മരങ്ങൾ വെട്ടിമാറ്റപ്പെടുന്നില്ലെന്ന് അവർ ഉറപ്പുവരുത്തിയതിനാൽ, വനം വലിയ തോതിൽ വീണ്ടെടുക്കപ്പെടുകയും സ്വയം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. ഒരേക്കർ സ്ഥലത്ത് അവർ ജൈവ കൃഷിചെയ്യാനും തുടങ്ങി. ഈ സ്ഥലത്തിന് കുറുകെ ഒഴുകുന്ന ഒരു അരുവിക്കരികിലും കിണർ പണിത സ്ഥലത്തിനടുത്തുമായിട്ടാണ് കൃഷി ചെയ്യാനായി സ്ഥലം തെരഞ്ഞെടുത്തത്.
വികസനങ്ങളുടെ പേരില്‍ ലോകത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നത് വലിയ ശതമാനം വനമേഖലയും ജീവജീലങ്ങളുമാണ്. ഈ കഥ അവയെ സംരക്ഷിക്കുന്നതിനായി മുന്നോട്ടുവന്ന ഒരു കൂട്ടായ്മയെ കുറിച്ചാണ്. 24 മുംബൈ നിവാസികളുടെ ഈ കൂട്ടായ്മ 65 ഏക്കറില്‍ ഒരു വലിയ കാട് തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. അതില്‍ 120 -ലധികം വ്യത്യസ്ത ഇനം ചെടികളുണ്ട്. അവിശ്വസനീയമായി തോന്നാമെങ്കിലും തങ്ങളുടെ പ്രകൃതിയോടുള്ള ഇഷ്ടവും കഠിനപരിശ്രമവും കൊണ്ട് സംഘം നേടിയ വിജയമാണിത്.
മഹാരാഷ്ട്രയിലെ നേരലിനടുത്തുള്ള ഒരു നോണ്‍ പ്രോഫിറ്റ് കൂട്ടായ്മയാണ് വന്‍വാഡി കൂട്ടായ്മ. മുംബൈയില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര വേണം ഇവിടേക്ക്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 24 പേരാണ് ഈ സംഘത്തിലെ അംഗങ്ങള്‍. സഹ്യാദ്രികളുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന 65 ഏക്കർ ഭൂമിയാണ് ഇവര്‍ വനമാക്കി മാറ്റിയത്.
undefined
വന്‍വാഡിയിലെ ഈ കാട്ടില്‍ 90 ശതമാനവും മരങ്ങളാല്‍ മൂടപ്പെട്ടിരിക്കുകയാണ്. അതില്‍ 120 -ന് മുകളില്‍ വ്യത്യസ്ത തരത്തില്‍ പെട്ട ചെടികളുണ്ട്. നിരവധിക്കണക്കിന് പക്ഷികളാണ് ഇവിടെ കൂട് കൂട്ടിയിരിക്കുന്നത്. ഭൂവുടമയില്‍നിന്നും ഈ സ്ഥലം കൂട്ടായ്മ വാങ്ങുന്ന കാലത്ത് അതിലെ മരങ്ങളെല്ലാം മുറിച്ചുകൊണ്ടുപോയ രീതിയിലായിരുന്നു. എന്നാല്‍, ഇവരുടെ കയ്യില്‍ സ്ഥലമെത്തിയതോടെ മരം മുറിക്കാന്‍ അനുവദിക്കാതിരിക്കാന്‍ തുടങ്ങി. സ്ഥലം വാങ്ങി വെറുതെ അവിടെ കുറച്ച് ചെടികള്‍ നട്ടുവളര്‍ത്തുക മാത്രമായിരുന്നില്ല അവരവിടെ ചെയ്തത്. അവിടെ ജലാശയം നിര്‍മ്മിച്ചു, കൃഷി പ്രോത്സാഹിപ്പിച്ചു, മഴക്കുഴികളുണ്ടാക്കി, അവിടെയുണ്ടായിരുന്ന കിണറുകള്‍ നന്നാക്കി.
അവിടെ താമസിക്കുന്ന പ്രാദേശികവാസികളോട് വളരെ അടുപ്പത്തിലായിരുന്നു അവര്‍. വനങ്ങളിൽ കാണപ്പെടുന്ന ഭക്ഷ്യയോഗ്യമായ സസ്യങ്ങളെക്കുറിച്ചും അവ എങ്ങനെ ഭക്ഷണമാക്കാമെന്നതിനെക്കുറിച്ചും പ്രാദേശിക സമൂഹങ്ങളെ ഉള്‍പ്പെടുത്തി വര്‍ക്ക് ഷോപ്പുകളും മറ്റും സംഘടിപ്പിക്കപ്പെട്ടു.
തുടക്കം ഇങ്ങനെ
എഴുത്തുകാരനും പരിസ്ഥിതിവാദിയുമായ ഭാരത് മന്‍സാത ഇതിലെ സജീവാംഗമാണ്. മൻസാത സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് സൈക്കോളജി ബിരുദവും മുംബൈ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഈ സമയത്താണ് ജാപ്പനീസ് കർഷകനും തത്ത്വചിന്തകനുമായ മസനോബു ഫുക്കോക എഴുതിയ പ്രകൃതിദത്ത കൃഷിയെക്കുറിച്ചുള്ള ഒരു പുസ്തകം അദ്ദേഹം വായിച്ചത്. അത് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കി. അങ്ങനെ ഹൈദരാബാദിൽ 10 ദിവസത്തെ പെർമാ കൾച്ചർ കോഴ്‌സിൽ പങ്കെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. പിന്നീട് ജലസംരക്ഷണം, വനങ്ങള്‍ വീണ്ടെടുക്കൽ, ജൈവകൃഷി, വിത്തുകൾ, വായു മലിനീകരണം തുടങ്ങി വിവിധ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചും എഴുതിത്തുടങ്ങി.
പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നതിനിടയിൽ, സമാന ചിന്താഗതിക്കാരായ കുറച്ച് ആളുകളുമായി അദ്ദേഹം സൗഹൃദത്തിലായി. അതിൽ നാലോളം പേർ ചേര്‍ന്ന് ഒരു 10-15 ഏക്കർ വരെ ഭൂമി കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. കൃഷിചെയ്യുകയായിരുന്നു ലക്ഷ്യം. പ്രധാനമായും പഴങ്ങളും പച്ചക്കറികളും. ഏതായാലും, 1994 -ൽ അവരീ 65 ഏക്കർ ഭൂമി കണ്ടെത്തി.
“ഒന്നോ രണ്ടോ വർഷം മുമ്പ് മരങ്ങൾ വെട്ടിമാറ്റിയ നിലയിലായിരുന്നു ഭൂമി. എന്നാല്‍, മലിനീകരിക്കപ്പെടാത്ത വായുവായിരുന്നു. അങ്ങനെ ആ കാട് വീണ്ടെടുക്കാന്‍ തീരുമാനിച്ചു. രണ്ട് മാസത്തിനുള്ളിൽ രണ്ട് ഡസനിലധികം ആളുകൾ ഞങ്ങളോടൊപ്പം ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാൻ എത്തി. ഞങ്ങൾ ഓരോരുത്തരും 30,000 രൂപയാണ് നല്‍കിയത്. അതാണ് ഇതിന്റെയെല്ലാം തുടക്കം” ഭാരത് ഓര്‍മ്മിക്കുന്നു.
ഇത് ഒരു വലിയ സ്ഥലമായതിനാൽ, അത് എവിടെയാണ് ആരംഭിക്കുന്നത്, അവസാനിക്കുന്നത് എന്ന് മനസിലാക്കാൻ പോലും അവർക്ക് തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ഔദ്യോഗിക അതിർത്തി സർവേ പൂർത്തിയാക്കി, പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തുമ്പോൾ സൈറ്റിൽ താമസിക്കാൻ പദ്ധതിയിട്ടിരുന്ന ആളുകൾക്ക് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവർ ചെറിയ കുടിലുകളും ഹാൻഡ് പമ്പും നിർമ്മിച്ചു.
മൺസൂണിൽ അവർ മാമ്പഴം, ജാമുൻ തുടങ്ങിയവയുടെ പ്രാദേശിക വൃക്ഷങ്ങളും മുള പോലുള്ള ഇനങ്ങളും ഉൾപ്പെടെ നട്ടു. എന്നാൽ ജലത്തിന്റെ അപര്യാപ്തതയും ഗ്രൂപ്പ് അംഗങ്ങളുടെ ഇക്കാര്യത്തിലുള്ള അനുഭവക്കുറവും കാരണം ധാരാളം മരങ്ങൾ തുടക്കത്തിൽ നിലനിന്നില്ല. ഭാഗ്യവശാൽ, പ്രായോഗിക പരിസ്ഥിതിയെക്കുറിച്ച് ഈ സംഘം നേരത്തെ “പ്രകൃതി കൃഷിയുടെ ഗാന്ധി” എന്നറിയപ്പെടുന്ന ഭാസ്‌കർ സേവുമായി സംസാരിച്ചിരുന്നു. അദ്ദേഹം കാര്യങ്ങൾ ചെയ്യാനുള്ള ശരിയായ മാർഗം കണ്ടെത്താൻ അവരെ സഹായിച്ചു. 25 അടി താഴ്ചയുള്ള ഒരു തുറന്ന കിണർ കുഴിക്കുന്നതിനും അവർ പരിശ്രമിച്ചു.
മരങ്ങൾ വെട്ടിമാറ്റപ്പെടുന്നില്ലെന്ന് അവർ ഉറപ്പുവരുത്തിയതിനാൽ, വനം വലിയ തോതിൽ വീണ്ടെടുക്കപ്പെടുകയും സ്വയം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. ഒരേക്കർ സ്ഥലത്ത് അവർ ജൈവ കൃഷിചെയ്യാനും തുടങ്ങി. ഈ സ്ഥലത്തിന് കുറുകെ ഒഴുകുന്ന ഒരു അരുവിക്കരികിലും കിണർ പണിത സ്ഥലത്തിനടുത്തുമായിട്ടാണ് കൃഷി ചെയ്യാനായി സ്ഥലം തെരഞ്ഞെടുത്തത്. അന്നുമുതൽ അര ഏക്കറിൽ നെല്ല്, പയർവർഗ്ഗങ്ങൾ തുടങ്ങിയവ വളർത്തി. പഴങ്ങളും പച്ചക്കറികളും വളർത്താൻ മറ്റൊരു അര ഏക്കർ സ്ഥലം ഉപയോഗിച്ചു. രണ്ട് മുഴുവൻ സമയ തൊഴിലാളികൾക്ക് പുറമേ, വിളവെടുപ്പ് കാലത്തെ ആശ്രയിച്ച് അഞ്ച് മുതൽ ആറ് വരെ ആളുകളെ നിയമിക്കുന്നു.
വർക്ക്ഷോപ്പുകൾക്കായി സ്ഥലം സന്ദർശിക്കുന്നവരോ അല്ലെങ്കിൽ കൂടുതൽ കാലം ഇവിടെ താമസിക്കുന്നവരോ ആണ് കിട്ടുന്ന വിളകള്‍ കൂടുതലും ഉപയോഗിക്കുന്നത്.
പ്രദേശവാസികള്‍ക്കും ഗുണകരം
മഴവെള്ള സംഭരണത്തിലും ഭൂഗർഭജല സംഭരണ പ്രവർത്തനങ്ങളിലും കൂട്ടായ്‌മ സജീവമായി ഏർപ്പെട്ടിരിക്കുന്നു. കൂടാതെ അരുവികളിൽ ചെക്ക് ഡാമുകൾ നിർമ്മിച്ചു. ആറ് ചെക്ക് ഡാമുകൾ അവർ നിർമ്മിച്ചിട്ടുണ്ട്. ഈ 65 ഏക്കറിൽ ധാരാളം മരങ്ങൾ ഉള്ളത് മണ്ണിന്റെ ഈർപ്പം നിലനിർത്താൻ സഹായിച്ചു. ഈ പ്രവർത്തനങ്ങൾക്കായി, പ്രദേശത്തെ പ്രാദേശിക ആദിവാസി കമ്മ്യൂണിറ്റികൾ സഹകരിക്കുന്നു. ജലക്ഷാമം നിലനിന്നിരുന്നതിനാല്‍ ബുദ്ധിമുട്ടിലായിരുന്ന പ്രാദേശികവാസികള്‍ക്ക് വെള്ളം ലഭ്യമാക്കാനുള്ള വഴികളും മറ്റും വൻവാഡി കൂട്ടായ്മ കണ്ടെത്തിക്കൊടുത്തു.
ഏതായാലും ഈ 65 ഏക്കറും ഇന്ന് വലിയൊരു കാടാണ്. ഭൂമിയിലാകെ കാടുകളില്ലാതെയാവുമ്പോൾ വൻവാഡി കൂട്ടായ്മ പോലെയുള്ള കൂട്ടായ്മകൾ ആശ്വാസകരമാണ്.