലരികിലും ബാല്‍ക്കണികളിലും കൃഷി തുടര്‍ന്നുകൊണ്ടിരുന്നു.
'കൃഷിയും തോട്ടത്തിലെ ജോലിയുമാണ് മനുഷ്യന് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സയും ഔദ്ധത്യമുള്ളതുമായ പ്രവൃത്തി. ഇവിടെ നിന്ന് നമുക്ക് പലതും കണ്ടെത്താം. നമ്മള്‍ നമുക്കു വേണ്ടി കൃഷി ചെയ്യുന്നു. കാര്യങ്ങളെ എങ്ങനെ ശ്രദ്ധിക്കണമെന്ന് പഠിക്കുന്നു. ഒന്നും വളരെ പെട്ടെന്ന് എളുപ്പവഴിയിലൂടെ നേടാന്‍ കഴിയുന്നതല്ലെന്ന് നമ്മള്‍ പഠിക്കുന്നു' ഫിന്‍ലി പറയുന്നു.

2010 -ലാണ് ഫിന്‍ലി പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യാന്‍ ആരംഭിച്ചത്. മത്തങ്ങയും ഇലക്കറികളും സൂര്യകാന്തിയും കൃഷി ചെയ്തു. '45 മിനിറ്റ് സഞ്ചരിച്ച് ക്ഷീണിച്ചാണ് ഒരു ആപ്പിള്‍ വാങ്ങാന്‍ എനിക്ക് പറ്റിയത്. രാസകീടനാശിനി പ്രയോഗിക്കാത്ത ആപ്പിള്‍ കണ്ടെത്താനാണ് ഇത്രയും വിഷമിച്ചത്. അതുകാരണം എന്റെ വീടിന്റെ മുമ്പില്‍ തന്നെ ഒരു ആവശ്യത്തിനുള്ള പഴങ്ങളും പച്ചക്കറികളും കിട്ടുന്ന 'ഫുഡ് ഫോറസ്റ്റ' ഞാന്‍ ഉണ്ടാക്കിയെടുത്തു.' ഫിന്‍ലി പറയുന്നു.

 

'ലോകം മുഴുവന്‍ ഇത്തരത്തില്‍ കൃഷി ചെയ്യാം. ഒരു തോട്ടം ലോകത്തെ ജനങ്ങളുടെ ജീവിതനിലവാരം തന്നെ മാറ്റിമറിക്കും. ഒരു സമുദായത്തെ നാശത്തില്‍ നിന്ന് കരകയറ്റും' ഫിന്‍ലി 2015 -ല്‍ പുറത്ത് വന്ന ഒരു ഡോക്യുമെന്ററിയിലൂടെ ആളുകളെ ഓര്‍മിപ്പിക്കുന്നു.

ഫിന്‍ലിയുടെ വീടിന്റെ പുറകുവശത്തെ പുരയിടം അതിവിശാലമായിരുന്നു. തന്റെ സമ്പാദ്യത്തില്‍ നിന്ന് ഒന്‍പത് പൗണ്ട് നഷ്ടപ്പെടുത്തിയാണ് കൃഷിപ്പണിയിലേക്കിറങ്ങിയത്.' ഞാന്‍ എന്റെ തോട്ടത്തില്‍ നിന്നാണ് ആഹാരം ശേഖരിക്കുന്നത്. എനിക്ക് മനസിന് നല്ല കരുത്തും ഉന്‍മേഷവും തോന്നുന്നു. നിങ്ങള്‍ക്ക് സ്വയം നല്ലതാണെന്ന് തോന്നുന്നുണ്ടെങ്കില്‍ എല്ലാം നല്ലത് തന്നെയായിരിക്കും. അതില്‍ സംശയമില്ല.' ഫിന്‍ലി പറയുന്നു.

ചെടികളും പച്ചക്കറികളും ചെറിയ ബോക്‌സുകളില്‍ വളരുന്നു. ബക്കറ്റുകളിലും വളര്‍ത്തുന്നു. പാപ്പിറസ്, മെക്‌സിക്കന്‍ മാരിഗോള്‍ഡ്, ബ്ലാക്ക്‌ബെറി, ജീരകം,തക്കാളി എന്നിവയെല്ലാം വിളയുന്നു. വഴിയിലൂടെ പോകുന്നവരോട് ആവശ്യമുള്ളത് പറിച്ചെടുത്തോളാനും പറയാറുണ്ട്.

കൊറോണക്കാലത്തെക്കുറിച്ച് ഫിന്‍ലി പറയുന്നത് ഇതാണ്. 'മരണങ്ങള്‍ സംഭവിക്കുന്നു. എത്ര പെട്ടെന്നാണ് ആളുകള്‍ ലോകം മുഴുവന്‍ മരിച്ചുവീഴുന്നത്!! ഇത്രത്തോളം ഭയാനകമായ അവസ്ഥ ജനിച്ചിട്ട് ഇന്നേവരെ കണ്ടിട്ടില്ല. ഇത് ഒരു യാഥാര്‍ഥ മാറ്റത്തിനുള്ളതാകണം. ജനങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് സ്വന്തം ജീവിതം രൂപകല്‍പ്പന ചെയ്യാന്‍ പഠിക്കേണ്ടിയിരിക്കുന്നു.'

'മാറ്റങ്ങള്‍ പെട്ടെന്ന് സംഭവിക്കില്ലെന്ന് നിങ്ങള്‍ തിരിച്ചറിയണം. നിങ്ങള്‍ മണ്ണിലേക്ക് വിത്തെറിഞ്ഞ് രണ്ടു ദിവസം കൊണ്ട് വളര്‍ന്ന് വലുതായി മരമാകുമെന്ന് കരുതരുത്.' ഫിന്‍ലി പറയുന്നു.

ലോസ് ഏഞ്ചല്‍സില്‍ 26 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം വെറുതെ കിടക്കുന്നുവെന്ന് ഫിന്‍ലി കണ്ടെത്തുന്നുണ്ട്. ഏകദേശം 20 സെന്‍ട്രല്‍ പാര്‍ക്ക് നിര്‍മിക്കാനുള്ളത്രയും സ്ഥലമാണ് ഉപയോഗശൂന്യമായി കിടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്. ഫിന്‍ലിയെ സംബന്ധിച്ച് സ്വയം ഒറ്റപ്പെട്ട് കഴിയുക എന്നാല്‍ തോട്ടത്തിലെ കൃഷിപ്പണികള്‍ ചെയ്യുകയെന്നതാണ്. ലോകം തന്നിലേക്ക് വരുമെന്ന് വിശ്വസിക്കുകയാണ് ഇദ്ദേഹം.

'ഞാന്‍ പ്രതീക്ഷ എന്ന വാക്ക് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവസരം എന്നതാണ് എന്റെ ഡിക്ഷ്ണറിയിലെ ഒരേയൊരു വാക്ക്. സര്‍ക്കാരുകള്‍ക്കും മുനിസിപ്പാലിറ്റിക്കും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നല്ലൊരു നിക്ഷേപം നടത്താന്‍ കഴിയും' ഫിന്‍ലി പറയുന്നു.

ജനങ്ങള്‍ എന്റെ കൃഷിത്തോട്ടത്തിലേക്ക് നോക്കി ഇതൊരു ചെറിയ ഹോബി എന്ന രീതിയില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ജനങ്ങള്‍ കൃഷിയുടെ വില തിരിച്ചറിയുന്നു. ഇത് വെറുമൊരു ഹോബിയല്ല. ഇത് ജീവിതവും മരണവുമാണ്. ഇതാണ് നമ്മുടെ വിപ്ലവം.' ഫിന്‍ലി പറഞ്ഞു നിര്‍ത്തുന്നിടത്ത് നമ്മള്‍ ചിന്തിച്ചു തുടങ്ങണം.

 

(കടപ്പാട്: ദ ഗാര്‍ഡിയന്‍) 

click me!