കേരളീയര്‍ക്ക് സുപരിചിതമായ ഈ വിദേശ പഴത്തിന്‍റെ 40 -ഓളം ഇനങ്ങളാണ് ഇപ്പോള്‍ ഇവിടെ കൃഷി ചെയ്യുന്നത്.
മലപ്പുറം: ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ വിസ്മയം തീര്‍ക്കുകയാണ് ഉമര്‍കുട്ടി. മലപ്പുറം കുറുവ പഞ്ചായത്തിലെ പടപ്പറമ്പ് പൊരുന്നംപറമ്പിലെ ഗ്രീന്‍വാലി ഹൈടെക് ഫാമിലാണ് ജില്ലയിലെ ഏറ്റവും വലിയ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയുള്ളത്. കേരളീയര്‍ക്ക് സുപരിചിതമായ ഈ വിദേശ പഴത്തിന്‍റെ 40 -ഓളം ഇനങ്ങളാണ് ഇപ്പോള്‍ ഇവിടെ കൃഷി ചെയ്യുന്നത്. കൃഷിയിടത്തിന് മൊഞ്ച് കൂട്ടി, മഞ്ഞ നിറത്തിലുള്ള ഡ്രാഗണ്‍ പഴങ്ങളും ഇപ്പോള്‍ വിളഞ്ഞു തുടങ്ങി. പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷമാണ് മക്കരപ്പറമ്പ് സ്വദേശിയായ ഉമര്‍കുട്ടി തന്‍റെ പൊരുന്നംപറമ്പിലെ കല്ലുവെട്ട് കുഴി അടങ്ങിയ ഭൂമിയെ വൈവിധ്യങ്ങളായ ഫലങ്ങള്‍ വിളയുന്ന മണ്ണാക്കി മാറ്റിയത്.
മഞ്ഞ നിറത്തിലുള്ള ഡ്രാഗണ്‍ ഫ്രൂട്ടിനെ കൂടാതെ ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള ഇനങ്ങളും ഈ തോട്ടത്തിലുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ഡ്രാഗണ്‍ കൃഷിത്തോട്ടം കാണാനും പഴങ്ങള്‍ കൃഷിയിടത്തില്‍ നിന്ന് നേരിട്ട് വാങ്ങാനുമായി ദിനംപ്രതി നിരവധി പേരാണ് ഇവിടെ എത്തുന്നത്. നിലവില്‍ കേരളത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യാന്‍ ഏറെ വെല്ലുവിളികള്‍ ഉണ്ടെങ്കിലും മികച്ച പരിപാലനവും വെള്ളവും ചൂടും കൃത്യമായി ലഭിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ ഏതു വീട്ടിലും ഡ്രാഗണ്‍ ഫ്രൂട്ട് വിളയിക്കാമെന്ന് കര്‍ഷകനായ ഉമര്‍കുട്ടി അവകാശപ്പെടുന്നു.
undefined
പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് ഉമര്‍കുട്ടിയുടെ കൃഷി. വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ കേരളത്തിലേക്ക് പ്രധാനമായും ഡ്രാഗണ്‍ ഫ്രൂട്ട് എത്തുന്നത്. ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന ഫലത്തിന്‍റെതിനേക്കാള്‍ രുചി തന്‍റെ തോട്ടത്തിലെ ഡ്രാഗണ്‍ ഫ്രൂട്ടിന് ഉണ്ടെന്നും ഉമര്‍കുട്ടി അവകാശപ്പെടുന്നു. ഏപ്രില്‍ മാസം മുതല്‍ പൂവിടുന്ന ഇവ ഏകദേശം നവംബര്‍ അവസാനം വരെ കായ്ക്കും. ഒരു ഡ്രാഗണ്‍ ഫ്രൂട്ടിന് 500 ഗ്രാം മുതല്‍ ഒരു കിലോയ്ക്ക് മുകളില്‍ വരെ തൂക്കമുണ്ടാകും. ഈ വര്‍ഷത്തെ വിളവ് കണ്ടിട്ട് ഏകദേശം ഒരു ആറ് ടണ്‍ ഡ്രാഗണ്‍ ഫ്രൂട്ട് എങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മര്‍ കുട്ടി പറയുന്നു.
Read More: കാസര്‍കോട് കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഡ്രോൺ, പദ്ധതി കൃഷിവകുപ്പ് വക