ലോക്ക്ഡൗണ്‍ കാലമല്ലേ; മത്സ്യം കിട്ടിയില്ലെങ്കിലും പച്ചമുട്ട കഴിക്കരുത്

By Nitha S V  |  First Published May 3, 2020, 2:05 PM IST

പച്ചമുട്ട കഴിക്കുന്നതിലൂടെ അപകടകരമായ സാല്‍മൊണെല്ല എന്ന ബാക്റ്റീരിയ ശരീരത്തിലെത്താനുള്ള സാധ്യതയുണ്ട്. ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്ന് നാം തിരിച്ചറിയണം. 


പക്ഷിപ്പനിയുണ്ടായ സമയത്ത് കോഴിയിറച്ചിയും മുട്ടയും കഴിച്ചാല്‍ ആരോഗ്യപ്രശ്‌നമുണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു എല്ലാവരും. നന്നായി വേവിച്ച മുട്ട അപകടകാരിയല്ലെന്നും നാം തിരിച്ചറിഞ്ഞു. ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് മീന്‍ കിട്ടാതായതോടെ ആളുകള്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കോഴിയിറച്ചി കിട്ടിയാല്‍ മതിയെന്ന നിലപാടിലാണ്. കോഴിക്കടയുടെ മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ചിലര്‍ക്കെങ്കിലും പച്ചമുട്ട കഴിക്കാന്‍ താല്‍പര്യമുണ്ട്. കൗതുകത്തിനായി പച്ചമുട്ട പൊട്ടിച്ച് കഴിക്കുന്നവരും ഇല്ലാതില്ല. എന്നാല്‍, ഇതിന് പിന്നിലെ അപകടത്തെക്കുറിച്ച് പലരും മനസിലാക്കുന്നില്ലെന്നതാണ് വസ്തുത.

പച്ചമുട്ട കഴിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?

Latest Videos

undefined

വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഹരികൃഷ്ണന്‍ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടുകയാണ്. 'പച്ചമുട്ട കഴിക്കുമ്പോള്‍ പുഴുങ്ങിയ മുട്ട കഴിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ പകുതി പ്രോട്ടീന്‍ മാത്രമേ നമ്മുടെ ശരീരത്തിന് ലഭിക്കുന്നുള്ളു. '

ബയോട്ടിന്‍ എന്ന വിറ്റാമിന് ഒരുപാട് ഗുണങ്ങളുണ്ട്. ചര്‍മസംരക്ഷണത്തിനും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഷുഗര്‍ നിയന്ത്രിക്കാനും മുടിയുടെ വളര്‍ച്ചയ്ക്കുമെല്ലാം ബയോട്ടിന്‍ സഹായിക്കുന്നുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിലാണ് ബയോട്ടിന്‍ കൂടുതലുള്ളത്.

പച്ച മുട്ടയിൽ കാണപ്പെടുന്ന പ്രോട്ടീൻ ആയ അവിഡിൻ ശരീരത്തിലേക്ക് ലഭിക്കുന്ന ബയോട്ടിൻ എന്ന വിറ്റാമിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നു. എന്നാല്‍, മുട്ട വേവിക്കുമ്പോള്‍ അവിഡിന്‍ എന്ന പ്രോട്ടീനിന്റെ ഘടനയില്‍ വ്യത്യാസം വരികയും സ്വാഭാവിക ഗുണം ഇല്ലാതാകുകയും ചെയ്യും. അതുകൊണ്ട് ശരീരത്തില്‍ ബയോട്ടിന്റെ ആഗിരണത്തിന് പ്രശ്‌നമുണ്ടാകുകയില്ല.

'പച്ചമുട്ട കഴിക്കുന്നതിലൂടെ അപകടകരമായ സാല്‍മൊണെല്ല എന്ന ബാക്റ്റീരിയ ശരീരത്തിലെത്താനുള്ള സാധ്യതയുണ്ട്. ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്ന് നാം തിരിച്ചറിയണം. കോഴികളുടെ കാഷ്ഠം വഴിയാണ് സാല്‍മൊണെല്ല പുറത്തേക്ക് വരുന്നത്. കടയില്‍ വില്‍പ്പനയ്ക്ക് വെച്ച മുട്ടയില്‍ കാഷ്ഠത്തിന്റെ അംശം വരാനുള്ള സാധ്യതയുണ്ട്. മുട്ടയില്‍ ഏകദേശം 8000 മുതല്‍ 10,000 വരെ സൂക്ഷ്മ സുഷിരങ്ങള്‍ ഉണ്ട്. പച്ചമുട്ട കഴിക്കുമ്പോള്‍ സാല്‍മൊണെല്ല നമ്മുടെ ശരീരത്തില്‍ പ്രവേശിക്കും.' ഡോ.ഹരി വ്യക്തമാക്കുന്നു.

80000 ആളുകള്‍ ഒരു വര്‍ഷത്തില്‍ സാല്‍മൊണെല്ല ബാക്റ്റീരിയയാല്‍ രോഗബാധിതരാകാറുണ്ടെന്നാണ് കണക്കുകള്‍ പറയുന്നുത്. വയറുവേദനയും വയറിളക്കവുമാണ് ലക്ഷണങ്ങള്‍. ഷുഗര്‍ രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമുള്ളവര്‍, എച്ച്.ഐ.വി രോഗികള്‍ എന്നിവരിലെല്ലാം സാല്‍മൊണെല്ല വളരെയേറെ അപകടമുണ്ടാക്കും.

പാസ്ചുറൈസ്ഡ് മുട്ട വിദേശങ്ങളില്‍ കിട്ടും. ഏകദേശം ആറു മിനിറ്റോളം 60 ഡിഗ്രി സെല്‍ഷ്യസില്‍ മുട്ട ചൂടാക്കുമ്പോള്‍ പാസ്ചുറൈസ്ഡ് ആയ ഫലം ലഭിക്കുമെന്ന് ഡോ.ഹരി ഓര്‍മപ്പെടുത്തുന്നു.  

വീട്ടിലേക്ക് മുട്ട വാങ്ങിയാല്‍ കാഷ്ഠത്തിന്റെ അംശം ഉണ്ടെങ്കില്‍ കഴുകി വൃത്തിയാക്കി മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാവൂ എന്നും ഇദ്ദേഹം ഓര്‍മിപ്പിക്കുന്നു.

മുട്ട എത്രകാലം നമുക്ക് സൂക്ഷിക്കാം?

'7 ദിവസം മുതല്‍ പത്ത് ദിവസം വരെയാണ് സാധാരണ അന്തരീക്ഷത്തില്‍ മുട്ട കേടുകൂടാതിരിക്കുന്നത്. വിദേശങ്ങളില്‍ മുട്ട ഫ്രിഡ്ജില്‍ വെച്ച് മാത്രമേ വില്‍ക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഫ്രിഡിജില്‍ നാല് ആഴ്ച കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. എപ്പോള്‍ മുട്ട വാങ്ങിയാലും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക എന്നതാണ് ആരോഗ്യത്തിന് നല്ലത്. അതുപോലെ  പച്ചമുട്ടയോ പകുതി വേവിച്ച മുട്ടയോ ഒരിക്കലും കുഞ്ഞുങ്ങള്‍ക്ക് നല്‍കി പ്രോത്സാഹിപ്പിക്കരുത്.' ഡോ.ഹരി പറയുന്നു.

ശ്രദ്ധിക്കാം ഇറച്ചി കഴിക്കുമ്പോള്‍

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക്കുകളുടെ അംശം ഇല്ലാത്ത കോഴിയിറച്ചിയേ വില്‍ക്കാവൂ എന്നതാണ് വാസ്തവം. ആന്റിബയോട്ടിക്കുകള്‍ കോഴികളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശം അത്യാവശ്യമാണ്. മനുഷ്യര്‍ക്ക് നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ കോഴികള്‍ക്ക് നല്‍കരുത്.

നമുക്ക് കിട്ടുന്ന ഇറച്ചി ആന്റിബയോട്ടിക് നല്‍കി  ഒരാഴ്ചയ്ക്ക് ശേഷം വില്‍പ്പനയ്‌ക്കെത്തിച്ച കോഴിയാണെന്ന് മനസിലാക്കാനുള്ള സംവിധാനമൊന്നും സാധാരണക്കാര്‍ക്കില്ല. ബ്രോയിലര്‍ കോഴികള്‍ക്ക് ആദ്യത്തെ നാലോ അഞ്ചോ ദിവസം വരെ ഗ്ലൂക്കോസും ജീവകങ്ങളും നല്‍കാറുണ്ട്. അസുഖം ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ള പ്രായമായതിനാല്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് വളരെ ചെറിയ തോതില്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് അപകടകരമല്ലെന്ന് വിശ്വസിക്കാം.

click me!