മനുഷ്യനുപോലും അതിജീവിക്കാൻ പ്രയാസമുള്ള തണുപ്പിൽ കൃഷിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന കർഷകൻ

By Web Team  |  First Published Mar 1, 2021, 1:52 PM IST

അതുപോലെ ഒരു ചെറിയ ഹോം സ്റ്റേ നിര്‍മ്മിക്കുകയും അവിടെ ജൈവകൃഷിയെ കുറിച്ച് ക്ലാസ് നല്‍കുകയും ചെയ്യുന്നുണ്ട്. ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളടക്കം 200-250 പേരെങ്കിലും ഇവിടെയെത്താറുണ്ട്. 


ലേ -യിൽ നിന്നും 70 കിലോമീറ്റർ ദൂരത്താണ് ​ഗ്യാ എന്ന ​ഗ്രാമം. ഇത് സമുദ്രത്തില്‍ നിന്നും 14,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ ഗ്രാമത്തിലുള്ള 48 -കാരന്‍ ഉര്‍ഗെയ്ന്‍ ഫണ്ട്സോഗ് ഒരു കൃഷിക്കാരനാണ്. അദ്ദേഹത്തെ സംബന്ധിച്ച് കൃഷിയെന്നത് വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് പരിചയമുള്ള ഒന്നാണ്. പന്ത്രണ്ടാമത്തെ വയസില്‍ ഉര്‍ഗെയിന് അച്ഛനെ നഷ്ടമായി. അമ്മയ്ക്കൊപ്പം പാചകത്തിനാവശ്യമായ പര്‍വതത്തിലെ ഉണങ്ങിയ കമ്പുകളോ, ചാണകമോ ഒക്കെ ശേഖരിക്കാന്‍ പോകാറുള്ള ഓര്‍മ്മകളാണ് അദ്ദേഹത്തിനുള്ളത്. ഉര്‍ഗെയിനിന്‍റെ സഹോദരന്‍ സ്റ്റാന്‍സില്‍ ഡോര്‍ജയ് അവാര്‍ഡ് നേടിയ ഒരു ഡോക്യുമെന്‍ററി സിനിമാ മേക്കറാണ്. സഹോദരി സെറിംഗ് കന്നുകാലികളെ പരിപാലിക്കുന്നു. 

“എനിക്ക് 12 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു, ഉഴുകൽ, വിതയ്ക്കൽ, ജലസേചന മാർഗങ്ങൾ ഉണ്ടാക്കുക തുടങ്ങിയ ജോലികളൊക്കെ ചെയ്യുകയല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു അന്ന്. അന്നെനിക്കത് പ്രയാസമായിരുന്നു. കുടുംബത്തിന്റെ ഫാമിൽ ഞങ്ങൾ കടുക്, ഉരുളക്കിഴങ്ങ്, കടല, ബാർലി എന്നിവ വളർത്തുമായിരുന്നു, പക്ഷേ, ഞങ്ങളുടെ പ്രധാന വരുമാന മാർഗം, പ്രത്യേകിച്ച് ശൈത്യകാലത്ത് അത് ഞങ്ങളുടെ കന്നുകാലികളായിരുന്നു. എന്‍റെ കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ ഓർമ്മകൾ വയലുകളിൽ പ്രവര്‍ത്തിച്ചിരുന്ന നിമിഷങ്ങളായിരുന്നു” ഉർഗെയ്ൻ ദി ബെറ്റർ ഇന്ത്യയോട് പറയുന്നു.

Latest Videos

undefined

തന്‍റെ തലമുറയിലെ പല ചെറുപ്പക്കാരെയും പോലെ, ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉർഗെയ്നും തന്റെ ഗ്രാമം വിട്ട് സർക്കാർ ജോലി നേടണമെന്ന ആഗ്രഹം പുലർത്തി. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി) ചേരാനുള്ള അവസരങ്ങളുമുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യൻ നാവികസേനയ്ക്കും അപേക്ഷ നൽകി. പക്ഷേ, അമ്മയുടെ കാല്‍മുട്ടിന് ഗുരുതരമായി അസുഖം ബാധിച്ചതിനാൽ, ഫാമിലി ഫാം പരിപാലിക്കാൻ സഹായിക്കുകയല്ലാതെ ഉർഗെയ്ന് മറ്റ് മാർഗമില്ലായിരുന്നു. തന്‍റെ കുടുംബത്തെ നോക്കാന്‍ വേറെ ആരുമില്ല എന്ന് ഉര്‍ഗെയ്ന് മനസിലായി. കുടുംബത്തിന്‍റെ അവസ്ഥ വച്ച് ഒരു സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ പോകുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹത്തിന് മനസിലായി. വിവാഹം ഉപേക്ഷിക്കാനും കന്നുകാലികളെ പരിപാലിക്കാനും തീരുമാനിച്ച സഹോദരി സെറിംഗ് പൂർവ്വികരുടെ ഭൂമി വേണ്ടവിധം ഉപയോഗിച്ചില്ലെങ്കിലും സംരക്ഷിച്ചില്ലെങ്കിലും അത് ലജ്ജാകരമാണ് എന്ന് ഉര്‍ഗെയിനോട് പറഞ്ഞു.

ഇന്ന്, ഉർഗെയ്ന് ഏകദേശം 31 കനാൽ ഭൂമി ഉണ്ട്, പക്ഷേ അറുപത്തിരണ്ടോളം കനാലുകൾ കൃഷി ചെയ്യുന്നു, അതിൽ ഇളയ സഹോദരന്റെ പങ്ക് കൂടി ഉൾപ്പെടുന്നു. “ഗ്രാമത്തിൽ ‘മിട്ടി കാ ആദ്മി’ എന്നറിയപ്പെടുന്ന ഉർഗെയ്ൻ ഫണ്ട്സോങ് സംയോജിത കൃഷി രീതിയാണ് വിജയകരമായി പിന്തുടരുന്നത്. മനുഷ്യർക്ക് പോലും അതിജീവിക്കാൻ ബുദ്ധിമുട്ടുള്ള 14,000 അടി ഉയരത്തിൽ, വ്യത്യസ്ത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നു, ബാർലി പോലുള്ള ധാന്യങ്ങൾ വളർത്തുന്നു, കന്നുകാലികളെ വളർത്തുന്നു, കൂൺ കൃഷി ചെയ്യുന്നു, ആടുമാടുകളെ വളർത്തുന്നു. വീട്ടിലെയും കൃഷിസ്ഥലത്തെയും വസ്തുക്കളില്‍ നിന്നും തന്നെ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിക്കുന്നു” ഇന്റർനാഷണൽ ജേണൽ ഓഫ് കറന്റ് മൈക്രോബയോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ പ്രസിദ്ധീകരിച്ച 2019 -ലെ ഒരു പ്രബന്ധം പറയുന്നു. അദ്ദേഹത്തിന്‍റെ കൃഷിരീതിയുടെ പ്രധാന പ്രത്യേകത ഒന്നില്‍ നിന്നും കിട്ടുന്ന ഫലം മറ്റൊന്നിലേക്ക് ഉപയോഗിക്കുക എന്നതാണ്. ഇത് കൃഷിച്ചെലവ് കുറക്കുകയും വരുമാനം നേടാനദ്ദേഹത്തെ സഹായിക്കുകയും ചെയ്യുന്നുവെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു. 

‘മിട്ടി കാ ആദ്മി‘ എന്നതിന്‍റെ അര്‍ത്ഥം മണ്ണിലെ മനുഷ്യനെന്നാണ്. കൃഷിയോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശത്തില്‍ നിന്നാണ് ഈ പേര് നാട്ടുകാര്‍ അദ്ദേഹത്തിന് നല്‍കിയത്. എപ്പോഴും ഉര്‍ഗെയിന്‍ മണ്ണില്‍ ജോലിയിലായിരിക്കും. എപ്പോഴും വസ്ത്രങ്ങളില്‍ മണ്ണായിരിക്കും. ഏതുനേരവും കൃഷി സ്ഥലത്ത് ചെലവഴിക്കുന്നതില്‍ സഹോദരി പോലും ചിലപ്പോള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താറുണ്ട്. ഇങ്ങനെ പണി ചെയ്താല്‍ ആയുസ് കുറയുമെന്നാണ് അവര്‍ പറയുന്നത്. 

2010 മാർച്ചിൽ പ്രാദേശിക കാർഷിക വകുപ്പ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് തെരഞ്ഞെടുത്ത ലഡാക്കി കർഷകർക്കായി 10 ദിവസത്തെ എക്‌സ്‌പോഷർ ടൂർ സംഘടിപ്പിച്ചു. അതിലൂടെയാണ് വിവിധ വിളകൾ വളർത്താനുള്ള സാധ്യതകളിലേക്ക് ഉർഗെയ്‌നിന്റെ ചിന്ത പോകുന്നത്. “ശ്രീനഗർ, ജമ്മു എന്നിവിടങ്ങളിലെ കാർഷിക സർവകലാശാലകളിലേക്ക് അവർ ഞങ്ങളെ കൊണ്ടുപോയി. അവിടെ ഞങ്ങളുടെ കൃഷിയിടങ്ങളിൽ പുതിയ വിളകൾ വളർത്തുന്നതിനും പുതിയ കൃഷിരീതികൾക്കുമുള്ള വഴികളെ കുറിച്ചും അവര്‍ ഞങ്ങളോട് പറഞ്ഞു. തികച്ചും നല്ല ഒരു യാത്രയായിരുന്നു അത്. നേരത്തെ, ഞാൻ അധികം ചിന്തിക്കാതെ ബാർലിയോ ഉരുളക്കിഴങ്ങോ കൃഷി ചെയ്യുമായിരുന്നു. ഈ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം ഞാൻ ഒരു ഹരിതഗൃഹം ഉപയോഗിച്ച് തന്നെ പുതിയ വിളകൾ കൃഷി ചെയ്യാൻ തുടങ്ങി” അദ്ദേഹം ഓർക്കുന്നു.

പെരുംജീരകം, വിവിധ ധാന്യങ്ങള്‍ എന്നിവയെല്ലാം വളര്‍ത്തുന്നതിന് മുമ്പ് അദ്ദേഹം കോളിഫ്ലവര്‍, കാബേജ് എന്നിവയെല്ലാം വളര്‍ത്താന്‍ തുടങ്ങി. പിന്നീട് ലഡാക്ക് സന്ദര്‍ശിക്കുന്ന സുഹൃത്തുക്കളില്‍ നിന്നും ചില വിളകളുടെ വിത്തുകള്‍ ശേഖരിച്ചു. ഇന്ന്, ബീന്‍സ്, ബ്രോക്കോളി, കാബേജ്, സവാള, വെളുത്തുള്ളി, വിവിധയിനം റാഡിഷ്, സ്ട്രോബറി, തണ്ണിമത്തന്‍ അടക്കം ഇരുപതോളം വിളകള്‍ അദ്ദേഹം വളര്‍ത്തുന്നു. പ്രധാനമായും ബാർലിയും ഗോതമ്പുമാണ് അദ്ദേഹം വളർത്തുന്നത്. ഒരു സീസണിൽ (നാല് മാസം), 42 കനാൽ ഭൂമിയേക്കാൾ 35.7 ക്വിന്റൽ വിളവ് അദ്ദേഹം നേടുന്നു (കനാലിന് 85 കിലോ). ലഡാക്കിന്റെ ചില ഭാഗങ്ങളിൽ കിലോയ്ക്ക് 50 രൂപയ്ക്ക് ഗോതമ്പ് വിൽക്കുന്നു. ലേയിലെ പ്രദേശങ്ങളിലും അദ്ദേഹം ഗോതമ്പ് വിൽക്കുന്നു.

രണ്ട് ഹരിതഗൃഹങ്ങളിലായാണ് അദ്ദേഹം മിക്ക പച്ചക്കറികളും വളർത്തുന്നത്, ശൈത്യകാലത്ത് ഇത് നന്നായി ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ പച്ചക്കറികൾക്കും അദ്ദേഹം സ്വന്തം വിത്ത് ഉൽ‌പാദിപ്പിക്കുന്നതിനാൽ, കൃഷിച്ചെലവ് കളനിയന്ത്രണം, യാത്ര എന്നിവയിലൊതുങ്ങുന്നു. എല്ലാ ചെലവും കഴിച്ചാല്‍ സീസണില്‍ 1,20,000 രൂപ വരെ എല്ലാ വിളകളില്‍ നിന്നുമായി തനിക്ക് കിട്ടുന്നുവെന്ന് അദ്ദേഹം പറയുന്നു. 

കന്നുകാലികളുടെ കാര്യത്തിലാണെങ്കില്‍, കശ്മീർ ആടുകളും ചെമ്മരിയാടുകളും പശ്മിനയുടെയും കമ്പിളിയുടെയും മികച്ച സ്രോതസാണ്. ഒരൊറ്റ ആടിൽ നിന്ന് 150 ഗ്രാം പശ്മിന വേർതിരിച്ചെടുക്കുന്നു, ഓരോ ആടുകളിൽ നിന്നും 1.7 കിലോഗ്രാം രോമം ലഭിക്കും. മൊത്തത്തിൽ, അദ്ദേഹത്തിന്റെ ആടുകൾ 20 കിലോ പശ്മിന ഉത്പാദിപ്പിക്കുന്നു. ഏതൊരു സീസണിലും പശ്മിന, കമ്പിളി എന്നിവയുടെ വിൽപ്പനയിൽ നിന്ന് ഏകദേശം 27,000 രൂപയാണ് അദ്ദേഹം സമ്പാദിക്കുന്നത്. ഒമ്പത് മാസങ്ങളില്‍ തന്നെ ഏകദേശം 80,700 രൂപ ഇതില്‍ നിന്നും കിട്ടും. അതുപോലെ തന്നെ കുടുംബത്തിന്‍റെ സഹായത്തോടെ പരമ്പരാഗതമായ വസ്ത്രങ്ങളും മറ്റും ഉണ്ടാക്കുകയും ടൂറിസ്റ്റുകള്‍ക്കും മറ്റും നല്‍കുകയും ചെയ്യുന്നു. ഇതും അദ്ദേഹത്തിന് വരുമാന മാര്‍ഗമാണ്. 

അതുപോലെ ഒരു ചെറിയ ഹോം സ്റ്റേ നിര്‍മ്മിക്കുകയും അവിടെ ജൈവകൃഷിയെ കുറിച്ച് ക്ലാസ് നല്‍കുകയും ചെയ്യുന്നുണ്ട്. ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളടക്കം 200-250 പേരെങ്കിലും ഇവിടെയെത്താറുണ്ട്. ഒരിക്കലും കൃഷിയിടങ്ങളില്‍ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിച്ചിട്ടില്ലെന്നും ഉര്‍ഗെയിനിന്‍റെ കുടുംബം പറയുന്നു. ഫാമില്‍ നിന്നുള്ള മാലിന്യങ്ങളും കന്നുകാലികളുടെ മാലിന്യവുമുപയോഗിച്ചുള്ള മണ്ണിര കമ്പോസ്റ്റാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഉര്‍ഗെയിന്‍ കുടുംബത്തിന് 306 കന്നുകാലികളുണ്ട്, അവയിൽ ഭൂരിഭാഗവും ആടുകളാണ്. പാൽ നൽകുന്ന അഞ്ച് പശുക്കളും മറ്റിനം പശുക്കളും കുതിരകളും ഉണ്ട്.

50 കിലോ വരുന്ന 1200 ബാഗുകളില്‍ വളവുമുണ്ട്. ചാണകമൊന്നും തന്നെ മറ്റൊന്നിനും ഉപയോഗിക്കാതെ ഒരു വര്‍ഷം അഴുകാന്‍ വച്ചശേഷം വളമാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മണ്ണിരകളെ വളര്‍ത്തുകയും അവ സര്‍ക്കാരിന് കിഴിവോടെ നല്‍കുകയും കൂടി ചെയ്യുന്നുണ്ട് ഉര്‍ഗെയിന്‍. അതുപോലെ തന്നെ ഇന്ന് കൂണുകളും അദ്ദേഹം വളര്‍ത്തുന്നു. കടുത്ത തണുപ്പിനെ അതിജീവിച്ച് അവിടെ കൃഷി ചെയ്ത് വിജയിപ്പിക്കുക എന്നത് ഒരു ചെറിയ പരിശ്രമമല്ല. അതിനാല്‍ തന്നെ ഉര്‍ഗെയിനിന്‍റെ കൃഷിരീതിയെ കുറിച്ച് വിദഗ്ദ്ധര്‍ തന്നെ പഠിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. 

കൃഷിയുടെ ഏറ്റവും വലിയ ഗുണം ഭക്ഷണത്തിനുവേണ്ടി നമുക്കൊരാളുടെ മുന്നിലും കൈനീട്ടേണ്ടതില്ല എന്നതാണ് എന്ന് ഈ മണ്ണിന്‍റെ കൂട്ടുകാരന്‍ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്ത് പോലും ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങള്‍ കയ്യിലുണ്ടായിരുന്നു. അയല്‍ക്കാര്‍ക്കും അവ നല്‍കി സഹായിച്ചു. ഏതായാലും സഹോദരനും സഹോദരിയും ഭാര്യ ചമ്പ ഡോല്‍ക്കറും കൂടെയുള്ളതുകൊണ്ട് മാത്രമാണ് ഇത്രയധികം കൃഷിയില്‍ വിജയിക്കാന്‍ തനിക്കായതെന്ന് അദ്ദേഹം പറയുന്നു.  

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

click me!