ഒറ്റമരത്തിലെ പഴങ്ങളിൽ നിന്നും 50000 രൂപ വരെ, കള്ളന്മാരെ കൊണ്ട് പൊറുതിമുട്ടി കെനിയയിലെ അവക്കാഡോ കർഷകർ

By Web Team  |  First Published Jan 17, 2022, 12:20 PM IST

ഫെബ്രുവരി - ഒക്‌ടോബർ മാസങ്ങളിലാണ് കെനിയയിൽ അവോക്കാഡോ വിളവെടുക്കുന്നത്. എന്നാൽ, മോഷ്ടാക്കൾ പാകമാകാത്ത പഴങ്ങളാണ് ലക്ഷ്യമിടുന്നത്. 


ഒരു സീസൺ മുഴുവനും കഷ്ടപ്പെട്ട് കൃഷി ചെയ്തെടുക്കുന്ന വിളയാകെ അവസാനം കള്ളൻ കൊണ്ടുപോയാലെന്ത് ചെയ്യും? അതുപോലൊരു ഭീകര പ്രതിസന്ധി നേരിടുകയാണ് ഇപ്പോൾ കെനിയയിലെ അവക്കാഡോ കർഷകർ. കെനിയയിലെ അവോക്കാഡോ മേഖല ഇപ്പോള്‍ വളരെ ലാഭകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതോടെ സംഘടിത ക്രിമിനൽ സംഘങ്ങൾ കർഷകരെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. 

കാരണം മറ്റൊന്നുമല്ല, ഒറ്റമരത്തിൽ നിന്നുള്ള പഴങ്ങളിൽ നിന്നുതന്നെ ഏകദേശം 50000 രൂപ വരെ കിട്ടും. കെനിയ കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച അവോക്കാഡോ കയറ്റുമതിക്കാരായി മാറിയിരുന്നു. '​ഗ്രീൻ ​ഗോൾഡ്' എന്നറിയപ്പെടുന്ന ഈ വിള സംരക്ഷിക്കാൻ ഇപ്പോൾ വിജിലന്റ് ഗ്രൂപ്പുകൾ തന്നെ രൂപീകരിച്ചിരിക്കുകയാണ്. 

Latest Videos

undefined

സെൻട്രൽ കൗണ്ടിയായ മുരാംഗയിലെ സാമാന്യം വലിയ ഒരു ഫാമിൽ രാത്രിയാകുമ്പോൾ, കട്ടിയുള്ള റെയിൻ‌കോട്ടുകൾ ധരിച്ച് ടോർച്ചുകളും വടിവാളുകളുമായി ആറ് യുവാക്കൾ തങ്ങളുടെ ഷിഫ്റ്റ് ആരംഭിക്കുന്നു. ഫാമിനും അതിലെ വിലപിടിപ്പുള്ള അവോക്കാഡോകൾക്കും കാവലിരിക്കാനാണ് ഇവരെ നിയമിച്ചിരിക്കുന്നത്. കരുതും പോലെ ഇതത്ര എളുപ്പമുള്ള പണിയല്ല. കാവല്‍ക്കാര്‍ക്ക് പഴം സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേല്‍ക്കാം, കൊല്ലപ്പെടുക വരെ ചെയ്തേക്കാം. അതേസമയം തന്നെ അവക്കാഡോ മോഷ്ടിക്കാനെത്തിയതെന്ന് കരുതപ്പെടുന്ന ഒരാള്‍ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. സ്വയം രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സംഭവിച്ച കൊലപാതകം എന്നാണ് കാവല്‍ക്കാര്‍ പറഞ്ഞത്. 

ഏകദേശം അര ഏക്കർ വലിപ്പമുള്ള ഒരു ഫാമിന്റെ ഉടമ, സ്ഥിരം മോഷ്ടാക്കളുടെ ഇരയാവുന്നതിനാലാണ് ഇങ്ങനെ കാവല്‍ക്കാരെ നിര്‍ത്തേണ്ടി വരുന്നത് എന്ന് പറയുന്നു. 'നിങ്ങള്‍ക്ക്, ചുറ്റും കമ്പിവേലികള്‍ കെട്ടാം. പക്ഷേ, അതുപോലും കള്ളന്മാര്‍ പൊളിച്ച് അകത്ത് കടക്കും. ഒരു സീസണ്‍ മുഴുവനും നിങ്ങള്‍ നിങ്ങളുടെ വിളയെ പരിപാലിക്കുന്നു. അവ പാകമെത്തുമ്പോള്‍ ഒറ്റ ദിവസം കൊണ്ട് മുഴുവനായും ഇല്ലാതെയാവുന്ന അവസ്ഥയാണ്' എന്നും ഉടമ പറയുന്നു. 

ഫെബ്രുവരി - ഒക്‌ടോബർ മാസങ്ങളിലാണ് കെനിയയിൽ അവോക്കാഡോ വിളവെടുക്കുന്നത്. എന്നാൽ, മോഷ്ടാക്കൾ പാകമാകാത്ത പഴങ്ങളാണ് ലക്ഷ്യമിടുന്നത്. കരിഞ്ചന്ത തടയാനുള്ള ശ്രമത്തിൽ, നവംബർ മുതൽ ജനുവരി അവസാനം വരെ അവക്കാഡോ കയറ്റുമതി ചെയ്യുന്നതിന് അധികൃതർ നിരോധനം ഏർപ്പെടുത്തി. എന്നാൽ, ഇത് കാര്യമായ സ്വാധീനമൊന്നും ചെലുത്തുന്നില്ല. ചിലയിടങ്ങളിലെ കർഷകർക്ക് തങ്ങളുടെ വിളയെ രക്ഷിക്കാൻ നേരത്തെ തന്നെ വിളവെടുക്കേണ്ടി വരികയാണത്രെ. പഴം മരത്തില്‍ തന്നെ ഇരിക്കുന്നത് കള്ളന്മാരെ വിളിച്ച് വരുത്തുന്നതിന് തുല്യമാണ് എന്നാണ് കർഷകർ പറയുന്നത്. 

മറ്റ് ചില പ്രദേശങ്ങളിലെ കര്‍ഷകരുടെ അവസ്ഥ അതിലും മോശമാണ്. കള്ളന്മാരില്‍ നിന്നും പഴത്തെ സംരക്ഷിക്കാന്‍ വളരെ നേരത്തെ വിളവെടുക്കേണ്ടി വരുന്നു. ഇത് വില കുറച്ച് പഴങ്ങള്‍ വില്‍ക്കാന്‍ കാരണമാകുന്നു. പല കര്‍ഷകരും തോട്ടത്തില്‍ സിസിടിവി ഒക്കെ വച്ചിരിക്കുകയാണ്. മാത്രമല്ല, ഡ്രോണുകളെ കുറിച്ചും പല കര്‍ഷകരും ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. 

കെനിയയുടെ അവോക്കാഡോ വ്യാപാരം ഇപ്പോഴും ശൈശവാവസ്ഥയിലാണ്. എന്നാൽ, കൂടുതൽ കൂടുതൽ കർഷകർ അവോക്കാഡോയിൽ നിക്ഷേപിക്കാൻ തീരുമാനിക്കുന്നുണ്ട്. കഴിഞ്ഞ വർഷം, ഈ ഫലം കെനിയൻ കർഷകർക്ക് 132 മില്യൺ ഡോളർ (100 മില്യൺ പൗണ്ട്) നേടിക്കൊടുത്തു. വിളവെടുത്ത വിളയുടെ 10% കയറ്റുമതി ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. 

click me!